ഇടവപാതിയിലെ ആദ്യാനുരാഗം – 1 7

 

തനുവും കൂട്ടുകാരും തങ്ങളുടെ ബാഗുകൾ എടുത്ത് ധൃതിയിൽ എഴുന്നേറ്റു. വാതിൽക്കൽ എത്തുമ്പോൾ തന്നെ പുറത്തെ മഴയുടെ ഇരമ്പൽ കൂടുതൽ വ്യക്തമായി കേൾക്കാമായിരുന്നു. ബസ് നിന്നതും അവർ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.

 

കാൽ കുത്തിയത് വെള്ളം കെട്ടിക്കിടക്കുന്ന റോഡിലേക്കാണ്. ആകാശം അപ്പോഴും തുള വീണത് പോലെ പെയ്യുകയാണ്. ബാഗിൽ നിന്നെടുത്ത കുടകൾ വേഗത്തിൽ നിവർത്താൻ അവർ പാടുപെട്ടു. തനുവും അവളുടെ കുട പെട്ടെന്ന് തന്നെ നിവർത്തി. എന്നാൽ പാലക്കാടൻ കാറ്റിന് അപ്പോൾ നല്ല ശക്തിയുണ്ടായിരുന്നു.

 

കാറ്റിൽ മഴത്തുള്ളികൾ വശങ്ങളിൽ കൂടെ അടിച്ചു കയറി. കുടയുണ്ടായിട്ടും കാറ്റിന്റെ ഗതിമാറ്റത്തിൽ പറന്നുവന്ന മഴവെള്ളം തനുവിനെയും കൂട്ടുകാരെയും ചെറുതായി നനച്ചു. അവളുടെ വെളുത്ത ചുരിദാറിന്റെ അരികുകളും കാറ്റിൽ പാറിയ മുടിയുടെ തുമ്പും മഴവെള്ളത്തിൽ കുതിർന്നു. കൂട്ടുകാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.

 

“വേഗം നടക്ക്, ആ വെയ്റ്റിംഗ് ഷെഡിലേക്ക് കയറാം!”

 

കാറ്റിന്റെ ശബ്ദത്തെ മറികടക്കാൻ കൂട്ടത്തിലൊരാൾ ഉറക്കെ വിളിച്ചു പറഞ്ഞു.

 

മഴയിൽ കൂടുതൽ നനയാതിരിക്കാൻ അവർ തൊട്ടടുത്ത് തന്നെ കണ്ട ചെറിയ ബസ് സ്റ്റോപ്പിലേക്ക് ഓടിക്കയറി.

 

ഷെഡിന്റെ മേൽക്കൂരയ്ക്ക് താഴെ എത്തിയതും എല്ലാവരും നനഞ്ഞ കുടകൾ കുടഞ്ഞു മടക്കി. കാറ്റത്ത് ചെറുതായി നനഞ്ഞെങ്കിലും, തണുത്തു വിറച്ചു നിൽക്കുന്ന പരസ്പരം നോക്കി അവർ പൊട്ടിച്ചിരിച്ചു. കുളിരുള്ള ആ കാറ്റിൽ, നനഞ്ഞ വസ്ത്രങ്ങളുമായി ആ പുതിയ നാട്ടിലെ ചെറിയ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, വലിയൊരു യാത്രയുടെ മനോഹരമായ തുടക്കമായിരുന്നു അത്.

 

 

ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയ്ക്ക് താഴെ നിന്ന് ദേഹത്തു വീണ മഴത്തുള്ളികൾ കുടഞ്ഞു തെറിപ്പിക്കുന്നതിനിടയിലാണ് ചുറ്റുമുള്ള അന്തരീക്ഷം പതിയെ ശാന്തമാകുന്നത് അവർ ശ്രദ്ധിച്ചത്.

 

തിമിർത്തു പെയ്തിരുന്ന മഴയുടെ ശക്തി കുറഞ്ഞ് അതൊരു നേരിയ ചാറ്റൽ മഴയായി മാറിയിരുന്നു. കാറ്റിന്റെ ഇരമ്പലും പതിയെ അടങ്ങി. അപ്പോഴാണ് ആ ചാറ്റൽ മഴയിലൂടെ, റോഡിലെ ചെറിയ വെള്ളക്കെട്ടുകൾ വകഞ്ഞുമാറ്റി അവരുടെ അടുത്തേക്ക് നടന്നു വരുന്ന ആളെ തനു കണ്ടത്.

 

ജാനകി!

 

അവളായിരുന്നു തനുവിനെയും കാത്ത് അവിടെ നിന്നിരുന്നത്. ഏറെ നാളുകൾക്ക് ശേഷം പ്രിയ കൂട്ടുകാരിയെ നേരിൽ കണ്ട സന്തോഷത്തിൽ തനുവിന്റെ കണ്ണുകൾ തിളങ്ങി. അവൾ ഒറ്റയടിക്ക് മുന്നോട്ടേക്ക് കുതിച്ച് ജാനകിയെ ഇറുകെ കെട്ടിപ്പിടിച്ചു. ആ ചെറിയ ബസ് സ്റ്റോപ്പിൽ അവരുടെ സൗഹൃദത്തിന്റെ ഊഷ്മളത ആ തണുപ്പിനെയും തോൽപ്പിക്കുന്നതായിരുന്നു.

 

കെട്ടിപ്പിടുത്തത്തിന്റെ ആവേശമൊന്ന് അടങ്ങിയപ്പോൾ, തനുവിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ജാനകി ചോദിച്ചു,

 

“എന്തൊക്കെയുണ്ട് വിശേഷം? പിന്നേ… എന്റെ നാടൊക്കെ നിനക്ക് ഇഷ്ടപ്പെട്ടോ?”

 

ആ ചോദ്യം കേട്ടതും സന്തോഷം അടക്കാനാവാതെ തനു വീണ്ടും അവളെ ഒന്നുകൂടി ചേർത്തുപിടിച്ച് കവിളിലൊരു കുഞ്ഞുമ്മ കൊടുത്തു. ശേഷം നിറഞ്ഞ ചിരിയോടെ അവൾ മറുപടി പറഞ്ഞു:

 

“Oh my god, Janu! I absolutely love it here. The rain, this beautiful greenery… it’s just magical! I missed you so much.”

 

തനുവിന്റെ ആവേശത്തോടെയുള്ള മറുപടി കേട്ട് ജാനകി പൊട്ടിച്ചിരിച്ചു. അപ്പോഴേക്കും തനുവിന് പിന്നിലായി, മഴ നനഞ്ഞ കുടകളുമായി നിന്നിരുന്ന ആ നാൽവർ സംഘം അവരുടെ അടുത്തേക്ക് എത്തിയിരുന്നു.

 

കൊച്ചിയിലെ ക്യാമ്പസിൽ ഒരുമിച്ച് പഠിച്ച ആ പഴയ സൗഹൃദവലയം പാലക്കാടിന്റെ മണ്ണിൽ വീണ്ടും ഒന്നിക്കുകയായിരുന്നു.

 

കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾഅഞ്ജലിയും, മായയും ജാനകിയെ കണ്ടതും ഓടിവന്ന് അവളെ വട്ടംപിടിച്ചു. കൊച്ചിയിലെ പഠിത്തം കഴിഞ്ഞതോടെ വീട്ടുകാർ പതിയെ കല്യാണക്കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ, അതിൽ നിന്നും തൽക്കാലം ഒന്നൊഴിവാകാൻ ഉപരിപഠനം എന്ന ഒറ്റമൂലി പ്രയോഗിച്ച് വീട്ടിൽ നിന്നിറങ്ങിയവരാണ് ആ രണ്ടുപേരും. തുടർപഠനം എവിടെ വേണം എന്ന ചർച്ച വന്നപ്പോൾ, അത് ജാനുവിന്റെ നാടായ പാലക്കാട് തന്നെയാക്കാം എന്ന് എല്ലാവരും കൂടെ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *