മീനാക്ഷി കല്യാണം – 3

: ഇത്രയും സന്തോഷിച്ച ഒരു രാത്രി എന്റെ ജീവിതത്തിൽ, ഇന്നേവരെ ഉണ്ടായിട്ടില്ല. ഉണ്ണിയേട്ടന് എന്ത് തന്നാലാണ് ഇതിനൊക്കെ പകരം ആവുക.

: നീ ഒന്നും തരണ്ട, ഇപ്പോ ഇതിൽ പിടിച്ചു കയറ്, അല്ലെങ്കി നാട്ടുകാര് വല്ലതും കണ്ട, അവര് തരും എനിക്ക് നല്ല വറുത്ത അടിയുണ്ട.

അതിനൊരു മങ്ങിയ ചിരി തന്ന്, സാഹസികയായ മീനാക്ഷി എന്നെ വിശ്വസിച്ച്‌ അതിൽ പൊത്തിപിടിച്ചു കയറി. റൂമിലേക്ക് എങ്ങനെയൊക്കെയോ ഇറങ്ങി, അവളെന്നെ നോക്കി, കണ്ണുകളിൽ അപ്പോഴും നനവുണ്ടായിരുന്നു.

ഏണി പഴയ സ്ഥലത്തു വച്ച് ഇരുളിൽ മുങ്ങിയ പുകമഞ്ഞിനെ കീറിമുറിച്ചു നടക്കുമ്പോൾ ഞാൻ പുതിയൊരു കാര്യം പഠിച്ചിരുന്നു….

‘പെണ്ണുങ്ങൾ ആണുങ്ങളെ പോലെയേ അല്ല, അതിലും മനോഹരവും, നിഗൂഢവുമായ ദൈവസൃഷ്ടിയാണ്, അവർ സങ്കടം വന്നാൽ കരയുന്നതുപോലെ, സന്തോഷം വന്നാലും കരയും…..’
വീട്ടിൽ ചെന്ന് അല്പനേരം കിടന്നുറങ്ങി, വേഗം തന്നെ ചാടിയെഴുന്നേറ്റ് ഓട്ടം തുടങ്ങി. ഉച്ചക്ക് ഇന്റർവ്യൂ ഉണ്ട്, ഫെമിനിസ്റ്റ് ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന, സ്ത്രീകൾക്ക് പുരുഷൻമാർക്കു സമമായി ജീവിക്കാൻ അവകാശമുണ്ടെന്ന പരസ്യമായവാദം മുന്നോട്ടു വയ്ക്കുകയും ചെയ്യുന്ന ഒരു നടിയുമായാണ് അഭിമുഖം. പുരുഷാധിപത്യം കൊടികുത്തി വാഴുന്ന സിനിമ മേഖലയിൽ അങ്ങനെ സംസാരിക്കുക എന്ന് പറയുന്നത് കൂടി വിപ്ലവമാണ്.

എമ്മ വാട്സൺ, നിക്കോൾ കിഡ്മാന് ആയി നടത്തിയ ഇന്റർവ്യൂവും, അരുന്ധതി റോയുടെ ചില ഇന്റർവ്യൂകളും റഫർ ചെയ്തു നോറ്റ്‌സ് എടുത്തു. ഇത്തരം ആളുകളോട് സംസാരിക്കുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് നാളെ ഒരു തലവേദനയായി വരാം. അപ്പോൾ നമ്മളും തയ്യാറായിരിക്കണം. ബാക്കിയെല്ലാം സൗഹൃദപരമായ സംഭാഷണത്തിൽ ഒതുക്കാം. എന്ത് പറയണം എന്ന് അധികം ആലോചിച്ചില്ലെങ്കിലും, എന്തൊക്കെ പറയരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും, തേങ്ങയരച്ച് ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച അവിയലും, നല്ല പുളിമാങ്ങ ഇട്ടരച്ച ചമ്മന്തിയും കൂട്ടി വാട്ടിയ വാഴയിലയിൽ പൊട്ടിച്ചൊറ് കെട്ടി, ഞാൻ ആലോചിച്ചു, ഈയൊരു കാര്യത്തിൽ ഞാനൊരു കലാകാരൻ തന്നെ. ആകെ ഒരു സന്തോഷം, എല്ലാത്തിനും ഉത്സാഹം.എനിക്ക് ഇങ്ങനെയും ജീവിക്കാൻ കഴിയുമെന്ന് ഞാൻ അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു.

നടക്കുന്ന വഴികളിലും, അടിക്കുന്ന വെയിലിലും അവൾ മാത്രം, അവളെ കുറിച്ചുള്ള വിചാരം മാത്രം. ഓടുന്ന ബസ്സിലെ വിൻഡോസീറ്റിൽ പകൽക്കിനാവും കണ്ടു ഞാനിരുന്നു.

**********************************

സ്റ്റാഫ് റൂമിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തിരുന്നു പരീക്ഷാപേപ്പർ നോക്കുന്ന മീനാക്ഷി. എന്തോ ശബ്‌ദം കേട്ട് തലയുയർത്തി.

“ശ്……ശ്……” (വീണ്ടും അതെ ശബ്‌ദം)

ഈശ്വരാ പാമ്പാണോ, അവൾ ചുറ്റും പരതിനോക്കി.

ജനലിനുള്ളിലൂടെ തലകടത്തി ഞാൻ പതുക്കെ പറഞ്ഞു.

: പേടിക്കണ്ട മീനാക്ഷി, പാമ്പല്ല…. ഞാനാ. (ഞാൻ ഇളിച്ചു കാണിച്ചു)

മീനാക്ഷി വേഗം ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി, എന്നെ ജനലിനു മറവിൽ ഒളിപ്പിച്ചു.തല കൈയടക്കം പുറത്തിട്ട്, ജനൽപടിയിൽ കൈമുട്ടുകുത്തി അവൾ എന്നെ നോക്കികിടന്നു, അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ, തോരണം ചാർത്തി. ഞാൻ നിൽക്കുന്ന ഭാഗം ഇടുങ്ങിയ ഒരു ആരുമുപയോഗിക്കാത്ത ഇടനാഴിയാണ്, അവിടവിടെ ചപ്പുചവറുകൾ കൂടി കിടപ്പുണ്ട്, സ്റ്റാഫ്റൂമിനോടടുത്ത ഭാഗം ആയതു കൊണ്ട് പിള്ളേരെയും കാണാൻ ഇല്ല.
: ഞാൻ ശരിക്കും പേടിച്ചു പോയി. (അവളുടെ മുഖത്തു ഇന്നുവരെ കാണാത്ത ഒരു വശ്യത, ഒരു ആലസ്യം)

ഞാൻ ആരെയും മയക്കുന്ന ആ മിഴിയഴകിൽ നോക്കി മതിമറന്നു നിന്ന് ചിരിച്ചു.

: ഇന്നലെ ശരിക്ക് ഉറങ്ങാൻപറ്റിയോ… (അവളിൽ കുസൃതി)

: ഇന്നലെ പാതിരാത്രിക്ക് ഒരുത്തിക്ക് കടല്ക്കാണാൻ പൂതി വന്നതുകൊണ്ട്, ഒരുപോള കണ്ണടക്കാൻ പറ്റിയില്ല.

: അതേതാ ഉണ്ണിയേട്ടാ അങ്ങനൊരു പ്രാന്തി. (അവൾ അറിയാത്ത പോലെ താടിയിൽ ചൂണ്ടുവിരൽ വച്ച്, കണ്ണുചിമ്മി ആലോചിച്ചു)

: അതോ, അതൊരു ശലഭം ആണ് മീനാക്ഷി, രാത്രി പലവർണ്ണത്തിൽ ചിറകു മുളയ്ക്കുന്നൊരു നിശാശലഭം.

(അവളതു ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്ന ലാഘവത്തിൽ കേട്ടിരിപ്പാണ്.)

: അല്ലെങ്കി തന്നെ ഈ ഉറക്കമൊക്കെ എന്ന ഉണ്ടായേ ല്ലേ?!!

: അതെയതെ. (അവൾ ചിരിച്ചു)

: നീയുറങ്ങിയോ ഇന്നലെ. (ഞാൻ അവളോട് ചോദിച്ചു).

: എവിടന്നു, ഇന്നലെ റൂമിലൊരു മൂട്ട, മൂട്ടന്നു പറഞ്ഞ ഇണ്ടല്ലോ ഉണ്ണിയേട്ടാ ഈ വലിപ്പം ഉണ്ട് മൂട്ട. (അവൾ കൈ രണ്ടും വിടർത്തി കാട്ടി)

: എന്ന ഇന്ന് നീ, ആ മൂട്ട ഉണ്ടാക്കിയ ഭക്ഷണം കഴിക്കണ്ട. (ഞാൻ തിരിഞ്ഞു നടക്കാൻ പോയി.)

: ൻറെ പൊന്നു മൂട്ടയേട്ടാ (അവൾ കൈയിൽ കടന്നു പിടിച്ചു, എന്തെകിലും ഞാൻ പറയും മുൻപേ ഒരു ചൂടുള്ള ചുംബനം അതിൽ പതിച്ചു.)

ഈ മൂട്ടയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു മരിച്ചേനെ. എനിക്ക് ജീവനാ ഈ മൂട്ടയെ.

എനിക്കെന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു, ഞാൻ ആ ചുംബനത്തിന്റെ മധുരത്തിൽ ലയിച്ചില്ലാതായിരുന്നു.

സ്വബോധം വീണ്ടെടുത്ത ഞാൻ അവളോട് എന്തെങ്കിലും പറയും മുൻപേ, തലയോട്ടി തരിക്കുംപോലൊരു ഇലക്ട്രിക് ബെൽ മുഴങ്ങി, “ക്ലാസ്സുണ്ട്”, പുസ്തകങ്ങളും വാരിയെടുത്തു തിരിഞ്ഞു നോക്കാതെ അവൾ എഴുന്നേറ്റു നടന്നു.

ഞാൻ ചുമരുംചാരി ഇഴുകിയിറങ്ങി വെറും നിലത്തിരുന്നു, നെഞ്ച് പതിവിലും വേഗത്തിൽ മിടിക്കുന്നു, രക്തം പതിവില്ലാത്തൊരു തിടുക്കത്തിൽ സിരകളിൽ കുതിച്ചൊഴുകുന്നു, എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ എഴുന്നേറ്റു നടന്നു.

ആളൊഴിഞ്ഞ വരാന്തകൾ പിന്നിട്ട് പ്രധാന കോറിഡോറിലെ വളവു തിരിഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയ ഞാൻ ഞാൻ, ഇടതുവശത്തു രണ്ടാമതുള്ള ഫസ്റ്റ്ഇയർ രസതന്ത്രം ക്ലാസ്സിൽ മീനാക്ഷി ക്ലാസ്സെടുക്കുന്നതു കണ്ട് ജനലിലൂടെ അല്പൻനേരം നോക്കി നിന്നു.
അഴിഞ്ഞു വീണ മുടിയിഴകളും, വിടർന്ന കണ്ണുകളും, മിന്നിമറയുന്ന അഴകൊത്ത നുണക്കുഴിയും…. ‘മീനാക്ഷി’, അവൾ വായുവിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു ഓർഗാനിക് കെമിസ്റ്ററി പഠിപ്പിക്കുന്നു, എന്തൊരു അഭൗമലാവണ്യം. എൻറെ മനസ്സിൽ ഇന്നലെ രാത്രി മിന്നിമറഞ്ഞു, ഒരോ നിമിഷങ്ങളും, അവൾക്കൊപ്പം ഉള്ള ഓരോ സെക്കന്റുകളും, ഞാൻ ആ നിമിഷം മാത്രമാണ് ജീവിക്കുന്നതെന്ന് എനിക്ക് തോന്നി പോകുന്നു.

ഞാൻ തിരിഞ്ഞുനടന്നു, വരാന്തകൾ പിന്നിട്ടു, കോളേജ് കുട്ടികൾ നിറഞ്ഞൊഴുകുന്ന കല്ലുവിരിച്ച നടവഴിയിലേക്കു കടന്നു. തലങ്ങു വിലങ്ങും ഓടുന്ന കോളേജ് കുട്ടികൾക്കിടയിൽ, തലകുമ്പിട്ടു ഒരു പൊട്ടനെപോലെ ചിരിച്ചു കൊണ്ട് ഞാൻ നടന്നു.

മറ്റൊരാളെ പ്രണയിക്കുന്ന പെൺകുട്ടി, സ്വപ്നത്തിൽപോലും എന്നെ പ്രണയിച്ചിരിക്കാൻ സാധ്യതയില്ലാത്ത പെൺകുട്ടി, അവളെ പ്രണയിച്ചാൽ ഞാൻ നാളെ കരയേണ്ടി വന്നേക്കാം, വിരഹത്തിന്റെ നീറുന്ന വേദന സഹിക്കേണ്ടി വന്നേക്കാം, പക്ഷെ അപ്പോൾ ആ നിമിഷം അതൊന്നും എനിക്കൊന്നുമൊരു വിഷയമേ ആയിരുന്നില്ല….!!

Leave a Reply

Your email address will not be published. Required fields are marked *