മീനാക്ഷി കല്യാണം – 3

കഷ്ടകാലം എന്റെ ഉച്ചിയിൽ കസേരയിട്ട് ഇരിക്കാണല്ലോ ദൈവമേ. തിരിച്ചു പോകാൻ എഴുന്നേറ്റപ്പോൾ, കാറ്റിൽ അവസാന മുറിയുടെ ജനൽ ഇളകിയെന്നു തോന്നി. വെളിച്ചം ഒന്നും ഇല്ല. എന്തായാലും പൊത്തിപിടിച്ചു കയറി, ആ മുറികൂടി നോക്കിയിട്ടു പോകാം. ഞാൻ കുനിയാതെ നടന്നു, ഇനി അങ്ങോട്ട് വെളിച്ചം ഇല്ലാത്ത ഭാഗം ആണ് മാത്രമല്ല ചുറ്റും മരങ്ങളും മറതീർത്തിട്ടുണ്ട്. യാതൊരു പ്രതീക്ഷയുമില്ലാതെ ചെന്ന് എത്തിനോക്കി, ഇരുട്ട്, കണ്ണിനെ കരണ്ടുതിന്നുന്ന ഇരുട്ട്. ഇരുണ്ട മദയാനകൂട്ടം പോലുള്ള മേഘങ്ങളുടെ മറപറ്റി, അമ്പിളി ഉണ്ണിയപ്പത്തിലിട്ട തേങ്ങാപൂളുപോലൊരു ചിരിനൽകി. തണുത്ത നിലാവെളിച്ചത്തിൽ അവളെ ഞാൻ കണ്ടു, മുട്ടിൽ തലതാങ്ങി ചുരുണ്ടുകൂടിയിരിക്കുന്നു, രാവിലെ ഉടുത്തിരുന്ന വാടാമല്ലികളർ സാരിപോലും മാറിയിട്ടിട്ടില്ല. ദുഃഖം ഇരുട്ടെന്നെപോലെ അവളെ ചുറ്റി നിറഞ്ഞു നിൽക്കുന്നു.

“മീനാക്ഷി…” പതിയെ ശ്വാസത്തിൽ ലയിച്ചൊരു വിളി, അത് കാറ്റിൽ ലയിച്ചുചേർന്നു.

മൂന്നാമത്തെ വിളിക്കാണ് അവൾ വിഹരിച്ചിരുന്ന മായികലോകത്തു നിന്ന് തിരിച്ചെത്തിയത്. പെട്ടന്ന് ഞെട്ടിത്തരിച്ച, അവൾക്കു അത് ഞാൻ ആണെന്ന് മനസ്സിലാക്കിയെടുക്കാൻ, നിമിഷാര്ധങ്ങൾ മാത്രം മതിയായിരുന്നു.

അവൾ ചാടിപിടഞ്ഞെഴുന്നേറ്റു ജനലിക്കൽ എത്തി, അഴികളാൽ വേർതിരിക്കാത്ത, ആ തുറന്ന ജനലിക്കൽ നടുക്കുള്ള മരക്കട്ടിളയിലും പിടിച്ചവൾ നിന്നു, ഒരുവാക്കു ഉരിയാടിയില്ല. ആ കരഞ്ഞു കലങ്ങിയകണ്ണുകളിലും വിടർന്ന നിശാശലഭം പോലുള്ള ചുണ്ടുകളിലും ഒരു നൂറുപരിഭവങ്ങൾ തുളുമ്പി നിന്നിരുന്നു.

അവയുടെ അനഘസൗന്ദര്യത്തിൽ മതിമറന്നു നിന്നുപോയി ഞാൻ, സൺഷേഡ് ഒട്ടൊന്നു താഴെ ആയതു കൊണ്ട് എനിക്കഭിമുഖമായി നിൽക്കുന്നത് അവളുടെ ആലിലക്കൊത്ത അരയഴകാണ്. സ്വാഭാവികമായും എന്റെ നശിച്ച നോട്ടം, മുൻപ് ആകസ്മികമായി കൈയിൽ തടഞ്ഞ അവളുടെ ലക്ഷണമൊത്ത പൊക്കിൾചുഴിയിൽ ചെന്നവസാനിച്ചു. ദൈവം തഴക്കം വന്ന ഒരു ശില്പിയാണെന്നു ഞാൻ ഒരിക്കൽക്കൂടി കണ്ടറിഞ്ഞു. പെട്ടന്ന് തന്നെ അത് സാരിയാൽ മൂടപ്പെട്ടു. നയനസുഭഗമായ ആ കാഴ്ച നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ, മുട്ടായി നഷ്ട്ടപ്പെട്ട കുട്ടിയെ പോലെ ഞാൻ അവളെ നോക്കി.
അവളുടെ വിരിഞ്ഞ കണ്ണുകളിൽ കുറുമ്പിൽ പൊതിഞ്ഞൊരു ദേഷ്യം കണ്ടപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്കു മടങ്ങിവന്നതു.

അവൾ കൈ രണ്ടും ചേർത്ത്കെട്ടി, താഴെ ക്ലാസ്സിൽ വൈകിവന്ന കുട്ടിയെന്നോണം മിഴിച്ചു നിൽക്കുന്ന എന്നെ എന്നെ ഒരു കുസൃതിനോട്ടം നോക്കി നിൽപ്പാണ്.ആ കുഞ്ഞു നുണക്കുഴിക്കെന്തു ചേലാണ്.

പാരവശ്യം പുറത്തു കാണിക്കാതെ ഞാൻ കൈയിലെ പൊതിയവൾക്കു നീട്ടി. അവളതു പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു. വേഗം തട്ടിപറിച്ചു വാങ്ങി, നെഞ്ചിൽ ചേർത്ത് പിടിച്ചു. കടൽത്തിരകൾ പോലെ കനത്ത മുടിയിഴകൾ എന്നെ തഴുകി കടന്നു പോയി. ആ പരിലാളനയിൽ ഞാൻ അല്പൻനേരം കോരിത്തരിച്ചു നിന്നുപോയി.

: നിക്കറിയാരുന്നു ഇന്ന് ഇതും കൊണ്ട് ഉണ്ണിയേട്ടൻ ഒറപ്പായിട്ടും വരൂന്ന്, കുമുദം പറഞ്ഞു കണ്ടൂന്ന്.

(ഞാൻ ഈ പാതിരാത്രി ഉണ്ണിയപ്പവും കൊണ്ട് ഇത്രേടംവരെ റിസ്ക് എടുത്ത് വരുമെന്ന് കൊച്ചു കുട്ടികൾ പോലും വിശ്വസിക്കില്ല, അവളിതും കാത്തിരിക്കായിരുന്നോ?!!)

: അത്… ഞാൻ…ഉണ്ണിയപ്പം ഉണ്ടാക്കിയപ്പം, നീ ഇതൊക്കെ കഴിച്ചിട്ട് കുറച്ച്‌ നാളായിണ്ടാവില്ലേ, കുറച്ച്‌ നിനക്ക് കൊണ്ടതരാം വച്ചു. അല്ലാതെ ഹ ഹ, കുമുദം പറഞ്ഞതോണ്ടൊന്നും അല്ല, വെറുതെ ഇരുന്നപ്പോ അങ്ങട് ഇണ്ടാക്കാൻ തോന്നി.ഒരോരോ വട്ടുകള് ഹ ഹ. (ആദ്യം ഒന്ന് പതറിയെങ്കിലും ഞാൻ പറഞ്ഞവസാനിപ്പിച്ചു)

ഉണ്ണിയപ്പം എന്നുകേട്ടതോടെ പെണ്ണിന് തിരക്കായി, പൊതിയഴിച്ചു നിലാവിൽ ഉണ്ണിയപ്പം കണ്ട അവളുടെ കണ്ണ് പുഷ്യരാഗം പോലെ തിളങ്ങി. ഒരെണ്ണം എടുത്ത് നെയ്യിൽ കലർന്ന അതിന്റെ മണം ആസ്വദിച്ചു നിർവൃതിയോടെ അവൾ കഴിച്ചു അതിൻറെ രുചിയിൽ മുഴുകി നിന്നു.

: നിക്കറിയ, എനിക്ക് വേണ്ടിമാത്രം ഇണ്ടാക്കിയതാന്ന്, ഇനി കള്ളം പറഞ്ഞുകൂട്ടണ്ട. (അവൾ ഉണ്ണിയപ്പത്തിൽ മുഴുകി കണ്ണുപോലും തുറക്കാതെ പറഞ്ഞു)

ഞാൻ ഉണ്ണിയപ്പത്തിൽ ലയിച്ചു നിൽക്കുന്ന അവളുടെ ദേവാങ്കനമാർ തോൽക്കുന്ന അംഗലാവണ്യവും, ഭാവങ്ങൾ മിന്നിമറയുന്ന വദനാരവിന്ദവും നോക്കി മയങ്ങി നിന്നു. ഇതിനു വേണ്ടി മാത്രമാണ് ഞാൻ ഇതെല്ലം ചെയ്തത്. ഈമുഖമൊന്നു പ്രകാശിച്ചു കാണാൻ വേണ്ടിമാത്രം.

അവളതു ആസ്വദിച്ചു കഴിക്കുമ്പോൾ ആ കരിനീല തടാകങ്ങൾ പോലുള്ള കണ്ണുകൾ നിറഞ്ഞു വന്നു. മുഖം കൂടുതൽ വിടർന്നുവന്നു. ഇത്രയും സൗന്ദര്യം തൊട്ടടുത്ത് കണ്ട ഞാൻ, ജനലരികിൽ പുറത്തേക്കു തള്ളിനിൽക്കുന്ന കാൽപ്പാളികളിൽ ഒന്നിൽ കൈതാങ്ങി, തലതോളിൽ ചായ്ച്ചുവച്ച്‌, അതും ആസ്വദിച്ചു നിന്നു. ഇടയ്ക്കെപ്പോഴോ തുറന്ന മീനാക്ഷിയുടെ ഈറൻമിഴികൾ, എന്റെ കണ്ണുകളിൽ ഉടക്കി.
പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ അവൾ ജനൽ ചാരിയടച്ചു, ഇനിയും ഇങ്ങനെ നിന്നാൽ എനിക്കവളോട് പ്രണയം തോന്നിപോകും, എന്നവൾക്ക് മനസ്സിലായിക്കാണും. അടഞ്ഞ ജനലിൽ അല്പൻനേരം നോക്കിയ, ഞാൻ കൈ ഉയർത്തി അതിൽ നിരാശയോടെ ഒന്ന് തഴുകി. സ്വന്തം സഹധര്‍മ്മണിയെ ഒരിക്കൽ പോലും അറിഞ്ഞൊന്നു തൊട്ടിട്ടില്ലാത്ത ഒരു പതിയുടെ തലോടൽ, അവൾ അടഞ്ഞ ജനലിനപ്പുറത്തു, പാളികളിൽ നെറ്റിതടം ചേർത്ത് ഇതേപോലെത്തന്നെ നിൽപ്പുണ്ടെന്നു എനിക്ക് ഉറപ്പായിരുന്നു.

“മീനാക്ഷി….” (വിറയ്ക്കുന്ന കണ്ഠതോടെ ഞാൻ വിളിച്ചു)

ഉണ്ണിയേട്ടൻ പൊയ്ക്കോ… നേരം ഒരുപാടായി (അവളുടെ ശബ്ദവും വിറയ്ക്കുന്നുണ്ടായിരുന്നു)

ഞാൻ തിരിഞ്ഞു നടന്നു. സിരകളിൽ ഇന്നുവരെ തോന്നാത്ത ഒരു ചോരയോട്ടം. മനസ്സിൽ സുഖമുള്ളൊരു തണുപ്പ്. മനോവ്യാപാരങ്ങളിൽ മുഴുകി നടന്ന ഞാൻ, പക്ഷെ നടക്കുന്ന സ്ഥലം ഓർത്തില്ല. കാലുതെറ്റി ഉരുണ്ടുപെരണ്ട് താഴെവീണു. മൂക്കിൽ പുതുമണ്ണിന്റെ ഗന്ധം. പെട്ടന്ന് തന്നെ അടച്ച ജനൽ മലർക്കെ തുറന്ന്, അവൾ ആശങ്കയോടെ എന്നെനോക്കി. കവിളുകൾ ഉണ്ണിയപ്പം കുത്തിനിറച്ച്‌, നെയ്യിൽ പൊരിച്ച ഒരു വലിയ ഉണ്ണിയപ്പം കണക്കെ ഉരുണ്ടു നിൽപ്പുണ്ട്. ആ കണ്ണുകൾ കരിനീല ആകാശത്തിൽ പരൽമീനുകൾ നീന്തുംപോലെ തോന്നിച്ചു. അഴിഞ്ഞു വീണ കേശഭാരം രാകാറ്റിൽ ഇളകിയാടി. അവൾ അരയ്ക്കു മുകളിൽ പകുതിയോളം, ജനലിനു പുറത്താണ്. ഈശ്വര ഈ പെണ്ണ് അവിടന്നങ്ങാൻ വീണാലോ. ഞാൻ വേഗം അവളെ സമാധാനിപ്പിക്കാൻ കൈ ഉയർത്തിക്കാട്ടി പറഞ്ഞു,

: ഒന്നും പേടിക്കണ്ട ഞാൻ ചെറിയ ഒരു സ്‌കിൽ ഇട്ടതാണ്. എനിക്കിതൊക്കെ പുല്ലാണ്.

അവൾ പോയില്ല, ഞാൻ പറഞ്ഞതു വിശ്വസിച്ചും ഇല്ല. ഞാൻ മുഖത്തെ പുല്ലും, മണ്ണും തുടച്ചു മതിലുംചാടി കാറിനടുത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *