ഇടവപാതിയിലെ ആദ്യാനുരാഗം – 1 7

 

മഴ നനഞ്ഞുകുളിച്ചു നിൽക്കുന്ന ആ പച്ചപ്പിനിടയിലെ ആ കളി മനോഹരമായ ഒരു കാഴ്ചയായിരുന്നു. തനു പെട്ടെന്ന് തന്നെ തന്റെ വിലകൂടിയ ഫോണെടുത്ത് ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി.

 

അതിനിടയിലാണ് കളിക്കാർക്കിടയിൽ നിന്നും ആഞ്ഞുതൊഴിച്ച ഫുട്ബോൾ ഉരുണ്ട് അവർ നിൽക്കുന്ന വരമ്പിന് താഴേക്ക് വന്നത്. ബോൾ എടുക്കാനായി ഒരു ചെറിയ പയ്യൻ ചെളിയിലൂടെ ഓടിവന്നു….

 

ആവേശത്തോടെയുള്ള അവന്റെ ഓട്ടത്തിനിടയിൽ ചെളിവെള്ളം തെറിച്ച് വരമ്പിൽ നിന്നിരുന്ന തനുവിന്റെ വെള്ള ചുരിദാറിൽ വീണു. രണ്ടുമൂന്ന് വലിയ ചെളിപ്പാടുകൾ അവളുടെ വേഷത്തിൽ തെളിഞ്ഞു കണ്ടു.

 

തന്റെ പ്രിയപ്പെട്ട വെള്ള ചുരിദാറിൽ ചെളിയായതും തനുവിന്റെ നിയന്ത്രണം വിട്ടു. ഉള്ളിലെ അഹങ്കാരവും ദേഷ്യവും ഒരുമിച്ച് പുറത്തുവന്നു. ആ ചെറിയ പയ്യനെ നോക്കി അവൾ രൂക്ഷമായി കയർത്തു.

 

​”Hey, are you blind? കണ്ണ് കണ്ടൂടെ നിനക്ക്? Look what you just did! എന്റെ ഡ്രസ്സ് മുഴുവൻ കൊളാക്കി വെച്ചേക്കുന്നു. Seriously, don’t you guys have any common sense?”

 

ദേഷ്യം കൊണ്ടവളുടെ മുഖം ചുവന്നുതുടുത്തു.

 

​അവളുടെ അപ്രതീക്ഷിതമായ ചൂടാവൽ കേട്ട് പാടത്ത് കളിച്ചുകൊണ്ടിരുന്ന ബാക്കി കുട്ടികളും കളി നിർത്തി വരമ്പിലേക്ക് അടുത്തു വന്നു.

 

അവർക്കൊപ്പം ആ ചെളിയിൽ കളിക്കാൻ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനും അവളിലേക്കടുത്തു…..

 

​ചെളിയിൽ കുളിച്ചു നിൽക്കുകയാണെങ്കിലും, ആരും ഒന്ന് നോക്കിപ്പോകുന്ന വശ്യമായ സൗന്ദര്യമായിരുന്നു അവന്….നനഞ്ഞൊട്ടിയ കറുത്ത ടീഷർട്ടിലൂടെ അവന്റെ വിരിഞ്ഞ നെഞ്ചും കരുത്തുറ്റ ശരീരപ്രകൃതിയും വ്യക്തമായി കാണാമായിരുന്നു. ചെളി പുരണ്ട മുഖത്തേയ്ക്ക് വീണുകിടക്കുന്ന നനഞ്ഞ മുടിയിഴകൾക്കിടയിലൂടെയുള്ള അവന്റെ കൂർത്ത നോട്ടത്തിൽ വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു. ആ ചെളിക്കുണ്ടിലും അവന്റെ പൗരുഷം നിറഞ്ഞ ആകാരഭംഗി ഒളിപ്പിച്ചുവെക്കാൻ കഴിഞ്ഞിരുന്നില്ല.

 

​എല്ലാവരും കൂടി തന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തനുവിന്റെ ദേഷ്യം ഇരട്ടിച്ചു. ജാനകിയും കൂട്ടുകാരും അവളെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവൾ ആ ചെറുപ്പക്കാരനു നേരെയും തിരിഞ്ഞു.

 

“നീയാണോ ഇവന്മാരുടെ തല!… പോത്ത് പോലെ വളർന്നിട്ടും നിനക്കൊന്നും ഇതുവരെ ബോധം വച്ചില്ലേ..? അറ്റ്ലീസ്റ്റ് കുറച്ചു മര്യാധയെങ്കിലും ഇവറ്റകൾക്ക് പറഞ്ഞു കൊടുത്തൂടെ….?”

 

അവളുടെ ദേഷ്യപ്പെട്ടുള്ള മറുപടികേട്ടിട്ടും ​അതൊന്നും വകവെക്കാതെ അവൻ കുനിഞ്ഞ് നിലത്തുനിന്നും ചെളി പടർന്ന ആ ഫുട്ബോൾ കയ്യിലെടുത്തു…..

 

വായടയ്ക്കാതെ ദേഷ്യപ്പെടുന്ന തനുവിനെ നോക്കി അവൻ തികച്ചും ശാന്തമായി, കുസൃതി നിറഞ്ഞൊരു പുഞ്ചിരി നൽകി.

 

ശേഷം പെട്ടെന്ന്, “ക്യാച്ച്!” എന്ന് പറഞ്ഞുകൊണ്ട് ആ ചെളിപുരണ്ട ബോൾ തനുവിന് നേരെ ഒറ്റയേറ്….

 

​അപ്രതീക്ഷിതമായ ആ ഏറിൽ, തനു അറിയാതെ തന്നെ തന്റെ കൈകൾ മുന്നോട്ടേക്ക് നീട്ടി ആ ബോൾ പിടിച്ചുപോയി. ആ നിമിഷം തന്നെ ബോളിലുണ്ടായിരുന്ന ചെളി മുഴുവൻ തെറിച്ച് അവളുടെ മുഖത്തും ശരീരത്തും വസ്ത്രങ്ങളിലുമാകെ പടർന്നു. ഒരു നിമിഷത്തേക്ക് എന്തു സംഭവിച്ചു എന്നറിയാതെ തനു വായപൊളിച്ചു അത്ഭുതത്തോടെ അവനെ നോക്കി. എന്നാൽ അടുത്ത നിമിഷം ആ അത്ഭുതം അതിരൂക്ഷമായ ദേഷ്യത്തിലേക്ക് വഴിമാറി. അവളുടെ കണ്ണുകളിൽ അവനെ കൊന്നു കുഴിച്ചുമൂടാനുള്ള തീ പാറുന്നുണ്ടായിരുന്നു…..

 

തനുവിന്റെ ദേഹത്താകെ ചെളി പടർന്നത് കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു കൂട്ടുകാർ.

 

പെട്ടെന്ന് ജാനകി വല്ലാത്തൊരു വെപ്രാളത്തോടെ മുന്നിലേക്ക് കയറിവന്നു. അവളുടെ മുഖത്ത് സങ്കടവും ജാള്യതയും ഒരുമിച്ചുണ്ടായിരുന്നു…..

 

“അയ്യോ! എന്ത് പണിയാ ആനന്ദേട്ടാ ഈ കാണിച്ചേ?”

 

ജാനകി വല്ലാത്തൊരു നിസ്സഹായതയോടെ അവനെ നോക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *