പക്ഷെ, അവൻ അവരെ സഹായിക്കുക മാത്രമല്ല ചെയ്തത്; ആയിരം വർഷങ്ങൾക്ക് മുൻപുള്ള ആ മനുഷ്യരിൽ നിന്ന് കാര്യങ്ങൾ പഠിക്കുകയായിരുന്നു. പ്രാചീന തമിഴ് പാരമ്പര്യങ്ങളും, കടലിന്റെ ഓരോ ഭാവമാറ്റങ്ങളും, നക്ഷത്രങ്ങൾ നോക്കി വഴി കണ്ടുപിടിക്കുന്ന രീതികളും അവൻ പഠിച്ചെടുത്തു. മഗിഴിനി അവന് കാട്ടുപാതയോരത്തിരുന്ന് പഴയ സംഘകാല പൂജകളും, കടൽത്തീരത്തെ ആചാരങ്ങളും പഠിപ്പിച്ചു കൊടുത്തു. അഭി അവൾക്ക് നക്ഷത്രങ്ങളെക്കുറിച്ചും, വലിയ നഗരങ്ങളെക്കുറിച്ചും കഥകൾ പറഞ്ഞു കൊടുത്തു. അവൾ അത്ഭുതത്തോടെ കേട്ടിരുന്നു.
ചില സന്ധ്യകളിൽ, കടൽക്കരയിലെ തണൽമരച്ചുവട്ടിൽ ഇരുന്ന് മഗിഴിനി അവന് പണ്ടത്തെ പാട്ടുകൾ പാടി കേൾപ്പിച്ചു. ഇളങ്കാറ്റിൽ അവളുടെ കറുത്ത നീളൻ
മുടിയിഴകൾ അഭിയുടെ മുഖത്ത് വന്ന് തട്ടിക്കൊണ്ടിരുന്നു.
“കടൽത്തിരമാലകൾ പോലെ എന്റെ മനസ്സ് അലയടിക്കും…
വീരന്റെ വരവ് എന്നെത്തേടി വരും…”
അവളുടെ ശബ്ദത്തിന് പച്ചക്കടലിന്റെ തെളിച്ചവും മയിലുകളുടെ ലാസ്യവുമുണ്ടായിരുന്നു. അവൾ പാടുമ്പോൾ, അന്തരീക്ഷം മുഴുവൻ ആ മധുരശബ്ദത്തിൽ അലിഞ്ഞുപോവുന്നതുപോലെ അഭിയ്ക്ക് തോന്നി. അവൻ അവളുടെ ചുണ്ടുകളിലെ അവൻ നോക്കി ആസ്വദിച്ചിരുന്നു. അവൾ ഇടയ്ക്കിടെ പാട്ട് നിർത്തി അവനോട് ചോദിക്കും:
“നിങ്ങളുടെ നാട് എവിടെയാണ്? അവിടെയുള്ള ആളുകൾ നിങ്ങളെപ്പോലെയാണോ?”
അഭി പതുക്കെ ചിരിക്കും. തന്റെ ലോകമായ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വണ്ടികളെക്കുറിച്ചും, മാനത്തുയരുന്ന കെട്ടിടങ്ങളെക്കുറിച്ചും അവൾക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അവൻ ചില കാര്യങ്ങൾ മാത്രം പറഞ്ഞു കൊടുത്തു. പൂർണ്ണമായ സത്യം പറയാനുള്ള സമയം ആയിട്ടില്ലെന്ന് അവന് അറിയാമായിരുന്നു.
———————
ഒരു രാത്രി. കടൽ തികച്ചും ശാന്തമായിരുന്നു. ആകാശത്ത് പൂർണ്ണചന്ദ്രൻ തെളിഞ്ഞുനിന്നു. മണൽപ്പരപ്പിൽ വെള്ളി വെളിച്ചം പടർന്നുകിടന്നു. ഗ്രാമവാസികളെല്ലാം ഉറക്കത്തിലേക്ക് വീണിരുന്നു. മഗിഴിനി അവളുടെ കുടിലിന് തൊട്ടടുത്തുള്ള ഭീമൻ കരിങ്കൽപ്പാറയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു. അഭി അവളുടെ അടുത്തേക്ക് പതുക്കെ ചെന്നു.
“ഉറക്കം വരുന്നില്ലേ മഗിഴിനി?” അവൻ ശാന്തമായി ചോദിച്ചു.
അവൾ പതുക്കെ തലയുയർത്തി. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങി. ” ഉറങ്ങാൻ കഴിയുന്നില്ല,” അവൾ ആത്മഗതം പോലെ പറഞ്ഞു. അവളുടെ കവിളുകളിൽ ചുവപ്പ് പടർന്നു. അഭി ഒട്ടും മടിക്കാതെ അവൾക്കരികിലേക്ക് ഇരുന്നു. രണ്ടുപേർക്കുമിടയിൽ ഒരു വിരൽപ്പാട് അകലം മാത്രം. കടൽക്കാറ്റിൽ അവളുടെ ഈർപ്പമുള്ള മുടിയുടെയും, അവളുടെ ശരീരത്തിന്റെയും സുഗന്ധം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി. അഭി കൈനീട്ടി അവളുടെ കൈപ്പത്തി സ്വന്തം കൈകളിൽ ഒതുക്കിപ്പിടിച്ചു. അവളുടെ പെൺമ നിറഞ്ഞ കൈയ്ക്ക് നല്ല ചൂടുണ്ടായിരുന്നു.
“മഗിഴിനി… നിന്നെ കാണാൻ ഭയങ്കര ഭംഗിയുണ്ട്,” അഭി അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി പറഞ്ഞു.
അവൾ നാണത്തോടെ തലതാഴ്ത്തിയെങ്കിലും, അഭിയുടെ കൈകളിൽ നിന്ന് തന്റെ കൈകൾ പിൻവലിച്ചില്ല. ആ വിരലുകൾ കൂടുതൽ മുറുകുകയാണുണ്ടായത്. അഭി പതുക്കെ അവളിലേക്ക് അടുത്തു. അവളുടെ നെഞ്ചിടിപ്പിന്റെ താളം അവന് വ്യക്തമായി കേൾക്കാമായിരുന്നു. അവൻ കൈ നീട്ടി അവളുടെ താടി ഉയർത്തി. അവളുടെ നിറഞ്ഞ, ആർദ്രമായ ചുണ്ടുകൾ അവന്റെ മുഖത്തിന് തൊട്ടടുത്തായി. ഇരുവരുടെയും ശ്വാസവായു ഒന്നായി കലർന്നു.
അഭി ആ സൗന്ദര്യത്തിന്റെ ലഹരിയിൽ മുഴുകി. അവൻ തന്റെ ചുണ്ടുകൾ അവളുടെ പവിഴച്ചുണ്ടുകളിൽ അമർത്തി.
ആദ്യത്തെ ചുംബനം!
നല്ല തണുപ്പുള്ള രാത്രിയിൽ ആ മധുരമുള്ള ചുംബനം അവരിൽ തീ പടർത്തി. മഗിഴിനിയുടെ ശരീരം ആ ആദ്യസ്പർശനത്തിൽ ചെറുതായി വിറച്ചു. അവൾ അറിയാതെ കണ്ണുകൾ അടച്ചുപിടിച്ചു. അഭി തന്റെ കനത്ത കൈകൾ അവളുടെ വടിവൊത്ത, മെലിഞ്ഞ അരക്കെട്ടിലൂടെ ചുറ്റി അവളെ തന്നിലേക്ക് അണച്ചുപിടിച്ചു. അവൾ പൂർണ്ണമായും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
