“ഏയ്… എനിക്ക് പിണക്കമൊന്നുമില്ല…”
“പിന്നെന്താ എന്നെ തിരിച്ച് കെട്ടിപ്പിടിക്കാത്തേ?”
കുട്ടിത്തം മാറാത്ത പരാതിയോടെ അവൾ ചോദിച്ചു.
മറുപടിയൊന്നും പറയാതെ, ഞാൻ എന്റെ വലംകൈ സാവധാനം ഉയർത്തി കാണിച്ചു. നീലിച്ചു വീർത്ത്, കല്ലിച്ച പാടുകളുമായി ഇരിക്കുന്ന എന്റെ കൈ കണ്ടതും അവൾ ഞെട്ടിപ്പോയി….
“അയ്യോ… കയ്യിനെന്തു പറ്റി ദേവാ?”
ആധി കയറിയ അവൾ, വെപ്രാളത്തോടെ എന്റെ ആ കൈ വലിച്ച് പിടിച്ചു.
“ആഹ്!!”
വേദനയുള്ള കൈ പെട്ടെന്ന് വലിച്ചപ്പോൾ, ഒരു മിന്നൽപ്പിണർ പോലെ വേദന എന്റെ ഞരമ്പുകളിലൂടെ പാഞ്ഞു കയറി. ഞാൻ പല്ലുകൾ കൂട്ടിയിടിച്ച് വേദന കടിച്ചമർത്തി.
അത് കണ്ടതും, തൊട്ടടുത്തുണ്ടായിരുന്ന ആമി പെട്ടെന്ന് ഇടപെട്ടു.
ഒട്ടും മയമില്ലാതെ, ആമി കൃതികയുടെ കൈ എന്റെ കയ്യിൽ നിന്നും വെട്ടിമാറ്റി.
“നോക്കി പിടിക്കെടി… അവന് വേദനിക്കുന്നുണ്ട്…”
ആമിയുടെ ആ പ്രവർത്തിയും സംസാരവും കൃതികയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവളുടെ കണ്ണുകളിൽ ദേഷ്യം ആളിക്കത്തി. ‘നീയാരാ അത് പറയാൻ’ എന്ന ഭാവത്തിൽ അവൾ ആമിയെ രൂക്ഷമായി ഒന്ന് നോക്കി.
എന്നാൽ ആമി അതൊന്നും കണ്ടഭാവം പോലും നടിച്ചില്ല. കൃതികയുടെ നോട്ടത്തെ പുച്ഛിച്ചു തള്ളിക്കൊണ്ട്, അവൾ വീണ്ടും ഐസ് ക്യൂബ്സ് എടുത്ത് എന്റെ കയ്യിൽ മൃദുവായി തടവാൻ തുടങ്ങി.
വേദനയ്ക്കിടയിലും, ആമിയുടെ ആ കരുതലിൽ എന്റെ മനസ്സ് തണുത്തു. എന്നാൽ കൃതികയുടെയും ആമിയുടെയും ഇടയിൽ പുകയുന്ന ആ അദൃശ്യമായ പോർക്കളം അവിടെയുള്ള മറ്റെല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
അന്തരീക്ഷം ആകെ വഷളാവുമെന്ന് തോന്നിയപ്പോൾ ഞാൻ ഇടപെടാൻ തീരുമാനിച്ചു.
ആമിയും കൃതികയും തമ്മിലുള്ള ആ നോട്ടപ്പൊരി ഉടനെ ഒരു യുദ്ധമായി മാറാൻ സാധ്യതയുണ്ട്.
ഞാൻ എന്റെ ഇടത്തെ കൈ സാവധാനം ഉയർത്തി, ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന കൃതികയുടെ മുഖം ആമിയിൽ നിന്നും എന്നിലേക്ക് തിരിച്ചുപിടിച്ചു.
അവളുടെ കവിളിൽ തട്ടിക്കൊണ്ട്, മുഖത്തൊരു കള്ളച്ചിരി വരുത്തി ഞാൻ ചോദിച്ചു.
“അല്ല… ഇന്ന് കാണാൻ നല്ല ഭംഗിയുണ്ടല്ലോ… കവിളൊക്കെ നല്ല ചുവന്ന് തുടുത്തിരിക്കുന്നു. നീ മേക്കപ്പ് വല്ലതും ഇട്ടതാണോ?”
എന്റെ ആ ചോദ്യം കേട്ടതും, അതുവരെ ഗൗരവത്തിൽ നിന്നിരുന്ന റോസിന് ചിരി അടക്കിപിടിക്കാൻ കഴിഞ്ഞില്ല. അവൾ വായ പൊത്തിക്കൊണ്ട് പൊട്ടിച്ചിരിച്ചു.
“ഓ… അതോ? അത് അവൾ മേക്കപ്പ് ഇട്ടതൊന്നുമല്ലടാ…”
ചിരി നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട്, കിതച്ചുകൊണ്ട് റോസ് തുടർന്നു.
“അത് നീ ഇന്നലേ അടിച്ചതിന്റെ പാടാ….. ഇന്നലെ വീട്ടിലെത്തിയപ്പോഴും ഇന്ന് രാവിലെയും നീയൊന്ന് കാണണമായിരുന്നു…”
റോസിന്റെ ആ മറുപടി കേട്ടതും, കൃതികയുടെ മുഖം ജാള്യത കൊണ്ട് ഒന്നുകൂടി ചുവന്നു.
ബാക്കിയുള്ളവർ ചിരി കടിച്ചുപിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ എന്നെ നോക്കി പല്ലുകടിച്ചു….
ചേച്ചി നിൽക്കുന്നവരോടൊക്കെ ഇരിക്കാൻ ആവശ്യപ്പെട്ടു…
ഞാൻ സോഫയുടെ ഒരറ്റത്തേക്ക് നീങ്ങി ഇരുന്നു. ആമിയും നിധിയും എന്റെ ഇരുവശങ്ങളിലുമായി, എന്നെ വിട്ടുപോവാതെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു….
അവരുടെ ആ ഇരുപ്പ് കണ്ടാൽ തോന്നും, ഇനിയാരെങ്കിലും എന്നെ തട്ടിക്കൊണ്ടു പോകുമെന്ന് അവർക്ക് പേടിയുണ്ടെന്ന്.
റോസ് ഇടയ്ക്കിടെ ചേച്ചിയെ നോക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി.
ചേച്ചി വിളിച്ചിട്ട് തന്നെയാണ് അവർ ഇങ്ങോട്ട് വന്നിരിക്കുന്നത്. വെറുതെ വന്നതല്ല എന്ന് ഉറപ്പ്.
കുറച്ചു നേരത്തെ കനത്ത നിശബ്ദതയ്ക്ക് ശേഷം, ചേച്ചി കൃതികയ്ക്ക് നേരെ തിരിഞ്ഞു. ചേച്ചിയുടെ ശബ്ദത്തിൽ ഒരു മുതിർന്ന ആളുടെ ഗൗരവമുണ്ടായിരുന്നു.
“കൃതിക… നീ ഇന്നലെ രാത്രി എന്തിനാ അങ്ങോട്ടേക്ക് പോയത്? അതും ആ നേരത്ത്, ഒറ്റയ്ക്ക്?”
