“എന്താ… എന്ത് പറ്റി ഫാബിയാ?” ഞാൻ വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.
“എന്റെ വലിയുപ്പ… വലിയുപ്പ പോയി … എനിക്കിനി ഈ ലോകത്ത് ആരും ഇല്ലാതായി…” അവൾ നെഞ്ചത്തടിച്ച് കരഞ്ഞു.
ആ വാർത്ത എന്നെയും വല്ലാതെ ഞെട്ടിച്ചു. സ്വന്തം ഉപ്പയെയും ഉമ്മയെയും നഷ്ടപ്പെട്ട അവൾക്ക് ഈ ലോകത്തുണ്ടായിരുന്ന ഏക ആശ്രയമായിരുന്നു വലിയുപ്പ. ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ അവളെ
ചേർത്തുപിടിച്ചു.
“ഒന്നുമില്ല ഫാബിയാ… കരയാതിരിക്ക്… ഞാനില്ലേ നിനക്ക്,” ഞാൻ അവളുടെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. ആദ്യമായി, അവൾ എന്നെ തട്ടിമാറ്റിയില്ല. പകരം ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവൾ എന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.
ഞങ്ങൾ വേഗം തന്നെ വലിയുപ്പയുടെ വീട്ടിലേക്ക് തിരിച്ചു.
അവിടെ എത്തുമ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും എത്തിത്തുടങ്ങിയിരുന്നു. മുറ്റത്ത് പന്തലിടുന്നതിന്റെയും മറ്റും ബഹളങ്ങൾ.
വലിയുപ്പയുടെ ചേതനയറ്റ ശരീരം കണ്ടതും ഫാബിയ തളർന്നു അവിടെ ഇരുന്നു . ഉമ്മയും ഷമീമ ഇത്തയും ചേർന്നാണ് അവളെ താങ്ങി റൂമിലേക്ക് കൊണ്ടുപോയത്.
അവിടെ അവളുടെ സങ്കടം കണ്ടുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഞാൻ പുറത്തേക്കിറങ്ങി.
ആ നിമിഷം മുതൽ ഞാൻ എന്റെ സകല സങ്കടങ്ങളും മാറ്റിവെച്ചു. ഫാബിയയ്ക്ക് നഷ്ടപ്പെട്ടത് അവളുടെ ഉപ്പാപ്പയെ . അവൾക്കൊരു താങ്ങായി, ഒരു മകന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യേണ്ടത് എന്റെ കടമയാണെന്ന് ഞാൻ ഉറപ്പിച്ചു.
അബിയെയും അജുവിനെയും ഞാൻ അങ്ങോട്ടേക്ക് വിളിച്ചു. പിന്നെ വിശ്രമമില്ലാത്ത ഓട്ടമായിരുന്നു. ,
പന്തലും കസേരകളും അറേഞ്ച് ചെയ്യൽ… എല്ലാം ഞാൻ തന്നെ മുന്നിൽ നിന്ന് നയിച്ചു.
സ്വന്തം വീട്ടിലെ ഒരു മരണത്തിന് ഓടിനടക്കുന്നതിനേക്കാൾ വലിയൊരു ഉത്തരവാദിത്തം ഞാൻ അവിടെ ഏറ്റെടുത്തു.
മഴക്കാറുള്ള ദിവസമായിരുന്നിട്ടും എന്റെ ശരീരം വിയർത്തു കുളിച്ചിരുന്നു. ഉച്ചയായപ്പോഴേക്കും ആളുകൾ ഒരുപാട് വന്നുതുടങ്ങി. , വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും അബിയുടെയും അജുവിന്റെയും സഹായത്തോടെ ഞാൻ ഓടിനടന്ന് ചെയ്തു.
ഇതിനിടയിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ എനിക്ക് സമയം കിട്ടിയിരുന്നില്ല.
ഇതൊക്കെ നടക്കുമ്പോഴും, റൂമിലിരുന്ന് കരയുന്ന ഫാബിയയുടെ കണ്ണുകൾ ജനലിലൂടെ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
വിയർപ്പിൽ കുതിർന്ന ഷർട്ടും, ചുവന്ന കണ്ണുകളുമായി മുറ്റത്തും ഇടവഴിയിലുമായി ഓടിനടക്കുന്ന എന്നെ നോക്കി ഫാബിയയുടെ മനസ്സ് പിടയുകയായിരുന്നു.
താൻ ഇത്രയും കാലം വെറുത്ത, ഉപദ്രവിക്കാൻ നോക്കിയ ഒരു മനുഷ്യൻ! തന്റെ ഉപ്പയുടെ സ്ഥാനത്തുള്ള വലിയുപ്പയ്ക്ക് വേണ്ടി, ഒരു സ്വന്തം മകനെപ്പോലെ ഓടിനടന്ന് കഷ്ടപ്പെടുന്നു. വിശപ്പും ദാഹവും മറന്ന് തനിക്കുവേണ്ടി എല്ലാം ഏറ്റെടുത്ത് നടത്തുന്ന ആ മുഖത്ത് യാതൊരുവിധ അഭിനയവുമില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.
“പടച്ചോനെ… ഞാൻ എത്ര വലിയ തെറ്റാണ് ചെയ്തത്…” ഫാബിയ മനസ്സിൽ പറഞ്ഞു. “ഇത്രയും സ്നേഹമുള്ള ഒരു മനുഷ്യനെയാണല്ലോ ഞാൻ ഭ്രാന്തനാക്കാൻ നോക്കിയത്.” അവളുടെ കണ്ണുകളിൽ നിന്ന് വീണ്ടും കണ്ണുനീർ ഒഴുകി, പക്ഷെ അത് വലിയുപ്പയെ നഷ്ടപ്പെട്ടതിന്റെ സങ്കടം മാത്രമായിരുന്നില്ല, എന്നോടുള്ള വലിയൊരു കുറ്റബോധം കൂടിയായിരുന്നു.
വൈകുന്നേരത്തോടെ ഖബറടക്കവും പ്രാർത്ഥനകളും എല്ലാം കഴിഞ്ഞു.
ആളുകൾ ഓരോരുത്തരായി പിരിഞ്ഞുപോയി.
എല്ലാം കഴിഞ്ഞ് തളർന്ന് അവശനായി ഞാൻ മുറ്റത്തെ ഒരു കസേരയിലേക്ക് വീണു. എന്റെ കാലുകൾ വേദനകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
കുറച്ചു സമയങ്ങൾക് ശേഷം അനാഥമായ ആണ് വീട് പൂട്ടി ഞങ്ങൾ കാറിൽ വീട്ടിലേക്ക് തിരിച്ചു. യാത്രയിലുടനീളം അവൾ ഒന്നും മിണ്ടിയില്ല .
ഇരുട്ട് വീണു തുടങ്ങിയിരുന്നു. പകൽ മുഴുവൻ പെയ്ത മഴ മാറിനിന്നെങ്കിലും റോഡിൽ നല്ല വഴുക്കലുണ്ടായിരുന്നു.
കാറിനുള്ളിൽ കനത്ത നിശ്ശബ്ദതയായിരുന്നു.
