“ഏയ്! ഇല്ല കുഞ്ഞേ. മക്കൾ സമ്മതിക്കത്തില്ല. ഈ പ്രായത്തിൽ തെങ്ങിൽ കയറിയിട്ട് എന്തെങ്കിലും പറ്റിയാലോ എന്നാ അവർ ചോദിക്കുന്നത്. ഇത് പിന്നെ കുഞ്ഞിനാകുമ്പോൾ ആരുടേയും സമ്മതം എനിക്ക് ആവശ്യം ഇല്ല. ഇത്രയും വർഷം
തെങ്ങിൽ കയറിയ എന്നെ തെങ്ങ് ചതിക്കുമോ കുഞ്ഞേ…? അതൊന്നും പറഞ്ഞിട്ട് അതുങ്ങൾക്ക് മനസ്സിലാകുന്നില്ല. എന്നാലും അവരൊന്നും അറിയാതെ ഞാൻ ഇപ്പോഴും കയറും. എനിക്ക് കുടിക്കണം എന്ന് തോന്നുമ്പോഴൊക്കെ ”
അതും പറഞ്ഞു വേലു അണ്ണൻ ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഗൽബി ചായയുമായി വന്ന് വേലു അണ്ണന് നേരെ നീട്ടി.
“അവിടെ വെച്ചോ മോളെ. ഞാൻ എടുത്തു കുടിച്ചോളാം. മഹാലക്ഷ്മിയെ പോലെ ഉള്ള മോള് എനിക്ക് ചായ കൊണ്ട് വന്ന് തന്നിട്ട് ഞാൻ അത് കുടിച്ചില്ലേൽ പിന്നെ എനിക്ക് പച്ച വെള്ളം കുടിക്കാൻ ഒക്കുമോ..”
ഗൽബി ചായ അവിടെ വെച്ച് എന്റെ അടുത്ത് വന്നു നിന്നു. എന്റെ ചെവിയിലായി ചോദിച്ചു.
“സാറേ. നമ്മൾ വരുമ്പോൾ കൊണ്ട് വന്ന ആ മധുരപ്പേട കൊടുക്കട്ടെ.”
“ഉം. കൊടുത്തോ. ” ഞാൻ പറഞ്ഞു.
ഗൽബി വേഗം അകത്തേക്ക് പോയി ഒരു പാത്രത്തിൽ മധുരപ്പേടയുമായി വന്നു. അത് വേലു അണ്ണന്റെ മുന്നിലായി വെച്ചു.
“അയ്യോ! മോളെ എനിക്ക് ഇതൊന്നും വേണ്ട മോളെ. മോള് തന്ന ഈ ചായ തന്നെ എനിക്ക് ഒരുപാട് ആയി. ”
ഗൽബി കൊണ്ട് വെച്ച ചായ എടുത്തു കുടിക്കുന്നതിനിടയിൽ വേലു അണ്ണൻ പറഞ്ഞു.
“സാരമില്ല വേലു അണ്ണാ. അണ്ണൻ അത് എടുത്തു കഴിച്ചു നോക്ക്. അതിന് നല്ല രുചിയാ. ”
ഞാൻ വേലു അണ്ണനോട് പറഞ്ഞു. അത് കേട്ട് വേലു അണ്ണൻ ഒരു കഷ്ണം മധുരപേട എടുത്തു കഴിച്ചിട്ട് പറഞ്ഞു.
“അതേ. കുഞ്ഞേ. ഇതിനു നല്ല രുചിയാ. നല്ല മധുരവും.” അത് പറയുമ്പോൾ വേലു അണ്ണന്റെ കണ്ണ് നിറഞ്ഞിരുന്നോ..? ഇല്ല എനിക്ക് തോന്നിയതാകും.
വേലു അണ്ണൻ ചായ കുടിച്ചു പോകാൻ നേരം പറഞ്ഞു.
