പുറത്ത് പെയ്യാൻ തുടങ്ങിയ വലിയൊരു മഴയുടെ ഇരമ്പൽ ആ മുറിയിലെ എന്റെ ഭയത്തെ കൂടുതൽ ഭയാനകമാക്കി
ഭയാനകമായ ആ രാത്രി കടന്നുപോയി. പുറത്ത് പെയ്തിരുന്ന വലിയ മഴ പതുക്കെ തോർന്നിരുന്നു, പക്ഷെ എന്റെ ഉള്ളിലെ ഭയത്തിന്റെ കൊടുങ്കാറ്റ് അപ്പോഴും അടങ്ങിയിരുന്നില്ല.
രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ, മുറിയുടെ ഒരു കട്ടിലിൽ കാലുകൾ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് ഞാൻ അങ്ങനെ ഇരുന്നു. കട്ടിലിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വളരെ ശാന്തമായി അവൾ ഉറങ്ങുന്നുണ്ടായിരുന്നു.
ഒരു വലിയ കാട്ടുതീ ഉള്ളിലൊളിപ്പിച്ച ആ ശാന്തത എന്നെ കൂടുതൽ ഭയപ്പെടുത്തി.
ജനലിലൂടെ പ്രഭാതത്തിന്റെ മങ്ങിയ വെളിച്ചം മുറിയിലേക്ക് കടന്നുവന്നു. പുറത്ത് പക്ഷികളുടെ ശബ്ദം കേട്ടുതുടങ്ങി.
കട്ടിലിൽ കിടന്നിരുന്ന ഫാബിയ പതുക്കെ കണ്ണുകൾ തുറന്നു. ആ കട്ടിലിൽ തളർന്നു , ഇരിക്കുന്ന എന്നെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ വളരെ ക്രൂരമായ ഒരു ചിരി വിടർന്നു.
അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. അലസമായി കിടന്നിരുന്ന മുടി ഒതുക്കിവെച്ചു, തലയിലൂടെ വളരെ ഭംഗിയായി തട്ടമിട്ടു.
ഇന്നലെ രാത്രിയിലെ ആ ഭയാനകമായ മുഖം അവളിൽ നിന്നും പൂർണ്ണമായും മാഞ്ഞുപോയിരുന്നു. പകരം, ഞാൻ
അന്ന് പെണ്ണുകാണാൻ പോയപ്പോൾ കണ്ട അതേ നിഷ്കളങ്കയായ, നാണംകുണുങ്ങിയായ ഫാബിയയായി അവൾ വീണ്ടും മാറി!
അവളുടെ ആ പെട്ടെന്നുള്ള മാറ്റം കണ്ട് എനിക്ക് ശരിക്കും എന്റെ സമനില തെറ്റുന്നതുപോലെ തോന്നി.
പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്.
“മോനെ , എഴുന്നേറ്റില്ലേ? നേരം ഒരുപാടായി…”
പുറത്ത് ഉമ്മയുടെ ശബ്ദം.
എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപ് തന്നെ ഫാബിയ വളരെ സ്വാഭാവികമായി ഓടിച്ചെന്ന് വാതിൽ പകുതി തുറന്നു.
“എഴുന്നേറ്റു ഉമ്മാ…” വളരെ നാണത്തോടെയും സ്നേഹത്തോടെയും അവൾ ഉമ്മയോട് പറഞ്ഞു.
“മോൾക്ക് പുതിയ സ്ഥലമൊക്കെ ആയതുകൊണ്ട് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?
ഇതാ രണ്ടുപേർക്കുമുള്ള ചായ… വേഗം ഫ്രഷ് ആയിട്ട് താഴേക്ക് വാട്ടോ.” ഉമ്മ വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞതെന്ന് ആ ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലാകുമായിരുന്നു.
ഉമ്മ നൽകിയ ആ രണ്ട് ഗ്ലാസ് ചായയുമായി ഫാബിയ വാതിലടച്ചു, കുറ്റി ഒന്നുകൂടി ഭദ്രമായി ഇട്ടു.
വാതിലടഞ്ഞ ആ നിമിഷം അവളുടെ മുഖത്തെ ആ നിഷ്കളങ്കമായ ചിരി മാഞ്ഞു, പകരം പഴയ ആ ക്രൂരത അവിടെ നിറഞ്ഞു. തലയിലെ തട്ടം പതുക്കെ പിന്നിലേക്ക് മാറ്റി അവൾ എന്റെ അടുത്തേക്ക് വന്നു.
ചായയുമായി എന്റെ മുന്നിൽ കുനിഞ്ഞിരുന്ന് എന്റെ ചെവിയിൽ അവൾ പതുക്കെ പറഞ്ഞു:
“ഇത് കുടിക്ക്. എന്നിട്ട് വേഗം ഫ്രഷ് ആയി എന്റെ സ്നേഹമുള്ള ഭർത്താവായിട്ട് വേണം പുറത്തേക്ക് വരാൻ. എന്റെ അഭിനയം എങ്ങനെ ഉണ്ടെന്ന് ഇപ്പോൾ നീ കണ്ടല്ലോ? ഇനി നീ പുറത്തുപോയി ഞാൻ ഷെറിന്റെ അനിയത്തിയാണെന്നോ, നിന്നെ ഉപദ്രവിക്കാൻ വന്നതാണെന്നോ പറഞ്ഞാൽ… ഇവിടെ ആര് വിശ്വസിക്കുമെടാ നിന്നെ?”
അവൾ ഒരു പുച്ഛച്ചിരിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി.
“നിനക്ക് വേണമെങ്കിൽ പോയി പറഞ്ഞോ. പക്ഷെ നിന്റെ ഉപ്പയും ഉമ്മയും കൂട്ടുകാരും എന്താ കരുതുക്ക എന്നറിയാമോ? നിന്റെ പഴയ അസുഖം വീണ്ടും തുടങ്ങിയെന്ന്! നിന്റെ ഭ്രാന്ത് തിരിച്ചു വന്നുവെന്ന്!! നിന്നെ വീണ്ടും ആ ഇരുട്ടറയിലെ ചങ്ങലകളിലേക്ക് അയക്കാൻ ഇതിലും വലിയൊരു കാരണം വേറെ വേണ്ടല്ലോ.”
അവളുടെ ആ വാക്കുകൾ ഒരു വലിയ ഇരുമ്പുചുറ്റിക പോലെയാണ് എന്റെ തലയിലടിച്ചത്.
ഞാൻ അക്ഷരംപ്രതി നിസ്സഹായനായിരുന്നു. അതെ, അവൾ പറഞ്ഞതാണ് സത്യം! ഞാൻ പറഞ്ഞാൽ ഇവിടെയാരും വിശ്വസിക്കില്ല.
കഴിഞ്ഞ അഞ്ച് വർഷത്തെ എന്റെ ഭ്രാന്തമായ അവസ്ഥ കണ്ടവരാണ് പുറത്തുള്ളത്.
ഇന്നലെ രാത്രി മാത്രം എന്റെ ജീവിതത്തിലേക്ക് വന്ന, തികച്ചും നിഷ്കളങ്കയായ ഈ പെൺകുട്ടിയെക്കുറിച്ച് ഞാൻ എന്തെങ്കിലും കുറ്റം പറഞ്ഞാൽ, എല്ലാവരും എന്റെ
തലച്ചോറിനെയാകും സംശയിക്കുക.
