നിധിയുടെ കാവൽക്കാരൻ – 15 53അടിപൊളി 

 

കൂടുതൽ ഒന്നും പറയാതെ ഞാൻ പോയി ഒരു ചെയറിലിരുന്നു…

 

“വേദയുണ്ടോ…. ”

 

അത് ചോദിക്കുമ്പോഴും നിധിയുടെ ചുണ്ടുകളിലേ ചിരി എനിക്ക് കാണാമായിരുന്നു.അവളുടെ മുഖത്ത് മാത്രമല്ല എല്ലാവരും തികട്ടി വരുന്ന ചിരി കടിച്ചുപിടിച്ച് നിൽക്കുകയാണ്….

 

ഛേ മൊത്തത്തിൽ നാറി നാണം കെട്ട് കയ്യും പോയി മാനവും പോയി…

 

“സാരമില്ലടാ… ഇത് പണ്ടുണ്ടാക്കിയ വീടല്ലേ? അതുകൊണ്ടാ ചുമരിനൊക്കെ ഇത്രയും ബലം. നീ വിഷമിക്കണ്ട, ഞാൻ പോയി കുറച്ച് ഐസ് ക്യൂബ്സ് എടുത്തുകൊണ്ട് വരാം. അത് വെച്ചാൽ വേദന മാറിക്കോളും. ഇനി എന്നിട്ടും മാറിയില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോവാം…”

 

​എന്റെ തോളിൽ കൈവെച്ച്, ആശ്വാസവാക്കുകളുമായി ആമി അരികിലെത്തി.

 

​ആദ്യം അവളും എന്നെ കളിയാക്കുകയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ, ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി, പാവം… അവൾ ശരിക്കും കാര്യമായി പറഞ്ഞതാണ്. അവളുടെ വാക്കുകളിൽ പരിഹാസമില്ല, കരുതൽ മാത്രമേയുള്ളൂ.

 

​സത്യത്തിൽ ഈ കൂട്ടത്തിൽ അവൾക്ക് മാത്രമേ എന്നോട് എന്തെങ്കിലും സ്നേഹമുള്ളൂ…

 

​അവളെ നോക്കി ഞാൻ മനസ്സ് നിറഞ്ഞ് നിൽക്കുമ്പോഴേക്കും, ചുറ്റുമുള്ളവരുടെ ചിരിയുടെ ശബ്ദം കൂടി കൂടി വന്നു. ആമിയും ചേച്ചിയുമൊഴിച്ചു ബാക്കിയുള്ളവരെല്ലാം മാതിമറന്ന് ചിരിക്കുകയാണ്..

 

​അത് സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ, ദേഷ്യവും നാണക്കേടും കൊണ്ട് എനിക്ക് കണ്ണ് കാണാതായ അവസ്ഥ!

 

​പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ, മുന്നിലെ ടേബിളിലേക്ക് ഞാൻ ആഞ്ഞൊരു അടി കൊടുത്തു.

 

​വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാൻ… നേരത്തെ ഇടിച്ച് പപ്പടമായ അതേ കൈ വെച്ചു തന്നെയായിരുന്നു ആ അടിയും!

​ടേബിളിൽ കൈ പതിഞ്ഞതും, നക്ഷത്രങ്ങൾ ചുറ്റും പറക്കാൻ തുടങ്ങിയിരുന്നു….

 

ഇത്തവണ പിടിച്ചുനിൽക്കാൻ എനിക്കായില്ല.

 

എന്റെ മുഖം വേദന കൊണ്ട് വലിഞ്ഞുമുറുകി, കണ്ണുകൾ ഇറുക്കിയടച്ചു പോയി. പല്ലുകൾക്കിടയിലൂടെ അറിയാതെ ഒരു ഞരക്കം പുറത്തുവന്നു.

 

അത് കണ്ടതും നിധിയുടെ മുഖത്തെ ചിരി പാടെ മാഞ്ഞു. അതുവരെ ഉണ്ടായിരുന്ന പരിഹാസമല്ല, മറിച്ച് വല്ലാത്തൊരു ആവലാതി അവളുടെ മുഖത്ത് തെളിഞ്ഞു.

 

“എടാ…!”

 

അവൾ വെപ്രാളത്തോടെ എന്റെ അടുത്തേക്ക് പാഞ്ഞെത്തി. എന്റെ കൈ പിടിച്ചു നോക്കുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

“എന്ത് പണിയാടാ ഈ കാണിച്ചേ? നിനക്കെന്താ വട്ടാണോ? വേദനയെടുക്കുന്ന ആ കൈ വെച്ച് തന്നെ വീണ്ടും അടിക്കാൻ നിനക്കെങ്ങനെ തോന്നി?”

 

ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ എന്നോട് ഒച്ചയിട്ടു. ആ കണ്ണുകളിൽ എന്നോടുള്ള കരുതൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

 

എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ വേഗത്തിൽ ഓടിപ്പോയി ഫ്രിഡ്ജ് തുറന്നു. ഒരു പിടി ഐസ് ക്യൂബ്സുമായി അവൾ പാഞ്ഞുവന്നു.

 

ശേഷം ആമിയും നിധിയും കൂടി എന്റെ ഇരുവശത്തായി നിന്നു. നീരു വന്ന് വീർത്ത എന്റെ കൈപ്പത്തിയിൽ, ആ തണുത്ത ഐസ് കട്ടകൾ അവർ മാറി മാറി വെച്ചുതന്നു.

 

അവരുടെ ആ സ്പർശനത്തിലും പരിചരണത്തിലും, കഠിനമായ വേദനയ്ക്കിടയിലും നേരിയൊരു ആശ്വാസം എനിക്ക് തോന്നി.

 

ആ നിമിഷം, മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.

 

​കഴിഞ്ഞുപോയ ലൂപ്പുകളെക്കുറിച്ച് എനിക്ക് യാതൊരു ഓർമ്മയുമില്ല.

 

അവർ പറഞ്ഞുതന്ന അറിവ് മാത്രമേ എനിക്കുള്ളൂ. എങ്കിലും, എന്റെ ഓർമ്മയിൽ ഇല്ലാത്ത ആ കാലയളവുകളിൽ… മാഞ്ഞുപോയ ആ ലൂപ്പുകളിൽ ഞാൻ എന്ത് പുണ്യം ചെയ്തിട്ടാവണം ഇവരെ എനിക്ക് ഇങ്ങനെ സ്വന്തമായി കിട്ടിയത്?

 

​എനിക്കറിയില്ല… പക്ഷേ, എനിക്ക് ഓർമ്മയില്ലാത്ത ആ കാലത്ത് ഞാൻ ചെയ്തു കൂട്ടിയ നന്മകളുടെ ഫലമാവാം ഈ കരുതൽ…. ഈ സ്നേഹം…

 

​അവരുടെ കണ്ണുകളിലെ ആ ആത്മാർത്ഥത കണ്ടപ്പോൾ, ഈ വേദന പോലും ഒരു സുഖമായി എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *