സുമനൻ പറഞ്ഞു നിർത്തിയില്ല:
“അഭി, ഇതിലേറ്റവും ഭീകരമായ കാര്യം എന്താണെന്നുവെച്ചാൽ… ഈ റോയൽ വാമ്പയറുകൾക്ക് ഒരാളുടെ ചോര ഇഷ്ടമായാൽ, പിന്നെ അവരുടെ ചോര അല്ലാതെ വേറെ ആരുടെയും ചോര ഇവർ കുടിക്കില്ല! ആ മനുഷ്യന്റെ ചോരയുടെ ടേസ്റ്റിന് അവരങ്ങ് അഡിക്റ്റ് ആകും! അല്ലെങ്കിൽ അതിനേക്കാൾ പ്യുവർ ആയിട്ടുള്ള മറ്റൊരു ചോര കിട്ടണം, അത് കിട്ടുന്നതുവരെ അവർ വേറെ ആളെ തേടി പോവില്ല. ആ മനുഷ്യന്റെ അവസാനത്തെ തുള്ളി ചോര വരെ അവർ ഊറ്റിക്കുടിക്കും!”
അതുകേട്ടതും അതുവരെ എനിക്കുണ്ടായിരുന്ന ആ കൊച്ചു അഭിമാനമൊക്കെ ആവിയായിപ്പോയി. അന്ന് അവൾ എന്റെ കഴുത്തിലെ ഞരമ്പിലേക്ക് നോക്കി, “നിന്റെ ചോരയുടെ ടേസ്റ്റ് എനിക്കിപ്പോ ഒരു അഡിക്ഷൻ ആണ് അഭി, നിന്നെ വിട്ടുപോകാൻ എനിക്കാവില്ല” എന്ന് പറഞ്ഞതിന്റെ ശരിക്കുള്ള അർത്ഥം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
അപ്പൊ സംഗതി തീരുമാനമായി! എന്നെ ഊറ്റിക്കുടിക്കാൻ അവൾ തീരുമാനിച്ചുറപ്പിച്ചതാണ്. ഒന്നുകിൽ എനിക്ക് പകരമായി വേറൊരു പ്യുവർ ബ്ലഡ് ഉള്ള മനുഷ്യനെ കണ്ടുപിടിച്ച് അവൾക്ക് കുടിക്കാൻ കൊടുക്കണം. (ഇക്കാലത്ത് അങ്ങനെ ദുശ്ശീലങ്ങളില്ലാത്ത എക്സ്ട്രാ പ്യുവർ ആയ ആൺകുട്ടികളെ എവിടെ പോയി തപ്പാനാണ് ഞാനല്ലാതെ 😌!)
അല്ലെങ്കിൽ എന്റെ ഈ ശരീരത്തിലെ മുഴുവൻ ചോരയും തീരുന്നതുവരെ ഇവൾ എല്ലാ രാത്രിയും എന്റെ കഴുത്തിൽ കടിച്ചു തൂങ്ങും!
ഇതിൽ നിന്നും രക്ഷപ്പെടാൻ എനിക്കിനി എന്തെങ്കിലും വഴിയുണ്ടോ എന്ന് എങ്ങനെ ഇവനോട് ചോദിക്കുമെന്ന് ഞാൻ തല പുകഞ്ഞാലോചിക്കാൻ തുടങ്ങി….
എങ്ങനെയെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴി ഇവനിൽ നിന്നും തന്നെ ഊറ്റിയെടുത്തേ മതിയാകൂ.
ഞാൻ വളരെ ശ്രദ്ധിച്ച് അടുത്ത ചോദ്യത്തിലേക്ക് കടന്നു.
“എടാ സുമനാ… ഒരു ഉദാഹരണത്തിന്, നമ്മളൊരു റിയൽ ടൈം എക്സാമ്പിൾ ആയിട്ട് ചിന്തിക്കാം.”
ഞാൻ അവനെ ഒന്നുകൂടി എക്സൈറ്റഡ് ആക്കാൻ വേണ്ടി പറഞ്ഞു.
“ഇപ്പോ ഈ റോയൽ വാമ്പയർ ഒരാളുടെ ചോര കുടിച്ചുകൊണ്ടിരിക്കുകയാണെന്ന് വിചാരിക്കുക. ആ പാവം മനുഷ്യന് ആ വാമ്പയറിന്റെ അടുത്ത് നിന്നും എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം. അതിന് വല്ല വഴിയുമുണ്ടോ? ഈ കാവൽക്കാരന്റെ ബുക്കിൽ അത് എങ്ങനെയാ രക്ഷപ്പെടുക എന്ന് പറയുന്നുണ്ടോ?”
എന്റെ ചോദ്യം കേട്ടതും സുമനൻ വളരെ സീരിയസ്സായി ഒന്ന് ചിന്തിച്ചു. ഒരു കൊടും ക്രിമിനൽ കേസ് അന്വേഷിക്കുന്ന സിബിഐ ഓഫീസറുടെ ഭാവം അവന്റെ മുഖത്ത് വന്നു. അവൻ വീണ്ടും ആ കട്ടിയുള്ള ബുക്കിലെ പേജുകൾ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചുനോക്കി.
“അഭി… ഇതൊരു ഭയങ്കര കോംപ്ലിക്കേറ്റഡ് ആയ സിറ്റുവേഷൻ ആണ്. റോയൽ വാമ്പയറുടെ കയ്യിൽ നിന്നും രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം, അവരെ കൊല്ലാനോ ശാരീരികമായി നേരിടാനോ പാടാണ്….”
അവൻ പറഞ്ഞത് കേട്ട് എന്റെ നെഞ്ചിടിപ്പ് നിന്നുപോയോ എന്ന് ഞാൻ സംശയിച്ചു. അപ്പൊ ഇനിയൊരു രക്ഷയുമില്ലേ!
“പക്ഷേ…”
അവൻ പെട്ടെന്ന് നിറുത്തി, എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
“ഒരു വഴിയുണ്ട്!”
“എന്ത് വഴി?”
എന്റെ ആകാംക്ഷ അതിരുകടന്നു. കിരൺ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കാൻ പോലും ഞാൻ മറന്നുപോയിരുന്നു.
“ഞാൻ നേരത്തെ പറഞ്ഞില്ലേ, ഇവർ പ്യുവർ ബ്ലഡ് മാത്രമേ കുടിക്കൂ എന്ന്?” സുമനൻ ബുക്കിലെ ഒരു പ്രത്യേക വരിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് വിശദീകരിച്ചു.
“ആരുടെ ചോരയാണോ ആ വാമ്പയർ കുടിക്കുന്നത്… അവന്റെ ബ്ലഡ് അങ്ങ് ഇംപ്യുവർ (Impure) ആക്കുക! അതായത്, ആ മനുഷ്യന്റെ ചോര മലിനമാക്കുക!”
“ചോര മലിനമാക്കുകയോ? അതെങ്ങനെയാ?”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ലഹരികൾ ഉപയോഗിക്കുകയോ ചെയ്യുക. അല്ലെങ്കിൽ രക്തത്തിൽ വല്ല ഇൻഫെക്ഷനും ഉണ്ടാക്കുക. അങ്ങനെയുള്ള ദുശ്ശീലങ്ങൾ വരുമ്പോൾ ആ മനുഷ്യന്റെ ചോരയുടെ ടേസ്റ്റ് മാറും. ആ ചോരയ്ക്ക് അതിന്റെ പ്യൂരിറ്റി നഷ്ടപ്പെടും. പ്യുവർ ബ്ലഡ് മാത്രം കുടിച്ച് ശീലിച്ച ഒരു റോയൽ വാമ്പയറിന്, ഒരിക്കൽ ഇംപ്യുവർ ആയ ചോര കുടിച്ചാൽ പിന്നെ ആ മനുഷ്യനോട് വല്ലാത്തൊരു വെറുപ്പും അറപ്പും തോന്നും! അവർക്ക് അത് സഹിക്കാൻ കഴിയില്ല.”

Waiting for the next parts bro. Onnu fast aaku