അപ്പോഴേക്കും ഗൽബി പുറത്തേക്ക് വന്നു. ഗൽബിയെ നോക്കികൊണ്ട് വേലു അണ്ണൻ പറഞ്ഞു .
“ഇതാണോ കുഞ്ഞിന്റെ ഭാര്യ..?. നല്ല മഹാലഷ്മിയെ പോലെ ഉണ്ട് കാണാൻ.. ”
വേലു അണ്ണൻ പറഞ്ഞത് കേട്ട് ഉള്ളിൽ ചിരിച്ചുകൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു. വേലു അണ്ണൻ എന്നാണാവോ മഹാലക്ഷമിയെ കണ്ടിട്ടുള്ളത്.
“വാ വേലു അണ്ണാ മുറ്റത്ത് നിൽക്കാതെ ഇങ്ങോട്ട് കയറി ഇരിക്ക്.”
“വേണ്ട കുഞ്ഞേ. ഞാൻ ഇവിടെ നിന്നോളാം. ഒരുപാട് ആയില്ലേ കുഞ്ഞിനെ കണ്ടിട്ട് . അതിന്റെ സന്തോഷം കൊണ്ട് ഞാൻ ഓടി വന്നതാ. ”
“അതിനെന്താ വേലു അണ്ണാ. വേലു അണ്ണൻ വാ. എന്തേലും കുടിച്ചിട്ട് പോകാം.”
“ഓഹ്! വേണ്ട കുഞ്ഞേ. ഞാൻ പോകുന്നാ .”
“വാ വേലു അണ്ണാ.”
എന്ന് പറഞ്ഞു ഞാൻ മുറ്റത്ത് നിന്നും ഇറയത്തേക്ക് കയറി. വേലു അണ്ണൻ എന്റെ കൂടെ വന്ന് ഇറയത്തിന്റെ ഒരു ഓരം ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
” ഞാൻ ഇവിടെ നിന്നോളാം കുഞ്ഞേ. എന്തായാലും കുഞ്ഞിനേയും കുഞ്ഞിന്റെ ഭാര്യയേയും കാണാൻ കഴിഞ്ഞില്ലേ. എനിക്ക് സന്തോഷം ആയി. ”
കുഞ്ഞിന്റെ ഭാര്യ എന്ന് കേട്ടപ്പോൾ ഗൽബിയുടെ മുഖത്തു സന്തോഷമോ..? ഞെട്ടാലോ .. അറിയില്ല.
“അല്ല!! കുഞ്ഞേ. ഇതെന്താ കുഞ്ഞിന്റെ ഭാര്യയുടെ നെറ്റിയിൽ സിന്ദൂരം ഒന്നും കാണുന്നില്ലല്ലോ…? കഴുത്തിൽ താലിയും ഇല്ലേ…? ”
അങ്ങനെ ചോദിച്ച ശേഷം ഒരു നെടുവീർപ്പോടെ വേലു അണ്ണൻ തുറന്നു.
“ആഹ്!! ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഇങ്ങനെ ആണെന്ന് തോന്നുന്നു. കുഞ്ഞിന് അറിയാമോ.. എന്റെ നാലാമത്തെ മോളുടെ മോള്. ഈയടുത്താ ഓളുടെ കല്ല്യാണം കഴിഞ്ഞത്. എന്നിട്ടോ അത് താലിയും ഇടില്ല. സിന്ദൂവും തൊടില്ല. ചോദിച്ചാൽ പറയും അതൊക്കെയാണ് ഇപ്പോഴത്തെ ഫാഷൻ എന്ന്. അതും ഇപ്പോൾ ഒരു ഫാഷൻ. ”
ഒന്ന് നിർത്തിയ ശേഷം വേലു അണ്ണൻ ഗൽബിയോട് ചോദിച്ചു.
“എന്താ മോളുടെ പേര്…? ”
“ഗൽബി ” ഗൽബി പറഞ്ഞു.
” മോള് ഹിന്ദിക്കാരി ആണോ കുഞ്ഞേ..? എന്തായാലും നല്ല പേര്. കുഞ്ഞിന് എത്ര കുഞ്ഞുങ്ങൾ ആയി കുഞ്ഞേ.? ”
വേലു അണ്ണന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ഗൽബി നാണിച്ചു തല താഴ്ത്തി.
“കുഞ്ഞേ. അതിനൊന്നും വൈകിക്കരുതേ കുഞ്ഞേ. ഒരുപാട് കുഞ്ഞുങ്ങൾ വേണം. ഈ മുറ്റം നിറയെ ഒരുപാട് കുഞ്ഞുങ്ങൾ ഓടി കളിക്കണം. ”
വേലു അണ്ണൻ പറഞ്ഞത് കേട്ട് ഞാൻ ഗൽബിയോട് പറഞ്ഞു.
” ഗൽബി. ഇത് വേലു അണ്ണൻ. എനിക്ക് ഏറ്റവും വേണ്ടപെട്ട ആള് ആണ്. ഈ വേലു അണ്ണന് എത്രയാ മക്കൾ എന്ന് അറിയാമോ. പന്ത്രണ്ട് മക്കൾ. ”
പന്ത്രണ്ട് മക്കൾ എന്ന് ഞാൻ പറഞ്ഞപ്പോൾ ഗൽബി ഞെട്ടിപ്പോയി. അവൾ വേലു അണ്ണനെ സൂക്ഷിച്ചു നോക്കി. ഗൽബിയുടെ നോട്ടം കണ്ട് ചമ്മൽ തോന്നിയ വേലു അണ്ണൻ പറഞ്ഞു.
“കുഞ്ഞുങ്ങൾ എന്ന് പറയുന്നത് ദൈവത്തിന്റെ സമ്മാനം ആണ്. ദൈവം തരുമ്പോൾ നമ്മൾ ഇരു കൈയും നീട്ടി വാങ്ങാതെ പറ്റില്ലല്ലോ. കുഞ്ഞുങ്ങൾ അല്ലയോ നമ്മുടെ സമ്പത്തും സന്തോഷവും. ”
വേലു അണ്ണൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. എന്നിട്ട് ഗൽബിയോട് പറഞ്ഞു.
“ഗൽബി. നീ പോയി ഒരു ചായ ഇട്ട്കൊണ്ട് വാ. നമ്മുടെ വേലു അണ്ണന്. ”
“അയ്യോ! അതൊന്നും വേണ്ട കുഞ്ഞേ. എനിക്ക് ഒന്നും വേണ്ട. ഞാൻ ചായ കുടിച്ചിട്ടാ വന്നത്. ”
“എന്നാലും സാരമില്ല ഒരു ചായ കൂടെ ആവാം. വേലു അണ്ണൻ ഇരിക്ക് ഞാൻ ഇപ്പോൾ വരാം.”
എന്ന് പറഞ്ഞു. ഞാൻ ആ കുപ്പിയുമായി അകത്തേക്ക് നടന്നു. എന്റെ പിറകിലായി ഗൽബിയും. ഗൽബി അടുക്കളയിലേക്ക് പോയി. ഞാൻ ആ കുപ്പിയുമായി മുകളിലേക്ക് കയറി. മുകളിൽ പോയ ഞാൻ കുപ്പി അവിടെ വെച്ച് രണ്ട് അഞ്ഞൂറിന്റെ നോട്ട് എടുത്തു ചുരുട്ടി പിടിച്ചു താഴേക്ക് വന്നു. അപ്പോഴും വേലു അണ്ണൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിയുന്നു. ഞാൻ വേലു അണ്ണനോട് ചോദിച്ചു.
“വേലു അണ്ണൻ ഇപ്പോഴും തെങ്ങിൽ കയറുന്നുണ്ടോ…?”
