ഇടവപാതിയിലെ ആദ്യാനുരാഗം – 1 7

 

അവനെ കണ്ടതും തനുവിന്റെ ഉള്ളിലെ പക ഒന്നുകൂടി ആളിക്കത്തി. രാവിലത്തെ ആ അപമാനം അവൾക്ക് അത്രവേഗം മറക്കാൻ കഴിയുന്നതായിരുന്നില്ല. അവൾ ആൽത്തറയിൽ നിന്നും വേഗത്തിൽ എഴുന്നേറ്റു.

 

“ഡാ!”

 

ക്ഷേത്രമുറ്റത്തെ ആ ശാന്തതയെ കീറിമുറിച്ചുകൊണ്ട് അവൾ ഉറക്കെ വിളിച്ചു. എന്നിട്ട് വിരൽ ചൂണ്ടി അവനോട് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടു.

 

ആ വിളി കേട്ട് ആനന്ദ് നിന്നു. ചുറ്റുമൊന്ന് നോക്കി, ആ അഹങ്കാരി തന്നെത്തന്നെയാണോ വിളിക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. അതെ എന്ന് മനസ്സിലായതും, ചുണ്ടിലൂറിയ ആ സ്ഥിരം കള്ളച്ചിരിയോടെ അവൻ അവർക്കരികിലേക്ക് സാവധാനം നടന്നു ചെന്നു.

 

അവൻ അടുത്തേക്ക് എത്തിയതും തനുവിന് പിന്നിലായി നിന്നിരുന്ന ബാക്കി നാലുപേരും അവൾക്കൊപ്പം മുന്നോട്ട് കയറി നിന്നു. എന്താണ് നടക്കാൻ പോകുന്നതെന്ന ഭയത്തോടെ ജാനകി മാത്രം ഒന്നും മിണ്ടാതെ ഒരു വശത്തേക്ക് മാറിനിന്നു.

 

പിന്നെ അവിടെ നടന്നത് ശരിക്കുമൊരു റാഗിങ് ആയിരുന്നു. തനുവിന്റെ ആൺസുഹൃത്തുക്കൾ അവനെ അടിമുടി നോക്കി പുച്ഛത്തോടെ ചിരിച്ചു.

 

“എന്താടാ ലോക്കലേ… വൈകുന്നേരം ലൈൻ അടിക്കാൻ ഇറങ്ങിയേക്കുവാണോ?”

 

എന്ന് തുടങ്ങി തികച്ചും മോശമായ രീതിയിലുള്ള കമന്റുകൾ അവർ പാസാക്കാൻ തുടങ്ങി. അഞ്ജലിയും മായയും അവന്റെ നാടൻ വേഷത്തെയും രാവിലത്തെ ചെളി ഫുട്ബോളിനെയും പരിഹസിച്ച് പൊട്ടിച്ചിരിച്ചു. തനുവാകട്ടെ, രാവിലത്തെ ദേഷ്യം മുഴുവൻ തീർക്കാൻ കിട്ടിയ അവസരം പാഴാക്കാതെ, അവനെ എല്ലാവരുടെയും മുന്നിൽ വെച്ച് പരമാവധി അപമാനിക്കുന്ന രീതിയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഓരോന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കൊച്ചിയിൽ നിന്നുവന്ന തങ്ങളുടെ വമ്പുകാണിക്കാൻ അവർ അഞ്ച് പേരും ചേർന്ന് അവനെ വരിഞ്ഞുമുറുക്കുകയായിരുന്നു.

 

എന്നാൽ, അവരുടെ ആ കൂവിവിളികൾക്കും കളിയാക്കലുകൾക്കും നടുവിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കൈകൾ രണ്ടും നെഞ്ചിൽ പിണച്ചുവെച്ച്, കൂളായി അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ആനന്ദ്.

 

അവരുടെ പരിഹാസങ്ങളും കൂക്കിവിളികളും ആനന്ദിനെ തെല്ലും ബാധിച്ചില്ല.

 

ചുണ്ടിലെ ആ കള്ളച്ചിരി മായ്ക്കാതെ അവൻ നെഞ്ചിൽ പിണച്ചുവെച്ച കൈകൾ താഴേക്കിട്ടു. ശേഷം വളരെ പതിയെ തനുവിന് നേരെ ഒരടി മുന്നോട്ടുവെച്ചു. തീരെ പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ തനുവിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

 

പെട്ടെന്ന് തന്റെ സ്വകാര്യമായ ചുറ്റളവിലേക്ക് കയറിവന്ന അവനെ കണ്ട്, അവളുടെ വിടർന്ന പേടമാൻ മിഴികൾ ഒരു നിമിഷം പരിഭ്രമത്തോടെ ചാഞ്ചാടി. അവൾ ഒരടി പിന്നിലേക്ക് വെക്കാൻ ശ്രമിച്ചതും, ആനന്ദ് തന്റെ വലംകൈ ഉയർത്തി അവളുടെ മുഖത്തേക്ക് നീട്ടി.

 

വളരെ മൃദുവായി അവന്റെ വിരലുകൾ അവളുടെ വെളുത്ത താടിയെല്ലിലൂടെ ഒഴുകിയിറങ്ങി. ആ സ്പർശനത്തിൽ തനുവൊന്ന് ഞെട്ടിവിറച്ചു. അടുത്ത നിമിഷം, ആ വലിയ കൈപ്പത്തി അവളുടെ പിൻകഴുത്തിൽ മൃദുവായി, എന്നാൽ ദൃഢമായി അമർന്നു. അവൻ അവളെ ഒറ്റവലിക്കു തന്നിലേക്ക് ചേർത്തുനിർത്തി.

 

അവളുടെ നിശ്വാസം അവന്റെ നെഞ്ചിലടിക്കുന്നത്ര അടുപ്പത്തിൽ! അവന്റെ കണ്ണുകൾ ആ കാന്താരിയുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. തികച്ചും റൊമാന്റിക് ആയൊരു നോട്ടം. രാവിലെ ആ പാടവരമ്പിൽ വെച്ച് ദേഷ്യം കൊണ്ട് വിറച്ചുനിന്ന അവളെ കണ്ട നിമിഷം മുതൽ ആ പൗരുഷം നിറഞ്ഞ മനസ്സ് എന്തിനൊക്കെയോ കൊതിക്കുന്നുണ്ടായിരുന്നു.

 

പ്രണയം തുളുമ്പുന്ന ആ നോട്ടത്തിന് മുന്നിൽ, അഹങ്കാരിയായ തനുവിന് ചുറ്റുമുള്ള ലോകം തന്നെ ഒരു നിമിഷം നിശ്ചലമായതുപോലെ തോന്നി.

 

എന്നാൽ ആ മനോഹര നിമിഷത്തിന്റെ മരവിപ്പ് മാറുന്നതിന് മുൻപാണ്, പെട്ടെന്ന് പുറകിൽ നിന്നൊരു അലർച്ച കേട്ടത്.

 

“കയ്യെടുക്കടാ നായേ!”

 

നീരജായിരുന്നു അത് പറഞ്ഞത്….. അവൻ പാഞ്ഞുവന്ന്, തനുവിന്റെ കഴുത്തിൽ ചുറ്റിയിരുന്ന ആനന്ദിന്റെ കയ്യിൽ ദേഷ്യത്തോടെ കടന്നുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *