സുമനൻ അത് പറയുമ്പോൾ എന്റെ തൊണ്ടയിലൊന്ന് വെള്ളം വറ്റി.
അടുത്ത ചിഹ്നത്തിലേക്ക് വിരൽ വെച്ചുകൊണ്ട് അവൻ തുടർന്നു:
“ഇനി രണ്ടാമത്തേത്… ലെവൽ 2 വാമ്പയറുകൾ. ‘ദി നോബിൾസ് (The Nobles)’. നേരത്തെ ഞാൻ പറഞ്ഞല്ലോ സമൂഹത്തിൽ വലിയ ബിസിനസ്സുകാരായും മറ്റും ജീവിക്കുന്നവർ, അത് ഇവരാണ്. ഇവർക്ക് വലിയ അധികാരവും സമ്പത്തും ഒക്കെയുണ്ട്. സമൂഹത്തിൽ വളരെ ഡീസന്റ് ആയിട്ട് ജീവിക്കുന്ന ഇവർ പക്ഷേ പ്യുവർ ആയ റോയൽ ബ്ലഡ് (Royal Blood) അല്ല. ഇവരുടെയൊക്കെ ശരീരത്തിൽ മനുഷ്യന്റെ ചോരയും പകുതി കലർന്നിട്ടുണ്ട്.”
സുമനൻ വീണ്ടും ബുക്കിന്റെ പേജുകൾ പുറകോട്ട് മറിച്ചു. എന്നിട്ട് വളരെ ഗാംഭീര്യമുള്ള, എന്നാൽ കാണുമ്പോൾ തന്നെ ഒരു ഭയം തോന്നുന്ന കറുപ്പും ചുവപ്പും കലർന്ന കൊത്തുപണികളുള്ള മറ്റൊരു ചിഹ്നം അവൻ എനിക്ക് കാണിച്ചുതന്നു.
അതേ ഇന്നലെ രാത്രിപോലും അനു കുളികഴിഞ്ഞ് ഡ്രസ്സ് മാറുമ്പോൾ അവളുടെ ആ വെളുത്ത പുറത്ത്, പച്ചകുത്തിയതുപോലെ ഞാൻ കണ്ട അതേ ചിഹ്നം! അന്ന് അതൊരു ഡിസൈനർ ടാറ്റൂ ആണെന്ന് വിചാരിച്ച് ആസ്വദിച്ചു നോക്കി നിന്ന എന്നെ ഞാൻ തന്നെ മനസ്സിൽ നൂറുവട്ടം ശപിച്ചു.
സുമനൻ വളരെ ഭക്തിയോടെ ആ ചിഹ്നത്തിലേക്ക് നോക്കി പറഞ്ഞു:
“ഇതാണ് ലെവൽ വൺ … ‘ദി റോയൽ ബ്ലഡ്സ് (The Royal Bloods)’! അതായത് ആദ്യം ഉണ്ടായ വാമ്പയറുകളോ അല്ലെങ്കിൽ അവരിൽ നിന്നും നേരിട്ട് ഉണ്ടായവർ! യഥാർത്ഥ രാജാക്കന്മാരും രാജ്ഞിമാരും! ബാക്കിയുള്ള ലെവലിൽ ഉള്ളവരൊന്നും ഈ പറയുന്ന പ്യുവർ റോയൽ ബ്ലഡ് അല്ല. ഈ ഒന്നാം ലെവലുകാരുടെ ശക്തിയും ബുദ്ധിയും എത്രത്തോളമാണെന്ന് ഈ പുസ്തകം എഴുതിയ കാവൽക്കാരന് പോലും കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല. ഇവരെ കൊല്ലാമെന്ന് മനുഷ്യർ സ്വപ്നത്തിൽ പോലും വിചാരിക്കരുത്!”
എന്റെ ഈശ്വരാ… എന്റെ പൊണ്ടാട്ടി അപ്പൊ വെറുമൊരു വാമ്പയറല്ല അല്ല, ഈ വാമ്പയറുകളിലെ ഐഎഎസ് കാരിയാണോ! അതും ആദ്യം ജനിച്ച വാമ്പയറിന്റെ ബ്ലഡ്‌ലൈൻ! അതുകൊണ്ടായിരിക്കണം ബാക്കിയുള്ളോരെ ഒക്കെ അവൾ വാഴേ, പുല്ലേ എന്നൊക്കെ വിളിക്കുന്നത്.
