മീനാക്ഷി കല്യാണം – 4

എന്റെ മനോമണ്ഡലം ആ നിഷ്കളങ്കമായ മുഖത്തിനു ചുറ്റും വലംവച്ച്കൊണ്ടിരുന്നു.

മുഖത്തൊരു കാറ്റടിച്ചാൽ, നല്ല ഒരു പാട്ടുകേട്ടാൽ, അറിയാതൊരു പൊടിമഴ എനിക്കുമേലെ തൂവിയാൽ എനിക്കവളെ ഓർമ്മവരും, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണും.

അവൾക്കും എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം, പക്ഷെ എന്തോ അവളാ പ്രണയത്തെ കൂട്ടുപിടിച്ചു എന്നിൽ നിന്ന് അകലാൻ ശ്രമിച്ചുകൊണ്ടിരുന്നു.

മീനാക്ഷിയുടെ കാമുകൻ, ഞാൻ ആയിരുന്നെങ്കിലോ.

എന്റെ ഹൃദയത്തിൽ അവളോട് ഇക്കണ്ട സ്നേഹം കുത്തിനിറക്കുന്ന ദൈവത്തിനു, അവനവിടെയൊരു മദാമ്മയോട് ഇഷ്ടം തോന്നിപ്പിക്കാൻ നിഷ്പ്രയാസം കഴിയില്ലേ.

എന്റെ ക്രൂരമായ മനസ് അനുനിമിഷം അവർ പിരിയാൻ ആഗ്രഹിച്ചു.

പ്രണയം നിഗൂഢമാണ്, അതിൻറെ ചിന്തകളോ അതിലേറെ നിഗൂഢം.

****************

അവളുടെ കരിഞ്ഞ കുക്കർ കേക്ക് തിന്നണ്ടി വന്ന ക്രിസ്തുമസ് രാത്രിയും കടന്നു ദിനങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരകൾ പോലെ പാഞ്ഞു.

അങ്ങനെ പുതു വർഷത്തിന്റെ തലേന്ന് പകൽ പൊട്ടി വിരിഞ്ഞു.

ഞാൻ എഴുന്നേറ്റതും കണ്ടത് അവളെ ആയിരുന്നു, കാതിൽ ജിമിക്കിയണിഞ്ഞു കൊണ്ട് അവൾ ഓടിനടന്ന് എന്തൊക്കെയോ ചെയുന്നു. ഇന്ന് സാധാരണയിൽ വിപരീതമായി നേരത്തെ എണീറ്റു കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകാൻ തയ്യാറാവുകയാണ്. കൈയിൽ ചുവപ്പു എംബ്രോയിഡറി പട്ട വച്ച, ക്രീംകളർ പട്ടുതുണി കുർത്തയാണ് അണിഞ്ഞിരിക്കുന്നതു, പാട്ടുപാവാടയ്‌ക്കൊപ്പം ഇടുന്ന പോലെ എങ്കിലും ഇറക്കം കൂടുതൽ ഉണ്ട്, താഴെ അവിടവിടെ പിന്നിയ ബ്ലൂ ആംഗിൾ ലെങ്ത് ജീൻസ്‌ ആണ്. കോളജിലേക്ക് ആയിരിക്കില്ല, അവിടേക്കു അവൾ സാരി ഉടുത്തേ പോയികണ്ടിട്ടുളളൂ. എന്തായാലും സിനിമ നടിമാർക്കു പോലും എന്റെ മീനാക്ഷിക്കൊത്തു ഭംഗി ഇല്ല, അതെനിക്കൊറപ്പാ. ഞാൻ സോഫയിൽ കൈമുട്ടു കുത്തി തല അതിൽ താങ്ങിനിർത്തി അവളെ നോക്കി.

സാമുദ്രിക ലക്ഷണപ്രകാരം ഇവൾ ശംഖിനിയോ, പത്മിനിയോ, എന്റെ തലയിൽ അപ്പോൾ അതാണ് കടന്നു പോയത്. രാത്രികളിൽ ശംഖിനിയും, പകലവൾ പത്മിനിയുമാകുമോ, ഇത്തരത്തിൽ സ്ത്രീ ശരീരങ്ങളോട് കാലത്തിനനുസരിച്ചു നമുക്ക് വ്യത്യസ്തഭാവങ്ങൾ തോന്നുന്നതെന്താണ്.
“ഉണ്ണിയേട്ടാ എന്താ ഈ ആലോചിച്ചു കിടക്കണെ?”

അവൾ മുന്നിൽ കൈവീശി എന്നെ ചിന്തയിൽ നിന്നുണർത്തി. അവളോട് അതെങ്ങനെ ചോദിക്കാനാണ്, അതുകൊണ്ടു ഞാൻ തിരിച്ചൊരു ചോദ്യം തന്നെ ചോദിച്ചു.

“എങ്ങോട്ടാണ് നീ ഇത്ര രാവിലെത്തന്നെ?”

“ശ്രീ വിളിച്ചിരുന്നു, അവൻ അടുത്തയാഴ്ച്ചവരും, അവനു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫെസ്സർ ആയി ജോലി ശരിയായിട്ടുണ്ട്. ഇവിടെ വന്നു മാര്യേജ് രജിസ്റ്റർ ചെയ്താൽ എനിക്കും വിസക്ക് പ്രശ്നം ഉണ്ടാവില്ലന്ന തോന്നണത്. നമ്മുടെ രജിസ്ട്രറേൻ കാലാവധി അടുത്ത ആഴ്ച തീരല്ലേ? അപ്പൊ ഒപ്പിടാൻ പോവാതിരുന്നാൽ ക്യാൻസൽ ആവില്ലേ? അതിനു ശേഷം അപ്ലിക്കേഷൻ കൊടുക്കാമെന്ന അവൻ പറഞ്ഞെ.”

തിരക്കിട്ടു ഒരുങ്ങുന്നതിനിടയിൽ എന്നെ നോക്കാതെ ഇത്രയും പറഞ്ഞു, അവൾ എന്റെ നേരെ തിരിഞ്ഞു.

എന്റെ തല കറങ്ങുക ആയിരുന്നു. തലക്ക് ആരോ കല്ലുപൊട്ടിക്കുന്ന കൂടം കൊണ്ട് അടിച്ചപോലെ ഞാൻ പകച്ചിരുന്നു. കരയണോ, ചിരിക്കണോ എന്നെനിക്കു പിടികിട്ടുന്നില്ല. എഴുന്നേൽക്കണ്ടായിരുന്നു, മിണ്ടാതെ കിടന്ന മതിയായിരുന്നു, ഇനി കിടന്നാലോ, ഏയ് നടക്കില്ല, അവൾക്കു എനെറെ മുഖം കണ്ടാൽ എല്ലാം പിടികിട്ടും.

ഇതെന്നെങ്കിലും ഉണ്ടാവുമെന്നെനിക്കു അറിയാമായിരുന്നു, എങ്കിലും അതിനെ എങ്ങനെ നേരിടുമെന്ന് ഞാൻ ആലോചിച്ചു വച്ചിരുന്നില്ല. ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അവൾക്കു എന്റെ മുഖം മാറിയത് കണ്ടപ്പോൾ ഞാൻ അനുഭവിക്കുന്ന വ്യഥ മനസ്സിലായിട്ടാണെന്നു തോന്നുന്നു, വന്നെനിക്കു താഴെയിരുന്നു, സോഫയിൽ താടിവച്ച് എന്റെ മുഖത്തേക്ക് കുട്ടികളെപ്പോലെ നോക്കിയിരുന്നു.

“പോകാൻ എനിക്കും വിഷമം ഉണ്ട്, ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചതു, സന്തോഷിച്ചത് ഉണ്ണിയേട്ടന്റെ ഒപ്പം ഉണ്ടായ ദിവസങ്ങളാ. മരിച്ചാലും അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ ജീവിതാവസാനം വരെ അതൊക്കെ ആലോചിച്ചിരിക്കും.” അവൾ ഒരു കണ്ണിൽ ഒഴുകിവന്ന കണ്ണ്നീര് തുടച്ചു.

“പക്ഷെ അവൻ വന്നു വിളിക്കുമ്പോ എനിക്ക് പോകാതിരിക്കാൻ പറ്റോ? അത് വിശ്വാസ വഞ്ചനയല്ലെ?”

അവളുടെ മൂക്കിൽ നിന്ന് അത് പറഞ്ഞു തീർന്നപ്പോഴേക്കും രക്തം ചാലുകീറി ഒഴുകിതുടങ്ങി. അതിൽ നിന്നും അവൾ വല്ലാത്ത പ്രഷറിൽ കൂടിയാണ് കടന്നു പോകുന്നതെന്ന്, എനിക്ക് മനസ്സിലായി.

അവളുടെ മൂക്കിൽ നിന്നൂർന്നു വന്ന രക്തം, തള്ളവിരലിൽ തുടച്ചെടുത്ത്, ഞാൻ ആ സന്ദർഭം ലഘൂകരിക്കാൻ, ദയനീയമായി ഒരു താമശപറയാൻ ശ്രമിച്ചു.
“നീ ഇത്ര നേരത്തെ കുളിച്ചൊരുങ്ങി, ഞാൻ എണീക്കാണേനും മുന്നേ തിരക്കുപിടിച്ച്‌ ഓടണ കണ്ടപ്പോൾ ഞാൻ വിചാരിച്ചു…. നീ ഇനി ആ തയ്യൽക്കാരൻ കുമാർ അണ്ണന്റെ ഒപ്പം ഒളിച്ചോടാൻ ഉള്ള വല്ല പ്ലാനും ആയിരിക്കുമെന്ന്. (ഞാൻ അർത്ഥമില്ലാത്തൊരു ചിരിചിരിച്ചു)

അവളും ഒരു ഉഷാറില്ലാത്ത ചിരിച്ചിരിച്ച്‌, എന്റെ തോളിൽ ഒരു ഇടിയും ഇടിച്ചു എഴുന്നേറ്റു.

ടൗണിൽ പോയി അടുത്ത ആഴ്ചക്കു അവനു സർപ്രൈസ് കൊടുക്കാൻ കുറച്ചു സാധനങ്ങളും വാങ്ങിവരാം എന്ന് പറഞ്ഞു, അവൾ ഇറങ്ങി.

ഞാൻ കണ്ണ് തുറന്നുകൊണ്ടു തന്നെ തിരിഞ്ഞു കിടന്നു. ഇന്നത്തെ പകൽകാറ്റിൽ ഞാൻ തീർത്ത ചീട്ട്ഗോപുരങ്ങളെല്ലാം, തകർന്നുവീണു തുടങ്ങിയോ!!….

***************

വെയിൽ മൂത്തു പഴുക്കുന്നതിനനുസരിച്ച്‌ , എനിക്ക് നെഞ്ചിൽ നെരിപ്പോട് കയറ്റിവച്ച അവസ്ഥയായി, ആകെ സംഭ്രമം, അവളിന്നു ആദ്യമായി ഭക്ഷണം കഴിക്കാൻ സമയത്തേക്ക് എത്തിയില്ല. ഫോൺ വിളിച്ചപ്പോൾ തിരക്കിലാണ്, പുറത്തുന്നു കഴിച്ചു എന്ന് പറഞ്ഞു കട്ട് ചെയ്തു. ഇത്രനാൾ ഞാൻ ചെയ്തതിനെ എല്ലാത്തിനേക്കാളും, എൻ്റെ പാചകത്തിനും, സ്നേഹത്തിനും മുകളിലാണ് അവൾക്കവനെന്നു എനിക്ക് വെറുതെ തോന്നി, യാഥാർഥ്യമാണെങ്കിലും അതെന്നെ ഒരുപാട് വേദനിപ്പിച്ചു.

വെയിലിന്റെ ഭാവങ്ങൾ സമയത്തിനനുസരിച്ചു മാറിവന്നു, അവസാനം പോക്കുവെയിൽ വീണു, രാവിലെ മുതൽ ഒറ്റനിൽപ്പു നിന്നുകൊണ്ട്, ദേഷ്യമെല്ലാം തണുത്തു തുടങ്ങിയ സൂര്യൻ, ചുവന്ന ഷർട്ട് എടുത്തിട്ട് സന്ധ്യക്ക്‌ പോകാൻ ഒരുങ്ങുന്ന പെയിൻറ് പണിക്കരുടെ പോലെ തയ്യാറായി നിന്നു.

അവളുടെ ഒരു കോൾ, ഇല്ല മെസ്സേജ് ഇല്ല, എന്തുകൊണ്ടോ എനിക്കതു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

തിരക്കേറിയ ചെന്നൈ നഗരത്തിന്റെ വഴിയോരങ്ങളിൽ വശ്യമായ വഴിവിളക്കുകൾ തെളിഞ്ഞു, അതിനെ മനോഹരമായ തണുത്ത രാത്രി പുണർന്നു.

നാളെ പുതുവത്സരദിനം ആണ്. പ്രതീക്ഷയുടെ ഒരു വര്ഷംകൂടി വിരിയാൻ കാത്തുനിൽക്കുകയാണ്. ഫോണിൽ തുടരെ തുടരെ വിളികളാണ്. എല്ലാവരും ആഘോഷങ്ങളിലാണ്. മദ്യത്തിൽ ചാലിച്ച ആർപ്പുവിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. സന്തോഷം എങ്ങും കാറ്റിൽ നിറഞ്ഞു നിന്നു, എനിക്ക് ഒഴികെ.

Leave a Reply

Your email address will not be published. Required fields are marked *