ജീവിതമാകുന്ന നൗക – 7

പത്തു മണിയോടെ ഒഫീഷ്യൽ പരിപാടി ആരംഭിച്ചു. മീര മാം വന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ഒരു ചെറിയ ക്രിസ്മസ് സന്ദേശവും അതുക്കും മേലെ പരീക്ഷയാണ് വരുന്നത് അത് കൊണ്ട് പഠിക്കണം എന്ന വലിയ സന്ദേശവും നൽകി. അത് കഴിഞ്ഞതും അവർ അടുത്ത ക്ലാസ്സിലേക്ക് പോയി.

പെണ്ണുമ്പിള്ളേക്ക് വേറെ പണിയൊന്നുമില്ലേ ക്രിസ്‌മസ്‌ ആഘോഷത്തിൻ്റെ ഇടയിലാണ് പരീക്ഷയെ കുറിച്ച് പറയുന്നത്. ബീന മിസ്സും, സൂസൻ മിസ്സും അരുൺ സാറും ഉണ്ട്. എങ്കിലും കാണികളുടെ റോൾ മാത്രം.

മാത്യു ആണ് സാന്ത അപ്പൂപ്പൻ. ആദ്യം കരോൾ ഗാനം. കുറച്ചു കലാപരിപാടികൾ ഗെയിംസ് എല്ലാം അടിപൊളിയായി മുന്നേറി.

“ഇനി നിങ്ങൾ എല്ലാവരും വെയിറ്റ് ചെയ്യുന്ന ക്രിസ്മസ് ഗിഫ്റ്റ കൈമാറ്റം. റോൾ നമ്പർ അനുസരിച്ചാണ് കൈമാറ്റം. നമ്പർ അനുസരിച്ചു താഴെ വന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് ഗിഫ്റ്റ എടുത്ത് അവരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണോ അവർക്ക് കൈമാറണം.”

ബീന മിസ്സ് കാര്യങ്ങൾ വിശുദ്ധീകരിച്ചതോടെ സംഭവം കൈ വിട്ടു പോയി എന്ന് എനിക്ക് മനസ്സിലായി.

ഞാൻ കരുതിയത് ഗിഫ്റ്റ വെറുതെ എപ്പോഴെങ്കിലും കൈമാറിയാൽ മതി എന്നായിരുന്നു. ഇതിപ്പോ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറ്റം. പോരാത്തതിന് ടീച്ചിങ് സ്റ്റാഫും വന്നിരിക്കുന്നു. സംഭവം പാളി എന്ന് രാഹുലിനും മനസ്സിലായി അവൻ എന്നെ തിരിഞ്ഞു നോക്കി എന്താ ചെയ്യുക എന്നൊക്കെ ആംഗ്യം കാണിച്ചു ചോദിക്കിക്കുന്നുണ്ട്. അവൻ്റെ കോപ്പിലെ ഐഡിയ ആണെല്ലോ കൈയ്യും വീശി ചെല്ലുക എന്നത്.

ആദ്യ റോൾ നം. വിളിച്ചതും അബി എഴുന്നേറ്റ് ചെന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് അവൻ കൊണ്ടുവന്ന ഗിഫ്റ്റ എടുത്തു സീനാ എന്ന് കുട്ടിയെ വിളിച്ചു ഒരു ഹാപ്പി ക്രിസ്‌മസ്‌ പറഞ്ഞു ഗിഫ്റ്റ് കൊടുത്തു. കുറെ പേർ ആർപ്പുവിളിച്ചു.

മൂന്നാമതായി അന്നയുടെ ഊഴമാണ് ഞാൻ അങ്ങോട്ട് ചെല്ലേണ്ടി വരും അഞ്ചാമതായി ഞാനും. കൈയും വീശി വന്ന ഞാൻ എന്തു എടുത്തു കൊടുക്കാൻ. ക്രിസ്‌മസ്‌ ട്രീയുടെ അടിയിൽ നിന്ന് ചുമ്മാ ഏതെങ്കിലും എടുത്ത് കൊടുത്താൽ മാത്രം രക്ഷപെടാം. പക്ഷേ ഒർജിനലായി ഗിഫ്റ്റി വാങ്ങിയ ആൾ അപ്പൊ തന്നെ കണ്ടുപിടിക്കും.

‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’

എന്ന് ആരവം കേട്ടപ്പോളാണ് ഞാൻ മുന്നോട്ട് നോക്കിയത്. അവൾ സ്മാർട്ടായി നടന്നു ചെന്ന് നല്ല ഭംഗിയായി റാപ് ചെയ്‌ത ഒരു ഗിഫ്‌റ്റ എടുത്ത് തിരിഞ്ഞു നിന്ന് എന്നെ നോക്കി. ഞാൻ സീറ്റിൽ തന്നെ ഇരുന്നു. അവൾക്ക് ഗിഫ്റ്റൊന്നും കൊടുക്കാത്ത സ്ഥിതിക്ക് അവളുടെ കൈയിൽ നിന്ന് വാങ്ങുന്നത് ശരിയല്ലല്ലോ

അന്ന പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. സ്വയം വരത്തിന് മാലയുമായി നിൽക്കുന്ന കന്യകയുടെ പോലെയാണ് അവളുടെ നിൽപ്പ്. കണ്ണിൽ ഒരു തിളക്കമൊക്കെയുണ്ട്.

ക്ലാസ്സിൽ അതോടെ

‘അർജ്ജു’ ‘അന്ന’ ‘അർജ്ജു’ ‘അന്ന’ ‘അർജ്ജു ‘അന്ന’ അർജ്ജു’ ‘അന്ന’ എന്നായി ആരവം.

പെണ്ണുങ്ങളടക്കം പലരും വിളിച്ചു കൂകുന്നുണ്ട്. പെട്ടന്ന് അവൾ ബീന മിസ്സിൻ്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞിട്ട് എന്നെ ലക്ഷ്യമാക്കി നടന്നു വന്നു. അതോടെ ക്ലാസ്സ് നിശബ്‌ദമായി. എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. അവൾ വന്ന് ഗിഫ്റ്റ എൻ്റെ നേരേ നീട്ടി. എനിക്കെന്തോ അന്നേരം അവളെ അപമാനിക്കാൻ തോന്നിയില്ല. ഞാൻ എഴുന്നേറ്റ് നിന്ന് അത് സ്വീകരിച്ചു.

“മെറി ക്രിസ്മസ് അർജ്ജു”

അതോടെ ക്ലാസ്സിൽ ഹർഷാരവം മുഴങ്ങി. അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. അല്പനേരത്തിനകം അത് സങ്കടമായി മാറും. അവൾ സീറ്റിലേക്ക് പോയി. അടുത്തത് അനുപമ അത് കഴിഞ്ഞാൽ പിന്നെ ഞാൻ. കൈയും വീശി വന്നിട്ട് അവസാനം അവളുടെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയിരിക്കുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.

എൻ്റെ പേര് വിളിച്ചതും എല്ലാവരും പഴയതു പോലെ വിളിച്ചു കൂവി.

‘അർജ്ജു ‘അർജ്ജു’ ‘അർജ്ജു അർജ്ജു

പക്ഷേ ഞാൻ അവിടെ സീറ്റിൽ തന്നെ ഇരുന്നു. പൊടുന്നെനെ ക്ലാസ്സ് നിശബ്ദമായി. എല്ലാവരും എന്നെ തിരിഞ്ഞു നോൽക്കുന്നുണ്ട്. രാഹുൽ മാത്രം തല കുമ്പിട്ടിരിക്കുകയാണ്.

ബീന മിസ്സ് അർജ്ജുൻ എന്ന് വിളിച്ചു. കലിപ്പ് മോഡ് ആകാതെ ഒരു രക്ഷയുമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ എൻ്റെ മുഖത്ത് രൗദ്രത വരുത്തി എന്നിട്ട് ബീന മിസ്സിനെ കലിപ്പിച്ചു നോക്കി. സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ഗിഫ്റ്റ് ഒന്നും കൈയിലില്ല എന്ന് ആംഗ്യം കാണിച്ചു.

ക്ലാസ്സിലെ അത് വരെയുള്ള സന്തോഷ് നിമിഷത്തിന് കരി നിഴൽ വീണിരിക്കുന്നു ബീന മിസ്സ് എന്നെ തുറിച്ചു നോൽക്കുന്നുണ്ട്. അവരെന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്നേൽ എന്ന് വരെ ഞാൻ ആശിച്ചു. അരുൺ സർ മിസ്സിൻ്റെ ചെവിയിൽ എന്തോ പറഞ്ഞതും അവർ അടുത്ത ആളെ വിളിച്ചു. പിന്നെ കുറച്ചു നേരത്തേക്ക് ക്ലാസ്സിൽ ആരവമൊന്നുമുണ്ടായില്ല.

ഞാൻ ഒന്ന് അന്നയെ നോക്കി. ബാക്ക് നിരയിലെ പതിവ് സീറ്റിൽ തന്നയാണ് അവളിരിക്കുന്നത് അവളുടെ മുഖത്തെ സന്തോഷം ഒക്കെ മാഞ്ഞിരിക്കുന്നു. അവളാണ് എൻ്റെ ക്രിസ്മസ് ഫ്രണ്ട് എന്നത് ക്ലാസ്സിൽ ആർക്കും തന്നെ മനസ്സിലായിട്ടില്ല. പക്ഷേ അവൾ അത് ഊഹിച്ചെടുത്തു എന്ന് ഉറപ്പാണ്. കണ്ണുകളൊക്കെ ചെറുതായി നിറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.

സമ്മാന കൈമാറ്റം മുന്നോട്ട് നീങ്ങിയപ്പോൾ പഴയ ലെവലിലേക്ക് ആഘോഷം തിരിച്ചു കയറി. പരിപാടി കഴിഞ്ഞപ്പോൾ ഏകദേശം ഒരു മണിയായി. മുഴുവൻ പരിപാടിയും കഴിഞ്ഞപ്പോൾ ക്ലാസ്സിൽ എല്ലാവർക്കും തന്നെ മനസ്സിലായി എൻ്റെ ക്രിസ്മസ് ഫ്രണ്ട് അന്ന ആണെന്ന്. കാരണം അവൾക്കു മാത്രമേ ഗിഫ്റ്റൊന്നും കിട്ടാതിരുന്നുള്ളു. അവളുടെ കൂട്ടുകാരികൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അമൃതയുടെ നോട്ടത്തിൽ നിന്ന് തന്നെ എന്നെ കുറിച്ചാണ് സംസാരം എന്ന് വ്യക്തം. ബീന മിസ്സും അടുത്ത് വന്നിട്ടുണ്ട്.

അന്ന തന്ന ഗിഫ്റ്റുമെടുത്ത രാഹുലിൻ്റെ അടുത്തേക്ക് പോയി. ജെന്നിയുടെ മുഖത്തു എന്നോടൊരു പുച്ഛ ഭാവം.

“എന്നെ ഇങ്ങനെ നോക്കേണ്ട. ഈ നിൽക്കുന്നവൻ്റെ ഉപദേശമാണ്.

ഡാ ഞാൻ പുറത്തു പോകുകയാണ് നിൻ്റെ സല്ലാപം കഴിയുമ്പോൾ ഫോൺ വിളിച്ചാൽ മതി.”

എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ ക്ലാസ്സ്‌സിൽ നിന്ന് വെളിയിലേക്കിറങ്ങി. വരാന്തയിൽ എത്തിയപ്പോൾ ഞാൻ അന്നയുടെ അടുത്ത് ഒരു സോറി എങ്കിലും പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. അവൾ പുറത്തേക്ക് വരുന്നത് വരെ വെയിറ്റ് ചെയ്യാമെന്ന് കരുതി അവിടെ തന്നെ നിന്ന്. മിക്കവരും എല്ലാവരും ക്ലാസ്സിൽ തന്നയാണ്.

അപ്പോഴാണ് ഔഡി കാർ അങ്ങോട്ട് വന്നത്. നോക്കിയപ്പോൾ മനസ്സിലായി അന്നയെ കെട്ടാൻ പോകുന്നവൻ , ആ ജിമ്മിയുടെ ചേട്ടൻ. എന്നെ കണ്ടതും അവൻ നോക്കി ചിറയാൻ തുടങ്ങി. ഞാൻ തിരിച്ചും. പെട്ടന്ന് അന്ന ഇറങ്ങി വന്ന് അവൻ്റെ കാറിൽ കയറി. അതോടെ അവൻ നോട്ടം മാറ്റി ഒന്നും സംഭവിക്കാത്ത പോലെ അവളോട് എന്ധോ സംസാരിച്ചുകൊണ്ട് അവൻ വണ്ടി എടുത്തു. കാറിൽ ഇരുന്നു കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ട് അവളുടെ മുഖത്തു അപ്പോളും സങ്കടം തളം കെട്ടി നിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *