കട്ടിലിന്റെ ഒരറ്റത്ത് ചുമരിന് അഭിമുഖമായി തിരിഞ്ഞുകിടക്കുന്ന ഷാനെ നോക്കി ഫാബിയ അങ്ങനെ കിടന്നു. പുറത്ത് മഴയുടെ നേരിയ ശബ്ദം ഇപ്പോഴും കേൾക്കാമായിരുന്നു. പക്ഷെ അവളുടെ ഉള്ളിൽ വലിയൊരു കൊടുങ്കാറ്റ് അടിക്കുകയായിരുന്നു.
(ഫാബിയയുടെ ചിന്തകൾ )
“എനിക്ക് എന്താണ് സംഭവിക്കുന്നത്? എന്തിനാണ് ഞാൻ അയാളോട് കട്ടിലിൽ കിടക്കാൻ പറഞ്ഞത്?” അവൾ മനസ്സിൽ അവളോട് തന്നെ ചോദിച്ചു.
അവൾ പതുക്കെ എഴുന്നേറ്റിരുന്ന് ഷാന്റെ ഉറങ്ങുന്ന രൂപത്തിലേക്ക് നോക്കി.
“എന്റെ ഇത്തയെ ഇല്ലാതാക്കിയവനാണ് അയാൾ. അവളോട് ചെയ്ത ചതിക്ക് പകരം ചോദിക്കാനല്ലേ ഞാൻ ഈ വീട്ടിലേക്ക് വന്നത്?
എല്ലാവർക്കും മുന്നിൽ സ്നേഹം നടിച്ച്, ഈ മുറിക്കുള്ളിൽ വെച്ച് അയാളെ പതുക്കെപ്പതുക്കെ സമനില തെറ്റിച്ച് വീണ്ടും ആ ഭ്രാന്താശുപത്രിയിലെ ഇരുട്ടറയിലേക്ക് അയക്കാൻ തീരുമാനിച്ചവളല്ലേ ഞാൻ?
എന്നിട്ടിപ്പോൾ എന്റെയുള്ളിലെ ആ പകയ്ക്ക് എന്താണ് സംഭവിച്ചത്?”
ഇന്ന് കടയിൽ വെച്ച് നടന്ന കാര്യങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. തണുത്തുവിറച്ച ആ കുഞ്ഞിനെ കണ്ടപ്പോൾ ഷാന്റെ മുഖത്തുണ്ടായ ആ വെപ്രാളം…
ഉടുപ്പുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ ആ അപരിചിതയായ സ്ത്രീക്ക് നൽകിയപ്പോൾ അയാളുടെ കണ്ണുകളിലുണ്ടായിരുന്ന ആ വലിയ സ്നേഹം.
അതൊരിക്കലും ഒരു അഭിനയമായിരുന്നില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.
“ഇത്ത ഡയറിയിൽ എഴുതിവെച്ചത് സത്യമായിരുന്നു… ഉള്ളിൽ ഒരുപാട് സ്നേഹമുള്ള, ആർദ്രതയുള്ള ഒരാളാണ് ഷാൻ. പക്ഷെ ആ സ്നേഹം എന്റെ ഇവർക്ക് ഇടയിൽ ഇതിനു മാത്രം എന്താണ് സംഭവിച്ചത്
“കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ അയാളെ മാനസികമായി എത്രത്തോളം തളർത്താൻ ശ്രമിച്ചു. കുറ്റപ്പെടുത്തുന്ന നോട്ടങ്ങൾ
കൊണ്ടും, മൗനം കൊണ്ടും ഞാൻ അയാളെ ശ്വാസംമുട്ടിച്ചു. പക്ഷെ ഒരിക്കൽ പോലും അയാൾ എന്നോട് ദേഷ്യപ്പെട്ടില്ല. എന്നെ തടഞ്ഞില്ല. എന്റെ വെറുപ്പ് അയാൾ അർഹിക്കുന്നതാണെന്ന മട്ടിൽ, എല്ലാം സ്വന്തം തെറ്റിനുള്ള ശിക്ഷയാണെന്ന് കരുതി അയാൾ ഏറ്റുവാങ്ങുകയാണ്. ആ കണ്ണുകളിലെ വലിയ കുറ്റബോധം… ഓരോ നിമിഷവും അയാൾ ഉള്ളുരുകി തീരുന്നത് ഞാൻ നേരിട്ട് കാണുകയല്ലേ…”
ഫാബിയ തന്റെ നെഞ്ചിൽ കൈവെച്ചു. അവിടെ വല്ലാത്തൊരു വിങ്ങൽ അവൾക്കനുഭവപ്പെട്ടു.
“ഇത്ത … ഞാൻ എന്താണ് ചെയ്യേണ്ടത്? സ്വന്തം തെറ്റുകളെയോർത്ത് ജീവച്ഛവമായി മാറിക്കഴിഞ്ഞ ഈ മനുഷ്യനെ ഞാൻ ഇനിയും എന്തിനാണ് ഉപദ്രവിക്കുന്നത്? ഇയാളെ വീണ്ടും ഭ്രാന്തനാക്കിയാൽ നിനക്ക് സമാധാനം കിട്ടുമോ? അതോ, ഇയാളുടെ ഈ കണ്ണീരും പശ്ചാത്താപവും കണ്ട് നീ ഇയാൾക്ക് മാപ്പ് കൊടുത്തിട്ടുണ്ടാകുമോ?”
ഷാൻ ഉറക്കത്തിൽ പതുക്കെ ഒന്ന് അനങ്ങി. അവൾ പെട്ടെന്ന് നോട്ടം മാറ്റി.
“പാടില്ല… എനിക്ക് അയാളോട് സഹതാപം തോന്നാൻ പാടില്ല. എന്റെ ഇത്തയ്ക്ക് ജീവിക്കാൻ കൊതിയുണ്ടായിരുന്നു. അവൾക്ക് വേണ്ടിയാണ് ഞാൻ… പക്ഷെ…”
അവൾ വീണ്ടും ഷാനെ നോക്കി. ഉപ്പയും ഉമ്മയും സുഹൃത്തുക്കളും ഉൾപ്പെടുന്ന ഈ വലിയ കുടുംബത്തിൽ സ്വന്തം സങ്കടങ്ങൾ ആരോടും പറയാൻ കഴിയാതെ, എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു ഏകാന്തപഥികനെയാണ് അവളപ്പോൾ കണ്ടത്.
“എന്റെ ഉള്ളിലെ പകയുടെ തീ അണയുകയാണോ പടച്ചോനെ? ഈ മനുഷ്യനെ എനിക്ക് ഇനിയും വെറുക്കാൻ കഴിയുന്നില്ലല്ലോ… ഞാൻ തോൽക്കുകയാണോ അതോ ശരിയായ വഴി തിരിച്ചറിയുകയാണോ?”
ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾക്കിടയിൽ, ഷാനോടുള്ള അടങ്ങാത്ത പകയിൽ നിന്നും, അറിയാതെയുള്ള ഏതോ ഒരു സ്നേഹത്തിലേക്ക് ഫാബിയയുടെ മനസ്സ് പതുക്കെ വഴിമാറുകയായിരുന്നു…
കടയിൽ വെച്ചുണ്ടായ ആ സംഭവത്തിന് ശേഷം ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ വലിയ മഞ്ഞുമല പതിയെ ഉരുകിത്തുടങ്ങിയിരുന്നു. എങ്കിലും പരസ്പരം മനസ്സ് തുറക്കാൻ ഞങ്ങൾ രണ്ടുപേരും മടിച്ചു നിന്നു. അങ്ങനെയിരിക്കെയാണ് ആ അപ്രതീക്ഷിതമായ ഫോൺ കോൾ വരുന്നത്.
അതൊരു വെള്ളിയാഴ്ച പുലർച്ചെയായിരുന്നു. ഫോൺ എടുത്ത ഫാബിയയുടെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു. അവൾ തറയിലേക്ക് കുഴഞ്ഞുവീണ് അലമുറയിട്ട് കരയാൻ തുടങ്ങി.
