‘ഞാന്‍ കൂളാണ്’ എന്ന് കാണിക്കാന്‍ ഒരു പാട്ട് പതിയെ മൂളാനും തുടങ്ങി. ഏട്ടത്തിയമ്മ ചായയെടുക്കാമെന്നും പറഞ്ഞ് അടുക്കളയിലേക്ക് പോയി. “ഡാ.. നീ മാസ്ക് ഇട്ടോണ്ടാണോ കഴിക്കുന്നെ…?
അത് മാറ്റിക്കേ..! ” കുഞ്ഞേച്ചിയുടെ ശബ്ദമുയര്‍ന്നപ്പോള്‍ ഉള്ളൊന്നു കാളി. അങ്ങനൊരു അപകടം ഓര്‍ത്തിരുന്നതേയില്ല. അവള്‍ എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്.
ഞാനാകെ വിളറി വെളുത്തു. “അത് .. എനി.. എനിക്ക് കോള്‍ഡാ..
അതാ..! ” ഞാന്‍ നിന്നു വിക്കി. “കോള്‍ഡോ.. കോള്‍ഡിനെന്തിനാ മാസ്ക്..?
ആ കൂര്‍ത്തനോട്ടം എന്നിലേക്ക് തുളഞ്ഞു കയറുന്നു. “അത്.. മാസ്ക് ഇട്ടാ തണുത്ത വായു മൂക്കിലേക്ക് അടിക്കില്ല… അപ്പൊ കോള്‍ഡ് മാറും..!
” ഞാന്‍ ഒറ്റ ശാസത്തില്‍ പറഞ്ഞൊപ്പിച്ചു. കുഞ്ഞേച്ചി അതൊന്നും ഒട്ടും വിശ്വസിച്ചിട്ടില്ലെന്ന്‍ ആ മുഖം വിളിച്ചു പറയുന്നുണ്ട്. മട്ടും ഭാവവുമൊക്കെ അത്ര പന്തിയല്ല. “നല്ല മഴയല്ലായിരുന്നോ…
തണുപ്പടിച്ചിട്ടുണ്ടാവും..! ” ഏട്ടത്തിയമ്മ എന്‍റെ സഹായത്തിനെത്തി. കുഞ്ഞേച്ചി ഒന്നിരുത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. “കഴിക്കുന്നത് വരെ അതങ്ങോട്ട് മാറ്റിക്കളയ് അമ്പുട്ടാ…
അപ്പോഴേക്കും വെള്ളം ചൂടാക്കിത്തരാം.. നല്ലോണം ഒന്ന്‍ ആവി പിടിച്ചാ മതി..! ” ഏട്ടത്തിയമ്മ കാര്യമറിയാതെ എന്നെ വെട്ടില്‍ ചാടിക്കുകയാണല്ലോ ഈശ്വരാ..! അനത്തിയ ചായ എന്‍റെ മുന്നില്‍ വച്ചിട്ട് അവര്‍ ഉമ്മറത്തേക്ക് പോയി.
കുഞ്ഞേച്ചി എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്. ഇനിയെന്ത് ചെയ്യും..! ഇരുന്നു പരുങ്ങിയാ അവള്‍ക്ക് വല്ല സംശയവും വന്നാ പ്രശ്നാവും. വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ മാസ്ക് ഊരി മാറ്റി.
“ശ് ശ് ശ് ..! ” എരിവു വലിക്കുന്നത് പോലൊരു ശബ്ദമുണ്ടാക്കിക്കൊണ്ട് അവള്‍ കസേര തള്ളി നിരക്കിക്കൊണ്ട് എഴുന്നേറ്റു. “ഇതാണോ നിന്‍റെ കോള്‍ഡ്..? “ എന്റെ താടിയുയര്‍ത്തിപ്പിടിച്ചു കൊണ്ട് ആശങ്കയോടെ അവളെന്‍റെ ചുണ്ട് പരിശോധിച്ചു.
ആ കണ്ണുകളിലേ രൂക്ഷഭാവം എന്നെ അല്പം ഭയപ്പെടുത്തി. അവളെന്തോ ചോദിക്കാനൊരുങ്ങിയതായിരുന്നു. അപ്പോഴാണ് അച്ഛന്‍ അങ്ങോട്ട് വന്നത്. “മാസ്കിട് ..
ദേ അച്ഛന്‍ വരണുണ്ട്..! ” ഒരു കാറ്റടിക്കുന്ന ശബ്ദം പോലെ പറഞ്ഞിട്ട് അവള്‍ അടുത്തുള്ള കസേരയിലിരുന്നു. ഞാന്‍ പെട്ടെന്ന് മാസ്ക് എടുത്തിട്ടു. “എന്ത് പറ്റി..!
നിനക്ക് സുഖമില്ലേ ..? ” അച്ഛന്‍ അല്പം ഭയപ്പെട്ട ശബ്ദത്തിലാണ് ചോദിച്ചത്. “അവനു കോള്‍ഡാ അച്ഛാ… അതാ..!
” ഞാന്‍ മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും കുഞ്ഞേച്ചി ഇടിച്ചു കയറിപ്പറഞ്ഞു കഴിഞ്ഞു. അവളെന്നെ സപ്പോര്‍ട്ട് ചെയ്തു സംസാരിക്കും എന്ന് ഞാന്‍കരുതിയതേയില്ല. “അതിനീ മാസ്കിട്ടിട്ടെന്താ കാര്യം.. ആവി പിടിക്കരുതോ..
തുളസിയൊക്കെ ഇട്ടിട്ട്..! ” ഞാന്‍ ഒന്നും മിണ്ടിയില്ല. “ആഹ്… നീ അന്ന് കൊണ്ട് വന്ന കാര്‍ ഒന്നൂടെ വേണം..
ഉച്ച കഴിഞ്ഞു മതി. നെന്മാറേലെ ശേഖരന്‍ മാമേടെ ആണ്ടാത്രേ നാളെ… ഈ നശിച്ച സൂക്കേട് കാരണം മാസേതാ ദിവസേതാന്നൊന്നും അറിയാന്‍ പറ്റാണ്ടായി…! ” “അതച്ഛാ…
അവര്‍ വാടകയ്ക്ക് കൊടുക്കുന്നതാ.. 1500 രൂപ ആവും.. അന്ന് ഏടത്തിയാ തന്നത് ..! ” “ആഹ്..
എന്തേലും ആവട്ടെ… ഇതിപ്പോ പോകാണ്ട് പറ്റില്ല.. നിങ്ങടമ്മെടെ ആണ്ടിന് ഒരാഴ്ച അവരൊക്കെ ഇവിടെ തന്നെ ആയിരുന്നു. ഈ അവസ്ഥയില്‍ ഒരു രണ്ടു ദിവസെങ്കിലും അവിടൊന്നു നിന്നു കൊടുത്തില്ലേല്‍ മോശാണ്..!
” “ഇപ്പൊ അങ്ങനെ ഒത്തു കൂടാനൊന്നും പറ്റില്ലച്ഛാ… കൊവിഡ് പ്രോട്ടോക്കോളൊക്കെ ഉള്ളതാ… പോലീസ് അറിഞ്ഞാ കേസ് ആവും..! ” കുഞ്ഞേച്ചിയുടെ മുഖത്ത് അമ്പരപ്പാണ്.
“വല്ല്യ കാരണവര്‍ കാലത്തെ തന്നെ വിളിച്ച് മുത്തശ്ശനെയും കൂട്ടിയങ്ങു ചെല്ലാന്‍
നിര്‍ബന്ധപൂര്‍വം പറഞ്ഞിരിക്ക്യാ… പിന്നെ അവര്‍ക്കറിയാത്ത പോലീസാണോ… ! ” അച്ഛന്‍ അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.
കുഞ്ഞേച്ചിയും ഞാനും പരസ്പരം നോക്കി. അടുക്കളയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് പിന്നിലെ വാതിലിലൂടെ അച്ഛന്‍ പുറത്തേക്ക് പോകുന്നത് വരെ ഞങ്ങളൊന്നും മിണ്ടിയില്ല. “അച്ഛന്‍ പേടിച്ചു… എനിക്കും കൊവിഡ് വന്നൂന്ന് കരുതിക്കാണും ആദ്യം..!
