മീനാക്ഷി കല്യാണം – 3

: മറ്റൊരു വഴിയും കണ്ടില്ലെങ്ങി കല്യാണം കഴിക്കലാണോ ഒരുവഴി, ഞാൻ ശ്രീയോട് ഇനി എന്ത് പറയും. (അവള് നിരാശാഭവത്തിൽ പറഞ്ഞു നിർത്തി, ശരിയാണ് എന്നെപോലെ അലസനായ ഒരാളെ കല്യാണം കഴിക്കാൻ ഞാൻ പോലും ഒന്നാലോചിച്ചിട്ട് വേണ്ടെന്നേ പറയു)
: വേറെ എന്ത് പറഞ്ഞ അവരെ ഒന്ന് നിർത്ത നീ തന്നെ പറ, ഇതല്ലാതെ മറ്റെന്തു ചെയ്തിരുന്നെങ്കിലും നിന്നെ അവരിവിടന്നു വലിച്ചിഴച്ചു കൊണ്ട് പോയേനെ, അടുത്ത മുഹൂർത്തത്തിൽ ആരുടേലും തലേല് വച്ച്‌ കെട്ടിയേനെ, എനിക്ക് വല്ലതും ചോദിക്കാൻ പറ്റോ?, എതിർക്കാൻ പറ്റോ?, നീ തന്നെ പറ.

മീനാക്ഷി ആലോചനയിലേക്കു വീണു.

: എന്നാലും ഈ താലി…. അവൾ അതിൽ പിടിച്ചു നിന്നു.

: അത് വെറും ഒരു മഞ്ഞ ഒരു ചരടല്ലേ, എപ്പോ വേണമെങ്കിലും പൊട്ടിച്ചു കളയാം, ശ്രീറാമിനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം. (നിറഞ്ഞ ഒരു മൗനത്തിനു ശേഷം ഞാൻ തുടർന്നു)

അമ്മക്ക് നീ ന്നു പറഞ്ഞ ജീവൻ ആയിരുന്നു, എന്റെ ഓർമയിൽ ഇപ്പോഴും അമ്മയെ ഓർത്തു ആ തറയിൽ കിടന്നു കരയുന്ന ഒരു നീ ഉണ്ട്. ആ നിനക്ക് വേണ്ടി ഞാൻ മരിക്കും.

ഞാൻ പറഞ്ഞതിൽ അവൾക് താങ്ങാവുന്നതിലും അപ്പുറം ഉള്ള എന്തൊക്കെയോ ഉണ്ടായിരുന്നു, കൂടുതൽ ഏങ്ങൽ അടിച്ചു തേങ്ങികൊണ്ട് അവൾ ബാഗും എടുത്തു ഇറങ്ങി, നടന്നു നീങ്ങുന്ന അവളുടെ തല, കരച്ചിലിന്റെ ആന്ദോളനത്തിനൊത്തു ദോലനം ചെയ്യുന്നുണ്ടായിരുന്നു. മുടിഴകൾ എനിക്ക് നേരെ അവയുടെ കൈകൾ നീട്ടുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ, ഒരു യാത്രപോലും പറയാതെ അവൾ നടന്നകന്നു. തൊടിയിലെ ആഞ്ഞിലിയെന്നോണം നിശ്ചലമായി അതും നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

പറയാതെ എവിടെ നിന്നോ ഒരുദിവസം കയറി വന്ന അവൾ, പറയാതെ തന്നെ തിരിച്ചു പോയി, ഞാൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്, അവളെ കയറ്റിയ ഓട്ടോറിക്ഷ, കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കിനിന്നു.

********************************

നേരം ഒരുപാടായി, പുറമെ ഇരുള് കയറും തോറും എന്റെ ഉള്ളിൽ ആധിയും കയറിക്കയറി വന്നു. ഈ നേരം കേട്ട നേരത്തു ആ പെണ്ണ് എവിടെയാവും പോയിട്ടുണ്ടാവുക, ഹോസ്റ്റലിൽ എത്തിയിരിക്കുമോ. ഫ്ലാറ്റ് പൂട്ടി ഞാൻ വേഗം ഗണേശപുറത്തേക്കു പുറപ്പെട്ടു. യാതൊരു ലെക്കും ലഗാനും ഇല്ലാത്ത വാച്ച്മാനോട് ചോദിച്ചപ്പോൾ,

“തെരിയാത് സാർ” എന്നല്ലാതെ മറ്റൊരുത്തരവും കിട്ടിയില്ല. കുമുദത്തെയെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ ചോദിക്കാമായിരുന്നു….
സാധാരണമായ എല്ലാവഴികളും നശിക്കുമ്പോൾ നമ്മളെല്ലാം സാഹസികരായി മാറും, എട്ടടിയോളം ഉയരം വരുന്ന പാറക്കല്ലിൽ കെട്ടിപ്പൊക്കിയ ആ ആജാനുബാഹു ആയ മതിൽ ഞാൻ ചാടാൻ തീരുമാനിച്ചു. ഇരുള് വീണ ഒരു മറവിൽ മതിലിൽ തള്ളി നിന്നിരുന്ന പാറക്കല്ലുകളിൽ ചവിട്ടി ഞാൻ ബദ്ധപ്പെട്ട് കയറി. മാനത്തു അമ്പിളിമാത്രം എന്റെ ഈ കസർത്തു കണ്ടു ചിരിച്ചുനിന്നു. അപ്പുറത്തേക്ക് എത്ര താഴ്ചയുണ്ടെന്നു അറിയില്ല താഴെ ഇരുട്ട് കെട്ടി കിടക്കുകയാണ്. ഒന്നും നോക്കിയില്ല ചാടി. ഇപ്പുറത്തു മതിലിനു ഉയരം കുറവായതു കൊണ്ട്, ചത്തില്ല.

അന്ന് കണ്ട ഓര്മവച്ച്‌ ഇരുളിന്റെ മറപറ്റി കെട്ടിടങ്ങളുടെ അങ്ങേ അറ്റത്തുള്ള കുമുദത്തിന്റെ റൂമിലേക്ക് നടന്നു. ഓരോ റൂമിലും അർദ്ധവസ്ത്രധാരികൾ ആയ തരുണി മണികൾ അഴിഞ്ഞാടുന്നുണ്ട്, പലതരത്തിലും പലസൈസ് ലും ഉള്ളവ എല്ലാം ഒന്നിനൊന്നു മെച്ചം. ഞാൻ അറിയാതെ വായതുറന്നുപോയി. പരദൂഷണങ്ങളും, പാട്ടുകളും, പെൺകിളികളുടെ കിളികൊഞ്ചലുകളും, കടന്നു ഞാൻ നടന്നു, മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ ഇതെല്ലാം അല്പംനേരം കണ്ട് ആസ്വദിച്ചുനില്കാമായിരുന്നു. ആരും കാണുന്നില്ലന്നു ഉറപ്പുവരുത്തി വരാന്തയിലേക്ക് കടന്നു കുമുദത്തിനെ മുറിയുടെ വാതിലിൽ തട്ടി. രണ്ടാമത് തട്ടുന്നതിനു മുന്നേ വാതിൽ തുറക്കപ്പെട്ടു.

: സാർ, നീങ്കളാ. എപ്പടി വന്ധിങ്കെ ഇന്ത നേരത്തിലെ. (പെണ്ണിനു ഞാൻ ഇവടെ വന്ന കഥയാണ് അറിയേണ്ടത് ആദ്യം തന്നെ, പിന്നെ ഞാൻ ഈ പാതിരാത്രി, ഒരു മൂഞ്ചിയ എട്ടടിമതിലുംചാടി അവളെ കാണാൻ വന്ന കോളേജുക്കുമാരനല്ലേ കഥ പറഞ്ഞിരിക്കാൻ.)

അപ്പോൾ കൂടുതൽ തുറക്കപ്പെട്ട വാതിലിൽ കൂടി തലകുമ്പിട്ടു ഉള്ളിൽ ഇരിക്കുന്ന മീനാക്ഷിയെ കണ്ടു, അവൾക്കു ഞാനാന്ന് മനസ്സിലായെങ്കിലും തലയുയർത്തി നോക്കിയില്ല.

ഹാവു, എനിക്ക് ഒരു ഇരട്ടപെറ്റപോലെ ആശ്വാസം തോന്നി.

: അമ്മാവേ പാക്ക വന്തിങ്കളാ, സരി ഇങ്കെ നിക്കാതെ, ഉള്ളവാങ്കെ (അവൾ അകത്തേക്ക് ക്ഷണിച്ചു)

ഞാൻ ഒന്നും പറഞ്ഞില്ല, അവളെ നോക്കി ഒരു ആശ്വാസചിരി ചിരിച്ചു തിരിച്ചു നടന്നു. എങ്ങനെയൊക്കെയോ മതിലിൽ വീണ്ടും വലിഞ്ഞു കയറി, അപ്പുറത്തേക്ക് ചാടി. ചാടികഴിഞ്ഞാണ് ഇപ്പുറത്തെ ഉയരമല്ല അപ്പുറത്തേക്കെന്നു ഓർത്തത്. കാരണവന്മാരുടെ പുണ്യംകൊണ്ട് കാലു ഉളിക്കി എന്നല്ലാതെ, ഇത്തവണയും ചത്തില്ല.

ഉളുക്കിയ കാലും ഞൊണ്ടി സമാധാനത്തോടെ വീട്ടിലേക്കു നടന്നു.
അങ്ങനെ മീനാക്ഷി കൊണ്ട് വന്ന കുഴപ്പങ്ങൾക്ക് എല്ലാം ഒരു അവസാനം ആയി. ഇനി സമാധാനമായി കിടന്നു ഉറങ്ങണം.

വീട്ടിലെത്തിയതും കട്ടിലിലേക്ക് കമന്ന് വീണു, ഷീറ്റിനും തലയിണക്കും, അവളുടെ മണം, രാത്രിയിൽ പാരിജാതം പൂത്തമണം. എഴുന്നേറ്റു സോഫയിൽ പോയികിടന്നു. രണ്ടു ദിവസത്തെ ഉറക്കം കണ്ണിനെ ബലമായി പിടിച്ചു അടച്ചു. കുഴപ്പങ്ങളില്ലാത്ത നാളെയിലേക്കു ഞാൻ ഉറക്കത്തിന്റെ തേരിലേറി യാത്രയായി.

ഒന്നും അവിടെ തീർന്നില്ല, അതൊരു തുടക്കം മാത്രമായിരുന്നു, അഴിച്ചാലും അഴിച്ചാലും വീണ്ടും മുറുകി വരുന്ന, അഴകുള്ള ഒരായിരം കുഴപ്പങ്ങളുടെ തുടക്കം…

********************************

മീനാക്ഷി പോയി ഒരാഴ്ചക്ക് ശേഷം….

കണ്ണ് തുറന്നപ്പോൾ മുറി തലകുത്തി നിൽപ്പുണ്ട്.ഒന്നുകൂടി കണ്ണ്തിരുമി നോക്കിയപ്പോ കാര്യം മനസിലായി മുറിയല്ല ഞാനാണ് തലകുത്തി നിൽക്കുന്നതു. രാത്രിയെപ്പോഴോ സോഫയിൽ നിന്ന് ഇഴുകി വീണ്, തലയും ഇടതുതോളും നിലത്തുകുത്തിനിൽപ്പാണ്. അത് മുഴുവനായി മനസ്സിലാക്കി വന്നപ്പോഴേക്കും വഴുക്കി, മുതുകടിച്ചു നിലത്തുവീണു. തല ഒരു സൈഡിലേക്കു തിരിക്കാൻ പറ്റണില്ല, പെടലി ആയി. മുതുകടിച്ചു വീണ വേദനയുമുണ്ട്. ഞാൻ അവിടെ തന്നെ ഇരുന്നൊന്നു ഞെരങ്ങി. ഇന്നലെ അടിച്ച കൂത്താട റമ്മിന്റെ വാട ഇപ്പോഴും വായിൽ നിൽപ്പുണ്ട്. സമയം നോക്കി ഉച്ചക്ക് 2 മണി. നല്ല ദാഹം എഴുന്നേറ്റു ഒരു വായ വെള്ളം കുടിച്ചിറക്കി, ആസിഡ് ഇറങ്ങും പോലെ അതിറങ്ങിപ്പോയി, പക്ഷെ വയറ്റിലെത്തിയപ്പോൾ എന്തൊരു സുഖം. റം അടിച്ച്‌ ഫിറ്റ്ആയി കെടന്നൊറങ്ങി, എണീക്കുമ്പോ, വരണ്ടതൊണ്ടയിൽ ഒരു കവിള് വെള്ളം കുടിക്കണം, ആഹാ സ്വർഗം.

ഞാൻ ഹാളിനു നടുക്ക് ഇട്ടിരുന്ന മരമേശയിൽ കൈകുത്തി തല അതിൽ ചാരി ആലോചിച്ചു. എനിക്ക് എന്താണ് പറ്റിയത്. ഞാൻ എന്താണ് ഇങ്ങനെ. മീനാക്ഷി വന്നുപോയതിൽ അധികം നാൾ ആയിട്ടില്ല, ഞാൻ എണ്ണിനോക്കി ഒരെത്തും പിടിയും ഇല്ല, മാസങ്ങൾ എത്രയോ ഈ ദിവസങ്ങളിൽ കഴിഞ്ഞു പോയതുപോലെ തോന്നുന്നു. അതിനു ശേഷം ശരിക്കൊന്നു ഉറങ്ങിയത് ഓർമ്മയില്ല. ദിവസങ്ങൾക്കു ദൈര്‍ഘ്യം കൂടിക്കൂടി വന്നു. ഒന്നും ചെയ്യാൻ മനസ്സ് വരുന്നില്ല. സ്റ്റുഡിയോയിൽ പോയിട്ട് ഒരുപാടു നാളായി. കൈയിൽ കാശൊക്കെ തീർന്നു തൊടങ്ങി, അവിടെ പോയിരുന്നെങ്കി ശമ്പളം കിട്ടിയേനെ. ഇനിയും ഈ അവസ്ഥ തുടർന്നാൽ അടുത്ത ആഴ്ച ജോലിയും പോകും, മുഴുപ്പട്ടിണിയും ആവും. ഈ ആഴ്ച ഒരു ഇന്റർവ്യൂ എങ്കിലും ചെയ്യണം, ഫോണിൽ മിസ്സ്ഡ് കാൾസ് കുമിഞ്ഞു കൂടുന്നുണ്ട്. എനിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
എനിക്കെന്താണ് പറ്റിയത്, എന്താണ് നഷ്ടപ്പെട്ടത്. എഴുന്നേറ്റു ചുറ്റും നോക്കി, റൂം അലങ്കോലപ്പെട്ടു കിടക്കുന്നു. അടുക്കിപെറുക്കി വക്കണം, പിന്നെയാവട്ടെ. ഞാൻ ഒരു സിഗെരെറ്റിനു തീ കൊടുത്തു. ജനലരികിൽ വച്ചിരുന്ന ബട്ടൺറോസ് ചെടി വാടിയിരിക്കുന്നു, പക്ഷികളെ കാണാൻ ഇല്ല, ഇതിനിടയിൽ എപ്പോഴൊക്കെയോ ജനലരികിൽ വെള്ളം വക്കാൻ ഞാൻ മറന്നു പോയിരിക്കുന്നു. ജംമ്പു ഒന്ന് രണ്ടു വട്ടം വന്നു പഴം കിട്ടാതെ തിരികെ പോയി. അവനെയും ഇപ്പോൾ കാണാറില്ല. പോട്ടെ എല്ലാരും പോകട്ടെ. ഞാൻ അല്ലെങ്കിലും എന്നും ഒറ്റക്കല്ലേ, എനിക്ക് വേറെ ആരാ ഉള്ളെ. ഞാൻ നിരാശയിൽ മുഴുവൻ കത്തി തീരാത്ത സിഗരെറ്റ് ചുമരിലേക്കു വീശിയെറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *