മീനാക്ഷി കല്യാണം – 4 2

ഞാൻ തലകുമ്പിട്ടൊരു കള്ളചിരി ചിരിച്ചു.

: അപ്പൊ എന്നെ സോപ്പിടാൻ ഇന്ന് എന്താ സ്പെഷ്യൽ കൊണ്ട് വന്നേക്കണേ?

(അവളൊരു കുസൃതി നിറഞ്ഞ ചോദ്യം എറിഞ്ഞു)

: പൈനാപ്പിൾ കറി.

: ഈശ്വര, ഈ കൈപ്പുണ്യം ഇല്ലെങ്ങി ഇയാളെ ഞാൻ പണ്ടേക്കുപണ്ടേ ചവിട്ടി കൊന്നേനെ. പൈനാപ്പിൾ കറി കണ്ടത് കൊണ്ട് മാത്രം ഇത്തവണക്കു വെറുതെ വിടുന്നു, (അവള് വെള്ളം ഇറക്കി കൊണ്ടാണ് ഇത് പറഞ്ഞു അവസാനിപ്പിച്ചത്.)

ഞാൻ നിറഞ്ഞ ചിരി കൊടുത്തു തിരിച്ചു നടന്നു.

: പിന്നെ ഇവിടെ കിടന്നു തിരിയണ്ട, സ്റ്റാഫ് റൂമിൽ മുഴുവൻ ആരാധകർ ആയിട്ടുണ്ട് ഇങ്ങേരു ഉണ്ടാക്കാണ കറികൾക്ക്.(ഞാൻ മനസിയിലാവാതെ അവളെ മിഴിച്ചു നോക്കി)

ടീച്ചർമാര് കാണിച്ചു തരാൻ പറഞ്ഞു ഒരു തൊയ്‌രം തരാതായപ്പോൾ, ഇന്നലത്തെ ഇന്റർവ്യൂ എടുത്തു കട്ടികൊടുത്തു, അതബദ്ധം ആയിപോയി, അവർക്ക് പെരുത്ത് ഇഷ്ടപ്പെട്ടിരിക്കണു , ഈ നിഷ്കളങ്കം ആയ ഈ കണ്ണും, കുട്ടികളെ പോലുള്ള ചിരിയും എന്ന് വേണ്ട അടിമുടി ഉണ്ണിയേട്ടന് ഫാൻസായേക്കുണു. പരിചയപ്പെടുത്തിത്തരാൻ പറഞ്ഞു ഒരുപാട് പേര് പുറകെ നടക്കുന്നുണ്ട്. (ഞാൻ വായും പൊളിച്ചതും കേട്ട് നിന്നു , ഇവള് കളിയാക്കായിരിക്കോ.)

: എന്ന എനിക്കാരെങ്കിലും പരിജയപ്പെടുത്തിതാടി, എന്റെ ഓർമ്മ വച്ച കാലം തൊട്ടേ എന്നെ ആരും പ്രേമിച്ചിട്ടില്ല, ഞാൻ എന്നും എല്ലാര്ക്കും ഫ്രണ്ട് ആയിരുന്നു. (അറിയാതെ ഞാൻ പറഞ്ഞു പോയി)
ആമ്പൽപ്പൂവ് പോലെ നിന്ന പെണ്ണിന്റെ ഭാവം അങ്ങട് മാറി, കലികയറി വന്നഅവൾ കണ്ണുരുട്ടി.

: താലികെട്ടിയ പെണ്ണിനോടാണോടാ, ലൈൻ സെറ്റ് ആക്കി തരാൻ പറയണത് അവള് താലിയും പിടിച്ചു ചീറി (എനിക്കൊന്നും അങ്ങട് മനസ്സിലായില്ലെങ്കിലും, സീൻ കോൺട്രാ ആണെന്ന് മനസ്സിലായി)

: ഡാ…. ന്നാ…. , മീനാക്ഷി മോളെ…

അല്ലെങ്കിലും ഈ ടീച്ചർമാർക്കൊക്കെ മൂക്കത്താ ശുണ്ഠി.

: ആ, ഇനി ഇതുപോലെ പറഞ്ഞ , ചെലപ്പോ ഇടിയും കിട്ടും, അവരുടെ മുന്നി ചെന്ന് പെടാണ്ട്, പോയ്‌ക്കോ വേഗം …. (ആ വാക്കുകളിലൊരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു)

എനിക്കിവളെ അങ്ങട് മനസ്സിലാവണില്ല, ഇവൾക്കെന്നെ ഇഷ്ടം ആണോ, അപ്പൊ ശ്രീറാമോ, അവൾ അവനെ പറ്റി അധികം ഒന്നും പറഞ്ഞു ഞാൻ കേട്ടിട്ടും ഇല്ല. എന്നോട് അതൊക്കെ പറയാൻ മാത്രം അടുപ്പം ഇല്ലാത്തോണ്ടാവോ? എന്തെങ്കിലും അറിയാങ്ങി വല്ലതും പറഞ്ഞവന്റെ ഇമേജ് ഡാമേജ് ആക്കാരുന്നു, ഇതിപ്പോ ഞാൻ വല്ലതും പറഞ്ഞ അസൂയ കൊണ്ടാണെന്ന് വയ്ക്കും. അവള് നടന്നു അകലുന്നതും നോക്കി ഞാൻ നിന്നു.

********************

വൈകീട്ട് വർക്ക് വേഗം തീർത്തു ഇറങ്ങി, മുൻപ് രാത്രി വരെ അവിടെ ഈച്ചേനേം ആട്ടി ചുമ്മാ കുത്തിയിരിക്കാറുള്ളതാ.

കോളേജ് വിടുന്നത് വരെ സ്ഥലത്തെ പ്രധാന പൂവാലന്മാരോടൊത്തു, ചായക്കടയിൽ ചിലവഴിച്ചു. പിള്ളേരൊക്കെ ഇറങ്ങിപോയി ഒന്ന് തിരക്കൊഴിഞ്ഞിട്ടാണ് മീനാക്ഷി ഇറങ്ങിയത്. ഞാൻ പോയി അവളുടെ കൈയിൽ പിടിച്ചു, അവള് ഞെട്ടി മുഖത്തേക്ക് നോക്കി.

: എന്റൂടെ വാ, നമുക്ക് പോയി ഒരു ചായ കുടിക്കാം.

കണ്ണൊന്നു ഉരുട്ടിയെങ്കിലും, എന്റെ പെട്ടന്നുള്ള ഭാവവ്യത്യാസം അവളെ തെല്ലൊന്നു അത്ഭുതപെടുത്തിയിട്ടുണ്ട്. അവൾ മൗനമായി അതിനു സമ്മതംമൂളി.

എനിക്കറിയില്ല ഇവളെ എവിടെ കൊണ്ട് പോകുമെന്ന്. ഒരുപാട് മോടിയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകാൻ, പോക്കറ്റിൽ പണവും ഇല്ല, വിളിച്ചു കൊണ്ടുപോകാൻ ഒരു വാഹനം പോലും ഇപ്പോൾ എന്റെ കൈയിൽ ഇല്ല. ഞാൻ സാധാരണയിലും ദരിദ്രനായ ഒരു കാമുകൻ ആയിരുന്നു. എങ്കിലും അവൾ ഉത്സാഹത്തോടെ എനിക്കൊപ്പം പുറത്തു പോകാൻ തയ്യാറായി മെടഞ്ഞിട്ട ആ കരിനീല കാർകൂന്തൽ ചുരുൾത്തുമ്പു മാടിയൊതുക്കി, സാരി നേരെയാക്കി, ആ കറുത്ത കുഞ്ഞുപൊട്ട് നേരെകുത്തി. മീനാക്ഷിക്കൊരുങ്ങാൻ അതൊക്കെ ധാരാളം ആയിരുന്നു. ഗണേശപുറത്തു ആ സായംസന്ധ്യയിൽ ചന്ദ്രനുദിച്ചപോലെ അവൾ വിളങ്ങി നിന്നു.
അടുത്ത വന്ന ബസ്സിൽ ഞങ്ങൾ ചാടികയറി, ചെന്നൈയിലെ വൈകുന്നേരങ്ങളിലെ എല്ലാ ബസ്സും പോലെ, അതും ആളുകളെകൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. തിരക്ക് കൂടി വരുംതോറും, വാതിലിനോട് ചേർന്ന് ഘടിപ്പിച്ചുരുന്ന കമ്പിയിൽ പിടിച്ച്, എന്റെ രണ്ടു കൈക്കുള്ളിലും ഒതുങ്ങി നിന്നിരുന്ന അവളോട് ഞാൻ കൂടുതൽ അടുത്ത് വന്നു, ഏതോ ഒരു നിമിഷത്തിൽ അതൊരു നേർത്ത ആശ്ലേഷം ആയി മാറി, അവളെ ചേർത്ത് പുണർന്ന്, അവളുടെ കാതിനു പിന്നിൽ ഒളിപ്പിച്ചിരുന്ന കനത്തമുടിയിഴകളെ കവർന്നു എന്റെ മുഖത്തു കൊണ്ട് വന്നുരസിയ കാറ്റും ആസ്വദിച്ചു, ഞാൻ അങ്ങനെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *