അപ്പോഴാണ്, പെട്ടെന്ന് എന്തോ ഓർത്തതുപോലെ ഐഷു ചേച്ചി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റത്. മുഖത്തൊരു വെപ്രാളം തെളിഞ്ഞു.
ശേഷം സ്വയം എന്തോ പിറുപിറുത്തുകൊണ്ട്, ഫോണുമെടുത്ത് ചേച്ചി ധൃതിയിൽ ഡൈനിങ് ഹാളിൽ നിന്നും പുറത്തേക്ക്, സിറ്റൗട്ടിലേക്ക് നടന്നുപോയി.
ആരെയാണ് ഇത്ര അടിയന്തിരമായി വിളിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും, കാര്യമായ എന്തോ ഒന്നാണെന്ന് ചേച്ചിയുടെ പോക്ക് കണ്ടപ്പോൾ തോന്നി.
സമയം മെല്ലെ മുന്നോട്ട് നീങ്ങി…
കൈകൾ ഇപ്പോഴും അനക്കാൻ വയ്യ. നീര് വന്ന് വീർത്തിരിക്കുകയാണ്. ചെറിയൊരു അനക്കം പോലും വലിയ വേദന നൽകുന്നുണ്ട്.
പക്ഷേ… എനിക്ക് അതിൽ വലിയ ടെൻഷനൊന്നും തോന്നിയില്ല.
കാരണം, പരിചരിക്കാൻ തൊട്ടരികിൽ എന്റെ രണ്ട് മാലാഖമാരുണ്ടല്ലോ. ഒരാൾ ഐസ് വെച്ച് തരുന്നു, മറ്റൊരാൾ കൈ മെല്ലെ തടവി ആശ്വസിപ്പിക്കുന്നു. ഈ സ്നേഹവും കരുതലും കിട്ടുമെങ്കിൽ, ഇടയ്ക്കിടെ കൈ ഒന്ന് ഉളുക്കുന്നതിലും പൊട്ടുന്നതിലും തെറ്റില്ലെന്ന് പോലും എനിക്ക് തോന്നിപ്പോയി….
കുറച്ചു സമയം കഴിഞ്ഞതും ഞങളെല്ലാവരും ഹാളിലേക്ക് പോയി….
അപ്പോൾ തന്നെയാണ് ഫോൺ വിളിക്കാൻ പോയ ചേച്ചി തിരികെ ഹാളിലേക്ക് വന്നതും…
ചേച്ചിയുടെ ശ്രദ്ധ ഇപ്പോഴും കയ്യിലിരിക്കുന്ന ഫോണിൽ തന്നെയായിരുന്നു. മുഖത്ത് വല്ലാത്തൊരു ഗൗരവം നിഴലിച്ചു നിൽക്കുന്നു.
ഞങ്ങളുടെ അടുത്തെത്തിയതും, ഒന്നും മിണ്ടാതെ ചേച്ചി ഫോണിന്റെ സ്ക്രീൻ ഞങ്ങൾക്ക് നേരെ തിരിച്ചുവച്ചു.
“ഇതൊന്ന് നോക്കിയേ…”
കൗതുകത്തോടെയും അല്പം ആശങ്കയോടെയും ഞങ്ങൾ ആ സ്ക്രീനിലേക്ക് നോക്കി.
കറുത്ത മഷികൊണ്ട് വരച്ചതെന്ന് തോന്നിക്കുന്ന ഒരു ചിത്രമായിരുന്നു അത്. ഒറ്റനോട്ടത്തിൽ തന്നെ ഭയം തോന്നിപ്പിക്കുന്ന മൂന്ന് നാഗങ്ങൾ!
ചിത്രത്തിന്റെ നടുവിലായി, പത്തി വിടർത്തി നിൽക്കുന്ന ഒരു കൂറ്റൻ നാഗം. രാജകീയമായ ഗാംഭീര്യം ആ രൂപത്തിനുണ്ടായിരുന്നു. അതിന് ഇരുവശങ്ങളിലുമായി, ഒരേ വലിപ്പത്തിലുള്ള വേറെ രണ്ട് നാഗങ്ങൾ കൂടി… നടുവിലുള്ള നാഗത്തിന് കാവൽ നിൽക്കുന്നതുപോലെ.
അവയുടെ കണ്ണുകൾക്ക് മാത്രമേ നിറമുണ്ടായിരുന്നുള്ളു…
“ചേച്ചി… ഇതെവിടുന്ന് കിട്ടി? എന്താ ഇത്…?”
ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ, ഞാൻ ചേച്ചിയോട് ചോദിച്ചു.
ചേച്ചി എന്തോ മറുപടി പറയാൻ തുടങ്ങിയതും, ഹാളിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കാളിംഗ് ബെൽ ശബ്ദിച്ചു.
‘ഡിങ് ഡോങ്…’
പറയാൻ വന്നത് പാതിവഴിയിൽ നിർത്തി, ചേച്ചി വാതിലിന് അടുത്തേക്ക് നടന്നു. ലോക്ക് തുറന്ന് വാതിൽ പാളികൾ അകത്തേക്ക് നീങ്ങിയതും, മുന്നിൽ റോസും കൃതികയും!
“ആഹ്… നിങ്ങൾ വന്നോ… കേറി വാ…”
ചേച്ചി അവരെ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്ക് കയറിയ കൃതികയുടെ കണ്ണുകൾ ആദ്യം തേടിയത് എന്നെയായിരുന്നു. ഹാളിൽ സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസം തെളിഞ്ഞു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് നടന്നു വന്നു. സോഫയിൽ ഇരിക്കുകയായിരുന്ന എന്നെ അവൾ ഇറുകെ കെട്ടിപ്പിടിച്ചു.
അവളുടെ ശ്വാസം എന്റെ കഴുത്തിൽ തട്ടി.
“സോറി ഡാ… ഞാൻ… ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു. എനിക്ക് തെറ്റുപറ്റിപ്പോയി… ഇനി ഒരിക്കലും ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല…”
ആദ്യമായിട്ടായിരുന്നു അവൾ കുറ്റബോധം നിറഞ്ഞ സ്വരത്തോട് കൂടി സംസാരിക്കുന്നത് ഞാൻ കേട്ടത്…
കൈ അനക്കാൻ വയ്യാത്തതുകൊണ്ട്, തിരികെ കെട്ടിപ്പിടിക്കാനാവാതെ ഞാൻ ഒരു പ്രതിമ പോലെ അങ്ങനെ ഇരുന്നു കൊടുത്തു.
കുറച്ചുനേരം കഴിഞ്ഞ്, എന്റെ ശരീരത്തിൽ നിന്നും അടർന്നുമാറി അവൾ എന്റെ മുഖത്തേക്ക് നോക്കി.
“എന്താടാ… എന്നോടുള്ള പിണക്കം ഇതുവരെയും മാറിയില്ലേ?”
അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
