അച്ഛന്റെ കണ്ണുവെട്ടിച്ച് ആ
പുസ്തകങ്ങൾ കണ്ടെത്തുക കുറച്ചു ശ്രമകരമായ ജോലി ആയിരുന്നെങ്കിലും അച്ഛൻ പുറം പൂജകൾക്കായി പോകുന്ന സമയത്ത് മുറിയിൽ കയറി വിശ്വനത് തരപ്പെടുത്തി.
ആ പുസ്തകങ്ങളെടുക്കാൻ അന്ന് കാണിച്ച സാഹസികതയെപ്പറ്റി ഇന്നോർക്കുമ്പോൾ തോന്നുന്നത് വേണ്ടിയിരുന്നില്ല എന്നാണ്… കാരണം,
ആ ദിവസത്തിനു ശേഷം വിഷുവിന് തന്റെ അച്ഛനോടും അമ്മയോടും ഉള്ള മനോഭാവം ആകെ മാറി. മുൻപ് അച്ഛനും അമ്മയും സ്നേഹത്തോടെ പെരുമാറുമ്പോൾ തോന്നിയിരുന്ന സുരക്ഷിതത്വം അരോചകത്വത്തിലേക്ക് വഴി മാറി.
തന്റെ മുത്തശ്ശൻ ഉണ്ടാക്കിക്കൊടുത്ത ഭസ്മം കഴിച്ചാണ് താൻ അടക്കമുള്ള മൂന്നു കുട്ടികളെ ജനിപ്പിക്കാനുള്ള വീര്യം തന്റെ അച്ഛനുണ്ടായതെന്നോർത്തപ്പോൾ അവനു പുച്ഛം തോന്നി.
മുത്തശ്ശൻ ഏതൊക്കെ ഗംഭീര മന്ത്രങ്ങൾ ചൊല്ലിയുണ്ടാക്കിയെടുത്ത പൂട്ടാണെങ്കിലും തന്റെ അമ്മയറിഞ്ഞാൽ തകർന്നടിയുന്നതേയുള്ളു ആ പൂട്ടിന്റെ ശക്തി എന്നോർത്തപ്പോൾ അവന്റെ പുച്ഛം ഇരട്ടിച്ചു.
ഓരോ തവണ അച്ഛൻ തന്റെ അമ്മയെ പ്രാപിക്കുമ്പോഴും ചോർന്നുകൊണ്ടിരിക്കുന്നത് തന്റെ അമ്മയുടെ ഊർജ്ജമാണെന്നും വെറുമൊരു ഏലസ് മാത്രമാണ് അമ്മയ്ക്ക് സംരക്ഷണമായുള്ളതെന്നും ഓർത്തപ്പോൾ അവന്റെ അമർഷം ഇരട്ടിച്ചു.
പണ്ട് മുത്തശ്ശനുണ്ടായിരുന്ന കാലത്ത് ഒരു ദിവസം അമ്മ നടുമുറ്റത്തു വിറച്ചു വിറച്ചു വീണതും മുത്തശ്ശൻ അങ്കലാപ്പോടെ ഓടി വന്ന് അമ്മയുടെ അരയിൽ സ്വർണ്ണത്തിന്റെ ഏലസ്സുണ്ടോ എന്ന് ശാരദേച്ചിയെ കൊണ്ട് നോക്കിപ്പിച്ചതും അതില്ലെന്ന് കണ്ട് മൂന്നു ദിവസം മുറിയടച്ചിരുന്നു പൂജ ചെയ്ത് ഏലസ്സ് കൊണ്ട് വന്നു കെട്ടിച്ചതും വിശ്വൻ ഓർത്തു. ഏലസ്സ് കെട്ടിയ ശേഷമാണ് അമ്മ കിടന്ന കിടപ്പിൽ നിന്നൊന്ന് എണീറ്റത് പോലും…! ആ സമയത്ത് അച്ഛൻ തൃശ്ശൂരിൽ പോയിരിക്കയായിരുന്നു…
ഇപ്പോൾ ആ സംഭവത്തിന്റെയെല്ലാം മറ്റൊരു വശം കാണാനാകുന്നുണ്ട്…
അതിൽ പിന്നെ ഒരിക്കലും വിശ്വനെ അച്ഛനോട് മുൻപത്തെപ്പോലെ സംസാരിക്കാനായില്ല. ‘ശങ്കുണ്ണിയേട്ടാ’
എന്ന അമ്മയുടെ തേനൊലിപ്പിച്ച വിളി കേൾക്കുമ്പോൾ പുച്ഛത്തോടെ ചുണ്ടുകോട്ടാതിരിക്കാനായില്ല.
പിൽകാലത്ത് തന്റെ ഭാര്യയോടും മറ്റും തന്റെ ശങ്കുണ്ണ്യേട്ടനെ പറ്റി ആരാധനയോടെ സംസാരിക്കുന്ന അമ്മയെ കാണുമ്പോൾ, അത് കേട്ട് അതിശയിക്കുന്ന ആളുകളെ കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുമായിരുന്നു…. ‘ദമയന്തിപ്പൂട്ടിന്റെ ഒരു ശക്തിയേ… 😒😒😒’….
വെറും മന്ത്രത്തിന്റെ വീര്യം കൊണ്ട് മാത്രം ജനിച്ച കുട്ടി എന്നുള്ള അപകർഷതാബോധം പേറിയാണ് വിശ്വൻ കാലമിത്രയും ജീവിച്ചത്. അതിസുന്ദരിയായിരുന്ന തന്റെ അമ്മയെ ദുർമന്ത്രവാദത്തിലൂടെ സ്വന്തമാക്കിയതിലൂടെ തന്റെ അച്ഛൻ നഷ്ടപ്പെടുത്തിയ അമ്മയുടെ ചിന്താശേഷിയെ ഓർത്ത് സഹതപിച്ചായിരുന്നു അയാൾ മരണസമയം വരെ അമ്മയെ നോക്കി നിന്നത്.
അതുകൊണ്ടുതന്നെയായിരുന്നു തനിക്കുണ്ടായ രണ്ടു മക്കളോടും മുത്തശ്ശൻ പറഞ്ഞുതരുന്ന കുറുക്കുവഴികൾ ഒന്നും സ്വീകരിക്കരുതെന്ന് ആവശ്യത്തിനും അനാവശ്യത്തിനും ഉപദേശിച്ചു കൊണ്ടിരുന്നത്.
ഇന്നിപ്പോൾ ഈ മുറിയിൽ കയറിയതും അച്ഛനെ ഓർമ വന്നത് കൊണ്ടൊന്നുമല്ല.
ചിലത് കണ്ടുപിടിക്കാനുണ്ടായിരുന്നു.
കുറച്ചധികം കഷ്ടപ്പെട്ടെങ്കിലും മുത്തശ്ശന്റെ പോലെ തന്റെ അച്ഛന്റെ ‘ലോഗ്ബുക്കുകളും ‘ അയാൾക്ക് കണ്ടെത്താനായി. വർഷങ്ങളുടെ ക്രമത്തിൽ അടുക്കി വെച്ചിരിക്കുന്ന ആ എട്ടു പുസ്‌തകങ്ങളിൽ അയാൾ തിരഞ്ഞത് ഒരേയൊരു പേരു മാത്രമായിരുന്നു.
ഉള്ളതിൽ ഏറ്റവും പുതിയതെന്നു തോന്നിക്കുന്ന എട്ടാമത്തെ പുസ്തകത്തിന്റെ അവസാന പേജിൽ എഴുതിയിരുന്നത് അയാൾ തിരഞ്ഞ അതേ പേര് തന്നെയായിരുന്നു. മനസ്സിൽ വിചാരിച്ച പേര് അതു പോലെ തന്നെ കണ്ടെത്തിയിട്ടും എന്തോ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ അയാൾ വീണ്ടും വീണ്ടും വായിച്ചു നോക്കി….
” മൗര്യ – മകം – രതിമോഹന പൂജ!”
