“ഏഹ് ………….” അസാധാരണമായ് തോന്നിയ ഗീതു വാതിലിനെ മറച്ചിരുന്ന വെള്ള കർട്ടൺ അല്പം വകഞ്ഞ് മാറ്റി വാതിലിൽ ചെവി ചേർത്തു.
ശബ്ദം പതിയെ പതിയെ മാഞ്ഞ് പോകുന്നതായ് അവൾക്ക് തോന്നി. വാതിലിൽ നിന്നും പുറകോട്ട് നീങ്ങി ഗീതു അതിനെ നോക്കി. തങ്ങൾ ഇതുവരെയും തുറക്കാത്ത മുറിയാണത്. തുറക്കാൻ താക്കോലുമില്ല.ഇവിടെ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതിനാൽ ഇരുണ്ട ഇടനാഴി കടന്ന് ഇങ്ങോട്ട് വരാറുമില്ലായിരുന്നു. ബ്രോക്കർ ഈ മുറി ഒഴിച്ചാണ് വാടകയ്ക്ക് തന്നത്. അത് ഞങ്ങൾക്ക് ആവശ്യമില്ല ,തുറക്കണ്ടാ എന്നാണ് അന്നയാൾ പറഞ്ഞത്. വീട് തേടി കുറേ അലഞ്ഞതു കൊണ്ടും ഈ വീട് കണ്ടപ്പോൾ തന്നെ ഇഷ്ടമായതും കൊണ്ടും അന്ന് നമ്മൾ ഇതിനെക്കുറിച്ച് വേറൊന്നും ചോദിച്ചില്ല. ഇത്ര നാള് താമസിച്ചിട്ടും ഇന്ന് വരെ ഇങ്ങനൊരു മുറി ഇവിടെ ഉള്ളതായ് പോലും തോന്നീട്ടില്ല. ഗീതൂന്റെ ചിന്തകൾ കാട് കയറി.
മറച്ചിരുന്ന കർട്ടൺ മുഴുവനായും രണ്ട് സൈഡിലേയക്ക് മാറ്റിയ ഗീതൂന്റെ കണ ണുകൾ വിടർന്നു. വീട്ടിൽ മറ്റൊരിടത്തും കാണാത്ത രീതിയിൽ അതീവ മനോഹരമായ കൊത്തുപണികളാൽ തീർത്ത ഒരു വാതിലായിരുന്നു അത്. ഇത്രയും നാളും താനിത് ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്നോർത്ത് ഗീതൂന് അതിശയം തോന്നി.
ഒരു കാവിന്റെ മാതൃകയിൽ തീർത്ത ആ വലിയ വാതിലിനിരുവശവും രണ്ട് മരതൂണ് പോലെയാണ് കൊത്ത് പണി ചെയ്തിരുന്നത്. വാതിലിനു പുറത്ത് ഒരുപാട് ചിഹ്നങ്ങളും അടയാളങ്ങളും ഉണ്ട് . വൃത്താകൃതിയും ത്രികോണാകൃതിയും ലയിപ്പിച്ച ചിഹ്നങ്ങൾ .അതിന്റെ ഒത്ത നടുക്ക് കണ്ട വലിയ പൂട്ടാണ് ഗീതുവിനെ വീണ്ടും അതിശയിപ്പിച്ചത്. ഒരു സർപ്പം ഫണം വിടർത്തി വായ തുറന്ന് ഇരിക്കുന്നു .അതിന്റെ നാക്കിലാണ് പൂട്ട് തിരുകി കൊളുത്തിയിരിക്കുന്നത്. പൂട്ടിലും എന്തൊക്കെയോ അടയാളങ്ങൾ . വിചിത്രം തന്നെ.
ഗീതൂന്റെ കൈ യാന്ത്രികമായ് ആ പൂട്ടിലേക്ക് നീങ്ങി. മൃഗങ്ങളുടെ തലയാൽ തീർത്ത ആ താഴിന്റെ നാല് വശവും തഴുകി അവൾ അറിയാതെ തന്നെ അത് പിടിച്ച് ഒന്ന് വലിച്ചു.
ഇതേ സമയം ആരോ ശ്വാസമെടുക്കും പോലെ ഒരു ധ്വാനി ആ മുറിയിൽ നിന്നുയർന്നു. ഞരങ്ങൽ പോലുള്ള ആ സ്വരം ഗീതു കേട്ടിരുന്നില്ല പക്ഷെ ഗീതൂന്റെ താഴിൻമേലുള്ള വലി കൂടുംതോറും മുറിയ്ക്കുള്ളിലെ ചെറുനിശ്വാസം കൊടുങ്കാറ്റ് പോലെ മാറിയിരുന്നു.
പെട്ടെന്നാണ് താഴെ മൊബൈൽ റിംഗ് ചെയ്തത്. ഞെട്ടിയ ഗീതു താഴിൻമേലുള്ള പിടി വിട്ട് താഴേക്കോടി … അവളുടെ പിടി അയഞ്ഞതും മുറിക്കുള്ളിലെ ശ്വാസോച്ഛോസം ഒരു അലർച്ചയായ് മാറിയിരുന്നു. പക്ഷെ അത് പുറത്തേക്ക് വന്നില്ല. എന്തിനെയോ തടുക്കുന്ന പോലെ കാറ്റ് വാതിലിൽ മേലുള്ള കർട്ടൻ വീശി വാതിലിനെ മറച്ചു.
“ആ പറയ്………” മറുതലയ്ക്കൽ ഗോവിന്ദാണെന്ന് മനസിലായ ഗീതു ലേശം മടുപ്പ് കലർത്തി പറഞ്ഞു.
“നീ ഇറങ്ങി ഓടല്ലേ….. ഞാൻ വന്നിട്ട് പോകാം … ” ദേഷ്യം കടിച്ചമർത്തിയുള്ള ഗോവിന്ദിന്റെ സംസാരം കേട്ട് ഗീതൂന് ചിരി പൊട്ടി.
“ഞാൻ ലീവിന്റെ കാര്യം സാറിനോട് സംസാരിച്ചു. എന്തായാലും 11 കഴിയും ഞാൻ വരാൻ . നീ പാക്ക് ചെയ്തോ. വൈകിയാൽ നാളെ പോകാം ”
“ഒരു നാളെയുമില്ല. ഇയാൾ നേരത്തേ ഇങ്ങോട്ടെത്തിയാ മതി. ”
“ഗീതു….”
“ഇതാണോ എല്ലാ ആഗ്രഹോം നടത്തി തരാൻ പോവുന്ന മനുഷ്യൻ. നല്ല ബെസ്റ്റ് ആളാ ……”
“ഓ…… എനിക്കും ഒണ്ട് ആഗ്രഹങ്ങള് …. ”
“ച്ചൊടാ …..എന്താ ന്റ ചക്കരേന്റെ ആശ ….” ഗീതു കളിയാക്കി കൊണ്ട് ചോദിച്ചു…..
“അതോ …..”
“അത്? ”
“മുഖം പൂഴ്ത്താൻ ………” എനിക്കത് പറയാതിരിക്കാനായില്ല. തറവാട്ടിലോട്ട് വിട്ടാൽ അവിടുത്തെ തിരക്കിൽ എല്ലാം എനിക്ക് മിസ്സ് ആവും .അതോണ്ടാവാം മനസ്സിനൊരു ധൃതി…. വായിൽ നിന്ന് വീണ് പോയി.
“മുഖം ….? എന്തുവാ …..?” ഗീതൂന് കത്തീല്ല….
ഞാൻ ഓഫീസിൽ ആളൊഴിഞ്ഞ മൂലയിലേയ്ക്ക് മാറി.
“മുഖം പൂഴ്ത്താനെന്ന് ……” ശബ്ദം പരമാവധി താഴ്ത്തി വാ പൊത്തിയാണ് ഞാനത് പറഞ്ഞത്.
“മുഖം പൂഴ്ത്താനോ …. എന്തോന്ന് ….. തെളിച്ച് പറ മനുഷ്യാ അങ്ങോട്ട് …..”
