മീനാക്ഷി കല്യാണം – 3

(അവളോട് ഞാൻ സംസാരിക്കുന്നതു പോലും ആളുകൾ അസൂയയോടെ നോക്കി പോകുന്നുണ്ടായിരുന്നു, അവൾ അതൊന്നും ശ്രദ്ധിച്ചിട്ടില്ല.)

: യ്യോ… ഈ ഉണ്ണിയേട്ടൻ. സകല പ്രശ്നങ്ങളും വലിച്ചു തലയിൽവക്കും. (അവൾ നെറ്റിയിൽ ഇടതു കൈത്തടം ചേർത്തമർത്തി, പരിഭവംപറഞ്ഞു)

എനിക്കുറപ്പായിരുന്നു ഞാൻ വലിച്ചുതലയിൽ വച്ച ഏറ്റവും അഴകൊത്ത പ്രശ്‌നം അവളായിരുന്നു.

ഞാൻ ഊണ് അവൾക്കു കൊടുത്തു തിരിച്ചുനടന്നു. അവളതു വാങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു, ഉള്ളിത്തിയ്യൽ ലീക്ക് ആവോ ദൈവമേ.

അവളുടെ ഈ നിഷ്ക്കളങ്ക ചിരിയിൽ ആരും വീണു പോകും.

: ഇന്ന് ഇന്റർവ്യൂ ഉണ്ടോ? (അവൾ പിന്നിൽ നിന്നു വിളിച്ചു ചോദിച്ചു.)

: ആ, 6 മണിക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും. (ഞാൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു)

: ഞാൻ എന്തായാലും കാണും.

***********************

അന്ന് ഒരു കൊച്ചുകുട്ടിയുടെ ഇന്റർവ്യൂ ആയിരുന്നു. ഈയിടക്ക് വന്നിട്ടുള്ള ഒരു ചൈൽഡ് ആർട്ടിസ്റ്, അവന്റെ ആദ്യത്തെ ഇന്റർവ്യൂ ആണ്. അവനു ഇത്തരം കാര്യങ്ങൾ ഒരു പേടിയുണ്ടെന്നു എനിക്ക് അവന്റെ ആസ്വസ്ഥമായ, മുഖത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞു, ഞാൻ ഒരിക്കലും സാധാരണ ഇന്റർവ്യൂ പോലെ ചെയ്യാറില്ല, അവരുടെ സ്നേഹിതൻ പോലെയാണ് പെരുമാറാറ്. ചെറിയ കുട്ടിയുടെ സ്നേഹിതൻ പോലെ ഞാനും ചെറുതാവേണ്ടി വന്നു, ആ ഇന്റർവ്യൂ മുഴുവനാക്കാൻ. അതവന് ഇഷ്ടമായി, അവൻ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു ഞാൻ അവനു കൂട്ടുകാരനായി കൂടെയിരുന്നു, അവന്റെ അച്ഛനും അമ്മയും, അതിനു ശേഷം വന്നു ഒരുപാടു ഇഷ്ടമായി ഇന്റർവ്യൂ എന്ന് പറയുക വരെ ഉണ്ടായി. ഞാൻ കുറച്ചുനാൾ ലീവെടുത്തതിനാൽ എനിക്കൊരു പണിതരാം എന്ന് വിചാരിച്ചു വച്ചതായിരുന്നു ആ പയ്യനെ, പക്ഷെ അത് സാധാരണയിലും നന്നായി വന്നതിൽ പ്രൊഡ്യൂസർ വരെ പകച്ചുപോയി. എഡിറ്റിംഗിന് ഫുട്ടേജ്‌ വിട്ടു, ഞാൻ വൈകീട്ടത്തെ വെള്ളമടിയിൽ നിന്നുംവരെ പിൻവാങ്ങി വീട്ടിലേക്കോടി. എന്റെ സന്തോഷങ്ങൾ ഈ കുറച്ചു ദിവസങ്ങളിൽ ആകെ മാറിമറഞ്ഞിരിക്കുന്നു.
വറുത്ത അരിപ്പൊടിയിൽ തേങ്ങചേർത്ത്, ജീരകവും, ചതച്ച ചുവന്നുള്ളിയുമിട്ട്, നാളികേരവെള്ളമൊഴിച്ചു ഞെരടികുഴച്ചു. ഓട്ടകുത്തിയ കണ്ണൻചിരട്ടയിൽ, നാളികേരം മുകളിലിട്ടു, പുട്ടുനിറച്ച്‌, കുക്കറിൽ നിന്നും ആവികയറ്റി വേകിച്ചെടുത്തു.

നല്ല കുത്തുപൊടി മുളകും, മസാലയും ഇട്ടു ഉള്ളിമൂപ്പിച്ചു കടലക്കറിയും വച്ചു, മണം കേട്ട് എനിക്ക് തന്നെ കൊതിയാവുന്നു.

വട്ടിയ വാഴയിലയിൽ ഇതൊക്കെ ശ്രദ്ധിച്ചു പൊതിഞ്ഞെടുത്തു, ഞാൻ പടിക്കെട്ടുകൾ ഇടവിട്ട ചിലതിൽ മാത്രം ചവിട്ടി ചാടിയിറങ്ങി. എന്റെ തിടുക്കം കണ്ടു മിനിമോൾ, അവളുടെ ഫ്രണ്ട്ഗ്രിൽ പല്ലുകൾ കാട്ടി ചിരിച്ചു.

എങ്ങനെ എത്തിയെന്നും, എപ്പോൾ എത്തിയെന്നും ചോദിച്ചാൽ എനിക്കറിയില്ല, ഞാൻ ആ ആജാനുബാഹു മതിലിനു മുന്നിൽ എത്തിനിന്നു. കയറിക്കഴിഞ്ഞിട്ടാണ് പുട്ടിന്റെ കാര്യം ഓർമ്മ വന്നത്, ഇറങ്ങിപോയി അതെടുത്തു, വീണ്ടും വലിഞ്ഞു കയറി, ആരോടും പരാതിയില്ല യാതൊരുവിധ തളർച്ചയും ഇല്ല.

മതിലിൽ വലിഞ്ഞു കയറി മുകളിലേക്ക് നോക്കിയത് അവളുടെ വിടർന്ന കണ്ണുകളിലേക്കായിരുന്നു. ഈ മരം കോച്ചുന്ന തണുപ്പത്ത്, ഈക്കണ്ട വഴിയുംതാണ്ടി, ഇതിലൊക്കെ അള്ളിപ്പിടിച്ചുകയറി ഞാൻ വരുമെന്ന്, സ്വപ്നജീവികല്ലാത്ത ആരെങ്കിലും വിശ്വസിക്കുമോ?!! അത്ഭുതമെന്തെന്നാൽ ഞാൻ ഇതൊക്കെ കടന്നിവിടെ വന്നു, അവൾ ഈ നിലാവിൽ എന്നെ കാത്തിരിക്കുകയും ചെയ്തു. ഞങ്ങളുടെ ലോകം ഏതോ പഴംപാട്ടിൽ ഇണചേർത്തെഴുതിയ വരികളായിരുന്നോ?!!

ഞാൻ വന്നപ്പോൾ തൊട്ട്കാണിച്ചു കൂട്ടുന്നതെല്ലാം കണ്ടു ഒരു ചെറിയചിരിയാ മുഖത്തുണ്ട്. ഞാൻ ബദ്ധപ്പെട്ടു കയറുന്നതു അവൾ കണ്ണെടുക്കാതെ നോക്കിയിരുന്നു.

ഒരു മരകഷണത്താൽ മാത്രം വേർതിരിക്കപ്പെട്ട, ജാലകത്തിന്റെ ഒരുഭാഗത്തു അവളും മറ്റതിൽ ഞാനും, കാലുകൾ പുറത്തേക്കിട്ടു ആരോ കടിച്ചുബാക്കി വച്ചിരിക്കുന്ന ചന്ദ്രക്കലയും നോക്കിയിരുന്നു. താളത്തിൽ ഇളകിയാടുന്ന അവളുടെ കാലുകൾ നിലാവിൽ ചിത്രംവരച്ചു.

അവളി ലോകത്തൊന്നും അല്ലായിരുന്നു, ചൂട് പുട്ടിൽ, എരിവുള്ള കടലക്കറിയും കൂട്ടി ഇടയ്ക്കു തുരുതുരെ ഏരു വിളിച്ചു അവൾ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു. പാവം വായിക്കു രുചിയായി ഭക്ഷണം കഴിച്ചിട്ട് എത്രനാളായി, എവിടെ ചെന്ന്, എന്തൊക്കെ കഴിച്ചാലും, മലയാളിക്ക് മനസ്സ് നിറയാ, മ്മ്ടെ നടൻഭക്ഷണം കഴിക്കുമ്പോൾ തന്നെയാണ്. ഞങ്ങളുടെ കൈകൾ തമ്മിൽ ഒരു വിരൽ ദൂരം മാത്രമേ അകലം ഉണ്ടായിരുന്നുള്ളു, അതൊന്നെത്തിപിടിക്കാൻ, അതെന്തൊരു ദൂരം ആണ്, അതിലും എളുപ്പത്തിൽ നമുക്ക് സഹാറമരുഭൂമി തലങ്ങനെ മുറിച്ചുകടക്കാം.
: കുമുദം പറഞ്ഞു, മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെന്നു. (ഞാൻ നിശബ്ദതയെ കീറി മുറിച്ചു)

: അത് നല്ല ചൂടിള്ളിടത്തും, നല്ല തണുപ്പുള്ളിടത്തും പോയ സ്ഥിരം ഉള്ളതാ. കൊടൈക്കനാൽ പോയിട്ട് ഒരിക്കൽ എല്ലാവരും പേടിച്ചു. (അവള് നിസ്സാരം ആയി പറഞ്ഞു.)

: എന്റെ കൂട്ടുകാരന് കോടമ്പാക്കത് ഒരു ക്ലീനിക് ഉണ്ട് അവിടെ പോണോ നാളെ?

: ഏയ്, അത്രക്കൊന്നും ഇല്ലന്നെ, കൊറേ ഡോക്ടർമാരെ കാണിച്ചതാ, എല്ലാരും പറയും മൂക്കിലെ രക്തക്കുഴലുകൾ സോഫ്റ്റാണ്, എന്നിട്ട് ഒരു കുന്ന് ആന്റിബിയോട്ടിക് തരും. വെറുതെ, ഇത് കുറച്ച്‌ ദിവസത്തിൽ ശരിയാകുന്നെ, ഉണ്ണിയേട്ടൻ പേടിക്കണ്ട.

(എനിക്ക് വിഷമം അവൾക്കൊപ്പം കോടമ്പാക്കത്തേക്കൊരു യാത്ര മുടങ്ങിയതിൽ ആയിരുന്നു.)

: ഞാൻ പോട്ടെ, നാളെ വരാ. (ഞാൻ സൺഷേഡിയിലേക്കു ചാടിയിറങ്ങി, കാരണവന്മാരുടെ പുണ്യംകൊണ്ട് താഴെ പോയില്ല.)

: ഉണ്ണിയേട്ടാ…. (കുറച്ചു നടന്നപ്പോൾ പിന്നിന്നൊരു വിളി, ഈശ്വര നാളെതൊട്ട് വരണ്ടാന്നു പറയാൻ ആയിരിക്കോ.?!!)

: എന്നെ പുറത്തൊന്നു കൊണ്ട്പോകോ…. ഈ രാത്രി!!… (അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ തല ഒരുവശത്തേക്കു ചെരിച്ച്‌, ആ കാപ്പിപ്പൊടി കണ്ണിണകൾ വിടർത്തി ചോദിച്ചു. ഞാൻ തുടുത്ത ആ കവിളിണകളിൽ, പെരിച്ചാഴി പൊരുത്തലട കണ്ടപോലെ നോക്കി.)

അവൾ ആ യാത്ര എത്രമാത്രം ആഗ്രഹിക്കുണ്ടെന്നു അവളുടെ കണ്ണുകളിൽ എഴുതിവച്ചിരുന്നു.

തുറന്നിട്ട ജനൽപടിയിൽ ഇടംകൈ അള്ളിപ്പിടിച്ച്‌.എൻറെ മടക്കി വച്ചിരുന്ന വലതുകലിൽ ചവിട്ടി അവൾ ഇറങ്ങി, ആ തണുത്ത വലതുകൈവിരലുകൾ എന്റെ തോളിൽ വിടാതെ പിടിച്ചിരുന്നു, ഞാൻ നിലത്തൂന്നിയ ഇടതുമുട്ടിൽ, ബലം കൊടുത്തു ഇളകാതെ നിന്നു. ഉലഞ്ഞ സാരിയിൽ ആനാവൃതമായ അവളുടെ കാൽപടങ്ങളിൽ അമ്പിളി മുത്തമിട്ടു. നിലാവിനാൽ സ്വർണ നൂപുരം ചാർത്തിയ അവളുടെ നഗ്നമായ പാദങ്ങൾ, അവയ്ക്കുതന്നെ എന്തഴകാണ്. (പണ്ട് നാട്ടിൽ നാട്യശാസ്ത്രം, അറിയുന്ന ശിവൻചേട്ടൻ നാരീലക്ഷണശാസ്ത്രം പറയാറുണ്ട്, സുന്ദരമായ പാദങ്ങൾ സ്ത്രീയുടെ നിർമലമായ മനസ്സിൻറെ മുഖപത്രങ്ങളാണെന്നു.)

Leave a Reply

Your email address will not be published. Required fields are marked *