“ഹേയ്.. ഇതിനി സംസാരിക്കണ്ട.. ഇത് സംസാരിക്കാൻ താനെന്റെ അടുത്തോട്ടു വരരുത്… ”
അയാൾ മൗര്യയെ അവളുടെ കൈ പൊട്ടുന്ന വിധത്തിൽ വലിച്ചിഴച്ചു കൊണ്ട് നടന്നു പോയി… അന്നത്തെ അവളുടെ നോട്ടം തനിക്കൊരിക്കലും മറക്കാനാവില്ല.
മൗര്യയെ പിടിക്കാനായി പിന്നാലെ ഓടാൻ നിന്ന തന്നെ തടഞ്ഞു വെച്ചത് അരുണാണ്.
അച്ഛൻ കുറച്ചു നേരം ഒന്നും മിണ്ടാതെ നോക്കി നിന്നു.
“പണ്ട് നാലിൽ പഠിക്കുമ്പോ വിശ്വന്റച്ഛൻ കൂടോത്രക്കാരനാണെന്ന്
പറഞ്ഞ് എല്ലാവരും എന്റെ കൂടെയിരിക്കാതായി.. അന്ന് എന്റടുത്തു വന്നിരുന്നവനാണ് രാമൻ. അന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ്പായിരുന്നു. നീയൊരുത്തൻ കാരണം അതില്ലാതായി.”
അച്ഛനത് പറഞ്ഞു നടന്നു നീങ്ങിയപ്പോൾ മനസ്സിലെ ഭാരം ഇരട്ടിയായി.
“ആ ഹർഷ പറ്റിച്ച പണിയാ…. നിങ്ങള് പോന്നപ്പോ തൊടങ്ങി അവൾക്ക് ഇളക്കമായിരുന്നു.. നീയെന്താ തിരിച്ചു വരാത്തെ എന്നും പറഞ്ഞോണ്ട്… അങ്ങനെ അര മണിക്കൂറും കൊണ്ട് അവള് കളിയും തീർത്തു റൂമിൽ ചെന്നപ്പോ മൗര്യയില്ല… അവളൊന്നും നോക്കാതെ അങ്കിൾനെ വിളിച്ചു പറഞ്ഞു. എല്ലാരും അടിമുടി തിരച്ചിലായി… കരച്ചിലായി…. ”
അടുത്തു നിന്നിരുന്ന അരുണാണ് പറഞ്ഞത്.
നായിന്റെ മോൾക്ക് എന്നെയൊന്ന് വിളിച്ചു ചോദിച്ചാൽ മതിയാരുന്നു. താൻ മൗര്യയുടെ പിന്നാലെ പോകുന്നത് അവളും കണ്ടതാണല്ലോ… ഡ്രാമ ഉണ്ടാക്കാൻ വേണ്ടി ചെയ്ത് കൂട്ടിയതാണ്….
അന്ന് രാത്രി തന്നെ അച്ഛനും അമ്മയും മൗര്യയെയും കൊണ്ട് സ്ഥലം വിട്ടിരുന്നു.
അടുത്ത ദിവസം തന്നെ താനും.
വീട്ടിലെത്തിയതും മൗര്യയുടെ അച്ഛനെ കാണാനായി അദ്ദേഹം പഠിപ്പിക്കുന്ന സ്കൂളിലേക്ക് ചെന്നു. തലേന്ന് സംഭവിച്ചതെല്ലാം മനഃപൂർവമല്ലെന്നും മൗര്യയെ തല്ലരുതെന്നും അവളെ തനിക്കിഷ്ടമാണെന്നും പറഞ്ഞു മനസിലാക്കി.
വാശിയുടെ കാര്യത്തിൽ തന്റെ അച്ഛനും മേലെയാണ് രാമചന്ദ്രൻ അങ്കിൾ.
“അവളോട് ഞാനോ രേഖയോ പിന്നെ ഈ കാര്യം സംസാരിച്ചിട്ടില്ല അരവിന്ദ്. അതിന് ഞങ്ങൾക്ക് താല്പര്യവുമില്ല. അവളെന്റെ മോളാണ്.. പറ്റിയ തെറ്റ് സ്വയം മനസിലാക്കി തിരികെ ജീവിതത്തിലേക്ക് വരും എന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടികളായിരിക്കുമ്പോൾ നമുക്കങ്ങനെ പലരോടും ഇഷ്ടം തോന്നും. കുറച്ചു കഴിയുമ്പോൾ അതങ്ങു മാറും.. അവളൊരു കുഞ്ഞല്ലേ… അത്രയേ ഞങ്ങൾ കണ്ടിട്ടുള്ളു…”
ഇനിയെന്ത് ചെയ്യണം എന്ന് മനസിലാകാതെ നിന്നു പോയി താൻ. അവളൊരു കുഞ്ഞാണ്… പക്ഷേ,
താനങ്ങനെയല്ലല്ലോ…
അച്ഛനും അമ്മയും തിരികെ വീട്ടിലെത്തിയതും ഇക്കാര്യത്തിൽ നല്ലൊരു വഴക്കു തന്നെയുണ്ടായി. അങ്ങനെ വീട് വീട്ടിറങ്ങി. തന്നെ തിരിഞ്ഞു നോക്കാൻ പോലും ഒരുത്തനും മെനക്കെട്ടില്ല. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് അച്ഛൻ വിളിച്ചപ്പോഴാണ് തനിക്ക് വേണ്ടി ഒരാൾ മാത്രം കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായത്.
↔️↔️↔️↔️↔️↔️↔️↔️↔️
അതൊരു തിങ്കളാഴ്ച വൈകുന്നേരമായിരുന്നു. വിശ്വനാഥൻ കോളേജിൽ നിന്നും നേരെ വീട്ടിലേക്ക് വണ്ടി വിട്ടു. വീട്ടിലേക്കുള്ള വഴിയിലെത്തിയപ്പോഴേ മുറ്റത്ത് കിടക്കുന്ന കാർ അദ്ദേഹം കണ്ടിരുന്നു. അതാരുടേതാണെന്ന് മനസിലാക്കാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല.
സ്വന്തം കാർ പോർച്ചിലേക്ക് പോലും കയറ്റാൻ നിൽക്കാതെ വിശ്വനാഥ് വണ്ടിയിൽ നിന്നിറങ്ങി. പൂമുഖത്ത് തന്നെ രാമചന്ദ്രൻ ഇരിപ്പുണ്ടായിരുന്നു.
“രാമാ… തനിക്കിന്നെങ്കിലും ഒന്നിവിടേക്ക് വരാൻ തോന്നിയല്ലോ… മോൻ ചെയ്ത തെറ്റിന് ഞാനെന്തു പിഴച്ചെടാ?? ഞാനന്നും നിന്റെ കൂടെയല്ലേ നിന്നുള്ളു?? അവന് മൗര്യക്കുട്ടിയെ കെട്ടിച്ചു കൊടുക്കാൻ ഞാൻ പറയും എന്നോർത്തോ നീയ്?”
പരിഭവം പറഞ്ഞു തീരുന്നുണ്ടായില്ല വിശ്വന്.
“അതല്ല വിശ്വാ… ഞാനിപ്പോ വല്ലാത്തൊരു അവസ്ഥയിലാണ്.. മോളിപ്പോ പണ്ടത്തെ പോലെയല്ല… ആ കളിയും ചിരിയും ഒക്കെ പോയി… നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല… ആകെയൊരു തളർച്ച പോലെ… എപ്പോഴും കിടപ്പ്… ഇതിപ്പോ രണ്ടാഴ്ചയായില്ലേ… ഞങ്ങൾക്ക് വയ്യ ഇത് കണ്ടു നിൽക്കാൻ…
