കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന അവനെ നോക്കി അനു തന്റെ മൂക്കുകൾ വികസിപ്പിച്ച് അവനിൽ നിന്നും വരുന്ന ആ ഗന്ധം ഒന്നുകൂടി ഉള്ളിലേക്കെടുത്ത് സംശയത്തോടെ നിന്നു…
ബോധമില്ലാതെ കിടക്കുന്ന അഭിയെ നോക്കി നിൽക്കുമ്പോഴാണ് അവളുടെ ഉള്ളിലെ ആ യക്ഷിക്ക് പതിയെ ദാഹം തുടങ്ങിത്തുടങ്ങിയത്.
കഴിഞ്ഞ കുറേ മണിക്കൂറുകളായി അവൾക്ക് അവനോട് തോന്നിയിരുന്ന ആ കൊച്ചു സ്നേഹവും അനുകമ്പയുമൊക്കെ ആ ദാഹത്തിന് മുന്നിൽ വഴിമാറി.
വിശപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവളുടെ കണ്ണുകൾക്ക് തിളങ്ങുന്ന ചുവപ്പ് നിറം വെച്ചു. ചുവന്നു തുടുത്ത അവളുടെ ചുണ്ടുകൾക്കിടയിലൂടെ ആ കൂർത്ത പല്ലുകൾ പുറത്തേക്ക് നീണ്ടുവന്നു.
ബോധമില്ലാതെ കിടക്കുന്ന അവന്റെ അടുത്തേക്ക് അവൾ കുനിഞ്ഞു. അവനിൽ നിന്നും വരുന്ന ആ പുതിയ ഗന്ധം അവൾക്ക് ചെറിയൊരു സംശയം ഉണ്ടാക്കിയിരുന്നുവെങ്കിലും, തൊലിപ്പുറത്ത് കൂടെ കേൾക്കുന്ന അവന്റെ ഹൃദയമിടിപ്പ് അവളുടെ സകല നിയന്ത്രണങ്ങളും തെറ്റിച്ചിരുന്നു…
അവൾ അവന്റെ ഷർട്ടിന്റെ കോളർ പതുക്കെ വകഞ്ഞുമാറ്റി, തന്റെ പ്രിയപ്പെട്ട ആ കഴുത്തിലെ ഞരമ്പിലേക്ക് മുഖം അടുപ്പിച്ചു.
ഒരു മൃഗം തന്റെ ഇരയെ കടിച്ചു കീറുന്ന അതേ ആർത്തിയോടെ അവൾ തന്റെ കൂർത്ത പല്ലുകൾ അവന്റെ കഴുത്തിലേക്ക് ആഴ്ത്തിയിറക്കി!
അവന്റെ സിരകളിൽ നിന്നും ആ ചൂടുള്ള ചോര പതുക്കെ അവളുടെ വായിലേക്ക് ഒഴുകിയിറങ്ങി…
പക്ഷേ… തൊട്ടടുത്ത നിമിഷം അവൾ ഞെട്ടിത്തരിച്ചു കൊണ്ട് അവനിൽ നിന്നും പുറകോട്ട് മാറി!
അവളുടെ തൊണ്ടയിൽ വല്ലാത്തൊരു കയ്പ്പും മനംപുരട്ടലും അനുഭവപ്പെട്ടു. എന്തോ വലിയൊരു വിഷം ഉള്ളിലേക്ക് പോയതുപോലെ അവൾക്ക് ശ്വാസം മുട്ടി. ഇത്രയും കാലം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള അമൃതുപോലെ അവൾ കുടിച്ചിരുന്ന ആ ശുദ്ധമായ ചോരയുടെ രുചിയായിരുന്നില്ല അതിന്! വല്ലാത്തൊരു ദുർഗന്ധവും, ചീഞ്ഞ ഇലകൾ അരച്ചുകലക്കിയതുപോലെയുള്ള ഒരു വൃത്തികെട്ട ടേസ്റ്റും!
പ്യുവർ ബ്ലഡ് മാത്രം കുടിച്ചു ശീലിച്ച ആ റോയൽ വാമ്പയറിന് അത് ഒട്ടും സഹിക്കാൻ കഴിയുന്നതായിരുന്നില്ല.
അറപ്പോടെയും അതിലേറെ ദേഷ്യത്തോടെയും അവൾ വായിലുണ്ടായിരുന്ന ആ ചോര മുഴുവൻ നിലത്തേക്ക് തുപ്പിക്കളഞ്ഞു!
“ഛെ! ഇതെന്ത് നാശം!”
അവൾ വല്ലാത്തൊരു വെറുപ്പോടെ തന്റെ ചുണ്ടുകൾ കൈപ്പുറം കൊണ്ട് അമർത്തിത്തുടച്ചു. തൊണ്ടയിലെ ആ വൃത്തികെട്ട കയ്പ്പ് മാറാതെ അവൾ രണ്ടു മൂന്നു വട്ടം കൂടി തുപ്പി.
ബോധമില്ലാതെ കിടക്കുന്ന അഭിയെ അവൾ പകയോടെ ഒന്ന് നോക്കി. എന്താണ് ഇവന്റെ ചോരയ്ക്ക് പെട്ടെന്ന് സംഭവിച്ചത്? ഇത്രയും കാലം അമൃത് പോലെ ഇരുന്ന ആ ചോര ഒറ്റദിവസം കൊണ്ട് എങ്ങനെ ഇത്രയും മലിനമായി?
ആലോചിക്കും തോറും അവളുടെ ഉള്ളിലെ ദേഷ്യം തിളച്ചുമറിയാൻ തുടങ്ങി. തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആരോ വേപ്പില ഇട്ട് നശിപ്പിച്ചതുപോലൊരു അവസ്ഥയിലായിരുന്നു അവൾ.
ഇന്നലത്തെ ആ വെറുമൊരു മനുഷ്യൻ പെട്ടെന്ന് ഭയമില്ലാതെ തന്റെ മേൽ കൈവെച്ചതും, അവന്റെ ഈ ചോരയിലെ മാറ്റവും തമ്മിൽ എന്തോ വലിയൊരു ബന്ധമുണ്ടെന്ന് അവളുടെ ബുദ്ധി അവളോട് പറയുന്നുണ്ടായിരുന്നു. സംശയത്തോടെയും ദേഷ്യത്തോടെയും അവൾ അവനെത്തന്നെ ഉറ്റുനോക്കി നിന്നു.

Waiting for the next parts bro. Onnu fast aaku