ആനി ടീച്ചർ – 11 1

” എത്ര വലിയ ഗുണ്ടകളാണെന്നു പറഞ്ഞാലും ഇടക്ക് ചില പിഴവുകളൊക്കെ പറ്റും.”

കുട്ടാപ്പി ന്യായികരിച്ചു.

” എങ്കി ഞാൻ കൊടുത്ത കാശ് തിരിച്ചു തരാൻ പറയടാ അവന്മാരോട്.”

” എനിയിപ്പോ അതും ചോദിച്ചോണ്ട് ചെല്ല് അവന്മാര് എടുത്ത് ഉടുത്തു കളയും. ഇവിടെ പോലീസ് കേസ് വരുവോന്നു പേടിച്ചിരിക്കുവാ ഞാൻ.”

” പോലീസ് അവന്മാരെ പിടിക്കോ ? ”

പാപ്പി ചെറിയ ഭയത്തോടെ ചോദിച്ചു.

” അതിന് നല്ല ചാൻസുണ്ട്.”

” കരിനാക്ക് വളക്കാതെടാ ”

” എന്ത് നാക്ക് വളച്ചാലും സംഭവിക്കാനുള്ളത് സംഭവിക്കും. ഇച്ചായൻ അകത്താവേം ചെയ്യും.”

” ഞാൻ ഒറ്റക്കായിരിക്കില്ല കൂട്ട് പ്രതിയായ നീയും അകത്താകും.”

പാപ്പി ഭീഷണി സ്വരത്തിൽ പറഞ്ഞു.

” എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ എന്തിനാ പാപ്പിച്ചൻ ആ ചെറുക്കനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ? ”

” അതൊന്നും നീ അറിയണ്ട.”

” പോലീസ് പിടിച്ചാ, അവര് ചോദിക്കുമ്പോ ഞാൻ പിന്നെ എന്നാ പറയും.? ”

” നീ ഒന്നും പറയണ്ട ഞാൻ പറഞ്ഞോളാം.”

” കാശ് കൊടുത്ത് കൊട്ടേഷൻ ഏർപ്പാടാക്കിയ ആളെന്ന നിലയ്ക്ക് സത്യം അറിയാനുള്ള അവകാശം എനിക്കില്ലേ ? ഒളിച്ചു വെക്കാതെ കാര്യം പറ പാപ്പിച്ചാ ”

” എന്നാ കേട്ടോ ആ തെണ്ടി ചെക്കൻ എന്റെ ആനിയെ പിറകെ നടന്ന് ശല്യം ചെയ്തു.”
” അതെപ്പോ ? ”

” ഞങ്ങടെ കെട്ട് നടക്കുന്നതിന്റെ മുൻപാ ”

” അപ്പൊ ആനി ടീച്ചർ പറഞ്ഞിട്ടാണോ നിങ്ങളാ ചെക്കന് കൊട്ടേഷൻ കൊടുത്തത് ? ”

” അതെ. എന്ന് കരുതി ഞാൻ നിന്നോടി കാര്യം പറഞ്ഞത് ആനി അറിയണ്ട.”

” അതെന്താ ? ”

” അവൾക്ക് അത് ചിലപ്പോ ഇഷ്ടാവില്ല.”

” എന്നാലും ആ ചെറുക്കൻ ആനി ടീച്ചറുടെ അയൽവാസിയല്ലേ ? ”

” എന്ത് അലൽവാസി ആണേലും അവൻ ചെയ്തത് ചെറ്റത്തരമല്ലേ ? ”

പപ്പി ചോദിച്ചു.

” അത് അതെ ”

” അപ്പൊ അവന് തക്കതായ ശിക്ഷ കൊടുക്കണ്ടായോ ? ”

” വേണം.”

” അതാണ് ഞാനിപ്പോ കൊടുക്കാൻ ഉദ്ദേശിച്ചത്.”

” ഈ കൊട്ടേഷൻ പാളി പോയ സ്ഥിതിക്ക് നമ്മക്കവന് ഒന്നുകൂടി കൊട്ടേഷൻ കൊടുത്താലോ ”

” ആദ്യം ഈ കേസിന്ന് എങ്ങനേലും രക്ഷപെടട്ടെ ”

പാപ്പി കുട്ടാപ്പിക്ക് നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു.

വൈകിട്ട് ഒരു വലിയ കായിക്കുലയും ചുമന്നു കൊണ്ട് കൂട്ടാപ്പി വീട്ടിലെത്തി.

” അമ്മച്ചി… മാറിയാമ്മച്ചി…”

മുറ്റത്ത് നിന്ന് അവൻ ഉറക്കെ വിളിച്ചു.

” കിടന്ന് കാറാതെ.. ധാ വരുന്നു.”

അടുക്കള പണി പാതിയിൽ ഉപേക്ഷിച്ച് അമ്മച്ചി ഉമ്മറത്തേയ്ക്ക് വന്നു.

” ദേ ഇത് പാപ്പിച്ചായൻ തന്ന് വിട്ടതാ ”

തോളിലുള്ള കുല തിണ്ണയിൽ ഇറക്കി വച്ചുകൊണ്ട് പറഞ്ഞു.

” ഇത് എവിടുന്നാ ? ”

” ജോസഫിന്റെ തൊടിയിന്നാ. ഈ മാസം തരാനുള്ള കാശില്ലാന്ന് പറഞ്ഞപ്പൊ പാപ്പിച്ചായൻ അവന്റെ കുലയങ് വെട്ടി ”

കുട്ടാപ്പി ഇളിച്ചുകൊണ്ട് പറഞ്ഞു.

” അവൻ എന്നാ തോന്നിവാസാ ഈ കാണിച്ചത്..? നാട്ടുകാരുടെ മുഴുവൻ പ്രാക്കും മേടിച്ച് അവനീ കുടുംബം കുളന്തോണ്ടും. ”

അമ്മച്ചി പറഞ്ഞു.
” അല്ലാ… മത്തായിച്ചൻ എന്ത്യേ ? ”

” അങ്ങേര് പാലേൽ പോയിരിക്കുവാ, നാളെയിങ്ങെത്തും.”

” എന്നാ ശെരി അമ്മച്ചി ഞാൻ പോയിട്ട് പിന്നെ വരാം.”

” ആയിക്കോട്ടെ ”

കുലയും എടുത്ത് അമ്മച്ചി അടുക്കളയിലേക്ക് നടന്നു.

” കുട്ടാപ്പി… ഒന്ന് നിന്നെ…”

പോകാനൊരുങ്ങിയ കുട്ടാപ്പിയെ ആനി പുറകെ നിന്ന് വിളിച്ചു.

” എന്താ ടീച്ചറെ ? ”

അവൻ തിരികെ വന്ന് ചോദിച്ചു.

” എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്. കള്ളം പറയരുത്ത്.”

ആനി പറഞ്ഞു.

” എന്താ കാര്യം ? ”

കുട്ടാപ്പി സംശയത്തോടെ ചോദിച്ചു.

” പാപ്പിച്ചായനാണോ വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ? ”

ആനി ഗൗരവത്തോടെ ചോദിച്ചു.

” അതെ.. ആനി ടീച്ചർ പറഞ്ഞിട്ടാണെന്ന് പറഞ്ഞു.”

അത് കേട്ട് ആനി ഞെട്ടി.

” ഞാൻ പറഞ്ഞിട്ടോ ? ”

” അതെ ”

” എന്നിട്ട് ? ”

” മട്ടാഞ്ചേരിയിലെ കൊട്ടേഷൻ ടീമിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തല്ലി അവന്റെ കൈയ്യും,കാലും ഓടിച്ച് നിവർന്ന് നിക്കാൻ പറ്റാത്ത അവസ്ഥ ആക്കണമെന്നാ ഇച്ചായന്റെ നിർദ്ദേശഹം. കാശ് നോക്കിയില്ല രൂപ അമ്പതിനായിരം ചക്ക ചുള പോലെ എണ്ണി കൊടുത്തു. അടുത്ത ദിവസം തന്നെ അവന്മാര് ആ ചെക്കനെ പൊക്കി,പക്ഷെ ഭാഗ്യകേടുകൊണ്ട് ആ തെണ്ടി ചെക്കൻ അവരുടെ കയ്യീന്ന് രക്ഷപ്പെട്ടു.”

Leave a Reply

Your email address will not be published. Required fields are marked *