ഒടുവിൽ യാത്ര പറഞ്ഞു പിരിയുമ്പോൾ രണ്ടാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
അങ്ങനെ കൊല്ലമൊന്നു കഴിഞ്ഞു,
രണ്ടു കഴിഞ്ഞു, മൂന്നു കഴിഞ്ഞു…
ഓരോ വർഷവും അവധിക്ക് അരവിന്ദ് നാട്ടിൽ വന്നെങ്കിലും മൗര്യയെ കൂടെ കൊണ്ടു പോകാൻ വിശ്വനാഥൻ സമ്മതിച്ചില്ല. അമ്മായിയപ്പൻ പോര് എന്നൊരു സാധനം കണ്ടുപിടിച്ചിട്ടില്ലെങ്കിലും ഇനിയിപ്പോൾ അങ്ങനെ വല്ലതുമാണോ എന്ന് പോലും അരവിന്ദ് ചിന്തിച്ചു.
ആദ്യം പറഞ്ഞു അവളുടെ പിജി കഴിയട്ടെ എന്ന്… പിന്നെ പറയുന്നു നെറ്റ് കിട്ടട്ടേ എന്ന്…. നെറ്റ് കിട്ടിയപ്പോൾ പിന്നെ jrf കിട്ടട്ടേ എന്നായി… ഇതെല്ലാം കൊണ്ട് അങ്ങോട്ട് വന്നിട്ടെന്തിനാണ് പുഴുങ്ങി തിന്നാനോ എന്ന് പലവട്ടം അരവിന്ദ് ചോദിച്ചു. No raksha…
വിശ്വനാഥിന് രണ്ടു മരുമക്കൾ ഉണ്ടെങ്കിലും മൗര്യയോട് കുറച്ചു കൂടുതൽ അടുപ്പമാണ്. അരുൺ വിദേശത്തേക്ക് പോയെങ്കിലും അവന്റെ ഭാര്യയെ കൂടെ കൊണ്ട് പോകുന്നതിൽ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞിട്ടില്ല. ഇതിപ്പോൾ മൗര്യയുടെ കാര്യത്തിൽ മാത്രം എന്താണിങ്ങനെ എന്ന് അരവിന്ദിന് മനസിലായില്ല.
↔️↔️↔️↔️↔️↔️↔️↔️↔️↔️
അരവിന്ദിന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ അവന്റെ മുത്തശ്ശൻ മരിച്ചു. പെട്ടന്നുള്ള മരണമായതിനാൽ അരവിന്ദിന് എത്താൻ സാധിച്ചില്ല.
അച്ഛന്റെ പതിനാറു കഴിഞ്ഞു ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോഴാണ് വിശ്വനാഥൻ മുകളിലെ മുറിയിലേക്ക് കയറിയത്.
അച്ഛനും വിശ്വനാഥനും അത്ര രസത്തിലായിരുന്നില്ല. ഇന്നും ഇന്നലെയും തുടങ്ങിയതല്ല…. എത്രയോ കാലങ്ങളായി അങ്ങനെയാണ്. അതിന്റെ കാരണം എന്താണെന്ന് അച്ഛന് പോലും വ്യക്തവുമല്ല.
അച്ഛന്റെ മുറിയിലൂടെ നടക്കുമ്പോൾ പണ്ട് മുത്തശ്ശന്റെ മുറിയിൽ കയറിയതോർമ്മ വന്നു വിശ്വന്.
ഓർമ്മ വെച്ച കാലം തൊട്ടേ വിശ്വന്റെ മനസ്സിനെ കുളിർപ്പിച്ച ഒരു കാര്യമായിരുന്നു അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹം. മറ്റു വീടുകളിൽ എല്ലാം ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ തല്ലാണെങ്കിലും തന്റെ വീട്ടിൽ അങ്ങനെയല്ല. അമ്മയ്ക്ക് തങ്ങൾ മക്കളെക്കാളും വലുത്
അമ്മയുടെ ശങ്കുണ്ണിയേട്ടൻ ആയിരുന്നു.
വലുതാകുമ്പോൾ തന്റെ അമ്മ അച്ഛനെ സ്നേഹിക്കുന്നതുപോലെ തന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടണം എന്നതായിരുന്നു യൗവനത്തിൽ വിശ്വന്റെ ആഗ്രഹം.
എന്നാൽ തന്റെ അമ്മയും അച്ഛനും തമ്മിലുള്ള സ്നേഹമെന്ന ചീട്ടുകൊട്ടാരം തകർന്നത് അന്ന് മുത്തച്ഛന്റെ മുറിയിൽ കയറിയപ്പോൾ ആയിരുന്നു. നാഗവല്ലിയുടെ മുറിപോലെ മാറാലയും പൊടിയും അടിഞ്ഞുകൂടിയ ആ മുറിയിൽ ഒരുപാട് പഴകിയ നോട്ടുപുസ്തകങ്ങൾ ഉണ്ടായിരുന്നു.
അവയിൽ എല്ലാം മുത്തശ്ശൻ ഇതുവരെ ആർക്കൊക്കെ മന്ത്രവാദം ചെയ്തു കൊടുത്തിട്ടുണ്ടോ അവരുടെ എല്ലാ വിവരങ്ങളും ചെയ്ത തീയതികളും കൃത്യമായുണ്ടായിരുന്നു.
ഓരോ പേജുകൾ മറച്ചു നോക്കുമ്പോഴും വിശ്വന് ആകാംക്ഷയും അമ്പരപ്പും കൂടിക്കൂടി വന്നു. തനിക്ക് ചുറ്റും ജീവിക്കുന്ന ആളുകളിൽ പലരുടെയും പേരുകളുണ്ട്. അത്യന്തം സാധാരണ ജീവിതം നയിക്കുന്നവർ. എന്നാൽ അവർ ചെയ്തിരിക്കുന്ന പല പൂജകളും മറ്റുള്ളവർക്ക് ചിന്തിക്കാൻ സാധിക്കുന്നതിനമപ്പുറമുള്ളതാണ്.
ഓരോ പുസ്തകങ്ങൾ മറച്ചു നോക്കുന്നതിനിടയിലാണ് അമ്മയുടെ പേര് കണ്ടത്. നാളും കണ്ടതോടെ ഉറപ്പായി. അമ്മ തന്നെ. അമ്മയുടെ പേരിനു നേരെ എഴുതിയിരിക്കുന്നത് രതിമോഹന വിദ്യ എന്നാണ്. അത് ഏതുതരം പൂജ ആയിരിക്കും എന്ന് ഊഹിക്കാനുള്ള പ്രായമൊക്കെ അന്ന് വിശ്വനായിട്ടുണ്ടായിരുന്നു.
എങ്കിലും അമ്മക്ക് ഈ രതിമോഹന പൂജ നടത്തിയതെന്തിനാകും? അത് നടത്തിയാൽ തന്റെ അമ്മയ്ക്ക് ആരോടെല്ലാം ആകർഷണം തോന്നും?
അമ്മക്ക് ഇത്തരമൊരു പൂജ നടത്തിയത് അമ്മയുടെ അറിവോടെ ആയിരിക്കുമോ?…. എന്നിങ്ങനെയുള്ള സംശയങ്ങൾ അവന്റെ മനസ്സിൽ കുമിഞ്ഞു കൂടി ഇരിക്കപ്പൊറുതി തരാതായി.
അതിനുള്ള ഉത്തരങ്ങൾ മുത്തശ്ശൻ പൂജാ വിധികളെല്ലാം എഴുതി വച്ചിരുന്ന പുസ്തകങ്ങൾ വായിച്ചാൽ കിട്ടുമെന്ന് അവനറിയാമായിരുന്നു. പക്ഷേ, അത് അച്ഛന്റെ കൈവശമാണ്. അതുപയോഗിച്ചാണ് അച്ഛൻ പൂജകൾ ചെയ്യുന്നത്.
