ദമയന്തിപ്പൂട്ട് – 3 13അടിപൊളി  

എനിക്ക് ആണായിട്ടും പെണ്ണായിട്ടും എന്റെ മൗര്യ മാത്രമേയുള്ളു. അവൾക്കിനി ഇതാണ് ഇഷ്ടമെങ്കി അത്‌ നടത്തിക്കൊടുക്കാം… എനിക്കെന്റെ മോളെ തിരിച്ചു വേണം… കല്യാണം എന്ന് വേണേലും നടത്താം.. നീയവനോട് സംസാരിക്ക്..”

രാമചന്ദ്രൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

അതു കേട്ടപ്പോൾ വല്ലാത്തൊരു ഞെട്ടലാണ് വിശ്വനുണ്ടായത്…. എന്തു കൊണ്ടാണെന്നറിയില്ല… പണ്ട് ഉറങ്ങുമ്പോൾ മുത്തശ്ശൻ പറഞ്ഞു തന്നിരുന്ന കഥകളും

ആ പഴകിക്കീറിയ കടലാസ് തുണ്ടുകളും അയാളുടെ മനസിലേക്ക് ഓടിയെത്തി. മായപൂട്ടുണ്ടാക്കി രാജകുമാരിയെ വീട്ടിലേക്ക് കൊണ്ടു വന്ന തട്ടാൻ… തട്ടാനെ കാണാതിരിക്കുമ്പോൾ രാജകുമാരി തളർന്നു വീഴും. പിന്നെയവൻ വന്നു തൊട്ടാലല്ലാതെ രാജകുമാരി ഉണരില്ല….

ആ രാജകുമാരിക്കിപ്പോൾ മൗര്യയുടെ മുഖമാണെന്ന് തോന്നി വിശ്വന്.

“ഞാൻ മോളോടൊന്നു സംസാരിച്ച് നോക്കാം. ചെറുപ്രായത്തിൽ തോന്നണ ഭ്രമത്തിന് വേണ്ടി അവളുടെ ജീവിതം എഴുതി കൊടുക്കണോ രാമാ?”

വിശ്വൻ നിസ്സഹായതയോടെ ചോദിച്ചു.

“എനിക്കെന്തായാലും എന്റെ മോളെ നഷ്ടപ്പെടുത്താൻ വയ്യ. അവളെയെനിക്ക് തിരിച്ചു വേണം.. അതിനി എങ്ങനെയായാലും…”

രാമചന്ദ്രൻ തീർത്തു പറഞ്ഞു. വീട്ടിലേക്ക് കയറാൻ പോലും നിൽക്കാതെ വിശ്വനാഥ് രാമചന്ദ്രനോടൊപ്പം പോയി.

↔️↔️↔️↔️↔️↔️↔️↔️↔️

കട്ടിലിൽ തളർന്നു കിടക്കുകയായിരുന്ന മൗര്യ വിശ്വനാഥ് അകത്തേക്ക് വന്നതും ചാടിയെണീറ്റു.

രണ്ടാഴ്ച കൊണ്ട് അവൾ പകുതിയായത് പോലെ തോന്നി അയാൾക്ക്. അഴിഞ്ഞുലഞ്ഞ മുടി അവളുടെ മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്. കണ്ണുകൾ കരഞ്ഞു വീങ്ങിയിരിക്കുന്നു. വരണ്ട ചുണ്ടുകൾ….

“മോളേ…. ആർക്കു വേണ്ടിയാ നീയീ ഉണ്ണാവ്രതം കിടക്കുന്നെ?”

വിശ്വൻ അവളോട് അനുകമ്പയോടെ ചോദിച്ചു.

“ഒന്നും കഴിക്കാൻ തോന്നണില്ലച്ഛാ….”

അതു പറയുമ്പോൾ പോലും അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ വീണു.

“എന്റെ കുട്ടീ… ഇതെല്ലാം ഈ പ്രായത്തിൽ എല്ലാവർക്കും നടക്കുന്ന കാര്യങ്ങളാണ്.. അതിന്റെ പേരിൽ ഞാനോ നിന്റച്ഛനോ ആരും നിന്നെ കുറ്റപ്പെടുത്തില്ല… പക്ഷേ, ഇത് മുന്നോട്ട് കൊണ്ട് പോകണ്ട മോളേ… അവന്റെ അച്ഛനായിട്ടല്ല ഞാൻ പറയുന്നത്… ഒരുപാട് നാളായി അരവിന്ദിനെ അറിയുന്നൊരാളായിട്ടാ… അവൻ നിനക്ക് വേണ്ട…അവനെ നീ മറന്നേക്ക് മോളേ…”

മൗര്യ കട്ടിലിൽ രണ്ടു കൈകളും കുത്തിയിരുന്ന് വിങ്ങി വിങ്ങി കരഞ്ഞു.

“മറക്കാൻ മാത്രം

പറയല്ലേ അച്ഛാ… എനിക്ക്‌ വേറൊന്നും വേണ്ട… അരവിന്ദേട്ടനെ മാത്രം മതി… ഏട്ടനെ മറക്കാൻ പറ്റുന്നില്ല… പ്ലീസ്… നിങ്ങളോടിനി ഈ ജന്മം ഞാനൊന്നും ചോദിക്കില്ല…. ”

അവൾ വിശ്വനെയും അവളുടെ അച്ഛനെയും നോക്കി കൈകൾ കൂപ്പി എങ്ങലടിച്ചു കരഞ്ഞു.

രാമചന്ദ്രന് ഇനിയും പിടിച്ചു നിൽക്കാൻ വയ്യായിരുന്നു. അയാൾ വന്നു മൗര്യയെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു. രേഖയും വിശ്വനും കണ്ണ് തുടച്ചു.

അവളെ ഇനിയും കരയിപ്പിക്കാൻ കെൽപ്പില്ലായിരുന്നു വിശ്വന്. തനിക്കോ സഹോദരങ്ങൾക്കോ പെൺകുട്ടികളില്ലാത്തത് കൊണ്ട് ആ സ്ഥാനം വഹിച്ചിരുന്നത് തനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ മകളായ മൗര്യയാണ്. അവളെക്കൊണ്ട് അച്ഛാ എന്ന് വിളിപ്പിച്ചത് പോലും അതു കൊണ്ടാണ്. ഇടക്ക് കോളേജിലെ സമ്മർദം കൂടുമ്പോൾ സ്‌ട്രെസ് റിലീഫിനായി ഇവിടെയെത്തി മൗര്യയോട് സംസാരിച്ചിരിക്കാറുണ്ട് അയാൾ. അത്രക്കും ഇഷ്ടമാണവളെ.

പക്ഷേ, അരവിന്ദിനെ എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് മൗര്യ ഇത്ര ഗാഢമായി പ്രണയിച്ചു എന്നയാൾക്ക് മനസിലായില്ല… ജയിക്കാൻ വേണ്ടി ഏതു വഴിയും സ്വീകരിക്കുന്നവനാണ് അരവിന്ദ്. പണ്ട് തൊട്ടേ അങ്ങനെയാണ്… കളിയിലും പഠനത്തിലും… എല്ലാം… ഒരു പെണ്ണിനെ ജയിക്കാൻ അവനെന്തു തന്ത്രംഉപയോഗിച്ചു കാണും എന്നയാൾക്ക് പേടി തോന്നി.

എങ്കിലും മൗര്യയെ ഇനിയും വേദനിപ്പിക്കാൻ വയ്യാത്തത് കൊണ്ടു മാത്രം അയാൾ ഫോണെടുത്ത് അരവിന്ദിനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *