“അവര്… അവര് നാലുപേരും ആരാണെന്ന് ഇതിൽ പറയുന്നുണ്ടോ?” എനിക്കെന്റെ ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല.
“ഉണ്ട്!”
സുമനൻ ആവേശത്തോടെ പറഞ്ഞു.
“”””ലൂസിയൻ (Lucian), കാർമില (Carmilla), വിക്ടർ (Victor), പിന്നെ ഇസബെല്ല (Isabella)… ഈ നാല് പേരിലൂടെയാണ് വാമ്പയർ സാമ്രാജ്യം ഉണ്ടാവുന്നത്. അഭി… ഈ വാമ്പയറുകൾ എന്ന് പറഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്ന പോലെ വെറും കാട്ടുവാസികളല്ല. അവർ വലിയൊരു രാജകുടുംബം (Royal Family) പോലെയാണ് ജീവിക്കുന്നത്! ‘The Royal Court’ എന്നാണ് അവരുടെ സാമ്രാജ്യത്തിന്റെ പേര്.”””
അവൻ വിശദീകരിക്കുന്നത് കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി. അവൻ തുടർന്നു:
“അവർക്കിടയിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഈ നാല് പേർക്ക് താഴെ പ്രഭുക്കന്മാർ (Lords), പ്രഭ്വികൾ (Ladies)… അങ്ങനെ വലിയൊരു പദവികൾ തന്നെയുണ്ട്. മനുഷ്യരുടെ ഇടയിൽ വളരെ ഉയർന്ന നിലയിലാണ് ഇവർ ജീവിക്കുന്നത്. അതായത് വലിയ കോടീശ്വരന്മാരായും, ബിസിനസ്സുകാരായും, ഡോക്ടർമാരായും ഒക്കെ സമൂഹത്തിൽ വളരെ ഉയർന്ന സ്റ്റാൻഡേർഡിൽ ആരുമറിയാതെ അവർ ജീവിക്കുന്നു!”
എന്റെ പൊന്നു ദൈവമേ! ‘വലിയ കോടീശ്വരന്മാരായും ഡോക്ടർമാരായും…’ ആ വാക്ക് കേട്ടപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി. ലണ്ടനിൽ പഠിച്ച, കോടീശ്വരിയായ എന്റെ ഹൈ-ക്ലാസ് ഡോക്ടർ പൊണ്ടാട്ടി അപ്പൊ ഈ രാജകുടുംബത്തിൽ എങ്ങാനും പെട്ടതാണോ? എന്റെയൊരു സംശയം വെച്ച് ഇവൾ ഈ കാർമിലയുടെയോ ഇസബെല്ലയുടെയോ നേരിട്ടുള്ള വല്ല കൊച്ചുമോളും ആയിരിക്കും! ആ കുടുംബമഹിമ കൊണ്ടാവുമല്ലോ അന്ന് എന്റെ വായീന്ന് ഒരു ലോക്കൽ തെറി കേട്ടപ്പോൾ അവൾക്ക് അത്രക്ക് അഹങ്കാരവും പുച്ഛവും വന്നത്!
കാര്യങ്ങളുടെ കിടപ്പുവശം കേട്ടപ്പോൾ എന്റെ കിളി മൊത്തത്തിൽ പറന്നുപോയി. എന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമാണ് ഇപ്പോൾ സുമനൻ തന്നുകൊണ്ടിരിക്കുന്നത്. ഇവനെ എങ്ങനെയെങ്കിലും സോപ്പിട്ട് നിർത്തിയാൽ മാത്രമേ എന്റെ പൊണ്ടാട്ടിയെപ്പറ്റിയുള്ള ബാക്കി രഹസ്യങ്ങളും എനിക്ക് മനസ്സിലാക്കാൻ കഴിയൂ!
“എടാ സുമനാ… അപ്പൊ ഇവരെ കൊ… കൊ… കൊല്ലാൻ വല്ല വഴിയുമുണ്ടോ?”
വിക്കി വിക്കി വളരെ പതുക്കെ, കിരൺ കേൾക്കാത്ത ശബ്ദത്തിൽ ഞാൻ അവനോട് ചോദിച്ചു.
എന്റെയാ ചോദ്യം കേട്ടതും സുമന നാരായണന്റെ മുഖത്തെ ആ പ്രൊഫസർ ഭാവം പെട്ടെന്നങ്ങ് മാറി. അവൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട്, ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ തനി ഒരു ലോക്കൽ ഗുണ്ടയെപ്പോലെ പറഞ്ഞു:
“പൊന്നുമോനെ… നിന്നെക്കൊണ്ടൊന്നും കൂട്ടിയാകൂടില്ല!”
അതുവരെ ഫോണിൽ നോക്കിയിരുന്ന കിരൺ ഇതുകേട്ടതും ഞെട്ടിത്തരിച്ചു തലയുയർത്തി. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത, എപ്പോഴും ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സുമന നാരായണൻ പെട്ടെന്ന് ഒരു കൊടും ലോക്കൽ കച്ചറയായത് കണ്ട് ഞാനും കിരണും അവനെത്തന്നെ വായും പൊളിച്ച് നോക്കിയിരുന്നു.
ഞങ്ങളുടെ ആ നോട്ടം കണ്ടപ്പോഴാണ് അവന് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. അവൻ പെട്ടെന്ന് ഒന്ന് തൊണ്ടയനക്കി, ഉച്ചത്തിൽ ഒന്ന് കുരച്ചുകൊണ്ട്, കണ്ണടയൊക്കെ നേരെയാക്കി വീണ്ടും പഴയ ഡീസന്റ് സുമനനായി മാറി.
“അ… അത്… ഐ മീൻ… ഇറ്റ്സ് പ്രാക്ടിക്കലി ഇംപോസിബിൾ അഭി.”
അവൻ ചമ്മൽ മാറ്റാൻ വേണ്ടി വേഗം ആ വലിയ ബുക്ക് വീണ്ടും തുറന്നു.
“Vampires-ന്റെ ഇടയിൽ പ്രധാനമായും മൂന്ന് റാങ്കുകളാണ് ഉള്ളത്. അല്ലാതെ എല്ലാവരും ഒരേപോലെയല്ല.”
സുമനൻ ആ ബുക്കിലെ കുറച്ച് പേജുകൾ മറിച്ചുകൊണ്ട് പറഞ്ഞു.
അവൻ ആ ബുക്കിൽ വരച്ചുവെച്ചിരുന്ന രണ്ട് ചിഹ്നങ്ങൾ എനിക്ക് നേരെ കാണിച്ചുതന്നു.
“ഇതിൽ ഈ കാണുന്നത് ലെവൽ 3 വാമ്പയറുകളുടെ ചിഹ്നമാണ്. ‘ദി റോഗ്സ് (The Rogues)’. ഇവന്മാർ വളരെ ക്രൂരന്മാരാണ്! ഈ ഹൈ റാങ്കിങ് ആയിട്ടുള്ള വാമ്പയറുകൾ അവരുടെ ശത്രുക്കളെ ഇല്ലാതാക്കാനും മറ്റ് കൊട്ടേഷൻ പണികൾക്കും വേണ്ടി നിയമിക്കുന്ന ഗ്യാങ് ആണിത്. ഇവർക്ക് യാതൊരു നിയമങ്ങളുമില്ല, ദയയുമില്ല… ചോര കണ്ടാൽ പിന്നെ വെറും പ്രാന്തന്മാരും പ്രാന്തികളുമാണ്! മുന്നിൽ കിട്ടുന്നതിനെയൊക്കെ പച്ചക്ക് കടിച്ചു കീറും!”

Waiting for the next parts bro. Onnu fast aaku