കണ്ണടച്ചു കിടക്കുകയാണെങ്കിലും ഇടയ്ക്കിടെ ചില പ്രകാശങ്ങൾ മിന്നി മറയുന്നത് എനിക്ക് അറിയാമായിരുന്നു… ഒരുപക്ഷേ ഇടിമിന്നലാവാം.
മനസ്സിനൊരു സമാധാനവുമില്ല… എന്തോ വല്ലാത്തൊരു അസ്വസ്ഥത എന്നെ പിടികൂടി.
പെട്ടെന്നാണ്… ആ ഇരുട്ടിൽ നിന്നുറക്കെ ഒരു ചിരിയുടെ ശബ്ദം ഞാൻ കേട്ടത്…”””””””
അവളുടെ സംസാരം അവൾ ഇപ്പോൾ ആ ട്രെയിനിൽ ആയത് പോലെയാണ് പറയുന്നതിനനുസരിച്ച് അവളുടെ കണ്ണുകളും കൈകളും അതിനൊത്ത് ചലിക്കുന്നുണ്ടായിരുന്നു…
ഞങളുടെ അവസ്ഥയും മറിച്ചല്ല….
ഞങ്ങളെ മാറി മാറി നോക്കിയശേഷം അവൾ വീണ്ടും തുടർന്നു…
“””””””ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്ന് നോക്കുമ്പോൾ… മുന്നിലൊരു രൂപം! രാത്രിയായതുകൊണ്ട് തന്നെ അതാരാണെന്ന് എനിക്ക് വ്യക്തമായില്ല. ഞാൻ കണ്ണുകൾ കൂർപ്പിച്ച് വീണ്ടും സൂക്ഷിച്ചു നോക്കി…അപ്പോഴാണ് ഭൂമി പിളർക്കുന്നതുപോലൊരു ഇടിവെട്ടിയത്…””””””
കൃതിക അത് പറഞ്ഞു നിർത്തിയതും, അവൾ പറഞ്ഞത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തും പോലെ പുറത്ത് വലിയൊരു ഇടി വെട്ടി!
‘ഠപ്പേ!!!’
അതിന്റെ ശബ്ദം അതിഭീകരമായിരുന്നു… വീടിന്റെ ജനലുകൾ പോലും ഒന്ന് വിറച്ചുപോയി. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ… അതാ, പുറത്ത് കനത്ത മഴ പെയ്യുന്നു!
ഞങ്ങൾ എല്ലാവരും ഒരേ സമയം കൃതികയെ നോക്കി.
അവൾ പറഞ്ഞു നിർത്തിയതും അതുപോലൊരു ഇടി… എന്താണിതിന്റെ അർത്ഥം? കൃതികയുടെ മുഖത്തും ആ ഞെട്ടൽ പ്രകടമായിരുന്നു.
യാദൃശ്ചികതയാണെങ്കിലും അവളും ഒന്ന് പേടിച്ചുപോയി.
അവൾ ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി…
ശേഷം വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:
“ഇതുപോലെ ഒന്നാണ് അന്നും സംഭവിച്ചത്… പക്ഷേ അത് ഇതിലും ഭയാനകമായിരുന്നു…”
ആ വാചകം പറഞ്ഞു തീർന്നില്ല… വീണ്ടും അന്തരീക്ഷം നടുങ്ങിക്കൊണ്ട് അടുത്ത ഇടി വെട്ടി!
ഇത്തവണ… ശരീരത്തിൽ നിന്നും ആത്മാവ് ഓടിപ്പോയത് പോലെയായിരുന്നു അവസ്ഥ.
ആകെമൊത്തം ഒരു മരവിപ്പ്. കുറച്ച് നിമിഷങ്ങൾ അനങ്ങാൻ പോലും ആർക്കും സാധിച്ചില്ല. നെഞ്ചിടിപ്പ് വല്ലാതെ കൂടി… ശ്വാസം കിട്ടാത്തത് പോലെ… ഭയമെന്ന വികാരം അതിന്റെ മൂർത്ഥാവിൽ എത്തിയ അവസ്ഥ…
ആ നിമിഷം, സൈഡിൽ സോഫയിൽ കാല് തൂക്കി ഇട്ടിരുന്ന ആമിയും നിധിയും ഭയം കൊണ്ട് എന്നെ പൊതിഞ്ഞു.
ആമി പേടിച്ച് എന്റെ മടിയിലേക്ക് ചാടിക്കയറി ഇരുന്നു… നിധി അവളുടെ മുഖം എന്റെ കഴുത്തിൽ പൂഴ്ത്തി, എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.
വൈകുന്നേരമാണെങ്കിലും രാത്രിയാണെന്ന് തോന്നിപ്പിക്കും വിധം പുറത്ത് ഇരുട്ട് പരന്നു. കാർമേഘങ്ങൾ മൂടി അന്തരീക്ഷം ആകെ കറുത്തിരുണ്ടു.
ജനലിലൂടെ അടിച്ചുകയറുന്ന തണുത്ത കാറ്റിനൊപ്പം മഴയുടെ ഇരമ്പൽ ശബ്ദവും കൂടിവന്നു.
ഞങ്ങളുടെ പേടിയും അമ്പരപ്പും വകവെക്കാതെ, ആ അന്തരീക്ഷത്തിലേക്ക് കൃതികയുടെ ശബ്ദം വീണ്ടും ഉയർന്നു…
അവൾ പറഞ്ഞു തുടങ്ങി…
“”””””””””ആ വലിയ ഇടിമിന്നലിന്റെ വെളിച്ചത്തിൽ… എന്റെ തൊട്ടു മുന്നിലിരുന്ന ആ രൂപത്തെ ഞാൻ വ്യക്തമായി കണ്ടു.
ഒരു വയസ്സായ സ്ത്രീ…
കാവി മുണ്ടായിരുന്നു അവരുടെ വേഷം. നെറ്റിയിൽ നീളത്തിൽ ഇട്ട ഭസ്മക്കുറി… കഴുത്തിലും കൈകളിലുമായി ഒട്ടനവധി രുദ്രാക്ഷ മാലകൾ… കണ്ടാൽ ഏതോ വലിയ സിദ്ധിയുള്ള സ്ത്രീയെപ്പോലെ തോന്നിപ്പിക്കുന്ന ഗാംഭീര്യം.
അവർ എന്നെ നോക്കി ചിരിക്കുകയായിരുന്നു.
ആ ചിരിയിൽ എന്തോ ഒരു വശ്യത ഉണ്ടായിരുന്നു. വിചിത്രമെന്ന് പറയട്ടെ, അവരെ കണ്ടപ്പോൾ എനിക്ക് പേടിയൊന്നും തോന്നിയില്ല. പകരം വല്ലാത്തൊരു ശാന്തതയാണ് അനുഭവപ്പെട്ടത്…
ആ വെളിച്ചത്തിൽ ഞാൻ ബോഗിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു.
അപ്പോഴാണ് ആ കാര്യം ഞാൻ ശ്രദ്ധിച്ചത്.
ട്രെയിനിൽ എന്റെ കൂടെ ഉണ്ടായിരുന്ന ആ രണ്ടു പേർ… അവരെ അവിടെയെങ്ങും കാണാനില്ല!.
