കാലചക്രം 19അടിപൊളി  

അഭി പതുക്കെ പുഞ്ചിരിച്ചു. “എനിക്ക് ഒന്നും വേണ്ട മഗിഴിനി. നിന്റെ അച്ഛൻ സുരക്ഷിതനായി ഇരിക്കുന്നല്ലോ, അതുമതി.”

അവളുടെ ഭംഗിയിലും കണ്ണുകളിലെ ആഴത്തിലും അഭിയും അറിയാതെ ആകൃഷ്ടനാവുകയായിരുന്നു .

—————–

അടുത്ത പ്രഭാതം വളരെ ശാന്തമായിരുന്നു. സൂര്യരശ്മികൾ കടൽവെള്ളത്തിൽ തട്ടി തിളങ്ങി. മീൻപിടുത്തക്കാർ തങ്ങളുടെ മരവഞ്ചികളുടെ കേടുപാടുകൾ തീർക്കുകയായിരുന്നു. തനിക്ക് കിട്ടിയ പുതിയ വസ്ത്രവുമുടുത്ത് അഭി കടൽത്തീരത്തേക്ക് നടന്നു. അലയടിക്കുന്ന തിരമാലകൾക്ക് സമീപം മഗിഴിനി തനിച്ചിരുന്ന് ഒരു ചെറിയ ചണവല കോർക്കുകയായിരുന്നു.  അഭി പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.

“സഹായിക്കട്ടെയോ?” അവൻ ചോദിച്ചു.

മഗിഴിനി പെട്ടെന്ന് തലയുയർത്തി നോക്കി. അവൾ കയ്യിലെ വല താഴെവെച്ച് അഭിയെത്തന്നെ നോക്കി.

“നിങ്ങൾ… എന്തിനാ ഇന്നലെ ഒട്ടും ആലോചിക്കാതെ ആ രാക്ഷസക്കടലിലേക്ക് ചാടിയത്?” അവളുടെ ശബ്ദത്തിൽ ചെറിയൊരു ഇടർച്ചയും സങ്കടവും ഉണ്ടായിരുന്നു. “ഒരു നിമിഷം തെറ്റിയെങ്കിൽ നിങ്ങളുടെ ജീവൻ പോയേനേ… അറിയില്ലായിരുന്നോ?”

അഭി മണലിൽ അവൾക്ക് അഭിമുഖമായി ഇരുന്നു. അവൻ ശാന്തമായി ചിരിച്ചുകൊണ്ട് പറഞ്ഞു: “ജീവൻ എല്ലാവർക്കും ഒന്നേയുള്ളൂ മഗിഴിനി. പക്ഷെ, എന്റെ കണ്ണുമുന്നിൽ മറ്റു ചിലരുടെ ജീവൻ അപകടത്തിൽപ്പെടുമ്പോൾ, എന്റെ ജീവനേക്കാൾ എനിക്ക് വലുതായി തോന്നുക അവരുടെ ജീവനാണ്.”

അവന്റെ ആ വാക്കുകൾ മഗിഴിനിയുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു.  അവൾ പതുക്കെ ആ വലയുടെ ഒരു

ഭാഗം അഭിയ്ക്ക് നീട്ടിത്തന്നു. രണ്ടുപേരും ചേർന്ന് തീരത്തിരുന്ന് വല കോർക്കാൻ തുടങ്ങി.

അവൾ തന്റെ കുടുംബത്തെക്കുറിച്ച് അവനോട് സംസാരിച്ചു തുടങ്ങി. അച്ഛൻ കടലിൽ പോകുമ്പോൾ അനുഭവിക്കുന്ന ഭയത്തെക്കുറിച്ചും, അരയന്മാർക്ക് കടൽ വെറുമൊരു വെള്ളക്കെട്ടല്ല—തങ്ങളെ ഊട്ടുന്ന പെറ്റമ്മയാണെന്നും അവൾ ഗാഢമായ സ്നേഹത്തോടെ വിവരിച്ചു. അവളുടെ സംസാരിക്കുമ്പോഴുള്ള ഭാവങ്ങളും കവിളിലെ ചെറിയ കുഴിയും നോക്കി അഭി ആ കടൽത്തീരത്തിരുന്നു.

അഭിയിലേക്കു വീണ നോട്ടങ്ങൾ മഗിഴിനിയുടേത് മാത്രമായിരുന്നില്ല. കാട്ടിലെ വേടപ്പെണ്ണുങ്ങളും, കരയിൽ കച്ചവടത്തിന് എത്തുന്ന വണികന്മാരുടെ മക്കളും അവന്റെ ആണുത്തത്തത്തിലും, സൗന്ദര്യത്തിലും, വീര്യത്തിലും, ശാന്തമായ സംസാരത്തിലും വീണുപോയിരുന്നു. പലരും അവനോട് അടുക്കാൻ ശ്രമിച്ചെങ്കിലും, അഭിയുടെ മനസ്സ് മഗിഴിനി എന്ന ആ സുന്ദരിയായ അരയപ്പെണ്ണിൽ മാത്രമായി ഉറച്ചുനിൽക്കുകയായിരുന്നു.

വൈകുന്നേരമായതോടെ തീരപ്രദേശം ഒന്നാകെ ഉത്സവപ്രതീതിയിലായി. കൊടുങ്കാറ്റിനെ തോൽപ്പിച്ച് കടൽത്തീരത്തേക്ക് തിരിച്ചെത്തിയ മീൻപിടുത്തക്കാർ തങ്ങൾ പിടിച്ചുകൊണ്ടുവന്ന മീനുകൾ തരംതിരിച്ച് പങ്ക് വീതിച്ചെടുക്കുകയായിരുന്നു. തീരത്ത് വലിയ തടിപ്പിളർപ്പുകൾ കത്തിച്ച് ആളുകൾ കൂട്ടംകൂടിയിരുന്നു. ആ തീനാളങ്ങളുടെ വെളിച്ചത്തിലും പുകപ്പടലങ്ങൾക്കിടയിലും ഗ്രാമവാസികൾ ആനന്ദത്തിലാറാടി.

അഭി തീരത്തെ വലിയൊരു മരത്തടിയിലിരിക്കുകയായിരുന്നു. അന്നേരം മഗിഴിനി കൈകളിൽ മൺപാത്രവുമായി അവന്റെ അടുത്തേക്ക് നടന്നുവന്നു. തേങ്ങാപ്പാൽ ചേർത്ത മീൻകറിയും ചൂടുള്ള ചോറും ആയിരുന്നു അത്. അവൾ അത് അഭിയ്ക്ക് വിളമ്പി നൽകി.

“കഴിക്കു…” അവൾ പതുക്കെ പറഞ്ഞു.

ഭക്ഷണം പാത്രത്തിലേക്ക് വെച്ചു നൽകുന്നതിനിടയിൽ, അവളുടെ നനവാർന്ന വിരലുകൾ അഭിയുടെ കൈകളിൽ ചെറുതായി തട്ടി. ഇരുവർക്കുമിടയിലൂടെ മിന്നൽപ്പിണർ പാഞ്ഞുപോയി. രണ്ടുപേരും ഒരേ നിമിഷം പരസ്പരം കണ്ണുകളിലേക്ക് നോക്കി.  ആ നോട്ടത്തിൽ വാക്കുകകൾക്ക് അപ്പുറമുള്ള എന്തോ ഒന്ന് കൈമാറ്റം ചെയ്യപ്പെട്ടു. നാണത്താൽ അവളുടെ കവിളുകൾ ചുവന്നു. അവൾ പതുക്കെ തലതാഴ്ത്തി, തന്റെ പുടവത്തുമ്പ് വിരലുകളിൽ ചുറ്റി വേഗത്തിൽ വശത്തേക്ക് ഒഴിഞ്ഞുമാറി.

അടുത്ത കുറച്ചു ദിവസങ്ങൾ വല്ലാത്തൊരു ശാന്തതയോടെ കടന്നുപോയി. അഭി ആ ഗ്രാമത്തിലെ ഒരു സാധാരണക്കാരനായി മാറാൻ ശ്രമിക്കുകയായിരുന്നു. കാട്ടിൽ നിന്ന് ഭീമൻ മരത്തടികൾ വെട്ടിയിറക്കാൻ അവൻ ആണുങ്ങളെ സഹായിച്ചു. കനത്ത മരവള്ളങ്ങൾ തീരത്തേക്ക് തള്ളിക്കയറ്റാൻ അവൻ മുന്നിൽ നിന്നു. അവന്റെ കൈകളിലെ അമാനുഷിക ശക്തിയും, ആ പേശികളുടെ മുറുക്കവും ഗ്രാമവാസികളെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തി.

Updated: August 11, 2026 — 11:27 pm

Leave a Reply

Your email address will not be published. Required fields are marked *