കാലചക്രം 19അടിപൊളി  

മൂപ്പൻ അഭിയുടെ മുന്നിൽ തലകുനിച്ചു. മഗിഴിനിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ തന്റെ ഇടുപ്പിൽ കൈവെച്ച്, വലിയ അത്ഭുതത്തോടെയും ബഹുമാനത്തോടെയും അഭിയെ നോക്കി. അഭിയുടെ ശക്തി മാത്രമായിരുന്നില്ല അവരെ ആകർഷിച്ചത്; ആ ശക്തി ഉപയോഗിച്ച ശേഷവും അവൻ കാട്ടിയ ശാന്തതയും വിനയവുമായിരുന്നു.

അഭി മൂപ്പന്റെ കൈകൾ പിടിച്ച് പറഞ്ഞു: “എനിക്ക് വേറെ ഉദ്ദേശങ്ങളൊന്നുമില്ല. കുറച്ചുദിവസം എനിക്ക് ഇവിടെ തങ്ങാൻ അഭയം തരണം.”

“തീർച്ചയായും!” മൂപ്പൻ വിറയ്ക്കുന്ന കൈകളോടെ പറഞ്ഞു. “നീ ഞങ്ങളുടെ ഗ്രാമത്തിന്റെ അതിഥിയാണ്. നിനക്ക് വേണ്ടതെല്ലാം ഞങ്ങൾ തരും.”

അഭി നേരെ നോക്കിയത് മഗിഴിനിയുടെ കണ്ണുകളിലേക്കായിരുന്നു. അവളും അവനെത്തന്നെ നോക്കുകയായിരുന്നു.

വൈകുന്നേരമായതോടെ ആകാശത്തിന്റെ ഭാവം പൂർണ്ണമായും മാറിമറിഞ്ഞു. അന്ധകാരം പെട്ടെന്ന് പടർന്നുപിടിച്ചു. വടക്കുകിഴക്കൻ ദിശയിൽ നിന്ന് കറുത്തുരുണ്ട കാർമേഘങ്ങൾ പടകൂറ്റൻ മലനിരകൾ പോലെ കടലിന് മുകളിലേക്ക് ഇരച്ചുകയറി. കടൽത്തീരത്ത് ഉപ്പുരസമുള്ള ശക്തമായ കാറ്റടിച്ചു വീശി. തിരമാലകൾ അലറിവിളിച്ചുകൊണ്ട് കരയിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി.

“കൊടുങ്കാറ്റാണ്! എല്ലാവരും വള്ളങ്ങൾ കരയിലേക്ക് കറ്റൂ!” ഗ്രാമത്തിലെ വൃദ്ധന്മാർ ഭയത്തോടെ ആർത്തുവിളിച്ചു.

പെട്ടെന്നാണ് ചില കുടിലുകളിൽ നിന്നു നിലവിളികൾ ഉയർന്നത്. ഉച്ചയ്ക്ക് മീൻപിടിക്കാൻ പോയ മൂന്ന് വഞ്ചികൾ ഉൾക്കടലിൽ പെട്ടുപോയിരിക്കുന്നു! കൂറ്റൻ തിരമാലകൾ ആ ചെറിയ മരവള്ളങ്ങളെ പന്തുപോലെ വായുവിൽ തട്ടിയുകളിക്കുകയായിരുന്നു. അതിലൊരു വഞ്ചി തലകീഴായി മറിഞ്ഞു. കരയിൽ നിന്ന പെണ്ണുങ്ങൾ നെഞ്ചത്തടിച്ച് കരഞ്ഞു. മഗിഴിനി കടൽത്തീരത്തേക്ക് ഓടിയെത്തി. വഞ്ചിയിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ അവളുടെ അച്ഛൻ മുരുകനുമുണ്ടായിരുന്നു!

“അപ്പാ…!” മഗിഴിനി നെഞ്ചുപൊട്ടി നിലവിളിച്ചു. കാറ്റിലും മഴയിലും അവളുടെ മുടി പാറിപ്പറന്നു. കരയിലുള്ള ആണുങ്ങൾക്കൊന്നും ആ ഭീകരമായ രാക്ഷസത്തിരമാലകളിലേക്ക് ഇറങ്ങാൻ ധൈര്യമുണ്ടായിരുന്നില്ല. അത് കണ്ട അഭി ഒട്ടും മടിച്ചില്ല. അവൻ മാന്ത്രിക മോതിരത്തിലേക്ക് മനസ്സ് കേന്ദ്രീകരിച്ച്, നേരെ ആർത്തലയ്ക്കുന്ന കടലിലേക്ക് ഒരൊറ്റ ചാട്ടം! കടലിലെ

കനത്ത ഒഴുക്കും വൻതിരമാലകളും അവനെ പിന്നോട്ട് തള്ളാൻ നോക്കിയെങ്കിലും, മോതിരം നൽകിയ അതിമാനുഷിക ശക്തിയാൽ അവൻ വെള്ളം കീറിമുറിച്ച് മുന്നോട്ട് നീന്തി. ഒഴുക്കിൽപ്പെട്ട രണ്ട് വഞ്ചികളുടെ കനത്ത വള്ളികൾ അവൻ തോളിലിട്ട് മുറുക്കിപ്പിടിച്ച്, ഒറ്റയ്ക്ക് വലിച്ച് കരയിലേക്ക് നീന്തി..  കരയിലുള്ളവർ അത്ഭുതത്തോടെ ആ കാഴ്ച കണ്ടു.

പക്ഷെ, മഗിഴിനിയുടെ അച്ഛന്റെ വഞ്ചി ആഴക്കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. കറുത്തിരുണ്ട കടലിൽ അയാൾ മുങ്ങിത്താഴുന്നത് അഭി കണ്ടു. അഭി ആഴക്കടലിലേക്ക് ആഞ്ഞുനീന്തി. വെള്ളത്തിനടിയിൽ കണ്ണ് തുറന്ന് അവൻ തിരഞ്ഞു. രാക്ഷസത്തിരമാലകൾക്കിടയിലൂടെ മുങ്ങിത്താഴുന്ന മുരുകന്റെ കയ്യിൽ പിടിച്ചെടുത്ത് അവൻ കരയിലേക്ക് കുതിച്ചു. തീരത്ത് കാത്തുനിന്ന ഗ്രാമവാസികൾ രണ്ടുപേരെയും കരയിലേക്ക് വലിച്ചുകയറ്റി. ശ്വാസം കിട്ടാതെ പിടഞ്ഞ അച്ഛനെ കെട്ടിപ്പിടിച്ച് മഗിഴിനി പൊട്ടിക്കരഞ്ഞു.

അഭി ആ ഗ്രാമത്തിന്റെ രക്ഷകനായി മാറിയിരുന്നു. ഗ്രാമത്തലവൻ അഭിയ്ക്ക് താമസിക്കാൻ ഒരു ചെറിയ കുടിലും, പുതിയ വസ്ത്രങ്ങളും, ഭക്ഷണവും നൽകി. “നീ ഞങ്ങളുടെ ഇടയിൽ തന്നെ തങ്ങണം. നിന്റെ ബലവും സാന്നിധ്യവും ഈ നാടിന് ആവശ്യമുണ്ട്,” എന്ന് മൂപ്പൻ അഭ്യർത്ഥിച്ചു.

അന്ന് രാത്രി, ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞപ്പോൾ മഗിഴിനി അഭിയുടെ കുടിലിന് മുന്നിലെത്തി. അവളുടെ കറുത്ത വലിയ കണ്ണുകളിൽ നിറഞ്ഞ നന്ദിയും അപാരമായ ആകർഷണവും തെളിഞ്ഞുനിന്നിരുന്നു.

“നിങ്ങളുടെ ഈ ധൈര്യം… ഞാൻ ഇതുവരെ ഒരു ആണുങ്ങളിലും കണ്ടിട്ടില്ല,” വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു. “എന്റെ അപ്പന്റെ ജീവൻ തന്നതിന് ഞാൻ നിങ്ങൾക്ക് എന്താണ് തിരികെ തരേണ്ടത്?”

Updated: August 11, 2026 — 11:27 pm

Leave a Reply

Your email address will not be published. Required fields are marked *