ദിവ്യാനുരാഗം – 12 1

ഞാൻ ചേട്ടത്തിയെ നോക്കി ഒരു പുഞ്ചിരിയോടെ പറയുമ്പോൾ ഒരുപക്ഷെ ഉള്ളിലുള്ള ചെറിയ നോവ് പോലും വാക്കുകളെ തടഞ്ഞു നിർത്തിയില്ല…

” നിനക്ക് അതിന് കഴിയുവോ… ”

എൻ്റെ മറുപടി കേട്ടതും മറുഭാഗത്ത് ചോദ്യം ഉയർന്നു…ഞാൻ അതിന് മറുപടി പറയാതെ ശ്രദ്ധ ചേട്ടത്തിയുടെ മുഖത്തിൽ നിന്നും മാറ്റി…

” ഇങ്ങോട്ട് നോക്കെടാ….ചോദിച്ചത് കേട്ടില്ലെ…നിനക്ക് അവളെ അങ്ങനെ ഒഴിവാകാൻ പറ്റുവോന്ന്… ”

വീണ്ടും ശബ്ദം ഉയർന്നതോടെ നിസ്സഹായതയോടെ ഞാൻ ചേട്ടത്തിയെ നോക്കി…

” എന്താ ഉത്തരം ഇല്ലേ നിന്റെ പക്കൽ…മ്മ്…പക്ഷെ എനിക്ക് ഒരു ഉറപ്പുള്ള ഒരു ഉത്തരം നിനക്ക് നൽകാൻ കഴിയും.. നീ കഷ്ടപ്പെട്ട് ശ്രമിച്ചാലും അവൾക്ക് പക്ഷെ ഈ ജന്മത്തിൽ ഇനി നിന്നെ അല്ലാതെ ഒരാളെ ഇഷ്ടപ്പെടാൻ പറ്റില്ലാന്നുള്ള സത്യം… ”

ചേട്ടത്തിയുടെ വായിൽ നിന്നും വന്ന വാക്കുകൾ കാതുകളിലൂടെ ഇരിച്ചു കയറിയ അടുത്ത നിമിഷം ഞാൻ ഒരു ശിലപോലെ ചേട്ടത്തിയുടെ മുഖം നോക്കി സ്തംഭിച്ച് നിന്നു…ദിവ്യാ…അവൾക്ക് എന്നെ ഇഷ്ടമാണെന്നോ…ഞാൻ കരുതിയത്…അതിലേറെ ആഗ്രഹിച്ചത്…അത് സത്യമാണെന്നോ….!!

” എന്താ ഞാൻ പറഞ്ഞത് വിശ്വാസം വരുന്നില്ലെ…പക്ഷെ നീ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം ആണ് ഞാൻ പറഞ്ഞത്…നീ സ്നേഹിക്കുന്നതിലേറെ എത്രയോ മടങ്ങ് നിന്നെ എൻ്റെ കുഞ്ഞ് പെങ്ങൾ സ്നേഹിക്കുന്നുണ്ട്…അത് ഇന്നലെ ഞാൻ അറിഞ്ഞു…അവളുടെ വായിൽ നിന്ന് തന്നെ… “
ചേട്ടത്തി ഒരു ചിരിയോടെ എന്നെ നോക്കി പറഞ്ഞതും പൂർണമായും വിശ്വാസം വരാത്ത പോലെ ഞാൻ ചേട്ടത്തിയെ നോക്കി…

” അപ്പോൾ അവളെന്നോട് അന്ന് പറഞ്ഞതും…ഞാൻ എല്ലാം തുറന്ന് പറഞ്ഞപ്പോൾ ഒരു മറുപടി പോലും തരാതെ നിന്നതും ഒക്കെ എന്തിനാ… ”

സ്വഭാവികമായും ഉള്ളിലുള്ള എൻ്റെ സംശയം ഞാൻ ചേട്ടത്തിയോട് ചോദിച്ചു…

” നിനക്ക് എൻ്റെ കൊച്ചിനെ അറിയില്ല…അവളുടെ സ്വഭാവത്തെ പറ്റിയും അറിയില്ല… കുഞ്ഞുനാൾ മുതലേ അവളുടെ സാധനങ്ങൾ അത് എന്ത് തന്നെ ആയാലും… ആര് തന്നെ ആയാലും…അത് മറ്റൊരാൾ തൊടുന്നത് പോലും അവൾക്ക് ഇഷ്ടമല്ല…അത് പോലെ തന്നെയാണ് നിൻ്റെ കാര്യവും…അവളേറ്റവും ഇഷ്ടപ്പെടുന്ന നിന്നെ അന്ന് കോളേജിൽ അങ്ങനെ കണ്ടപ്പൊ അവൾക്ക് ദേഷ്യം വരാതിരിക്കുവോ…. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു നിങ്ങടെ കാര്യം… പക്ഷെ എനിക്ക് സംശയം ഉണ്ടായിരുന്നു.. പക്ഷെ ഇന്നലെ ആ മൊതലിൻ്റെ വായിൽ നിന്നും എല്ലാം പുറത്ത് വന്നു… ”

ചേട്ടത്തി പറയുന്നത് ഒരു കൊച്ച്കുട്ടി മുത്തശ്ശി പറയുന്ന കഥ കേൾക്കുന്ന കൗതുകത്തോടെ ഞാൻ കേട്ടു…

” പിന്നെ അവൾക്കും നിനക്കവളെ ഇഷ്ടമാണെന്ന് സംശയമുണ്ടായിരുന്നു… അതുകൊണ്ട് നിന്നെ ഒന്ന് ചൂട് പിടിപ്പിക്കാനും നിന്റെ വായിൽ നിന്ന് ഇഷ്ടമാണെന്ന് കേൾക്കാനും വേണ്ടിയാണ് അവളിത്തിരി വെയിറ്റ് ഇട്ട് നിന്നത്…പക്ഷെ നീ രാത്രി അങ്ങനെ വരുമെന്ന് സ്വപ്നത്തിൽ പോലും ആ പെണ്ണ് കരുതിയില്ല…അതാ ഒരു വാക്ക് പോലും മറുപടി പറയാൻ അതിന് പറ്റാത്തത്…ഒരു പൊട്ടി പെണ്ണാടാ എൻ്റെ കുഞ്ചൂസ്സ്…കുഞ്ഞുങ്ങളുടെ സ്വഭാവവും പരിഭവവും ഉള്ള ഒരു പാവം പെണ്ണ്…ഇപ്പൊ നീ അവളെ ശ്രദ്ധിക്കുന്നില്ല അവളെ നോക്കുന്നില്ലാ എന്നൊക്കെ പറഞ്ഞ് ഇന്നലെ എന്നെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു…ഒരു തരത്തിൽ പറഞ്ഞാ ചുരുങ്ങിയ കാലയളവിൽ തന്നെ നീ എന്ന് പറഞ്ഞാൽ ആ പെണ്ണിന് വട്ടാ…ഇതുവരെ ആരോടും അവൾക്ക് ഇങ്ങനെ തോന്നിട്ടില്ല… ”

ചേട്ടത്തി ദിവ്യയ്ക്ക് എന്നോടുള്ള സ്നേഹം എൻ്റെ മുന്നിൽ ഒരു പുസ്തകം പോലെ തുറന്നു വച്ചപ്പൊ സന്തോഷത്താൽ വാക്കുകൾ ഒന്നും പുറത്ത് വരുന്നുണ്ടായിരുന്നില്ല…അല്ലെങ്കിലും ചില നിമിഷങ്ങൾ നമ്മുക്ക് വാക്കുകളാൽ വർണിക്കാൻ പറ്റുവോ…കൂടുതൽ ഒന്നും പറയാതെ ഞാൻ ചേട്ടത്തിയുടെ കൈയ്യിൽ കയറി പിടിച്ചു…പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ…
” ചേട്ടത്തിക്ക് എന്നോട് ദേഷ്യം ഉണ്ടോ…ഞാൻ… ”

എനിക്കപ്പോൾ അറിയേണ്ടത് അത് മാത്രമായിരുന്നു…ഒരു അനുജനെ പോലെ കണ്ട് എല്ലാം സ്വാതന്ത്ര്യവും തന്ന് ഞാൻ അത് മുതലെടുത്തോ എന്ന ചിന്ത പുള്ളിക്കാരിയുടെ മനസ്സിൽ ഉണ്ടോ എന്ന്…

Leave a Reply

Your email address will not be published. Required fields are marked *