ഗീതാഗോവിന്ദം – 5

“എന്താ മാമാ ഇത്ര പെട്ടെന്ന് . എന്നോടൊന്നും പറഞ്ഞിരുന്നില്ലല്ലോ …….”

“അത് മോനേ ഗീതൂന്റെ അബോർഷൻ സമയത്തായിരുന്ന് ആലോചനകളൊക്കെ നടന്നത്. അതാ നിന്നെ ഒന്നും അറിയിക്കാത്തത്. നല്ലൊരു ബന്ധം ഒത്ത് വന്നപ്പൊ ഞങ്ങളതങ്ങ് ഒറപ്പിച്ചു. അവർക്കുടനെ വേണമെന്നാ അഭിപ്രായം. അതാ ഉടനെ തന്നെ നിശ്ചയിച്ചത്. ബാക്കി ഒക്കെ നീ ഇങ്ങ് വന്നിട്ട് പറയാം. നീ നാളെ തന്നെ ഗീതൂനേം കൂട്ടി വരണോട്ടോ………
“മാമാ….”

“എടാ കുടുംബത്തെല്ലാരും വരുന്നുണ്ടെടാ… തറവാട്ടിലാ ചടങ്ങ് ….”

“ഏഹ് തറവാട്ടിലോ……”

“അതല്ലേ …..നീ ഉടനെ എത്തണം … ഇല്ലേൽ ഞാനിവിടെ ഒറ്റപ്പെട്ട് പോവും അറിയാല്ലോ….”

“അത് മാമാ…..”

“നീ ഇനി ഒന്നും പറയണ്ടാ….നീ അവളേം കൂട്ടി വാ…. എത്രയാന്ന് വച്ചാ ആ കൊച്ചവിടെ ഒറ്റയ്ക്ക് ….. കാവിലെ ഉത്സവവും ഈ മാസമാ മറക്കണ്ട………….”

“ആ മോനേ മാമൻ വെയ്ക്കട്ടെ ഇവിടെ കല്യാണത്തിന്റെ തിരക്ക് കഴിഞ്ഞാഴ്ചയെ തുടങ്ങി.. ഇവിടെ ഏതാണ്ട് ഉത്സവം പോലെയാ… ഇതിന്റെ ഒക്കെ പുറകെ പായാൻ ഈ മാമനേ ഉള്ളു. എന്തായാലും നിങ്ങള് ഉടനെ ഇറങ്ങ് കേട്ടോ….”

“മാ………”

“ആഹ് ശങ്കരാ …..” കാള് കട്ടായിരുന്നു.

തറവാട്. അത് കൊറെ നാളായി പൂട്ടി കിടപ്പായിരുന്നല്ലൊ. മുഴുവൻ ബന്ധുക്കൾ, കല്യാണം, ലീവ് എല്ലാം അതോട് കൂടി തലയിൽ നിറഞ്ഞെങ്കിലും ഒരു പ്രശ്നം മാത്രം അതിൽ മുഴച്ച് നിന്നു.

ഗീതു…..

അവൾ ഒന്ന് റിക്കവറായി വരുവായിരുന്നു. അപ്പോഴാ….ഈ ചടങ്ങ്. ആ ആൾക്കൂട്ടത്തിൽ അവളെ കൊണ്ടിട്ടാൽ എല്ലാരുടെ അവളെ പിച്ചിചീന്തും .. ഓർമ്മകളെല്ലാം ഗീതു ചാക്കിലാക്കി മാറ്റിവച്ചതാണ്. അവിടെ ചെന്നാൽ അവരെല്ലാം കൂടി ആ ചാക്ക് തുറന്ന് വിടും. ഒപ്പം എന്റെ ഗീതൂന്റെ മനസ്സിന്റെ കടിഞ്ഞാണും.

പോകാതിരിക്കാനാവില്ല. പോയേ പറ്റൂ… എത്രയും താമസിച്ച് പോയാൽ അത്രയും നല്ലത്. അത്ര നേരം നേരിട്ടാൽ മതിയല്ലോ… ലീവ് കിട്ടില്ലാന്ന് മറ്റോ പറഞ്ഞ് പിടിച്ച് നിൽക്കാം. കഴിഞ്ഞ 6 മാസം ലീവെടുത്തതിൽ ഒരു മാസം പെൻഡിങാണ്. അത് ഉപയോഗിക്കാമായിരുന്നു. പക്ഷെ വേണ്ട ഗീതു ഒരു മാസം പോയിട്ട് ഒരു ദിവസം പോലും തറവാട്ടിൽ സർവൈവ് ചെയ്യില്ല….. കല്യാണത്തിന് തലേന്നോ മറ്റോ പോവാം. ഗീതൂനെ തത്ക്കാലം അറിയിക്കണ്ട ……

മനസ്സ് ചില കടുത്ത തീരുമാനങ്ങൾ നിസ്സാരമായ് എടുത്തു.

പിറ്റേ ദിവസം പതിവ് പോലെ ഓഫീസിലെ മടുപ്പൻ സമയം തള്ളിനീക്കുബോഴായിരുന്നു. ഗീതൂന്റെ കാൾ വന്നത്. മൊബൈൽ സ്ക്രീനിൽ ഗീതൂന്റെ പേര് തെളിഞ്ഞതും മനസ്സിന് കുളിർമ തോന്നി. കാളർ ഐഡിയിൽ ചിത്രം ചേർക്കാനുള്ള സ്ഥലം ഒഴിഞ്ഞ് കിടക്കുന്ന കണ്ടപ്പോൾ ഗീതൂന്റെ നിറപുഞ്ചിരിയാൽ നിൽക്കുന്ന ഒരു ഫോട്ടൊ അതിൽ സേവ് ചെയ്യണമെന്നോർത്തു. എത്ര ടെൻഷൻ ആയിരുന്നാലും അവളുടെ ചിരി ജീവിതത്തിനൊരു അർത്ഥം നൽകും. പച്ചനിറത്തിൽ അമർത്തിയതും ഫോണിൽ നിന്നും ഗീതൂന്റെ സ്വരം കേട്ടു. അവൾക്ക് പിന്നെ ഹലോ കിലോ ഒന്നുമില്ല. നേരെ സംസാരമാണ്.
“അതേയ് …………..”

” ഏത് …………”

“മാമൻ വിളിച്ചിട്ടെന്താ എന്നെ അറിയിക്കാത്തത് ….”

“അത്…. അത് ഞാൻ മറന്ന് പോയ്…..”

” ഓഹോ ………. ആവണീടെ കല്യാണത്തിന് വിളിച്ചതും മറന്നോ അപ്പൊ ….”

“എടീ………”

“മുത്തശ്ശി ഇപ്പൊ എന്നെ വിളിച്ചിരുന്നു. ഉടനെ അങ്ങ് ചെല്ലാനാ ഓർഡർ . ഇന്ന് തന്നെ …….”

“ഓ…… ”

” അപ്പൊ എപ്പഴാ വരുന്നേ…..”

” എപ്പൊ , എന്നും വരുന്ന സമയത്ത് ….”

” ഓ അപ്പൊ തറവാട്ടിൽ പോണ്ടെ ….?’ ഗീതൂന്റെ സ്വരം മാറി തുടങ്ങി ഇരുന്നു.

“എടീ … കല്യാണത്തിന് ഇനീം ആഴ്ചകളില്ലേ… നമ്മുക്ക് കല്യാണത്തിന് രണ്ടീസം മുന്നേ പോയാൽ പോരെ… അവിടെ എല്ലാരുമുണ്ടല്ലോ….”

” പറ്റില്ല …. മുത്തശ്ശി എന്നെ ഇന്ന് തന്നെ അങ്ങങ് ചെല്ലാനാണ് പാഞ്ഞത്. സ്വന്തം അമ്മാവന്റെ മോൾടെ കല്യാണത്തിന് രണ്ട് ദിവസം മുന്നേ ചെല്ലാൻ നാണമില്ലേ മനുഷ്യാ ………?”

” നീ ഒന്നടങ്ങ് ഗീതു . തറവാട്ടിൽ ആണ് ചടങ്ങ് അവിടുത്തെ ജനപെരുപ്പം അറിയാല്ലൊ. അവരുടെ ഇടയിലേക്ക് നിന്നെ ഇട്ടു കൊടുക്കാൻ എന്തായാലും ഞാനില്ല. അബോർഷനെ പറ്റി നൂറ് പോരോട് വിശദീകരിക്കേണ്ടി വരും. ”

” ഓഹോ എന്നാൽ ഞാനൊരു സത്യം പറയട്ടെ .ഇവിടെ ഒറ്റയ്ക്ക് താമസിക്കുമ്പഴാ എനിക്ക് വീർപ്പ് മുട്ടൽ. സാർ രാവിലെ ഓഫീസിലോട്ട് പോയിട്ട് രാത്രിയല്ലേ വരുന്നേ. അതുവരെ ഞാനിവിടെ തനിച്ചാണ് . ഗോവിന്ദേട്ടൻ വരണില്ലേൽ വരണ്ട. ഞാനൊറ്റയ്ക്ക് പോകും. ഞാൻ പാക്ക് ചെയ്യാൻ പോവ്വാ….”

“ഗീ….”

ഫോണ് കട്ടായിരുന്നു. ചിരിക്കുന്ന ഫോട്ടൊ അല്ല ഭദ്രകാളീടെ ഫോട്ടൊയാ ഇതിന് ചേർച്ച .

*********

” മറന്ന് പോയെന്ന് …. കള്ളൻ. ” ഗീതു ഫോൺ കട്ടിലിലേക്കെറിഞ്ഞ് സ്വയം സംസാരിക്കാൻ തുടങ്ങി. ” വന്നില്ലേ ഞാൻ ഒറ്റയ്ക്ക് പോവും നോക്കിക്കോ…..” ഗീതുമടക്കിയതുണികളുമായ് മുകളിലേയ്ക്ക് പോയി. തുണികൾ അലമാരയ്ക്കകത്ത് വച്ച് അടച്ചു.
അല്ലേലും ഇങ്ങേരിങ്ങനാ ….ഞാനിവിടെ ഈ പുരാവസ്ത് പോലുള്ള വീട്ടില് ഇരുന്ന് ചിതലരിക്കണം. അങ്ങേർക്ക് രാവിലെ ഇറങ്ങി പോയിട്ട് രാത്രി വന്ന് കേറിയാ തിയല്ലോ ..

“ആഹ്………………! ”

മുറി അടച്ച് വെളിയിയിലേക്കിറങ്ങി തിരിഞ്ഞതും കാല് കൊത്ത് പണി ചെയ്ത് നിറച്ച ആ കുഞ്ഞി കസേരയിൽ മുട്ടി… ഒന്നാതെ ദേഷ്യമാണ് അതിനിടേല് കാലിന്റെ കുഞ്ഞി വിരൽ കസേരയിലിടിച്ച് നൊന്തപ്പോ ഗീതൂന് ദേഷ്യമടക്കാനായില്ല. മുമ്പിൽ കണ്ട വാതിലിൽ അവൾ ശക്തിയായ് ഇടിച്ചു.

കൈ കൊണ്ട് തേക്കിൽ തീർത്ത വാതിലിൽ ഇടിച്ചപ്പോൾ കാലിനെക്കാൾ വേദന അവൾക്ക് കയ്യിൽ അനുഭപ്പെട്ടു.

വേദനയാൽ കൈ കുടഞ്ഞപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. മലയടിവാരത്ത് നിന്ന് കയ്യടിക്കുമ്പോഴുള്ള പ്രതിധ്വനി പോലെ അവൾ വാതിലിൽ തട്ടിയപ്പോഴുണ്ടായ ശബ്ദം മാറ്റൊലി കൊള്ളുന്നത്. അനവധി പാറയിൽ തട്ടി തിരികെ വരും പോലെ ആ ശബ്ദം അല്പനേരം ആവർത്തിച്ചു കൊണ്ടേ ഇരുന്നു.

“ഏഹ് ………….” അസാധാരണമായ് തോന്നിയ ഗീതു വാതിലിനെ മറച്ചിരുന്ന വെള്ള കർട്ടൺ അല്പം വകഞ്ഞ് മാറ്റി വാതിലിൽ ചെവി ചേർത്തു.

ശബ്ദം പതിയെ പതിയെ മാഞ്ഞ് പോകുന്നതായ് അവൾക്ക് തോന്നി. വാതിലിൽ നിന്നും പുറകോട്ട് നീങ്ങി ഗീതു അതിനെ നോക്കി. തങ്ങൾ ഇതുവരെയും തുറക്കാത്ത മുറിയാണത്. തുറക്കാൻ താക്കോലുമില്ല.ഇവിടെ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതിനാൽ ഇരുണ്ട ഇടനാഴി കടന്ന് ഇങ്ങോട്ട് വരാറുമില്ലായിരുന്നു. ബ്രോക്കർ ഈ മുറി ഒഴിച്ചാണ് വാടകയ്ക്ക് തന്നത്. അത് ഞങ്ങൾക്ക് ആവശ്യമില്ല ,തുറക്കണ്ടാ എന്നാണ് അന്നയാൾ പറഞ്ഞത്. വീട് തേടി കുറേ അലഞ്ഞതു കൊണ്ടും ഈ വീട് കണ്ടപ്പോൾ തന്നെ ഇഷ്ടമായതും കൊണ്ടും അന്ന് നമ്മൾ ഇതിനെക്കുറിച്ച് വേറൊന്നും ചോദിച്ചില്ല. ഇത്ര നാള് താമസിച്ചിട്ടും ഇന്ന് വരെ ഇങ്ങനൊരു മുറി ഇവിടെ ഉള്ളതായ് പോലും തോന്നീട്ടില്ല. ഗീതൂന്റെ ചിന്തകൾ കാട് കയറി.

Leave a Reply

Your email address will not be published. Required fields are marked *