ദമയന്തിപ്പൂട്ട് – 4 1അടിപൊളി  

കഴിഞ്ഞ അഞ്ചു കൊല്ലവും അതിന് മുൻപും അവളുടെ ‌ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള കാര്യങ്ങൾ control ചെയ്തത് താനായിരുന്നു. അതും വിദേശത്തിരുന്ന്. അവളുടെ കാര്യങ്ങൾക്കൊരു വിഘ്‌നം വന്നാൽ സ്വന്തം വീട്ടുകാരെ പോലും താൻ വിളിച്ചു വഴക്ക് പറയുമായിരുന്നു. അവൾ കഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി ചെയ്തതാണ്. പക്ഷേ….

അതു കൊണ്ടാകണം സ്വന്തമായി ബാങ്കിൽ പോകാൻ പോലും അറിയില്ല മൗര്യക്ക്.

മാത്രമല്ല, മൗര്യക്ക് anxiety ഉണ്ട്. സ്ഥിരമായി psychologist നെ കാണിക്കണം. Panic attack വരുമ്പോഴേല്ലാം താനോ അച്ഛനോ അമ്മയോ ആരെങ്കിലും കൂടെ വേണം… കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ ഒരു ദിവസം പോലും അവളുടെ കരച്ചിലും തിരികെ

വാ എന്നുള്ള പറച്ചിലും കണ്ടല്ലാതെ ഉറങ്ങിയിട്ടില്ല…

ഇപ്പോൾ താനടുത്തു കിടക്കുന്നുണ്ടെങ്കിൽ പോലും അവൾ ഉറക്കത്തിൽ ഞെട്ടിയെണീക്കും…. തന്റെ പേര് വിളിച്ചു കരയും. പിന്നെ കുറച്ചു നേരം കെട്ടിപ്പിടിച്ചു കിടന്നാലല്ലാതെ അവളുറങ്ങില്ല…

അങ്ങനെയൊരു കുട്ടിയെ താനെങ്ങനെ ഭാഷ പോലും അറിയാത്തൊരു നാട്ടിലേക്ക് ഒറ്റക്ക് പറഞ്ഞു വിടും?? അവന്റെ നെഞ്ച് പിടച്ചു.

പറഞ്ഞു വിടാതിരിക്കുന്നതെങ്ങനെ? അച്ഛൻ പറഞ്ഞത് പോലെ തന്റെ അടിമയായിട്ട് ജീവിച്ചാൽ മതിയോ അവൾ….?

അവന്റെ റൂമിലേക്ക് നടക്കുന്ന വഴിക്ക് സ്റ്റാഫ്‌ റൂമിലേക്കൊന്നു പാളി നോക്കി.

മൗര്യയുടെ ടേബിളിന് ചുറ്റും കുട്ടികൾ നിൽപ്പുണ്ട്. അതങ്ങനെ തന്നെയാണ്. പിള്ളേർക്ക് അവളോട് അല്പം ഒട്ടൽ കൂടുതലാണ്.

അവനവളെയൊന്നു കാണണമെന്നുണ്ടായിരുന്നു. പിള്ളേരുടെ കൂട്ടം കണ്ടപ്പോൾ അത്‌ വേണ്ട എന്ന് കരുതി റൂമിലേക്ക് തന്നെ നടന്നു.

പക്ഷേ, കസേരയിലിരുന്നപ്പോഴേക്കും മൗര്യ ഒരു ഫയലും പിടിച്ചു വാതിലിനടുത്തെത്തിയിരുന്നു.

അതു കണ്ടതും അരവിന്ദിന് അതിശയം തോന്നി. എങ്കിലും അതു പുറത്തു കാണിക്കാതെ അവൻ അവളോട് പുരികമുയർത്തി.

“എന്താ മൗര്യ മിസ്സേ ഈ വഴിക്ക്..? ഫയലൊക്കെ ഒണ്ടല്ലോ…”

“അരവിന്ദേട്ടൻ എന്നെ അന്വേഷിച്ചു വന്നാരുന്നോ?… ”

മൗര്യ ഗൂഢമായൊരു ചിരിയോടെ അവനെ നോക്കിക്കൊണ്ട് ചോദിച്ചു.

“നീയത് കണ്ടാരുന്നോ…!”

അവനറിയാതെ ഉള്ളിലുള്ള അതിശയം പുറത്തേയ്ക്കൊഴുകി.

“കണ്ടില്ലായിരുന്നു… പക്ഷേ, എനിക്ക് ഫീൽ ചെയ്തു അരവിന്ദേട്ടൻ വന്നെന്ന്.”

അരവിന്ദിനെന്തോ ദുഃഖമാണ് അതു കേട്ടപ്പോൾ തോന്നിയത്. അവളുടെ ജീവിതം തനിക്ക് ചുറ്റും മാത്രമായി തീർന്നിരിക്കുന്നു….

“ഒന്ന് വാതിലടച്ചിട്ട് വാടാ..”

അതു പറയുമ്പോൾ അവന്റെ ശബ്ദം വിങ്ങുന്നുണ്ടായിരുന്നു. മൗര്യക്കും അത്‌ മനസ്സിലായി. അവൾ തടസമൊന്നും പറയാതെ പെട്ടന്ന് വാതിലടച്ച് അവനടുത്തേക്കെത്തി.

അരവിന്ദ് ഒന്നും പറയാതെ അവളുടെ വയറിലേക്ക്

മുഖമമർത്തി. രണ്ടു കൈകൾ കൊണ്ടും അവളുടെ അരക്കെട്ടിലൂടെ മുറുകെ പുണർന്നിരുന്നു.

“എന്താ കണ്ണാ? എന്താ പറ്റിയെ?”

മൗര്യ ആകെ പേടിച്ചു പോയി. അവനിങ്ങനെ വിഷമിച്ച് അവൾ കണ്ടിട്ടേയില്ല.

“എനിക്ക് നിന്നെയോർത്തു പേടി തോന്നുന്നു മൗരി…”

അവനത് പറഞ്ഞതും അവളുടെ വയറിൽ മുഖം അമർത്തിക്കൊണ്ടാണ്.

“എനിക്കെന്താ അരവിന്ദേട്ടാ? എനിക്കൊന്നൂല്ലല്ലോ…”

മൗര്യ രണ്ടു കൈകൾ കൊണ്ടും അവന്റെ മുഖം പിടിച്ചുയർത്തി.

“നിനക്കല്ലെടാ എനിക്കാ കുഴപ്പം… ഞാൻ നിന്റെ ജീവിതം നശിപ്പിക്കും…”

അതു കേട്ടപ്പോൾ മൗര്യക്ക് സത്യത്തിൽ ദേഷ്യമാണ് വന്നത്.

“ദേ, തോന്ന്യാസം പറഞ്ഞാൽ കൊല്ലും ഞാൻ…. എന്റെ ജീവിതം നശിക്കുംന്നൊ? ആരു പറഞ്ഞു ഇത്?”

“ആരും പറഞ്ഞിട്ടല്ല… എനിക്ക് തോന്നിയതാ… ”

അരവിന്ദിന്റെ ശബ്ദം ഇടറി.

“ആവശ്യം ഇല്ലാത്ത തോന്നലാ ഇതൊക്കെ… നിങ്ങളാരാന്ന് നിങ്ങൾക്കറിഞ്ഞൂടാ… അതാ ഇങ്ങനൊക്കെ ഓരോ തോന്നല്… പക്ഷേ, എനിക്കറിയാലോ…… എന്റെ അരവിന്ദേട്ടനല്ലാതെ വേറാരു വന്നാലും ഞാനിത്രേം ഹാപ്പി ആകത്തില്ലായിരുന്നു…”

മൗര്യ അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ നിഷ്കളങ്കമായ സ്നേഹം കാൺകേ അരവിന്ദിന്റെ കണ്ണ് നിറഞ്ഞു വന്നു.

Leave a Reply

Your email address will not be published. Required fields are marked *