ഫാബിയ ഒരക്ഷരം മിണ്ടാതെ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. വലിയുപ്പയെ നഷ്ടപ്പെട്ടതിന്റെ വലിയ സങ്കടം അവളിലുണ്ടായിരുന്നെങ്കിലും, ഞങ്ങൾക്കിടയിലുള്ള ആ പഴയ മരവിപ്പിനും അകൽച്ചയ്ക്കും യാതൊരു മാറ്റവുമുണ്ടായിരുന്നില്ല.
മരണവീട്ടിൽ എന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളൊന്നും ആ നിശ്ശബ്ദതയെ ഭേദിക്കാൻ പോന്നതായിരുന്നില്ല.
നഗരത്തിരക്കുകൾ കഴിഞ്ഞ് കാർ വിജനമായ ഒരു റോഡിലെക്ക് പ്രവേശിച്ചു. ഇരുവശത്തും വലിയ റബ്ബർ തോട്ടങ്ങളുള്ള, വളവുകൾ നിറഞ്ഞ ഒരു റോഡായിരുന്നു അത്.
പെട്ടെന്നാണ് മുന്നിലെ വളവ് തിരിഞ്ഞ് കണ്ണഞ്ചിപ്പിക്കുന്ന തീവ്രമായ വെളിച്ചവുമായി ഒരു വാഹനം ഞങ്ങളുടെ നേർക്ക് വന്നത്. അതൊരു വലിയ ടിപ്പർ ലോറിയായിരുന്നു!
വളരെ വേഗത്തിൽ എതിർദിശയിൽ നിന്നും പാഞ്ഞുവരികയായിരുന്നു അത്. സ്വന്തം ട്രാക്കിലൂടെ വരേണ്ട ആ ലോറി പെട്ടെന്ന് ഞങ്ങളുടെ ട്രാക്കിലേക്ക് വെട്ടിച്ച് എന്റെ കാറിന് നേരെ പാഞ്ഞടുത്തു!
കാറിന്റെ ഗ്ലാസ്സിലേക്ക് ആ വലിയ ഇരുമ്പുമുഖം ഇടിച്ചുകയറാൻ വരുന്നതുപോലെ എനിക്ക് തോന്നി.
ഒരു നിമിഷം…
ആ വലിയ ലോറി കാറിന്റെ മുൻഭാഗത്ത് ഇടിച്ചു കയറുമെന്ന് ഉറപ്പായ ആ അവസാന നിമിഷം, ഞാൻ സർവ്വ ശക്തിയുമെടുത്ത് സ്റ്റിയറിംഗ് ഇടത്തേക്ക് വെട്ടിച്ചു. ഒപ്പം ബ്രേക്കിൽ ആഞ്ഞാഞ്ഞു ചവിട്ടി.
കാർ നിയന്ത്രണം വിട്ട് നനഞ്ഞ റോഡിലൂടെ തെന്നിമാറി, വലിയ ശബ്ദത്തോടെ അരികിലുള്ള ഒരു മൺതിട്ടയിലേക്ക് ഇടിച്ച് നിന്നു. ഒരു ഇഴകീറിയ വ്യത്യാസത്തിൽ ആ വലിയ ടിപ്പർ ലോറി ഞങ്ങളുടെ കാറിന്റെ വശത്തൂടെ കാറ്റ് പറത്തിക്കൊണ്ട് ചീറിപ്പാഞ്ഞുപോയി!
ശ്വാസം നേരെ വീഴാൻ എനിക്ക് കുറച്ചു നിമിഷങ്ങളെടുത്തു. ഭയം കാരണം ഫാബിയ സീറ്റിൽ തറഞ്ഞിരിക്കുകയായിരുന്നു. അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു, എങ്കിലും എന്നോട് ഒന്നും ചോദിച്ചില്ല, എന്റെ നേർക്ക് നോക്കിയതുമില്ല.
ഞാൻ വേഗം കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ദൂരേക്ക് ഇരുട്ടിലേക്ക് മറയുന്ന ആ ലോറിയിലേക്ക് ഞാൻ സൂക്ഷിച്ചുനോക്കി.
ആ ലോറിയുടെ പുറകിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല! മാത്രമല്ല, ആ വിജനമായ റോഡിൽ വലിയൊരപകടം നടക്കാൻ പോയിട്ടും അത് നിർത്താനോ വേഗത കുറയ്ക്കാനോ ശ്രമിച്ചില്ല. ഒരു സാധാരണ അപകടമായിരുന്നെങ്കിൽ ഡ്രൈവർ ഒരിക്കലും
അങ്ങനെ വണ്ടി നിർത്താതെ പോകില്ല.
എന്റെ തലച്ചോറിലൂടെ ഒരു മിന്നൽ കടന്നുപോയി. ആ ടിപ്പർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായിരുന്നില്ല. അവൻ കൃത്യമായി എന്റെ കാറിനെ ലക്ഷ്യം വെച്ച് വന്നതായിരുന്നു! എന്നെ… അല്ലെങ്കിൽ ഞങ്ങളെ രണ്ടുപേരെയും ഇല്ലാതാക്കാൻ ആരോ മനപ്പൂർവ്വം പ്ലാൻ ചെയ്ത ഒരു കൊലപാതകശ്രമം!
ആരാണ് ഞങ്ങളെ കൊല്ലാൻ നോക്കുന്നത്? അതോ അഞ്ച് വർഷം ഞാൻ ആശുപത്രിയിലായിരുന്ന സമയത്ത് പുറത്ത് മറ്റെന്തെങ്കിലും സംഭവിച്ചിരുന്നോ? എന്റെ തല പുകയാൻ തുടങ്ങി.
കാറിന് മുൻവശത്ത് ചെറിയൊരു ചളുക്കം വന്നതൊഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ തിരികെ കാറിൽ കയറി. ഫാബിയ അപ്പോഴും ഒന്നും മിണ്ടാതെ ഇരിപ്പുണ്ടായിരുന്നു. പരസ്പരം ഒരക്ഷരം പോലും സംസാരിക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് വീണ്ടും വീട്ടിലേക്ക് തിരിച്ചു.
യാത്രയിലുടനീളം കാറിലെ ആ മരവിപ്പിക്കുന്ന നിശ്ശബ്ദത തുടർന്നു. പക്ഷെ എന്റെ ചിന്തകൾ ആ ഇരുണ്ട റോഡിലൂടെ പാഞ്ഞുപോയ നമ്പർ പ്ലേറ്റില്ലാത്ത ആ ടിപ്പർ ലോറിക്ക് പിന്നാലെയായിരുന്നു.
വലിയുപ്പയുടെ മരണത്തിന്റെ ക്ഷീണവും അപകടത്തിന്റെ നടുക്കവും ഫാബിയയുടെ മുഖത്ത് വല്ലാതെ നിഴലിച്ചിരുന്നു. വീട്ടിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തെ ചളുക്കം കണ്ട് ഉപ്പയും ഇക്കയും വെപ്രാളപ്പെട്ടു.
“ഒന്നുമില്ല ഉപ്പാ… റോഡിലെ വഴുക്കൽ കാരണം വണ്ടി ചെറുതായിട്ടൊന്ന് തെന്നി മൺതിട്ടയിൽ ഇടിച്ചതാ,” ഞാൻ എന്റെ സംശയങ്ങൾ മറച്ചുവെച്ചുകൊണ്ട് അവരോട് കള്ളം പറഞ്ഞു.
ഫാബിയ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു.
