സുമനൻ എന്റെയാ കോമഡി കേട്ട് വല്ലാത്തൊരു ഇളി ഇളിച്ചു…..
ഞാൻ പറഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സത്യമാണെന്ന് ആ പൊട്ടനറിയില്ലല്ലോ!
അപ്പോഴേക്കും കിരൺ ഫോൺ വിളിയൊക്കെ കഴിഞ്ഞ് തിരികെ ഞങ്ങളുടെ അടുത്തേക്ക് വന്നു. സാധനം പോക്കറ്റിൽ ഭദ്രമായി ഇരിപ്പുണ്ടെന്ന് ഞാൻ ഒന്നുകൂടി ഉറപ്പുവരുത്തി. പിന്നെ ഞങ്ങൾ അധികം അവിടെ നിന്നില്ല. സുമനനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
എന്റെ ചോര കുടിക്കുന്ന ആ യക്ഷിയെ ഇന്നത്തോടെ ഞാൻ എന്റെ ജീവിതത്തിൽ നിന്നും കെട്ടുകെട്ടിക്കും! പോക്കറ്റിലെ ആ ഇലയിൽ തൊട്ടുകൊണ്ട് വലിയൊരു ആത്മവിശ്വാസത്തോടെ ഞാൻ ബൈക്കിൽ കയറി…..
________________________________________________
അന്ന് രാത്രി…
ബാത്റൂമിൽ നിന്നും കുളിയൊക്കെ കഴിഞ്ഞ് അനു പുറത്തേക്ക് വന്നു. ഒരു അയഞ്ഞ വൈറ്റ് ടി-ഷർട്ടും ഒരു ചെറിയ ഷോർട്സുമായിരുന്നു അവളുടെ വേഷം.
നനഞ്ഞ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ വെളുത്ത കഴുത്തിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. ബെഡിലിരുന്ന ഫോൺ എടുത്ത അവൾ, വളരെ ഗൗരവത്തിൽ സംസാരിച്ചുകൊണ്ട് ഡ്രസ്സിങ് ടേബിളിന്റെ കണ്ണാടിക്ക് മുന്നിലേക്ക് ചെന്നു.
മറുവശത്ത് അവളുടെ അമ്മയായിരുന്നു.
“നീ എന്താ മോളെ അനു ഈ കാണിച്ചു കൂട്ടുന്നത്?” അമ്മയുടെ ശബ്ദത്തിൽ നല്ല വിഷമവും ദേഷ്യവും ഉണ്ടായിരുന്നു….
“കുറച്ചു ദിവസം മുന്നേ ഞാൻ അവനെ ടൗണിൽ വെച്ച് കണ്ടിരുന്നു. ആ പാവം പയ്യന്റെ ഇപ്പോഴത്തെ കോലം നീ കണ്ടിട്ടുണ്ടോ? യാതൊരു ഉന്മേഷവുമില്ലാതെ, വിളറി വെളുത്ത് ഒരുമാതിരി ജീവച്ഛവം പോലെയാണ് അവൻ നടക്കുന്നത്! നീ അവനെ നല്ല രീതിയിൽ ഊറ്റുന്നുണ്ടെന്ന് അവനെ കണ്ടാൽ തന്നെ ആർക്കും മനസ്സിലാകും.”
അമ്മ പറയുന്നത് കേട്ട്, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി അനുവിന്റെ ചുണ്ടിൽ വല്ലാത്തൊരു ചിരി വിടർന്നു.
മറുവശത്ത് അമ്മ വീണ്ടും വഴക്ക് പറഞ്ഞുകൊണ്ടിരുന്നു:
“അവൻ ഭയങ്കര പാവമാടി… അവന് നിന്റെ ഈ കടി താങ്ങാനുള്ള ആരോഗ്യമൊന്നുമില്ല. നിനക്കാണെങ്കിൽ അവന്റെ ചോരയോടുള്ള ആർത്തി കുറയുന്നുമില്ല. ഇങ്ങനെ പോയാൽ അധികം വൈകാതെ അവൻ മരിച്ചുപോവും. വലിയ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്ന് ഞാൻ നിന്നോട് നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ?”
ഇതൊക്കെ കേട്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ, തന്റെ കഴുത്തിൽ കൈവിരലോടിച്ച് അവൾ ആ ചിരിയോടെ തന്നെ നിന്നു.
“ഓ… എന്റെ അമ്മ വെറുതെ ടെൻഷൻ അടിക്കാതെ ഒന്ന് കൂളാവ്.”
അനു വളരെ ശാന്തമായി മറുപടി പറഞ്ഞു.
“അവന്റെ ചോരയുടെ ടേസ്റ്റ് അത്രക്ക് പ്യുവർ ആയതുകൊണ്ടല്ലേ എനിക്ക് അവനെ വിടാൻ പറ്റാത്തത്! എനിക്ക് എന്റെ ലിമിറ്റ് നന്നായിട്ട് അറിയാം. അവനെ ഞാനൊന്നും ചെയ്യില്ല, ഞാൻ നോക്കിക്കോളാം… അമ്മ സമാധാനമായിട്ട് കിടന്നുറങ്ങാൻ നോക്ക്.”
ഇത്രയും പറഞ്ഞുകൊണ്ടവൾ ഫോൺ കട്ട് ചെയ്തു.
ഫോൺ കട്ട് ചെയ്ത ശേഷം അനു പതുക്കെ ആ വലിയ കട്ടിലിലേക്ക് വന്നിരുന്നു. ബെഡിൽ അലക്ഷ്യമായി കിടന്നിരുന്ന അഭിയുടെ ഒരു ഷർട്ടിലേക്ക് അവളുടെ നോട്ടം ചെന്നെത്തി. അവളത് പതുക്കെ കയ്യിലെടുത്തു.
അമ്മ പറഞ്ഞത് സത്യമാണ്… താൻ കാരണം അവൻ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. ആദ്യമൊക്കെ അവനൊരു ഇര മാത്രമായിരുന്നു. അവന്റെ ആ ശുദ്ധമായ ചോര കുടിക്കാൻ മാത്രമായിരുന്നു അവൾ അവനെ ഉപയോഗിച്ചിരുന്നത്.
പക്ഷേ ഇപ്പോൾ… കാര്യങ്ങൾ അവളുടെ കൈവിട്ടുപോയി തുടങ്ങിയിരിക്കുന്നു.
ഒരു വാമ്പയറിന് ഒരിക്കലും ഒരു മനുഷ്യനോട് തോന്നാൻ പാടില്ലാത്ത എന്തോ ഒന്ന് അവൾക്ക് അവനോട് തോന്നിത്തുടങ്ങിയിട്ടുണ്ടോ എന്ന് അവൾക്ക് തന്നെ സംശയമായിരുന്നു. ഒരുതരം വല്ലാത്തൊരു പൊസസീവ്നെസ്സ്!
തന്റെ മുന്നിൽ എപ്പോഴും പേടിച്ച് വിറച്ച് നിൽക്കുന്നവനാണെങ്കിലും, എത്ര വേദനിപ്പിച്ചാലും അവൻ അവളെ തള്ളിമാറ്റുകയോ അവളിൽ നിന്നും ഓടിയൊളിക്കുകയോ ചെയ്തിട്ടില്ല. വേദന കടിച്ചുപിടിച്ച് അവനങ്ങനെ കിടക്കുമ്പോഴും, അവന്റെ ആ വലിയ കണ്ണുകളിൽ എവിടെയോ തന്നോടുള്ള ഒരു കൊച്ചു പ്രണയം അവൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത് കാണുമ്പോൾ അവളെത്ര നിയന്ത്രിച്ചാലും മരവിച്ചു കിടക്കുന്ന അവളുടെ ആ തണുത്ത ഹൃദയം അറിയാതെ ഒന്ന് മിടിച്ചുപോകും.

Waiting for the next parts bro. Onnu fast aaku