” അതേ… ”
അവൾ ഉമ്മറത്ത് കേറിയതും ഞാൻ ശബ്ദം താഴ്ത്തി ഒരിക്കൽ കൂടി വിളിച്ചു…അത് കേട്ടതും അവൾ തിരിഞ്ഞെന്നെ നോക്കി…അതോടെ ഞാൻ വേഗം അവൾക്ക് അരികിലായി എത്തി…
” ഇയാള് അന്ന് പറഞ്ഞപോലെ കണ്ണികണ്ട എല്ലാം പെമ്പിള്ളാരുടേം കൈയ്യിൽ കേറി പിടിക്കുന്ന ഒരുത്തൻ അല്ല ഞാൻ…ഞാൻ മടിയൊന്നുമില്ലാതെ ഇയാളുടെ കൈയ്യിൽ കയറി പിടിച്ചെങ്കിൽ ഞാൻ എൻ്റെ പെണ്ണായി ഇയാളെ മനസ്സിൽ കണ്ടത് കൊണ്ടാണ്…സോറി…അപ്പൊ ശരി… “
അന്ന് അവൾ പറഞ്ഞ വാക്കുകൾ എൻ്റെ ഹൃദയത്തിൽ എത്രമാത്രം അഴാന്നിറങ്ങി എന്ന് അവൾ മനസ്സിലാക്കണം എന്നുള്ളത് കൊണ്ടാണ് ഞാൻ അതുകൂടി പറഞ്ഞത്… പറഞ്ഞതിന് ശേഷം അവളുടെ മുഖഭാവം പോലും നോക്കാതെ ഞാൻ തിരിഞ്ഞ് നടന്നു…
നേരെ നന്ദുവിനടുത്തേക്ക് എത്തിയപ്പൊ മനസ്സിലാകെ ഒരു തെളിച്ചം വന്നപോലെ…പറയേണ്ടതൊക്കെ പറഞ്ഞപ്പൊ ഒരു മനസുഖം…
” നായിൻ്റെ മോനെ… എന്നാ പിന്നെ ഒരു കൊച്ചിനേം ഉണ്ടാക്കി വെളുപ്പിന് വന്നേപോരാർന്നോ… ”
ഞാൻ തിരിച്ചെത്തി എന്ന് കണ്ടതും നന്ദു പല്ലിറുമ്മി…കാരണം വിചാരിച്ചതിനേകാൾ സമയം എടുത്തല്ലോ ഞാൻ….
” ക്ഷമിയെടേയ്…എന്തായാലും വന്ന കാര്യം ഭംഗിയായി നടന്നു…ഒരു സുഖമുണ്ട് ഇപ്പൊ… ”
ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
” മ്മ്…മതി മതി ആരേലും കണ്ട് ഇനി പണിവാങ്ങാൻ നിക്കണ്ട പോകാം വാ… ”
അവൻ എൻ്റെ കീശയിൽ നിന്നും ചാവിയും എടുത്ത് വണ്ടിക്ക് അരികിലേക്ക് നടന്നു…ഒരിക്കൽ കൂടി ഒന്ന് ആ ഗേറ്റിനടുത്ത് നിന്ന് ആ വീടിന് മുൻവശത്തേക്ക് നോക്കി… അപ്പോഴേക്കും ആ മുൻവാതിൽ അടഞ്ഞിരിന്നു…അതൊടെ ഗേറ്റും പഴയപടി ചാരി ഞാനും അവന് പിന്നാലെ ബൈക്കിൽ കേറി അവിടെ നിന്നും തിരിച്ചു…പോകും വഴി നടന്നതൊക്കെ ഞാൻ അവനോട് പറയുന്നുണ്ടായിരുന്നു….
അവിടെ നിന്നും തിരിക്കുമ്പോൾ അവളോട് എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് മനസ്സിൽ ഒരു സമാധാനമായിരുന്നു…അല്ലെങ്കിലും പ്രണയത്തിന്റെ കാര്യത്തിൽ ഒരിക്കലും തുറന്ന് പറയാൻ ഉള്ളത് മടിച്ച് ഉള്ളിൽ വെക്കരുത്…കാരണം പറയാൻ ഉള്ള മടിയും പേടിയും കാരണം ഈ ലോകത്ത് ഏറ്റവും കൂടുതൽ നിരാശ നൽകിയ ഒരു വികാരം അത് പ്രണയം മാത്രമാണ്… അപ്പോഴും അത്രയൊക്കെ പറഞ്ഞിട്ടും ഒരു മറുപടി അവൾ തരത്തതിൽ ഒരു അസ്വസ്ഥത എനിക്കുണ്ട്…പക്ഷെ അത് മനസ്സിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല…കാരണം പിന്നീടങ്ങോട്ട് കുറച്ചു ദിവസം അവളെങ്ങനെയാണോ എന്നോട് പെരുമാറിയത് അത് പോലെ തിരിച്ച് ഞാനും കാണിച്ച് തുടങ്ങി… മുഖാമുഖം നടന്നകന്ന നിമിഷം പോലും എന്നോട് എന്തോ സംസാരിക്കാൻ വന്നപോഴും ഞാൻ അവളെ ഒന്ന് നോക്കാൻ പോലും നിന്നില്ല… മനപൂർവ്വം ഒഴിഞ്ഞുമാറിയിരുന്നു…എന്തിനാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല…അങ്ങനെ മുന്നോട്ട് പോയിരിക്കുന്ന സമയം ഒരു ദിവസം കറക്റ്റായി പറഞ്ഞാൽ ചേട്ടത്തിയുടേയും സൂര്യയുടേയും നിശ്ചയത്തിൻ്റെ തലേ ദിവസം കോളേജിൽ ലഞ്ച് ബ്രേക്കിൽ ചേട്ടത്തിയിലൂടെ ഞാൻ പലതും അറിഞ്ഞു…
” നീ അന്ന് രാത്രി കാണിച്ചതെന്താ…എന്നോട് അവളെല്ലാം ഇന്നലെയാണ് പറഞ്ഞത്… “
കോളേജിന്റെ വാകമരചോട്ടിൽ അന്ന് രാത്രി അവളുടെ വീട്ടിൽ നടന്ന സംഭവങ്ങൾ എല്ലാം അവൾ ചേട്ടത്തിയോട് പറഞ്ഞത് എനിക്ക് തികച്ചും അസ്വസ്ഥത ഉണ്ടാക്കി…എന്നാലും തലതാഴ്ത്തി നിൽക്കാൻ ഉദ്ദേശമില്ലായിരുന്നു…
” എനിക്ക് എൻ്റെ ഭാഗം തുറന്ന് കാട്ടാൻ ഒരു വഴിയും ഇല്ലാന്ന് കണ്ടപ്പൊ അങ്ങനെ തോന്നി… ചെയ്തു പോയി…പിന്നെ ചേട്ടത്തിയുടെ മുന്നിൽ ഇനി മറച്ചു പിടിക്കേണ്ട ആവശ്യമില്ലല്ലോ അതുകൊണ്ട് പറയാം… ഇഷ്ടമാണ് അവളെ ഒരുപാട്… അതുകൊണ്ട് അവൾക്ക് മുന്നിൽ പലതവണ അത് പറയാൻ ശ്രമിച്ചു പക്ഷെ കൂട്ടാക്കിയില്ല…അതാ ഞാൻ… സോറി… നല്ല ഫ്രണ്ട്സാണെന്ന് കരുതി ചേട്ടത്തി ഞങ്ങൾക്ക് തന്ന ഫ്രീഡം ഞാൻ മുതലാക്കി എന്ന് കരുതരുത്… ഇഷ്ടപ്പെട്ടു പോയി…പക്ഷെ ഞാൻ ഇപ്പോൾ അതിൽ നിന്നും വിട്ടു മാറാൻ ശ്രമിക്കുന്നുണ്ട്…സ്നേഹം പിടിച്ചു വാങ്ങാൻ ഒരിക്കലും കഴിയില്ലല്ലോ… ”