‘എന്നെക്കൊണ്ടൊന്നും കൂട്ടിയാകൂടില്ല’ എന്ന് സുമന നാരായണൻ ലോക്കൽ ഭാഷയിൽ പറഞ്ഞത് നൂറ്റമ്പത് ശതമാനവും സത്യമാണെന്ന് എനിക്ക് ബോധ്യമായി. ഒരു സാധാരണ ഡ്രാക്കുളയെ തന്നെ എനിക്ക് കൊല്ലാൻ പറ്റില്ല, അപ്പോഴാണ് സാക്ഷാൽ റോയൽ ബ്ലഡ് ആയ എന്റെ പൊണ്ടാട്ടി!
സുമനൻ ഈ റോയൽ ബ്ലഡ് വാമ്പയറുകളെക്കുറിച്ച് വീണ്ടും വാചാലനായി:
”ഈ റോയൽ ബ്ലഡുകളുടെ കഴിവുകൾ പറഞ്ഞാൽ നീ വിശ്വസിക്കില്ല! അവർക്ക് അപാരമായ ശക്തിയുണ്ട്. ഒരു കാർ പോലും ഒറ്റക്കൈ കൊണ്ട് പൊക്കിയെറിയാൻ അവർക്ക് കഴിയും. പിന്നെ അവരുടെ ഹീലിംഗ് പവർ (Healing Power)… അവർക്ക് എന്ത് മുറിവേറ്റാലും സെക്കൻഡുകൾക്കുള്ളിൽ അത് ഉണങ്ങും! വെടിയേറ്റാൽ പോലും നിമിഷങ്ങൾക്കകം ആ മുറിവ് തനിയെ ഇല്ലാതാകും.”
ഇതുകേട്ടതും ഞങളുടെ ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകമഹായുദ്ധങ്ങൾ എന്റെ മനസ്സിലേക്ക് വന്നു….
”പിന്നെ ഇവരുടെ മറ്റൊരു പ്രത്യേകതയെന്താണെന്നറിയോ?”
സുമനൻ വളരെ ആകാംക്ഷയോടെ ചോദിച്ചു.
“ഇവർ വലിയ വൃത്തിക്കാരാണ്! മറ്റുള്ള ലെവൽ വാമ്പയറുകളെപ്പോലെ ആരുടെയെങ്കിലും ചോര കിട്ടിയാൽ ഇവർ കുടിക്കില്ല. ഇവർ പ്യുവർ ബ്ലഡ് (Pure Blood) മാത്രമേ കുടിക്കൂ! മനുഷ്യരുടെ ഇടയിൽ യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത, തികച്ചും ആരോഗ്യവാനായ ഒരാളുടെ ചോര!”
അവന്റെ ഈ ഡയലോഗ് കേട്ടപ്പോൾ സത്യത്തിൽ എന്റെയീ ഗതികേടിലും എനിക്ക് എന്നോട് തന്നെ ചെറിയൊരു അഭിമാനം തോന്നി. അപ്പൊ ഞാൻ ഈ പറയുന്ന പ്യുവർ ബ്ലഡ് ആണ്!
അതുകൊണ്ടായിരിക്കും കോളേജിൽ പഠിക്കുമ്പോൾ എന്റെ കൂടെയുള്ളവന്മാരൊക്കെ വെള്ളമടിച്ചും കഞ്ചാവടിച്ചും നടന്നിട്ടും, എനിക്ക് അതിലൊന്നും താല്പര്യമില്ലാതെ ഞാൻ വലിയൊരു കുലപുരുഷനായി നടന്നത്… എല്ലാം ഈ ഡ്രാക്കുളയ്ക്ക് വന്ന് കുടിക്കാൻ വേണ്ടിയായിരുന്നല്ലോ ദൈവമേ എന്ന് ഞാൻ ഓർത്തു.

Waiting for the next parts bro. Onnu fast aaku