മീനാക്ഷി കല്യാണം – 4

********************

ടോണിയെ കെട്ടിപിടിച്ചു വെറും നിലത്തു കിടന്നുറങ്ങിയ ഞാൻ നല്ലൊരു ചവിട്ടു പുറത്തു കൊണ്ടാണ് എഴുന്നേറ്റത്. ഒന്ന് കറങ്ങിയ ബോധം തൽസ്ഥാനത്തെത്തും മുന്നേ, ചവിട്ടിയ ആൾ ഇറങ്ങി പോയിട്ടുണ്ട്,

ഒരു തങ്കനൂപുര ശിഞ്ജിതം മാത്രം മുറിയിൽ അലയടിച്ചു നിന്നു.

വാതിലിനരികിൽ ഒരു ഇളംനീലസാരിയുടെ മുന്താണി കാറ്റിൽ പറന്നകന്നു. അവളാവും, മീനാക്ഷി, അവളെന്തെവോ അതിരാവിലെ തന്നെ വന്നിട്ട് ഒന്നും മിണ്ടാതെ പോയത്. ഞാൻ ഇപ്പോഴും ഫിറ്റാണ് എന്ന് വച്ച് കാണും, അതോ ഇതും വിസ്കിയുടെ കളിയാണോ. തോന്നിയതാവും. അപ്പോഴാണ് ലക്ഷ്മി അമ്മാൾ ഓടിപിടച്ചു കയറി വന്നത്,

: ആവി അന്ത പൊണ്ണ് യാര് , പെരുമാളേ എവളോ അഴക്, അന്തമാതിരി പൊണ്ണെ കല്യാണം പണ്ണ് തമ്പി, നീങ്ക രണ്ടു പേരുമേ മെയ്ഡ് ഫോർ ഈച്ച് അദറാ ഇറുക്കു.കണ്ണുക്ക് ലക്ഷണമാ അഴകായിരുക്ക്. മുതലേ ഇന്തമാതിരി പൊറുക്കികളോടെ സുത്തറത് നിപ്പാട്ട്.
(ടോണിയെ നോക്കി നെറ്റി ചുളിച്ച് ആണ് അക്ക പറഞ്ഞു നിർത്തിയത്, അക്ക അവനെ പൊറുക്കി എന്ന് വിളിച്ചത് പോലും അറിയാതെ അവൻ ഗാഢനിദ്ര പൂണ്ടു കിടന്നു. മീനാക്ഷിയെ അക്കക്ക് നല്ലോണം ഇഷ്ടം ആയിട്ടുണ്ട്, ഇല്ലെങ്ങി ഇത്ര വെപ്രാളപ്പെട്ട് ഓടി വരില്ല, പക്ഷെ അവര് പറഞ്ഞതിൽ ഞങ്ങൾ നല്ല ചേർച്ചയാണ് എന്ന് പറഞ്ഞത് എനിക്ക് അത്ഭുതം ആയി, എന്നെ കാണാൻ അത്ര ഭംഗി ഒക്കെ ഉണ്ടോ, സ്നേഹം കൊണ്ട് പറഞ്ഞതാവും.പക്ഷെ അക്ക ശരിക്കും തോന്നിയാൽ മാത്രേ എന്തേലും പറയാറുള്ളു വെറുതെ സന്തോഷിപ്പിക്കാൻ മാത്രം ഒന്നും പറയാറില്ല. ആ എന്തേലും ആവട്ടെ, അക്കയോട് പറഞ്ഞേക്കാം)

: അക്കക്കു, അത്രക്ക് ഇഷ്ടായത് കൊണ്ട് അന്തപൊണ്ണിനെ, ഞാൻ കഴിഞ്ഞാഴ്ച കല്യാണം കഴിച്ചു. എല്ലാം പെട്ടന്നായിരുന്നു. അക്ക നാട്ടിന്ന് വന്നിട്ട് ഒരുമിച്ചു വന്നുകണ്ടു സർപ്രൈസ്‌ തരാംന്നു വച്ചിരിക്കാർന്നു, അതിനുമുന്നെ അവള് വന്ന് എല്ലാം പൊളിച്ചു.

: രാമൻ സീത മാതിരിയെ ഇരുക്കു ആവി, യേ ആവ കോപത്തിലെ കളമ്പി പോറാ, സണ്ടയാ.

അപ്പൊ അവള് ഇവിടന്നു ചവിട്ടിതുള്ളി പോയത് കണ്ടു അക്ക വിചാരിച്ചു ഞങ്ങൾ ഇന്നലെ വെള്ളംഅടിച്ചതിന്റെ പിണക്കം കാണിച്ചതാവും ന്ന് .

ഹ ഹ ഹ , അവൾക്കെന്തിനാണ് പിണക്കം, ഈശ്വര ശരിക്കും പിണക്കാവോ. അവാൻ സാധ്യത ഉണ്ട് ഇന്നലെ അവളെ കാണാൻ പോയിട്ട് എന്തൊക്കെയാ ഉണ്ടായതെന്ന് യാതൊരു ഐഡിയയും കിട്ടുന്നില്ലാലോ, എന്തായാലും ഇന്ന് സ്പെഷ്യൽ വല്ലതുമായി ചെന്ന് കാലുപിടിക്ക തന്നെ വഴി

: മിഴിച്ചിരിക്കാതെ പോയി സമാധാനിപ്പിക്കാൻ ഉള്ള വഴി നോക്കടാ പൊട്ടാ, അയ്യോ എന്റെ കുട്ടിയോള്.

എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയ അക്ക, എല്ലാ ദിവസത്തെയും പകൽ സ്ഥിരമായി നടക്കുന്ന അങ്കംവെട്ടുകളിലേക്കു തിരിച്ചോടി, പിള്ളേർക് വണ്ടി വരാൻ സമയം ആയി കാണണം.

ഞാൻ ചാടിയെഴുന്നേറ്റു പണികളെല്ലാം കഴിച്ചു, ടോണിയെ വിളിച്ചു ഉണർത്തി ഒരു കാപ്പി ഇട്ടു കൊടുത്തു, തട്ടികൂട്ടിയ ഉപ്പുമാവും കഴിച്ചു അവൻ അങ്ങനെ ഇരിക്കുമ്പോ, ഞാൻ സദ്യക്കുള്ള ആലവട്ടവും വെഞ്ചാമരവും വിരിച്ചു.

പഴുത്ത പൈനാപ്പിളും, ടച്ചിങ്‌സ് ആണെന്ന് പറഞ്ഞു ടോണി എവിടന്നൊക്കെയോ കാശുപോലും കൊടുക്കാതെ എടുത്തു കൊണ്ട് വന്ന കുറച്ചു മുന്തിരിയും ഇരിപ്പുണ്ട്. പൈനാപ്പിൾ എടുത്തു നുറുക്കി, കുറച്ചു അരച്ചും ചേർത്ത്, നല്ല കറുത്ത ഉണ്ടശർക്കരയിട്ടു വേവിച്ചു, മഞ്ഞളും പച്ച മുളകും ചേർത്ത്, കുറച്ചു നാളികേരം പാകത്തിനരച്ചു ചേർത്ത്, നെയ്യിൽ വറ്റൽമുളക്, മുന്തിരി, കറിവേപ്പില, കടുക്, ഉലുവ ഇട്ടു വാട്ടി, താളിച്ചു എടുത്തു.
ആഹാ അംമ്പിസ്വാമി വരെ തോറ്റുപോകുന്ന അസ്സല് പൈനാപ്പിൾ പച്ചടി തയ്യാർ. ഇതിലവളല്ല അവളുടെ അച്ഛൻ കോന്തൻ രാഘവൻ വരെ അടിതെറ്റി വീഴും.

ശരവേഗത്തിൽ അണ്ടിപ്പരിപ്പിട്ട മസാല കൂട്ടുകറിയും, ലക്ഷമിഅക്ക നാട്ടി പോയപ്പോ കൊണ്ട് വന്ന നല്ല സൊയമ്പൻ ഇരിമ്പൻപുളി വറ്റൽമുളകിൽ വാട്ടി, നാളികേരം ചേർത്ത് ചമ്മന്തിയാക്കി അതും ചേർത്ത്, ഇലവാട്ടി പൊതിചോറ് കെട്ടി.

: സ്നേഹിച്ചു സ്നേഹിച്ചു നിന്നെക്കൊണ്ടു ഞാൻ, അരവിന്ദേട്ടാ, അരവിന്ദേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അരവിന്ദേട്ടാ, അങ്ങനെ പറയിക്കൂടി വാര്യംപ്പിള്ളിലെ മീനാക്ഷിമോളെ . ( ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു,)

ടോണി എന്റെ കാട്ടികൂട്ടലുകളും കണ്ടുചിരിച്ചു, ഇന്നലത്തെ ഹാങ്ങോവർ ട്രപ്പീസുകളിക്കുന്ന തലയും ഉഴിഞ്ഞിരുപ്പുണ്ട്.

: എ മാൻ ഇൻ ലവ് ഈസ്,മോസ്റ്റ് റിഡിക്കുലസ് റ്റു വാച്ച്

(പ്രണയത്തിലുള്ള ഒരു ആളെ കാണുന്നതിൽ പരം ഹാസ്യജനകമായ മറ്റൊരു കാര്യം ഇല്ല)

ഞാൻ അതിനു വലിയ ശ്രദ്ധകൊടുക്കാതെ അരിഞ്ഞു വറുത്ത പപ്പടത്തിൽ, മുളക്പൊടി വിതറുന്ന തിരക്കിൽ ആയിരുന്നു…

************************

: എന്തൊക്കെയാണ് ഉണ്ണിയേട്ടാ നിങ്ങളിന്നലെ കാട്ടികൂട്ടിയത്, വല്ല ഓർമ്മയും ഉണ്ടോ. അല്ല നിങ്ങൾ എന്ത് ചെയ്താലും എനിക്കെന്താണ്, നിങ്ങൾ ആരാ എൻറെ, നിങ്ങള് കുടിക്കേ, തലകുത്തി മറയെ , എന്താച്ചാ ചെയ്യ്.

(അവള് മുഖം വെട്ടിച്ചു, ചുണ്ടു കൂർപ്പിച്ചു, ഞാൻ കുറുമ്പ് കാണിച്ചു അടി വാങ്ങാൻ വരിനിൽക്കുന്ന ഒരു ഒന്നാംക്ലാസുകാരന്റെ പോലെ കൈ പിന്നിൽ കെട്ടി അവൾക്കു മുന്നിൽ പരുങ്ങിനിന്നു.)

: ഞാൻ നിന്റെ ആരും അല്ലെ (എന്റെ ശബ്ദത്തിൽ നിരാശ ഉണ്ടായിരുന്നു)

: അല്ല (അവള് ക്രൂരമായി അതിനു ഉത്തരം നൽകി, എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ശക്തി പോലും ഉണ്ടായില്ല, ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി)

തിരിഞ്ഞുനടക്കും മുൻപേ അവൾ കൈയിൽ കടന്നു പിടിച്ചു

: ഇന്നലെ ഞാൻ എന്തോരം പേടിച്ചു പോയിന്നു അറിയോ ഉണ്ണിയേട്ടന്, അതിന്റെ മുകളീന്ന് അങ്ങാനും വീണിരുന്നെങ്കിലോ. അവിടന്ന് എഴുന്നേറ്റു പോയിട്ടു വീട്ടിൽ എത്തിയോ,അതോ എവിടെങ്കിലും പോയി വീണുകെടക്കണുണ്ടോ, ഞാൻ ആരോട് ആന്നു വച്ച ചോദിക്കാ.

(ഞാൻതിരിഞ്ഞു നോക്കുമ്പോ, ആ കരിക്കൊത്ത കണ്ണുകളിൽ,കണ്ണീരിൻ ഇളനീര് കിനിഞ്ഞിരുന്നു)
: സോറി, അവനെ കൊറേ നാളുകൂടി കണ്ടപ്പോ, പഴേ സങ്കടങ്ങളൊക്കെ ഓർമ്മ വന്നപ്പോൾ കുടിച്ചു പോയതാ, ഇനി ഇണ്ടാവില്ല.

അവളുടെ മുഖത്തേക്ക് പെട്ടന്ന് കളിയാടിയ പ്രണയഭാവത്തെ മറികടന്നവളൊരു കുറുമ്പ് കടന്നുവന്നു.

: അത് എവിടന്നു വാങ്ങിച്ച ബ്രഡ്ഓംലറ്റ് ആയിരുന്നു, ഞാൻ ഇന്നേ വരെ ഇത്ര രുചില് അങ്ങനൊരെണ്ണം കഴിച്ചിട്ടില്ല.

: അത് ഇന്നലെ ഫിറ്റായപ്പോ ഞങ്ങൾ ഒരു കടയിൽ കയറി, കഴിക്കാൻ കയറിയതാണ്, പക്ഷെ അവസാനം യുദ്ധകാലാടിസ്ഥാനത്തിൽ കട ഏറ്റെടുത്തു ഓംലറ്റ് ഉണ്ടാക്കേണ്ടി വന്നു, അയാളെക്കൊണ്ട് കഴിപ്പിച്ചു, പിന്നെ കൊറേ നേരം ഓംലറ്റ് അടിച്ചു പഠിപ്പിക്കേം ചെയ്തുന്നു തോന്നുന്നുണ്ട് ഇനി ആ വഴിക്കു പോകണ്ട.

Leave a Reply

Your email address will not be published. Required fields are marked *