പിറ്റേന്ന് ഹരിയും ടോമിയും തിരികെ പോയി. അവിടെ താമസവും ജോലിയും ശരിയാക്കിയിട്ട് അവളെ കൊണ്ടുപോകാമെന്ന് ഉറപ്പും കൊടുത്തു. നിരാശയും ഏകാന്തതയും വിരഹവും ആദ്യമായി അവളെ കീഴ്പ്പെടുത്തി. പ്രണയത്തിന്റെ ഭാവനാ ലോകത്ത് നിന്ന് പ്രണയസാഫല്യത്തിന്റെ യാഥാർഥ്യത്തിലേക്ക് ജീവിതം കാലെടുത്തു വച്ചപ്പോൾ അവളുടെ സങ്കൽപ്പങ്ങൾക്കും തീരുമാനങ്ങൾക്കും വ്യതിയാനമുണ്ടായി. തന്റെ ഉദരത്തിൽ ഹരിയേട്ടന്റെ കുഞ്ഞിനെ ഗർഭം ചുമക്കുന്നത് പകൾക്കിനാവുകൾ കാണാൻ തുടങ്ങി. പക്ഷേ ഗർഭവാർത്ത നാട് മുഴുവൻ അറിഞ്ഞത് അഞ്ജുവിന്റെ കാര്യത്തിലായിരുന്നു എന്നുമാത്രം.!
അഞ്ജുവിന് വയറ്റിലുണ്ടത്രേ.! ഇതുവരെ പ്രസവിക്കാത്ത മാത്രമല്ല അമ്മിണിയും ഗർഭിണിയാത്രേ.! നാട് പരക്കെ ആ വാർത്ത പറന്നു നടന്നു. സംഗീത സ്ഥബ്ധയായിപ്പോയി. ആരാണ് അവരോട് അങ്ങിനെ ചെയ്തത്.? ആരാണെന്ന് രണ്ടുപേരും എന്തുകൊണ്ടാണ് പറയാത്തത്.? അവൾ അസ്വസ്ഥതയോടെ ഇരിക്കപ്പൊരുതിയില്ലാതെ വീടിന്റെ വരാന്തയിൽ നിന്നപ്പോൾ വീട്ടിലേക്ക് കയറിവന്ന അച്ഛൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി.
“ഇപ്പൊ ന്തായി. ഞാൻ പറയാതെ തന്നെ അറിഞ്ഞില്ലേ.?”
അച്ഛൻ അവളോട് പരുക്കൻ സ്വരത്തിൽ അതും പറഞ്ഞിട്ട് അകത്തേക്ക് പോയി. സംഗീതയ്ക്ക് ഒന്നും മനസ്സിലായില്ല. എന്തറിഞ്ഞു എന്നാണ് അച്ഛൻ പറഞ്ഞത്.
താനും ഈ ഗർഭവും തമ്മിൽ എന്താണ് ബന്ധം. അവൾക്ക് തമാശ തോന്നി. അച്ഛനിതെന്തു പറ്റി.?
അവൾ വീട്ടിൽനിന്നിറങ്ങി അമ്മിണിയുടെ വീട്ടിലേക്ക് നടന്നു. അവിടെ വരാന്തയിൽ അമ്മിണിയുടെ ഭർത്താവ് അച്യുതൻ ഇരിപ്പുണ്ടായിരുന്നു. അയാളുടെ മുഖത്ത് പഴയ ഉന്മേഷം കാണാനില്ലായിരുന്നു, പകരം അപമാനത്തിന്റെ ദൈന്യ മായ തളർച്ച പ്രകടമായിരുന്നു. സംഗീതയെ കണ്ടിട്ടും അയാൾ ശ്രദ്ധിച്ചില്ല. അവൾ അകത്തേക്ക് നടന്നു. പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാത്തത് പോലെ അമ്മിണി വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നുണ്ടായിരുന്നു.
“ആഹാ ആരിത്. ഇതെന്താ പെട്ടന്നൊരു വിരുന്ന് വരവ്.?”
അമ്മിണി അവളെ കണ്ടപ്പോൾ ലോഹ്യം ചോദിച്ചു. അവരുടെ മുഖത്ത് അസാധാരണമായ ആഹ്ലാദവും കവിളിൽ തുടുപ്പും അരുണാഭയും സംഗീതയ്ക്ക് കാണാൻ കഴിഞ്ഞു. അമ്മിണി ചേച്ചി വളരെ സന്തോഷവതിയാണെന്ന് അവൾക്ക് മനസ്സിലായി.
“ചേച്ചീ, കേട്ടത് സത്യമാണോ.?”
സംഗീത അമ്മിണിയുടെ സമീപത്തേക്ക് ചെന്ന് കട്ടിലിൽ ഇരുന്നു. അമ്മിണി കടക്കണ്ണിലൂടെ സംഗീതയെ ഒന്ന് നോക്കി.
“നീ എന്താ കേട്ടത്.?”
അമ്മിണി തുണി മടക്കിക്കൊണ്ട് തന്നെ അലസമായി ചോദിച്ചു. അവർ മനപ്പൂർവ്വം അവളിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുകയാണെന്ന് സംഗീതയ്ക്ക് മനസ്സിലായി.
“ചേച്ചീ അറിയാത്ത പോലെ നടിക്കല്ലേ. വിശേഷം ഉണ്ടെന്നൊക്കെ എനിക്ക് അറിയാം. പക്ഷേ കേൾക്കുന്നതൊന്നും നല്ല വാർത്തകൾ അല്ല ചേച്ചീ. എന്നോടെങ്കിലും പറയൂ.”
“ആൾക്കാർ പറയുന്നത് കേൾക്കാൻ അല്ലല്ലോ നമ്മുടെ ജീവിതം. എനിക്ക് വയറ്റിലുണ്ട്. അതെന്റെ കെട്ടിയോനും അറിയാം. അതിയാനെക്കൊണ്ട് അതിന് പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് ബോധിച്ചവനെ കൊണ്ട് ഞാനത് സാധിച്ചു. അതിലിപ്പോ നാട്ടുകാർക്ക് എന്താ ഇത്ര ചൊറിച്ചിൽ.”
തുണി കിടക്കയിലേക്ക് ഇട്ടിട്ട് രൂക്ഷമായ അനിഷ്ടത്തോടെ അമ്മിണി സംഗീതയെ നോക്കി പറഞ്ഞു. സംഗീതയുടെ മുഖം വിളറി. കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞുവന്നു. അത് കണ്ടപ്പോൾ അമ്മിണിക്കു വ്യസനം തോന്നി. അവൾ സംഗീതയുടെ സമീപത്തേക്കിരുന്നിട്ട് അവളുടെ മുടിയിൽ തലോടി.
“മോളെന്തിനാ എടുത്തുചാടി പോയി കല്യാണം കഴിച്ചത്. അത് വേണ്ടായിരുന്നു. സ്നേഹിക്കുമ്പോൾ നമുക്ക് തോന്നുന്നതൊക്കെ ശരികളും നമ്മൾ ചെയ്യുന്നതൊക്കെ വലിയ കാര്യങ്ങളുമായിരിക്കും. പിന്നീട് ആ സ്നേഹത്തിൽ വ്യത്യാസങ്ങൾ വരുമ്പോളായിരിക്കും നമ്മൾ കണ്ടതൊക്കെ വെറും കിനാവുകൾ മാത്രമായിരുന്നുവെന്ന് മനസ്സിലാവുക.”
അമ്മിണി ഒരു മകളോടുള്ള വാത്സല്യത്തോടെ സംഗീതയുടെ തലമുടിയിലൂടെ കൈയോടിച്ചുകൊണ്ട് പറഞ്ഞു. സംഗീതയ്ക്ക് എവിടെയോ പിഴച്ചിട്ടുണ്ടെന്ന് തോന്നിത്തുടങ്ങി. ചുരിദാറിനുള്ളിൽ ഒളിപ്പിച്ചു നിർത്തിയ താലി തനിക്കൊരു പരാചയമാണോ എന്ന് പോലും അവൾ ഭയപ്പെട്ടു. അച്ഛന്റെ താക്കീത് അവളുടെ ഓർമ്മയിൽ തെളിഞ്ഞു. ഒരിക്കലും ഭാരിച്ച വാക്കുകൾ സംസാരിക്കാതെ, എപ്പോഴും ലൈംഗിക രസമുള്ള, വഷളൻ തമാശകൾ ഒളിപ്പിച്ചു നിർത്തിയ, നോട്ടത്തിലും ഭാവത്തിലും കാമരസം മാത്രം തോന്നുന്ന അമ്മിണി ചേച്ചി എന്താണ് ഇത്ര ഗൗരവമായ വാക്കുകൾ പറയുന്നത്.? അവൾ എത്ര ചോദിച്ചിട്ടും അമ്മിണി ആരുടെ കുഞ്ഞാണ് അവളുടെ ഉദരത്തിൽ വളരുന്നത് എന്ന് പറഞ്ഞില്ല. പകരം സഹതാപത്തോടെ സംഗീതയോട് പുഞ്ചിരിച്ചതേയുള്ളൂ. അഞ്ജുവിനെ കാണാൻ അവൾക്ക് ആഗ്രഹം തോന്നിയെങ്കിലും മനസ്സ് മടുത്തു കഴിഞ്ഞിരുന്നത് കൊണ്ട് സംഗീത വീട്ടിലേക്ക് തന്നെ മടങ്ങി. അമ്മിണിയുടെ പറമ്പിൽ നിന്ന് തന്റെ വീട്ടിലേക്കുള്ള പറമ്പിലേക്ക് കയറി വാഴത്തോട്ടത്തിൽ ചെന്നിരുന്നു കുറേനേരം പൊട്ടിക്കരഞ്ഞു. ഹരിയെ വിളിച്ചു സംസാരിക്കാൻ തോന്നിയെങ്കിലും, എന്താണ് ചോദിക്കേണ്ടത് എന്ന് അവൾക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു.
