ഗീതാഗോവിന്ദം – 5

സത്യം പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല.

“ഹേയ് … എന്താ പ്രശ്നം…. മുത്തശ്ശി കുറച്ച് ചടങ്ങ് നടത്തണമെന്നല്ലെ പറഞ്ഞോളു. അതിനിവിടെ ഇത്രേം വഴക്കിന്റെ കാര്യന്താ…. ?” എല്ലാവരുടെയും അങ്കലാപ്പ് കണ്ട് എനിക്കത് ചോദിക്കാതിരിക്കാനായില്ല.

“നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല ഗോപുവേ…” ശേഖരമ്മാവൻ വിമ്മിഷ്ടത്തോടെ പറഞ്ഞു.

“ഹാ… പറഞ്ഞാലല്ലേ മനസിലാവൂ…” ഇത്തവണ ചങ്കരനും സംസാരിച്ചു
“അതിന് നീയൊക്കെ ഈ തറവാടിന്റെ ചരിത്രാറിയണം. ” കുട്ടന്മാമയുടെ വായിന്ന് വീണ പോലെ ആയിരുന്നു അത്. ബാക്കി എല്ലാവരും ഞെട്ടി. നമ്മൾ ചെറുപ്പക്കാർ മാത്രം ഒന്നും അറിയാതെ പരസ്പരം മിഴിച്ച് നോക്കി. ഗീതു മറ്റേതോ ഗ്രഹത്തിലെത്തിയ പോലെ അമ്പരപ്പാൽ എല്ലാവരെയും നോക്കുവാണ്. എന്തോ വലുത് നടക്കാൻ പോകുന്ന മട്ടിലാണ് പെണ്ണ്. എന്തെങ്കിലും സംഭവിച്ചാൽ എന്നേം കൂട്ടി ഇറങ്ങി ഓടാൻ എന്ന വണ്ണം എന്റെ കൈ മുറുക്കി പിടിച്ചിട്ടുണ്ട്. അവളെ പറഞ്ഞിട്ടും കാര്യമില്ല ആ മുറിയ്ക്കുള്ളിലെ അന്തരീക്ഷം അത്രയും ഭയാനകമായിരുന്നു.

“ഇത്രയും നാള് പൂട്ടി കിടന്ന ഈ പ്രേതാലയം വൃത്തിയാക്കി തുറക്കണമെന്ന് പറഞ്ഞപ്പൊഴെ ചിന്തിക്കണമായിരുന്നു. വയസ്സായവരുടെ ആഗ്രഹമല്ലേ എന്ന് വച്ച് കണ്ണടച്ചതാണ്. ഇപ്പൊ …..” കുട്ടന്മാമ അസ്വസ്തയോടെ വിറച്ച് വിറച്ച് മാറുന്നുണ്ടായിരുന്നു.

“എന്താ ഇവിടെ നടക്കണെ മനസിലാവണ ഭാഷേല് ആരേലുമൊന്ന് പറയോ….?”

“പറയാനൊന്നുമില്ല…. ഇന്നന്നെ ഇറങ്ങണം ഇവിടുന്ന് ……..” ലക്ഷ്മി അമ്മായി നിന്ന് തുള്ളി.. “മാധവേട്ട റിസോർട്ട് ബുക്ക് ചെയ്യണം … ഇപ്പൊ ഇറങ്ങിയാൽ രാവിലെ കേറാം……! ” ലക്ഷ്മി അമ്മായിടെ പ്രകടനം കണ്ട് അന്തിച്ച് നിക്കാണ് മാധവന്മാമ ….

“ഇവിടെ എന്താണ് നടക്കുന്നതെന്നറിയാതെ ഞാനൊരിടത്തേയ്ക്കുമില്ല. ” ഇത്തവണ ഭാമയാണ് ശബ്ദമുയർത്തിയത്. വിദേശത്ത് വളർന്നതിന്റെ ധിക്കാരവും ദൃഢതയും അവളുടെ ശബ്ദത്തിനുണ്ടായിരുന്നു.

“എന്തെന്നോ നിന്റെ മുത്തശ്ശിയ്ക്ക് വട്ടാ….നമ്മളെയൊക്കെ കൊലയ്ക്ക് കൊടുക്കാനാ അവരുടെ പ്ലാൻ. ” അമ്മ ഉറഞ്ഞ് തുള്ളി.

അത് കേട്ട് പരിഹസിച്ച് ചിരിക്കുന്ന മുത്തശ്ശീടെ മുഖം കണ്ടപ്പോൾ ഒരു പ്രേതത്തേ പോലെ തോന്നി.

“എനിക്കാണോ വട്ട് രാധേ ……” അപ്പൊ നിന്റെ ചെറു കുട്ടി ചാപിള്ള ആയതിനെ കുറിച്ച് നിനക്കൊന്നും പറയാനില്ലേ….. എടുത്തടിച്ച പോലുള്ള മുത്തശ്ശീടെ ആ ചോദ്യം മുറിയിലുണ്ടായിരുന്ന എല്ലാവരെയും നടുക്കി. അത് കേട്ട അമ്മയുടെ മുഖത്തെ ചോര വാർന്ന പോലെ തോന്നി.

മുത്തശ്ശി പറഞ്ഞത് ആദ്യം മനസ്സിലായിലെങ്കിലും പതിയെ ഗീതുവിന്റെ തലച്ചോറ് ആ വാക്കുകൾ തിരിച്ചറിയുന്നത് ഞാനെന്റെ കയ്യിലനുഭവിച്ചു. വിവിധ ഭാവങ്ങൾ എന്റെ ഗീതുവിൻറെ കണ്ണൂകളിൽ മിന്നി മാറി. കൗതുകം മാത്രം നിറഞ്ഞ് നിന്ന ആ മുഖത്ത് ഇപ്പോൾ ഒരു തരം വിഭ്രാന്തി നുരഞ്ഞ് കേറുന്നത് ഞാൻ ഭയത്തോടെ കണ്ടു…..
“ചാപിള്ളയോ മുത്തശ്ശി എന്തൊക്കെയാണ് ഈ പുലമ്പുന്നത് ……….”

“എന്താടാ …. ഞാൻ പ… റയുന്നത് … സത്യമല്ലേ…”

ശാന്തമായി വിക്കി വിക്കി മുത്തശ്ശി അത് ചോദിച്ചപ്പോൾ ഞാൻ പരുങ്ങി. ഗീതു ഒന്നും മനസിലാകാതെ ഒരു നിഷ്കളങ്കമായ കുട്ടിയെ പോലെ എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ എന്റെ നേരെ ആയിരുന്നു.

“പ്രസവിക്കുമ്പൊ മരിക്കുന്ന കുട്ടികൾ മാത്രമല്ല ഗോപൂ ചാപിള്ളകൾ. അബോർഷനെന്ന പേരിൽ നീ കയ് നീട്ടി വാങ്ങിയ ആ പാതി വളർച്ചയെത്തിയ മംസ പിണ്ഡവും ചാപിള്ള തന്നെയാ . ചാപിള്ളയെക്കാൾ പൈശാചികതയേറിയത്…….”

“മുത്തശ്ശീ…….” വാക്കുകൾ തേരട്ട പോലെ ചെവിയിൽ പുളഞ്ഞു.എന്റെ തൊണ്ടയിടറിയിരുന്നു. ഞാൻ ഗീതുവിൽ നിന്നും മറച്ച അവസാനത്തെ രഹസ്യവും മറനീക്കി പുറത്ത് വന്നിരിക്കുന്നു. എത്ര പെട്ടെന്നാണ് ഈ സ്ത്രീയുടെ മുഖത്തിന് രാക്ഷസിയുടെ രൂപമായത് …… .

ഗീതൂന്റെ കൈ എന്റെ കയ്യിൽ വല്ലാതെ മുറുകി. ചോദ്യചിഹ്നം പോലെ എന്നെ തന്നെ നിർവികാരമായി നോക്കി നിന്ന ഗീതുവിന്റെ കണ്ണുകളിലൂടെ കണ്ണുനീർ പളുങ്കുമണിപ്പോൽ ഉരുണ്ടുരുണ്ട് എന്റെ കൈയ്യിൽ പതിച്ചു. എല്ലാം തീർന്നു. എനിക്കിപ്പോളവളെ നോക്കാൻ തന്നെ ഭയമായി.

അവളുടെ വയറിൽ വെറും കലയുടെ രൂപം മാത്രം പ്രാപിച്ച ഭ്രൂണത്തെ അടിച്ച് കലക്കി പുറത്ത് കളഞ്ഞെന്നാണ് ഞാനവളെ വിശ്വസിപ്പിച്ച് വച്ചിരുന്നത്. പക്ഷെ അത് അങ്ങനെ ആയിരുന്നില്ല. പാതി വളർച്ചയെത്തിയ ഒരു മംസപിണ്ഡം ആയിരുന്നു അത്. അന്ന് ഞാനാ സർജിക്കൽ ട്രേയിൽ കണ്ട ആ സത്വം എന്നും രാത്രിയിലെന്നെ നടുക്കാറുണ്ട്. ഗീതുവിനെ ഒന്നും അറിയിച്ചിട്ടിലായിരുന്നു. അറിഞ്ഞിരുന്നേൽ എനിക്കവളെ അന്നേ നഷ്ടപ്പെട്ടേനെ…… ഇന്ന്. ഇപ്പോൾ അവളെല്ലാം അറിഞ്ഞിരിക്കുന്നു .അവളൊഴിച്ച് ബാക്കി എല്ലാവർക്കും അറിയാമായിരുന്ന രഹസ്യം. അവളിൽ നിന്ന് മറച്ച് വച്ചിരിക്കുന്ന കാര്യവും എല്ലാവർക്കുമറിയാം. അവളെ ആരും ഒന്നുമറിയിക്കില്ല എന്ന എന്റെ അന്ധവിശ്വാസമാണ് എന്നെ ഈ തറവാട്ടിൽ എത്തിച്ചത്. എന്നിട്ടിപ്പോൾ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്തൊരാളിൽ നിന്ന് ഗീതു അതറിഞ്ഞിരിക്കുന്നു.എല്ലാവരുടെയും നോട്ടം നമ്മളിലേക്കാണ്. സഹതാപം…..

എന്റെ ഗീതു . എന്നെ കുലുക്കി വിളിക്കാനുള്ള ശക്തി പോലും അവളുടെ കൈയ്യിൽ ചോർന്ന് പോയിരിക്കുന്നു. എല്ലാത്തിനും കാരണം ഇവരാണ്. കണ്ണിച്ചോരയില്ലാത്ത ഈ കിഴവി .എനിക്കവരെ വലിച്ച് കീറാൻ തോന്നി… അവരുടെ മുഖത്തെ മന്ദഹാസം എന്നെ ഭ്രാന്തിളക്കി …
“ഞാനൊന്നും പറയണമെന്ന് കരുതി.. രു ന്നില്ലാ.. എന്നെ കൊണ്ട് പറ …. യിച്ചത… ”

“മിണ്ടരുത് …. നിങ്ങളൊരു സ്ത്രീയാനോ ……..?”

അവരുടെ പുഞ്ചിരി മാഞ്ഞു.

കേട്ടത് സത്യമാണെന്ന് തിരിച്ചറിഞ്ഞതിനാലാവണം ഗീതു എന്റെ തോളിൽ പിടിച്ചെന്നെ ശക്തമായ് കുലുക്കി…..

“എന്നോട് പറയാരുന്നില്ലേ……നമ്മ്‌ടെ കുഞ്ഞ്……എന്നോടെന്താരുന്നീ ചതി….. ചതി….. ചതി…..” അവളെന്റെ ദേഹത്ത് ഒരു ദ്രാന്തിയെ പോലെ ശക്തമായ് അടിക്കാൻ തുടങ്ങി. ഞാനാ കസേരയിൽ വേരിറങ്ങിയ പോലെ ഉറച്ചിരുന്നു.

“ഹ ഹ…. മുത്തശ്ശീടെ അട്ടഹാസം അവിടെ മുഴങ്ങി….. ചതിയോ ….നിന്നോടിത് മറച്ചതാണോ ഒരു ചതി. എങ്കിലേ അതിലും വല്ല്യാ, ഒരിക്കലും പൊറുക്കാനാവത്ത ചതിയാണ് നിന്റെ ഭർത്താവിനോട് അവന്റെ അമ്മയും ബാക്കിയുള്ളവരും ചെയ്തത്….”

“അമ്മമ്മേ…” തളർന്ന് വീഴാനൊരുങ്ങിയ അമ്മയെ അച്ഛൻ താങ്ങി പിടിച്ചു.

“അറിയട്ടേ രാധേ ….എല്ലാം എല്ലാരും അറിയണം. എല്ലാം അവസാനിപ്പിക്കണം അതിന് വേണ്ടിയാണ് ഞാനെല്ലാവരെയും ഇവിടെ എത്തിച്ചത്. ”

മുത്തശ്ശിയുടെ വാക്കുകൾ ശരം പോലെ എന്റെ ഉള്ളിൽ പതിച്ചു. തൊട്ട് മുമ്പേ മുത്തശ്ശി എന്റെ രഹസ്യം പറയാനൊരുങ്ങിയപ്പോൾ എന്നിലുണ്ടായ അതെ പരുങ്ങൽ ഇത്തവണ എന്റെ അമ്മയിലും കണ്ടപ്പോഴെ എന്റെ മനസ്സ് മറ്റൊരാഘാതത്തിന് തയ്യാറെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *