എന്റെ സ്വന്തം വീട്ടിൽ, സ്വന്തം മുറിയിൽ ഞാൻ പൂർണ്ണമായും ഒരു തടവുകാരനായി മാറിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി.
രക്ഷപ്പെടാൻ പഴുതുകളില്ലാത്ത ഒരു വലിയ സൈക്കോളജിക്കൽ കെണിയിലാണ് ഞാൻ അകപ്പെട്ടിരിക്കുന്നത്!
അവൾ ആ ചായഗ്ലാസ് എന്റെ വിറയ്ക്കുന്ന കൈകളിലേക്ക് വെച്ചുതന്നു. എന്നിട്ട് തിരിഞ്ഞുനടന്ന് അവളുടെ വസ്ത്രങ്ങൾ എടുക്കാൻ തുടങ്ങി.
ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ, പുറത്ത് എന്നെ കാത്തിരിക്കുന്ന ആ വലിയ നരകത്തെക്കുറിച്ചോർത്ത് ഞാൻ ആ ചായഗ്ലാസ്സും പിടിച്ച് മരവിച്ചിരുന്നു…
മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ അവൾ എന്റെ വലതുകൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുറത്തുനിന്നൊരാൾ കണ്ടാൽ, പുതുതായി കല്യാണം കഴിഞ്ഞ ഭാര്യാഭർത്താക്കന്മാരുടെ സ്നേഹം നിറഞ്ഞൊരു നടത്തം! പക്ഷെ, എന്റെ കൈകളിൽ അമർന്നിരിക്കുന്ന അവളുടെ ആ പിടി ഒരു ഇരുമ്പുചങ്ങലയേക്കാൾ ശക്തമായിരുന്നു. ആ പിടിയിൽ എനിക്കുള്ള ഒരു മുന്നറിയിപ്പുണ്ടായിരുന്നു.
ഡൈനിങ് ടേബിളിൽ എല്ലാവരും ഉണ്ടായിരുന്നു. ഉപ്പ, ഉമ്മ, ഇക്ക, ഷമീമ ഇത്ത … എല്ലാവരുടെയും മുഖത്ത് വലിയ സന്തോഷം. എന്നെയും ഫാബിയയെയും ഒരുമിച്ച് കണ്ടപ്പോൾ ഉമ്മയുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു.
”വാ മക്കളേ… വന്നിരിക്ക്,” ഉമ്മ വളരെ സ്നേഹത്തോടെ ഞങ്ങളെ അടുത്തുള്ള രണ്ട് കസേരകളിലേക്ക് പിടിച്ചിരുത്തി.
മേശപ്പുറത്ത് ചൂട് പത്തിരിയും ഇറച്ചിക്കറിയും ഇരിപ്പുണ്ടായിരുന്നു. ഫാബിയ വളരെ നാണംകുണുങ്ങിയായ ഒരു പുതുപ്പെണ്ണിനെപ്പോലെ തലതാഴ്ത്തി എന്റെ അടുത്തായി ഇരുന്നു.
”മോൾക്ക് ഇതൊക്കെ ഇഷ്ടാവുമോ എന്തോ… എന്തായാലും കഴിച്ച് നോക്ക്,” ഉമ്മ ഫാബിയയുടെ പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് പറഞ്ഞു.
”എനിക്കിതൊക്കെ ഒരുപാട് ഇഷ്ടാ ഉമ്മാ…” വളരെ മൃദുവായ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു. അവളുടെ ആ അഭിനയം കണ്ട് ഞാൻ ശരിക്കും നടുങ്ങിപ്പോയി.
അവൾ എന്റെ പ്ലേറ്റിലേക്കും ഭക്ഷണം വിളമ്പിത്തന്നു.
എന്റെ അടുത്തേക്ക് കുനിഞ്ഞ് കറി ഒഴിച്ചുതരുന്നതിനിടയിൽ,ആരും കാണാതെ മേശയ്ക്കടിയിലൂടെ അവളുടെ ഒരു കാൽപ്പാദം എന്റെ കാലിനുമുകളിൽ വെച്ച് ശക്തിയായി ഒരമർത്തൽ! ഞാൻ വേദനകൊണ്ട് ചെറുതായി ഒന്ന് പുളഞ്ഞു. പക്ഷെ എന്റെ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നും വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.
അവൾ മെല്ലെ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി വളരെ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. ആ ചിരി കണ്ടിട്ട് ഇക്ക എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
പക്ഷെ ആ ചിരിക്ക് പിന്നിലെ ക്രൂരത എനിക്ക് മാത്രമേ കാണാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ.
”എന്താ മോനെ , കഴിക്കുന്നില്ലേ? മോൾ വാരി തരാൻ നോക്കിയിരിക്കുകയാണോ?”
ഇക്ക എനിക്ക് ഇട്ടു ഒന്ന് ഊക്കി എല്ലാവരും ചിരിച്ചു. ഫാബിയ
നാണത്തോടെ മുഖം കുനിച്ചു.
എന്റെ തൊണ്ടയിലൂടെ ഒരുരുള ഭക്ഷണം പോലും താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല.
എന്റെ മുന്നിലിരുന്ന് പൊട്ടിച്ചിരിക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും മുഖത്തേക്ക് ഞാൻ നോക്കി. അഞ്ച് വർഷത്തെ എന്റെ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് എന്നെ തിരികെ കിട്ടിയതിന്റെ സമാധാനം ആ മുഖങ്ങളിൽ ഉണ്ടായിരുന്നു. ആ സന്തോഷത്തിന് നടുവിലിരുന്ന്, ‘ഇവൾ എന്നെ കൊല്ലാൻ വന്നവളാണ്’ എന്ന് ഞാൻ വിളിച്ചുപറഞ്ഞാൽ… അവരത് എങ്ങനെ താങ്ങും? അവരത് വിശ്വസിക്കുമോ?
”ഇല്ല… എന്റെ മോന്റെ പഴയ അസുഖം വീണ്ടും തുടങ്ങി,” എന്ന് പറഞ്ഞ് ഉമ്മ വീണ്ടും നെഞ്ചത്തടിച്ച് കരയുന്നത് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.
”കഴിക്ക് ഇക്കാ…” ഫാബിയയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി. അവൾ ഒരു കഷണം ഇറച്ചി എന്റെ പ്ലേറ്റിലേക്ക് വെച്ചുതന്നു.
ചുറ്റും സന്തോഷം നിറഞ്ഞുനിൽക്കുന്ന ആ ഡൈനിങ് ടേബിൾ എനിക്കൊരു കഴുമരമായി മാറുകയായിരുന്നു. സ്വന്തം കുടുംബത്തിന് നടുവിലിരുന്ന്,
ചിരിച്ചുകൊണ്ട് എനിക്ക് എന്റെ സ്വന്തം കുരുതിക്ക് കൂട്ടുനിൽക്കേണ്ടി വന്നിരിക്കുന്നു.
