ഗീതാഗോവിന്ദം – 5 Like

“ചേച്ചി …. ആളാകെ മാറീലോ …..” കണ്ണും തള്ളി മുത്തശ്ശീടെ പുറകീന്ന് ഓടി വന്ന രൂപം കണ്ട് ഞാൻ പേടിച്ച് തെന്നിമാറി. ആവണിയാണ്. നമ്മുടെ കല്യാണപ്പെണ്ണ്. മുഖത്ത് എന്തൊക്കെയോ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ഫേഷ്യലാവും. മനുഷ്യന്റെ പാതി ജീവൻ പോയി ….

“സുന്ദരിയായല്ലോ ….” ആവണിയ്ക്കിപ്പൊഴും അമ്പരപ്പ് മാറീല .

“എന്റെ കുട്ടി പണ്ടേ സുന്ദരി തന്നാ….നീ ഇനി ഈ കുന്ത്രാണ്ടം എത്ര തേച്ചാലും അവൾടെ മുഖത്തെ ചൈതന്യമൊന്നും നിനക്ക് കിട്ടാൻ പോണില്ല…” മുത്തശ്ശി ഗീതൂനെ തലേൽ തടവി പറഞ്ഞു.

“അതെ അതെ , നീ ഫുള്ളും ഉടായിപ്പ് ആണല്ലോടി ” ഞാൻ അവളുടെ മുഖത്തെ ഫെയ്സ് പാക്ക് ചൂണ്ട് വിരലുകൊണ്ട് വഴിച്ച് മണത്ത് നോക്കി ചോദിച്ചു…

“നീ പോടാ……”

“ഏഹ് പോടാന്നോ….. നിന്നെ…..”

അപ്പഴേക്കും പെണ്ണ് ഓടിയിരുന്നു.

“ഗീതുവേ …. വാ…വാ… ഇന്നലെ എത്തുമെന്ന് പറഞ്ഞതല്ലേ…. എന്താ വൈകിയേ…..” ശാരദമ്മായി ആണ് . പുറത്ത് നിന്ന ശേഖരമ്മാവന്റെ ഭാര്യ ….

“ഗോവിന്ദേട്ടൻ വരാൻ വൈകി അമ്മായി….. അതാ… അമ്മ പറഞ്ഞില്ലേ…. നമ്മളിന്നലെ വന്നു നാട്ടിൽ .പിന്നെ വൈകിയോണ്ട് വീട്ടില് തങ്ങി. ”

“ഇല്ലല്ലോ മോളെ … രാധ പറഞ്ഞില്ലാ……”

“മാമനെവിടെ അമ്മായി …. ?”

“കുട്ടൻ രാവിലെ ഇറങ്ങിയതാട സാധനം എടുക്കാൻ . ഇതുവരേം കണ്ടില്ല. നിങ്ങള് വാ കഴിച്ചാരുന്നോ മക്കള് …. വാ കാപ്പി കുടിക്കാം …. രാധേ ….. രാധേ ദേ നിന്റെ മക്കള് വന്നിട്ടുണ്ട് ….”

അമ്മായി അമ്മയെ നീട്ടി വിളിച്ചു……

അപ്പോഴാണ് മുറ്റത്ത് ഒരു കാറ് വന്ന് നിറുത്തിയതിന്റെ ശബ്ദം കേട്ടത് ….എല്ലാവരുടെയും നോട്ടം അങ്ങോട്ടായി …

“ആരാത് …. ” മുത്തശ്ശി കണ്ണിന്റെ മൂർച്ച കൂട്ടി.

” ലക്ഷ്മിയാ അച്ഛമ്മേ ….” തലയിലെ തോർത്ത് അഴിച്ച് തോളിലിട്ട് കൊണ്ട് അത് പറഞ്ഞ ശേഖരമ്മാവന് സന്തോഷം അടക്കാൻ സാധിച്ചിരുന്നില്ല….
കാറിൽ നിന്നിറങ്ങിയ ആൾക്കാരെ കണ്ട് ഞാൻ ഞെട്ടി. യു എസിലെ മോഹനമ്മാവനും ലക്ഷ്മി അമ്മായിയുമായിരുന്നു അത്. പുറകിൽ നിന്ന് ഒരു 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺക്കുട്ടിയിറങ്ങി. ഇത് ഭാമ ആയിരിക്കണം. ഞാനോർത്തു. അവസാനമായി ഡോർ തുറന്ന് പുറത്തിറങ്ങിയ ആളെ കണ്ടാണ് എല്ലാവരും ഞെട്ടിയത്.

“ദുർഗ്ഗേച്ചി… ” അമ്പരപ്പോടെ ആവണി അത് പറഞ്ഞതും ഒരു വെള്ളിടി വെട്ടി … മാനത്ത് കാർമേഘങ്ങൾ മൂടി.

കാറിൽ നിന്നറങ്ങിയ അവളെ കണ്ടതും എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് ഗജനി സിനിമയിലെ നയൻതാരയാണ്. അതേ രൂപം, അതേ മുഖം , അതേ ശരീരം . റോസ് നിറത്തിലെ ടൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസ്യമാണ് വേഷം. പെട്ടെന്ന് എങ്ങു നിന്നോ വന്ന കാറ്റ് അവളുടെ സ്ട്രേയ്റ്റ് ആക്കി അല്പം കളർ ചെയ്ത മുടിയെ തഴുകി തലോടി മാഞ്ഞു. മുഖത്തേയ്ക്ക് വീണ മുടി മാടിയൊതുക്കി അവൾ മുത്തശിയെ നോക്കി പുഞ്ചിരിച്ചു….

“ഞാനാ മുത്തശ്ശി … ദുർഗ്ഗ ….”

അവളെ കണ്ടതും സ്നേഹ പരിളാനത്തിൽ ഗീതുവിനെ മൂടിയിരുന്ന മുത്തശ്ശിയുടെ കൈകൾ അയഞ്ഞു. വയ്യാതിരുന്നിട്ടും മുറ്റത്തേയ്ക്ക് ഓടിയിറങ്ങാൻ ശ്രമിക്കുന്ന മുത്തശ്ശിയെ കണ്ട് ചോദ്യഭാവത്തിൽ ഗീതു എന്നെ നോക്കി…

“ആരാ ആവണി അത്. ഞാൻ കണ്ടിട്ടില്ലല്ലോ ഇത് വരെ . ” വാ പൊളിച്ച് നിന്ന എന്നെ മറികടന്ന് ഗീതു ആവണിയോട് ചോദിച്ചു.

“ദുർഗ്ഗേച്ചിയാ അത്. അമേരിക്കേലെ മോഹനന്മാവന്റേം ലക്ഷിമി അമ്മായി ടേം മൂത്തമോള്. മറ്റേത് ഭാമ ഇളയവൾ. ദുർഗ്ഗേ ച്ചിക്ക് 14 വയസ്സുള്ളപ്പൊ പോയതാ അവര് , അമേരിക്കയിലേക്ക് . അമ്മാവനും അമ്മായീം ഭാമേം ഒക്കെ ഇടയ്ക്ക് നാട്ടിൽ വന്നിട്ടൊണ്ടെങ്കിലും ദുർഗ്ഗേച്ചി അതിന് ശേഷം ഇപ്പഴാ വരുന്നത്. ഏതാണ്ട് 14 വർഷങ്ങൾക്ക് ശേഷം ….. ” അവളെ പറ്റി സംസാരിക്കുമ്പോൾ ആവണീടെ കണ്ണില്ലുണ്ടായ തിളക്കം ഗീതു ശ്രദ്ധിച്ചു.

“ന്റ കുട്ട്യേ കാണാൻ എത്ര നാളായ ന്നോ മുത്തശ്ശി കൊതിക്കണ്. നീ വരാതിരുന്നപ്പോഴൊക്കെ ഞാൻ കരുതി മുത്തശ്ശിയോട് പിണക്കാണെന്ന് . മരിക്കണേന് മുന്നേ നിന്നെ ഒന്ന് കാണാൻ കഴിഞ്ഞൂല്ലൊ….”
“എന്താ മുത്തശ്ശീത് ഞാനെന്തിനാ ന്റെ കൊച്ച് സുന്ദരിയോട് പിണങ്ങുന്നത് … ” ദുർഗ്ഗ മുത്തശ്ശീടെ താടി പിടിച്ച് കുലുക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *