ദേവസുന്ദരി – 9 Like

Related Posts


ഹായ്.

കഴിഞ്ഞ ഭാഗം നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. നിങ്ങൾക്ക് എന്നും നല്ലത് തരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. കഴിഞ്ഞ ഭാഗം എഴുതിയപ്പോൾ എന്തോ നല്ല മൂഡ് അല്ലായിരുന്നു. അതിനാൽത്തന്നെ അതികം ചിന്തിക്കാതെ എഴുതിയ പാർട്ട്‌ ആയിരുന്നു. അതിലെ അപാകതകൾ മനസിലാക്കാനും ശ്രമിച്ചില്ല.

എന്നെ ന്യായീകരിക്കുന്നെയല്ല.

ഈ പാർട്ടിൽ കഴിഞ്ഞതിൽ സംഭവിച്ചിരുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി. അത് ഈ പാർട്ടിനെ നല്ലത് പോലെ സ്വാധീനിച്ചിട്ടുണ്ട്.

അപ്പൊ വായ്ച്ച് അഭിപ്രായമറിയിക്കൂ.

ഇല്ല… ഞാൻ ആത്മഹത്യ ചെയ്താലത് എല്ലാം സമ്മതിച്ചുകൊടുക്കണത് പോലെയാവും… എനിക്കെന്റെ നിരപരാതിത്വം തെളിയിക്കണം….

എന്നെ ചതിയിൽ കുടുക്കിയതിന് അവളെ അനുഭവിപ്പിക്കണം..

ഇവിടെയിരുന്നാൽ വട്ടായിപ്പോകും. ഞാൻ എണീറ്റ് ജിൻസിയുടെ ഫ്ലാറ്റിന് മുന്നിൽച്ചെന്ന് നിന്നു. അവളെങ്ങനെ പെരുമാറും എന്നറിയില്ല. പക്ഷേ എനിക്കിപ്പൊ എല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞേ മതിയാവൂ.

ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി.

കുറച്ച് കഴിഞ്ഞാണ് അവൾ വന്നത്.കതക് പാതി തുറന്ന് ആരാണ് എന്ന് അവൾ നോക്കി. ഞാനാണ് എന്ന് കണ്ടതും അവൾ വാതിലടക്കാൻ തുനിഞ്ഞു. ഞാൻ അത് അകത്തേക്കു തള്ളിപ്പിടിച്ചു.

” ജിൻസി പ്ലീസ്… എനിക്കൊന്ന് സംസാരിക്കണം.”

ഡോർ തള്ളിക്കൊണ്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

” എനിക്കൊന്നും കേക്കണ്ട… ”

അവളതും പറഞ്ഞ് വാതിലടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഞാൻ കുറച്ചൂടെ ശക്തിൽ അകത്തേക്കുതള്ളിയതും അത് തുറന്നു. ഞാൻ അകത്തേക്ക് കയറി എന്റെ പിന്നിൽ വാതിൽ ചാരി.

” ഇറങ്ങിപ്പോടാ….”

അവൾ അലറി.

എന്റെ കണ്ണ് നിറഞ്ഞുതുടങ്ങിയിരുന്നു.

” ഇല്ലാ… എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ ഞാൻ പോവൂ….”

അകത്ത് കയറാൻ ബലം പിടിച്ചിരുന്നതിനാൽ നെറ്റിയിൽ പുരികത്തിനോട് ചേർന്നുള്ള മുറിവിൽനിന്ന് രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു.
അനുവാദമില്ലാതെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറുന്നത് കുറ്റംതന്നെയാണ്. പക്ഷേ ഇതല്ലാതെ എനിക്ക് മുന്നിൽ വേറെ വഴിയില്ല.

” ജിൻസീ… പ്ലീസ്… ഇതൊക്കെ അവളുടെ ട്രാപ് ആയിരുന്നു… ഞാനറിയാതെ അതിൽപോയി വീണതാ…”

ഞാൻ പറഞ്ഞെങ്കിലും അവളത് കേൾക്കാത്തതുപോലെ എന്നിൽനിന്ന് അല്പം മാറിനിന്നു. ഞാനവിടെ നിൽക്കുന്നത് അവൾക്ക് ഇഷ്ടമാകുന്നില്ല എന്ന് അവളുടെ മുഖഭാവത്തിൽനിന്ന് മനസിലാക്കാമായിരുന്നു.

ഞാൻ ഇന്ന് ഓഫീസിൽ നടന്ന കാര്യമൊക്കെ ജിൻസിയോട് പറഞ്ഞു. ദേഷ്യത്തിന്റെ പുറത്ത് ഞാനവളെ തല്ലിപ്പോയതും അവൾ സംസാരിക്കണം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയതുമൊക്കെ.

” അവളെന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞ ഒരു പാർക്കിലേക്കാ കൊണ്ടുപോയെ. അവൾ സംസാരിച്ചുതുടങ്ങിയപ്പോൾ ആരൊ എന്തോവച്ചെന്റെ തലക്ക് അടിക്കുകയായിരുന്നു…. അപ്പൊ ഉണ്ടായ മുറിവാണിത്.. പിന്നേയവിടെന്താ നടന്നെയെന്ന് എനിക്കറിയില്ല… ബോധം വീഴുമ്പോൾ ഞാനാറൂമിൽ ആയിരുന്നു…”

ആദ്യം ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാത്തപോലെ നിന്നവൾ ഞാൻ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ പറയുന്നത് ശ്രദ്ധിച്ചുതുടങ്ങി. ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ കുറച്ച് നേരം എന്തോ ആലോചിച്ചിരുന്നു.

” ഡാ… ഞാനൊരുകാര്യം ചോദിക്കട്ടെ… നിന്നെ പെടുത്താനായിരുന്നെങ്കിൽ എന്തിന് അവൾ നിന്റെകൂടെ ആ റൂമിൽ നിക്കണം… പൈസ കൊടുത്താൽ അതിനൊക്കെ വേറെയാളെ കിട്ടിയേനെ…! ”

അപ്പോഴാണ് ഞാനത് ആലോചിക്കുന്നത്.

എന്നെ പെടുത്താനായിരുന്നു എങ്കിൽ അവളെന്തിന് ഇതിൽ സ്വയം ഇരയാകണം.

ഞാൻ ആലോചിച്ച് ഇരിക്കുന്നത് കണ്ട് ജിൻസി തുടർന്നു.

” പിന്നെയിത് ബാംഗ്ലൂരാണ്… ഇതൊക്കെയിവിടെ സാധാരണമാണ്… അതുകൊണ്ട് ആരേലും ഇൻഫോം ചെയ്യാണ്ട് പോലീസ് കേറിവരില്ല… അതുമല്ല അവർക്ക് ഇങ്ങനെയൊരു കാര്യത്തിന് ആക്ഷനെടുക്കാനുമ്പറ്റില്ല. സോ… ഇത് ആരൊ മനപ്പൂർവഞ്ചെയ്യിച്ചതാണ്..!”

അവൾ പറഞ്ഞത് കേട്ട് ഞാനാകെ വല്ലാതായി. ആര്…! തടകക്ക് അല്ലാതെ ആർക്കാണ് എന്നോടിത്ര ദേഷ്യം…!

അത് മനസിലാക്കിയെന്നോണം ജിൻസിയെന്റെ കയ്യിൽ പിടിച്ചു.

” സോറീടാ…. പെട്ടന്നങ്ങനെയൊക്കെ കേട്ടപ്പോ… ”

ഞാൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. കുറച്ചൊരു ആശ്വാസം തോന്നുന്നുണ്ട്. ഇനി അമ്മയേയും അച്ഛനെയും മനസിലാക്കിപ്പിക്കാൻ ജിൻസിയെന്നോടൊപ്പം ഉണ്ടാവും.

” നിനക്കുറപ്പാണോ ജിൻസി ഇതവളല്ല ചെയ്യിച്ചതെന്ന്… “
ഞാൻ ജിൻസിയുടെ മുഖത്തേക്ക് നോക്കി.

” പോലീസ് വന്നത്കൊണ്ട് ആരൊ ചെയ്യിച്ചതാണെന്ന് ഉറപ്പാടാ… അതവളാവാൻ സാധ്യതയില്ല… കാരണം നിന്റെകൂടെ ആ റൂമിൽ നിന്നാൽ അവളുടെ ജീവിതങ്കൂടെ നശിക്കൂന്ന് അവൾക്കറിയാതെയിരിക്കില്ലല്ലോ… പിന്നേ നീ പറഞ്ഞുവല്ലോ… പോലീസ് കതക് ചവിട്ടിപ്പൊളിച്ചതൊന്നും അവളറിഞ്ഞിരുന്നില്ലാന്ന്… അപ്പോൾ അവൾ മിക്കവാറും സെടെഷനിൽ ആയിരുന്നിരിക്കണം… ഇതൊക്കെ കൊണ്ടാണ് ഞാൻ അങ്ങനെയൊരു സംശയമ്പറഞ്ഞത്. അവളല്ല… മാറ്റാരോ ആണിതിന് പിന്നിലെന്ന്. ”

“ഹ്മ്മ്… ”

ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.

ജിൻസി എണീറ്റ് റൂമിലേക്കു പോയി. തിരിച്ചുവരുമ്പോൾ അവളുടെ കയ്യിലൊരു മെഡിസിൻ ബോക്സ്‌ ഉണ്ടായിരുന്നു. അവളെന്റെ അടുത്തിരുന്ന് കോട്ടൺ വച്ച് നെറ്റിയിലെ മുറിവിൽനിന്ന് ഒലിച്ചിറങ്ങിയ ചോര ഒപ്പിക്കളഞ്ഞു. പിന്നേ കോട്ടൺ എന്തോ ഒരു ലിക്യുഡിൽ മുക്കി മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി.

“സ്സ്…”

വല്ലാതെ നീറി… സ്വർഗ്ഗവും നരകവും ഒന്നിച്ച് കണ്ടു ഞാൻ.

ക്ലീനിങ് കഴിഞ്ഞ് അവിടെ ഒരു ബാന്റെയ്ഡ് കൂടെ ഒട്ടിച്ച് അവൾ എണീറ്റു.

” നീ വാ… അവളോട് തന്നെ ചോദിക്കാം…”

എന്നും പറഞ്ഞ് ജിൻസി എന്റെ ഫ്ലാറ്റിലേക്ക് നടന്നു. അവൾക്ക് പിന്നാലെ ഞാനും.

അഭിരാമിയിപ്പോഴും ആ മുറിക്കകത്താണ്. ഞാൻ ചെന്ന് കതക് തട്ടി. പക്ഷേ അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. എന്തോ ഒരു പേടി തോന്നി… ശക്തിയായിത്തന്നെ ഞാൻ കതകിൽ തട്ടി. ഇല്ലാ ഒരു പ്രതികരണവും ഇല്ലാ. ഞാനൊരു പകപ്പോടെ ജിൻസിയെ നോക്കി. അവളുടെ മുഖത്തും ഒരു പരിഭ്രമം.

അവൾ കതകിന് അടുത്ത് വന്ന് കതകിൽ തട്ടി

” അഭീ… വാതില് തുറക്ക് ഇത് ഞാനാ…! ”

കതകിൽ തട്ടിക്കൊണ്ട് തന്നെ അവൾ വിളിച്ചുപറഞ്ഞു.

രണ്ട് സെക്കൻഡ് കഴിഞ്ഞ് കതകിന്റെ കുറ്റിഎടുക്കുന്ന ശബ്ദം കേട്ടു. തൊട്ടുപിന്നാലേ കതക് തുറന്ന് കരഞ്ഞുകൊണ്ട് അവൾ ജിൻസിയെ കെട്ടിപ്പിടിച്ചു. ഒരു നിമിഷം നിലച്ചുപോയിരുന്ന ശ്വാസം ഒരു ദീർഘ നിശ്വാസമായി എന്നിൽനിന്ന് പുറത്ത് വന്നു.

ജിൻസി എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
പക്ഷേ എനിക്കിപ്പഴും ഇവൾ തന്നെയാണോ ഇത് ചെയ്തത് എന്ന സംശയം ബാക്കിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *