കടയിൽ വേറെ കസ്റ്റമേഴ്സ് ആരും ഉണ്ടായിരുന്നില്ല. പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം മാത്രം. ക്യാഷ് കൗണ്ടറിലെ കസേരയിൽ ഞാനും, കുറച്ചകലെയായി കുട്ടികളുടെ ഉടുപ്പുകൾ നോക്കുന്ന ഭാവത്തിൽ അവളും നിന്നു.
ഞങ്ങൾക്ക് ചുറ്റും ആ പഴയ ശ്വാസംമുട്ടിക്കുന്ന മൗനം വീണ്ടും തളംകെട്ടി
നിന്നു.
പെട്ടെന്നാണ് കടയുടെ വരാന്തയിലേക്ക് നനഞ്ഞൊലിച്ച് ഒരാൾ ഓടിക്കയറിയത്. പഴയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ച ഒരു സ്ത്രീ!
അവരുടെ കയ്യിൽ രണ്ടോ മൂന്നോ മാത്രം വയസ്സ് തോന്നിക്കുന്ന ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു.
തണുത്ത കാറ്റേറ്റ് ആ കുഞ്ഞ് പേടിച്ച് വിറച്ച് ഉറക്കെ കരയുന്നുണ്ടായിരുന്നു.
ആ കാഴ്ച കണ്ടതും ഞാൻ വേഗം സീറ്റിൽ നിന്നെഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.
“അകത്തേക്ക് കയറി നിൽക്ക് ഉമ്മാ … കുട്ടി വല്ലാതെ നനഞ്ഞിട്ടുണ്ടല്ലോ…”
ഞാൻ അവരെ കടയുടെ ഉള്ളിലേക്ക് കൂട്ടി.
ആ കുഞ്ഞ് തണുപ്പ് സഹിക്കാൻ കഴിയാതെ പല്ലുകൾ കൂട്ടിയിടിച്ച് വിറയ്ക്കുകയായിരുന്നു.
ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ, ഒരു പുതിയ ബേബി ടവ്വൽ റാക്കിൽ നിന്നും വലിച്ചെടുത്തു. അതിന്റെ കവർ പൊട്ടിച്ച് ഞാൻ ആ സ്ത്രീയുടെ കയ്യിലേക്ക് കൊടുത്തു.
“ഇതുകൊണ്ട് കുട്ടിയെ വേഗം തുടച്ചേക്ക്… ആ നനഞ്ഞ ഉടുപ്പ് ഊരി മാറ്റിക്കോ.”
എന്നിട്ട് ഞാൻ വീണ്ടും റാക്കിൽ പരതി കുഞ്ഞിന് പാകമാകുന്ന തണ്ണീപ്പിന് ഇടുന്ന ഒരു പുതിയ ഉടുപ്പ് എടുത്തു. അത് ഞാൻ ഫാബിയയുടെ നേർക്ക് നീട്ടി. അവൾ ഒരു നിമിഷം അമ്പരപ്പോടെ എന്നെ നോക്കി. പിന്നെ അവൾ വേഗം ആ ഉടുപ്പ് വാങ്ങി കുഞ്ഞിനെ തുടക്കാനും വസ്ത്രം മാറ്റാനും ആ സ്ത്രീയെ സഹായിച്ചു.
ഞങ്ങൾക്കിടയിലുള്ള ശത്രുതയും മൗനവുമെല്ലാം ആ നിമിഷം എവിടെയോ മറഞ്ഞുപോയിരുന്നു. വളരെ സ്വാഭാവികമായി ഞങ്ങൾ രണ്ടുപേരും ആ കുഞ്ഞിന്റെ സങ്കടം മാറ്റാൻ ഒരുമിച്ച് നിൽക്കുകയായിരുന്നു.
പുതിയ ഉടുപ്പിട്ടപ്പോൾ കുഞ്ഞിന്റെ വിറയൽ കുറഞ്ഞു. ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“പടച്ചോൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ മോനെ… ഈ പുത്തൻ ഉടുപ്പിനൊക്കെ വലിയ വിലയാകില്ലേ… എന്റെ കയ്യിൽ…” അവർ സങ്കടത്തോടെ പറഞ്ഞു.
“അതൊന്നും സാരമില്ല ഉമ്മാ , കുഞ്ഞിന് ഇപ്പോൾ എങ്ങനെയുണ്ട്? തണുപ്പ് മാറിയോ?” ഞാൻ വളരെ സ്നേഹത്തോടെ ആ കുട്ടിയുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.
ആ കുഞ്ഞ് എന്നെ നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ എന്റെ മനസ്സിലെ സകല ഭാരവും ഇറക്കിവെച്ചതുപോലെ എനിക്ക് തോന്നി.
ഞാൻ അവന് കളിക്കാൻ അവിടെനിന്നും ഒരു ചെറിയ കാർ കൂടി എടുത്തു കൊടുത്തു.
ഇതെല്ലാം കാണുമ്പോൾ ഫാബിയ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
മഴ കുറഞ്ഞപ്പോൾ ആ സ്ത്രീ ഞങ്ങളോട് ഒരുപാട് നന്ദി പുറത്തേക്കിറങ്ങി.
പോകുന്നതിന് മുൻപ് അവർ ഞങ്ങളെ നോക്കി പറഞ്ഞു: “നല്ല പൊരുത്തമുള്ള ജോഡികളാ നിങ്ങൾ… പടച്ചോൻ നിങ്ങൾക്ക്
എല്ലാ സന്തോഷവും തരട്ടെ…”
ആ വാക്ക് കേട്ട് ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി.
പെട്ടെന്ന് ഫാബിയ നോട്ടം പിൻവലിച്ചു.
അവർ പോയതിന് ശേഷം കടയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു. ഞാൻ തറയിൽ വീണ വെള്ളത്തുള്ളികൾ തുടച്ചുമാറ്റാൻ തുടങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ നിന്നും ആ തുണി വാങ്ങി അവൾ തന്നെ അത് വൃത്തിയാക്കി.
പുറത്ത് മഴ പൂർണ്ണമായും തോർന്നിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരക്ഷരം പോലും മിണ്ടാതെ കടയടച്ച് വണ്ടിയിൽ കയറി.
അന്ന് രാത്രി റൂമിലെത്തി വാതിലടച്ചപ്പോൾ, തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ ഒരു നിമിഷം നിന്നു. എന്നിട്ട് തിരിഞ്ഞുനോക്കാതെ തന്നെ വളരെ പതുക്കെ പറഞ്ഞു:
“താഴെ തറയിൽ കിടക്കണ്ട… തണുപ്പുണ്ടാകും.”
എന്നിട്ട് അവൾ പോയി കട്ടിലിന്റെ ഒരറ്റത്തായി കിടന്നു. ഞാൻ അവിശ്വസനീയതയോടെ ആ വാതിലിനടുത്ത് തന്നെ കുറച്ചുനേരം നിന്നുപോയി. മാസങ്ങൾക്ക് ശേഷം ആ വലിയ മഞ്ഞുമല പതിയെ ഉരുകിത്തുടങ്ങുകയായിരുന്നു…