“ഞാൻ ഇറങ്ങട്ടെ കുഞ്ഞേ. ഇനി ഒരിക്കൽ വരാം. കുഞ്ഞ് ഇനി ഇവിടെ തന്നെ കാണില്ലേ. അതോ തിരിച്ചു പോകുമോ?”
“കുറച്ചു ദിവസം ഞാൻ ഇവിടെ കാണും വേലു അണ്ണാ. പോകുന്നതിനു മുൻപ് പറ്റിയാൽ ഞാൻ അങ്ങോട്ട് വരാം. ചാരമ്മയെ കണ്ടിട്ടും ഒരുപാട് ആയില്ലേ. ”
ശാരദ. അതാണ് ചാരമ്മ. ഞാൻ പണ്ടേ അങ്ങനെ വിളിച്ചാണ് ശീലം. വേലു അണ്ണന്റെ ഭാര്യ ആണ് ചാരമ്മ.
“ഓൾക്ക് വയ്യ കുഞ്ഞേ. ഓൾക്കും പ്രായായില്ലേ. അതാ ഞാൻ ഓളെ ഇങ്ങോട്ട് കൂട്ടാതിരുന്നത്. കുഞ്ഞ് തിരിച്ചു പോകുന്നതിനിടയിൽ ഒരു ദിവസം ഞാൻ ഓളേയും കൂട്ടി വരാം. ”
എങ്ങനെ വയ്യാതാകും. നല്ല പ്രായത്തിൽ ചാരമ്മയെ വെറുതെ വിട്ടിട്ടുണ്ടോ..? ഓരോ കൊല്ലം ഓരോന്ന് എന്ന രീതിയിൽ അല്ലേ ആ പാവത്തിനെ കൊണ്ട് പന്ത്രണത്തിനെ ഉണ്ടാക്കിയത്. അതിൽ എന്റെ തന്തപ്പടിയുടെ ഉണ്ടോ എന്തോ..? നല്ല പ്രായത്തിൽ ചാരമ്മ ഒരു സുന്ദരി ആയിരുന്നു. അതുകൊണ്ട് കൂടെയാ എന്റെ തന്തപ്പടിയെ സംശയം. ഞാൻ മനസ്സിൽ
പറഞ്ഞു. പിന്നെ ചോദിച്ചു.
“ചാരമ്മയ്ക്ക് എന്ത് പറ്റിയതാ..”
“അവള് ചാരം ആകാറായി കുഞ്ഞേ. വലിവും മറ്റ് ഏതാണ്ടൊക്കെ ഉണ്ട്. എങ്കിലും കുഞ്ഞ് വന്നെന്ന് അറിഞ്ഞാൽ ഓള് ഓടി വരും. കുഞ്ഞിനെ അത്രയും ഇഷ്ട്ടമാ ഓൾക്ക്. ഓളേയും കൂട്ടി ഞാൻ ഒരു ദിവസം വരാം കുഞ്ഞേ..”
അതും പറഞ്ഞു വേലു അണ്ണൻ തിരിഞ്ഞു നടന്നു.
“വേലു അണ്ണാ ഒന്ന് നിന്നെ.” എന്ന് പറഞ്ഞു ഞാൻ വേലു അണ്ണന്റെ കൈയിൽ പിടിച്ചു. നേരത്തെ ഞാൻ ചുരുട്ടി പിടിച്ച രണ്ടു അഞ്ഞൂറിന്റെ നോട്ട് വേലു അണ്ണന്റെ കൈയിൽ വെച്ചു.
“എന്താ കുഞ്ഞേ ” ഞാൻ കൊടുത്ത നോട്ട് നോക്കിയിട്ട് വേലു അണ്ണൻ പറഞ്ഞു.
“എന്താ കുഞ്ഞേ ഇത്. എന്തിനാ കുഞ്ഞേ ഇത്. ഞാൻ ഇതിന് വേണ്ടി ഒന്നും അല്ല കുഞ്ഞിനെ കാണാൻ ഓടി വന്നത്. കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടാ. “
