ഇടവപാതിയിലെ ആദ്യാനുരാഗം – 1 7

 

താൻ കരുതിയത് പോലെയുള്ള ഒരു സാധാരണ ഗ്രാമമല്ല ഇതെന്ന സത്യം അവൾ പതിയെ തിരിച്ചറിയുകയായിരുന്നു….

 

ആ കാഴ്ച കണ്ട് വിസ്മയിച്ചു നിന്ന തനു ആകാംക്ഷയോടെ ജാനകിയുടെ കൈകളിൽ പിടിച്ചു വലിച്ചു.

 

“ജാനു… ഇതിൽ ഏതാഡി നിന്റെ വീട്?”

 

അവളുടെ ശബ്ദത്തിൽ ചെറിയൊരു നെഞ്ചിടിപ്പുണ്ടായിരുന്നു.

 

ജാനകി പുഞ്ചിരിച്ചുകൊണ്ട് അല്പം ദൂരെ മാറി രാജകീയ പ്രൗഢിയോടെ നിൽക്കുന്ന ആ വലിയ മനയ്ക്ക് നേരെ വിരൽ ചൂണ്ടി. “അതാണ് എന്റെ വീട്.”

 

അത് കേട്ടതും തനുവിന്റെ മുഖം വെട്ടിത്തിളങ്ങി. അവൾ കരുതിയത് പോലെയായില്ല.! നേരത്തെ മനസ്സിലുണ്ടായിരുന്ന ആശങ്കകളൊക്കെ കാറ്റിൽ പറന്നു.

 

സന്തോഷം അടക്കാനാവാതെ അവൾ കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടി ജാനകിയെ വട്ടംപിടിച്ചു. തന്റെ കൂട്ടുകാരി ഇത്രയും വലിയൊരു തറവാട്ടിലെ കുട്ടിയാണെന്നറിഞ്ഞതിൽ അവളുടെ ഉള്ളിലെ അഹങ്കാരിയായ തനുവിന് വല്ലാത്തൊരു തൃപ്തി തോന്നി.

 

സന്തോഷത്തോടെ അവർ മനയുടെ വലിയ പൂമുഖത്തേക്ക് കയറി. കൊത്തുപണികൾ ചെയ്ത വലിയ വാതിലിനപ്പുറം ജാനകിയുടെ അച്ഛനും അമ്മയും അവർക്കായി കാത്തുനിൽപ്പുണ്ടായിരുന്നു.

 

കൊച്ചിയിൽ നിന്നും വന്ന മകളുടെ കൂട്ടുകാരെ അവർ അതിയായ സ്നേഹത്തോടെ സ്വീകരിച്ചു. തനുവിനെയും മറ്റുള്ളവരെയും പേരുചോദിച്ച് പരിചയപ്പെട്ട ശേഷം അമ്മ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. യാത്രയുടെ ക്ഷീണം മാറ്റാൻ എല്ലാവർക്കുമായി വിഭവസമൃദ്ധമായ നാടൻ ഊണ് തയ്യാറായിരുന്നു.

 

വലിയ ഡൈനിങ് ഹാളിലിരുന്ന്, തൂശനിലയിൽ വിളമ്പിയ ആ ചൂടുള്ള ചോറും കറികളും അവർ എല്ലാവരും വയറുനിറയെ ആസ്വദിച്ചു കഴിച്ചു.

ഊണ് കഴിഞ്ഞതും വിശ്രമിക്കാനായി ജാനകി തനുവിനെ മനയുടെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

അത്രയും വലിയ ആ മനയിൽ ഒഴിഞ്ഞുകിടക്കുന്ന നിരവധി മുറികളുണ്ടായിരുന്നു. അതിൽ ഏറ്റവും വിശാലമായ, കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന ഒരു മുറിയാണ് ജാനകി തനുവിനായി തുറന്നു കൊടുത്തത്.

 

പഴയ തറവാടാണെങ്കിലും ഒരു ആധുനിക വീടിന് സമാനമായ എല്ലാ സൗകര്യങ്ങളും അറ്റാച്ച്ഡ് ബാത്ത്റൂമും അവിടെ ഉണ്ടായിരുന്നു. തടിയിൽ തീർത്ത വലിയൊരു കട്ടിലും, വിലപിടിപ്പുള്ള ഫർണിച്ചറുകളും കണ്ടപ്പോൾ ആ മുറി തനുവിന് ഒരുപാട് ഇഷ്ടമായി. അവൾ സന്തോഷത്തോടെ തന്റെ ബാഗ് കട്ടിലിലേക്ക് വെച്ചു.

 

മുറിയിലെ ഭംഗി ആസ്വദിക്കുന്നതിനിടയിലാണ് ചുമരിനോട് ചേർന്നുള്ള വലിയ മരജ്ജനാല അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവൾ മെല്ലെ ആ ജനാലപ്പാളികൾ തുറന്നു. കുളിർമയുള്ള ഒരു ഇളംകാറ്റ് അവളുടെ മുഖത്തേക്ക് വീശി.

 

പുറത്തേക്കുള്ള കാഴ്ച കണ്ട് തനുവിന്റെ കണ്ണുകൾ വിസ്മയം കൊണ്ട് വിടർന്നു.

 

തൊട്ടടുത്തായി അവർ നേരത്തെ കണ്ട ആ മനോഹരമായ നാലുകെട്ട് തലയുയർത്തി നിൽക്കുന്നത് അവിടെ നിന്നാൽ വ്യക്തമായി കാണാമായിരുന്നു. അതിനു ചുറ്റുമായി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുകയാണ് ഏക്കർ കണക്കിന് വരുന്ന വലിയ പറമ്പ്. തെങ്ങും കവുങ്ങും മറ്റു വലിയ മരങ്ങളും നിറഞ്ഞ ആ പച്ചപ്പിന് അതിരുകളില്ല എന്ന് തോന്നിപ്പോകും. എന്നാൽ അതിനെല്ലാം നടുവിലായി അവളുടെ കണ്ണുകളെ ഉടക്കി നിർത്തിയത് മറ്റൊരു കാഴ്ചയായിരുന്നു.

 

പറമ്പിന്റെ ഒരു ഭാഗത്തായി, ആകാശത്തിന്റെ നിറം അതേപടി പകർത്തിവെച്ചതുപോലെ, തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളമുള്ള അതിമനോഹരമായ ഒരു കുളം! ചുറ്റുമുള്ള പച്ചപ്പിന്റെ നടുവിൽ, നീല വരമ്പുകൾ തീർത്ത ആ കുളം പ്രകൃതി വരച്ച ഒരു മനോഹര ചിത്രം പോലെ അവിടെ തെളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

 

ജനലിലൂടെ പുറത്തെ ആ മനോഹരമായ കാഴ്ചകൾ കണ്ടുനിന്ന തനു, യാത്രാക്ഷീണം കാരണം അറിയാതെ ആ വലിയ കട്ടിലിലേക്ക് വീണുപോയി.

 

ആ വലിയ മുറിയിലെ തണുത്ത കാറ്റും പുതിയ അന്തരീക്ഷത്തിന്റെ ശാന്തതയും അവളെ പെട്ടെന്ന് തന്നെ ഗാഢനിദ്രയിലാക്കി.

 

വൈകുന്നേരത്തെ ഇളംവെയിൽ ജനൽപ്പാളികൾക്കിടയിലൂടെ മുഖത്തേക്ക് പതിച്ചപ്പോഴാണ് അവൾ ഉറക്കമുണർന്നത്.

Leave a Reply

Your email address will not be published. Required fields are marked *