ഇടവപാതിയിലെ ആദ്യാനുരാഗം – 1 7

 

ജാനകി പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ അവൾ മുഖം തിരിച്ചു. ഇരുട്ടു വീണു തുടങ്ങിയ ആ അമ്പലപ്പറമ്പിൽ നിന്നും ഒന്നും മിണ്ടാതെ അവർ തിരികെ മനയിലേക്ക് നടന്നു.

 

രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് തന്റെ മുറിയിലെത്തിയ തനു ഒന്ന് കുളിച്ച് ഫ്രഷായി.

 

കുളി കഴിഞ്ഞ് നനഞ്ഞ മുടി ടവൽ കൊണ്ട് തോർത്തുന്നതിനിടയിൽ അവൾ അറിയാതെ ആ വലിയ മരജ്ജനാലയ്ക്കടുത്തേക്ക് നടന്നു.

 

പുറത്ത് നല്ല ഇരുട്ടുണ്ട്. അവളുടെ കണ്ണുകൾ ഇരുട്ടിലൂടെ തിരഞ്ഞത് പകൽ കണ്ട ആ വലിയ നാലുകെട്ടിനെയായിരുന്നു. ആ വലിയ തറവാട്ടിൽ മുകൾനിലയിലെ ഒരു മുറിയിൽ മാത്രമേ അപ്പോൾ വെളിച്ചമുണ്ടായിരുന്നുള്ളൂ.

നനഞ്ഞ മുടിയും കോതി ആ വെളിച്ചത്തിലേക്ക് നോക്കി നിൽക്കുമ്പോഴാണ്, പെട്ടെന്ന് ആ മുറിയുടെ ജനാലയ്ക്കരികിലേക്ക് ഒരു രൂപം കടന്നുവന്നത്.

 

വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ആ രൂപം അവൾക്ക് വ്യക്തമായി കാണാമായിരുന്നു. അത് ആനന്ദായിരുന്നു! അവൻ ജനാലയ്ക്കൽ നിന്നു കൊണ്ട് അപ്പുറത്ത് നിൽക്കുന്ന അവളെ നോക്കി കുസൃതിയോടെ ഒന്ന് കൈ വീശി കാണിച്ചു.

 

അവനെ കണ്ട മാത്രയിൽ തന്നെ തനുവിന്റെ സകല നിയന്ത്രണവും പോയി. ദേഷ്യം കൊണ്ട് വിറച്ച അവൾ സർവ്വ ശക്തിയുമെടുത്ത് വലിയ ശബ്ദത്തോടെ ആ ജനൽപ്പാളികൾ വലിച്ചടച്ചു കുറ്റിയിട്ടു.

 

എന്നാൽ, അപ്പുറത്ത് വലിയ ശബ്ദത്തോടെ ജനലടയുന്നത് കണ്ട് നിൽക്കുകയായിരുന്ന ആനന്ദിന് തന്റെ ചിരിയടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

അവന്റെ ചുണ്ടിൽ ആ കള്ളച്ചിരി വീണ്ടും വിരിഞ്ഞു. അവൻ ജനലരികിൽ നിന്നും മാറി മുറിയിലെ തന്റെ ചെറിയ മേശയ്ക്കരികിലേക്ക് നടന്നു.

 

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഡയറി എഴുതുന്ന ശീലം അവനുണ്ടായിരുന്നു.

 

മേശപ്പുറത്തിരുന്ന ആ ഡയറി തുറന്ന് അവൻ പേന കയ്യിലെടുത്തു.

 

പക്ഷേ, അന്ന് ആ താളുകളിൽ എന്തെഴുതണം എന്നവന് അറിയില്ലായിരുന്നു. ഇന്ന് പകൽ മുഴുവൻ കണ്ട ആ കുറുമ്പിയുടെ ദേഷ്യം പിടിച്ച മുഖം മാത്രമായിരുന്നു അവന്റെ മനസ്സിൽ നിറയെ.

 

വെറുപ്പും അഹങ്കാരവും നിറഞ്ഞ അവളുടെ കണ്ണുകൾ ഓർക്കുംതോറും അവന്റെ ഉള്ളിൽ പ്രണയമെന്ന വലിയൊരു കൊടുങ്കാറ്റ് പതിയെ രൂപപ്പെടാൻ തുടങ്ങി…..

 

ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ആഗ്രഹിച്ചുപോകുന്ന വല്ലാത്തൊരു പ്രണയം! ആ ചിന്തകളുടെ മാസ്മരികതയിൽ അവന്റെ വിരലുകളിലെ പിടി അയഞ്ഞു, കയ്യിൽ നിന്നും പേന താഴേക്ക് വീണു. ഡയറിത്താളുകൾ ശൂന്യമായി കിടന്നെങ്കിലും, ഹൃദയത്തിൽ പ്രണയത്തിന്റെ പുതിയൊരേട് തുന്നിച്ചേർത്ത്, ചുണ്ടിലൊരു പുഞ്ചിരിയോടെ അവൻ ആ രാത്രിയിലെ സുഖനിദ്രയിലേക്ക് വഴുതിവീണു…

 

 

******************

 

 

പിറ്റേന്ന് രാവിലെ. ഗ്രാമത്തിലേക്ക് വെളിച്ചം വീണുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

 

പതിവ് തെറ്റിക്കാതെ ജോഗിങ്ങിനായി ട്രാക്ക് സ്യൂട്ടും ഷൂസുമണിഞ്ഞ് തനു മുറ്റത്തേക്കിറങ്ങി.

 

ചെറിയൊരു മഞ്ഞുള്ള ആ പ്രഭാതത്തിൽ ഗേറ്റിന് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് അവളുടെ കണ്ണുകൾ യാദൃശ്ചികമായി ആ വലിയ നാലുകെട്ടിന്റെ മുറ്റത്തേക്ക് നീണ്ടത്.

 

അവിടെ വെളുത്ത ബനിയനും കാവി മുണ്ടുമുടുത്ത് അലസമായി പല്ലുതേച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു ആനന്ദ്. എന്നാൽ തനുവിന്റെ നോട്ടം അവനിൽ മാത്രമായിരുന്നില്ല ഉടക്കിയത്. അവനോടൊപ്പം എന്തൊക്കെയോ തമാശകൾ പറഞ്ഞ് ചിരിച്ചും കളിച്ചും കൊഞ്ചിക്കുഴഞ്ഞ് നിൽക്കുന്ന ജാനകിയെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു.

 

എന്തുകൊണ്ടോ ആ കാഴ്ച കണ്ടപ്പോൾ തനുവിന് അടക്കാനാവാത്ത ദേഷ്യമാണ് വന്നത്.

 

താൻ ഇത്രത്തോളം വെറുക്കുന്ന, തന്നെ അപമാനിച്ച ഒരാളോട് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഇത്ര അടുപ്പം കാണിക്കുന്നത് കണ്ടിട്ടാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അവൾക്കറിയില്ലായിരുന്നു.

 

ദേഷ്യം കൊണ്ട് പല്ലിറുമ്മി, മുഖം വെട്ടിത്തിരിച്ച് അവൾ വേഗത്തിൽ ഗേറ്റുകടന്ന് പുറത്തേക്ക് ഓടാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *