അവൾ എഴുന്നേറ്റു എന്നെ ഒന്ന് നോക്കി,
എന്റെ ബോധമണ്ഡലവും, അബോധമണ്ഡലവും ഒന്നായി എന്നവൾക് മനസ്സ്സിലായി. മറയുന്ന കാഴ്ച്ചയിൽ ഞാൻ അത് പറഞ്ഞു മുഴുവിക്കാൻ കിണഞ്ഞു ശ്രമിച്ചു.
“ഈ അരവിന്ദൻ ജീവിതത്തിൽ ആകെ ആഗ്രഹിച്ചു കെട്ടിയ താലിയ അത്…. ആദ്യം ആയിട്ടും……. അവസാനം ആയിട്ടും……. ഇനി അങ്ങനൊന്നും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. മരണം വരെ എനിക്കോർക്കാൻ, അതീ കുറച്ചു ദിവസങ്ങൾ അവിടെ കിടക്കട്ടെ….. കിടക്കട്ടെ….”
എന്റെ ബോധത്തിൻറെ മണ്ഡലം മുഴുവനായും ഇരുട്ട് തിന്നുന്നതിനു മുൻപേ, അവളുടെ ചൂടുകണ്ണുനീർ മഴയായി നെഞ്ചിൽ പെയ്തിറങ്ങുന്നുണ്ടായിരുന്നു.
*************************
ബോധം വരുമ്പോൾ മുറിയിൽ പകൽവെളിച്ചം നിറഞ്ഞൊഴുകുന്നുണ്ട്, എന്നോട് ചേർന്ന് കട്ടിലിൽ ചാരി നിലത്തിരുന്നുറങ്ങുന്ന മീനാക്ഷിയുടെ, കരിനീല കാർകൂന്തളം, തണുത്തപുലർകാല കാറ്റിൽ എന്റെ നെഞ്ചിൽ പ്രചുരപ്രവാഹം ചെയ്യുന്നുണ്ടായിരുന്നു. ആ കറുത്തകടലിൽ മുങ്ങി മരിക്കാൻ എൻ്റെ ഉള്ളു തുടിച്ചു.
പെട്ടന്നാണ് വിമൻസ് ഹോസ്റ്റലിൽ ആണെന്ന ചിന്ത മനസ്സിലേക്ക് കയറി വന്നത്. ഞാൻ അവളെ തട്ടിവിളിച്ചു. കിഴക്ക് അരുണൻ ചെന്തീചിന്തി ഉദിച്ചു നില്കുന്നു, അതിലും ശോഭ പുലർക്കാലേ ഇവളുടെ മുഖത്തിനുണ്ട്. പൊന്നിൻ കിരണങ്ങൾ അരുവിയിൽ തൊട്ടു പ്രകാശം പരത്തും പോലെ, ഈ പെണ്ണ് ഉദിച്ചു ഉണരുന്നതും നോക്കി ഞാൻ മതിമറന്നിരുന്നു.
എന്തോരം നിർബന്ധിച്ചിട്ടും അവളെന്നെ സൺഷെഡ് വഴി ഇറങ്ങാൻ സമ്മതിച്ചില്ല. ഞാൻ ആകെ ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിനെ അവളെ നോക്കിയിരുപ്പായി.
അവൾ യാതൊരു കൂസലും ഇല്ലാതെ, പുലർകാല വ്യവഹാരങ്ങളിലേക്കു കടന്നു, മുഖം കഴുകി, മുടിമേലെ കെട്ടി അവൾ പല്ലുതേപ്പ് തുടങ്ങി.
“ഉണ്ണിയേട്ടൻ ഇവിടെ നിന്നോ ഞാൻ ഭക്ഷണം കൊണ്ടു വന്നു തരാം മൂന്ന്നേരം.” അവൾ കുസൃതിയിൽ കണ്ണുചിമ്മി പറഞ്ഞു.
ഞാൻ ചെവിവച്ച് പുറത്തു എന്താ നടക്കുന്നതെന്ന് നോക്കി, പെൺകുട്ടികളുടെ കലപില, എല്ലാരും ഉണർന്നിട്ടുണ്ട്. ഇനി എന്ത് ചെയ്യും. മീനാക്ഷി അവൾക്കിതൊന്നും ഒരു വിഷയമേ അല്ലാത്ത പോലെ നടപ്പുണ്ട്.
ഞാൻ തല പുകഞ്ഞു ആലോചിക്കുമ്പോൾ പുറത്തു എന്തോ ബഹളം, ഏതോ ഒരു പുരുഷ ശബ്ദം, ആരോ എല്ലാ മുറിയിലും കയറി ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു, ആരെയോ തിരയുന്ന പോലെ ഉണ്ട്.
മീനാക്ഷിക്കും എന്താകാര്യം എന്ന് മനസ്സിലായിട്ടില്ല, അപ്പൊ അടിപൊളി, പനിയുടെ ക്ഷീണത്തിൽ നല്ല സൊയമ്പൻ അടികിട്ടിയാൽ എത് അരവിന്ദനും ഒന്ന് നന്നാവും, വാനിച്ചേക്കാം, ഞാൻ വാതിലിനടുത്തു കണ്ണുംപൂട്ടി നിന്നു.
എങ്കിലും ആ ശബ്ദം രണ്ടു ഡോർ അപ്പുറം വച്ച് നിന്നു, പിന്നെ ബഹളവും തെറിവിളിയും കൂടി വന്നു, പെണ്കുട്ടികളൊക്കെ ഒളിയിടുന്നുണ്ട്.
ഞാൻ പതുക്കെ വാതിൽ തുറന്നു വിടവിലൂടെ നോക്കി, ആരും ഇല്ല. പതുക്കെ ഒരു വാതിൽ മാത്രം തുറന്നു വലതു ഭാഗത്തേക്ക് എത്തി നോക്കി ഇടതുഭാഗത്തു വേറെ റൂമുകൾ ഇല്ല.
നോക്കുമ്പോൾ മറ്റേ ടീച്ചർക്കൊപ്പം കണ്ട പയ്യനെ ആരോ വാതിലിൽ ചേർത്ത് നിർത്തി ഇടിക്കുന്നു, എല്ലാരും അവർക്കു ചുറ്റും കൂടി നിൽക്കുന്നുണ്ട്, ആ ടീച്ചർ അയാളെ സമാധാനിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്, എങ്കിലും അവളുടെ കൈ തട്ടിമാറ്റി അയാൾ അവന്റെ മുഖത്തു ആഞ്ഞാഞ്ഞു ഇടിച്ചു കൊണ്ടിരുന്നു. അയാൾ ആ ടീച്ചറുടെ ഭർത്താവായിരിക്കും. നല്ല കാര്യം.
ഞാൻ ഇടതു വശത്തെ പടിയിൽ താഴേക്ക് നോക്കി ആരും ഇല്ല. ഞാൻ ഒന്നും അറിയാത്ത പോലെ ഇറങ്ങി നടന്നു, പിൻവശത്തെ മതില് ചാടി. വണ്ടിയെടുത്തു തിരിക്കുമ്പോൾ മീനാക്ഷി മുകളിൽ മുടിചിക്കോർത്തു കൊണ്ട് ആർക്കും കൊതി തോന്നുന്ന ഒരു മന്ദഹാസം നൽകി. ഞാനും ഒരു മങ്ങിയ ചിരി തിരികെ നൽകി. വീട്ടിലേക്കു പുറപ്പെട്ടു.
ഇന്നലെ എന്തൊക്കെയാണ് ഉണ്ടായത്, സ്വപ്‌നം ഏതാണ് യാഥാർഥ്യം ഏതാണ് എന്ന് മനസ്സിലാവുന്നില്ല…..
**********
റോഡ് അരികിലേക്ക് നോക്കുമ്പോ അന്ന് കയറി ഓംലറ്റ് വാങ്ങിയ കടയുടെ മുന്നിൽ മലയാളത്തിൽ പച്ചത്തെറി എഴുതി വച്ചിരിക്കുന്നു.
