നിധിയുടെ കാവൽക്കാരൻ – 16 55അടിപൊളി 

 

“കൃതികേ… ഞാനൊരു കാര്യം ചോദിക്കട്ടെ….?”

 

ചേച്ചിയായിരുന്നു അത്. ആ ചോദ്യം കേട്ട് എല്ലാവരും ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

 

കൃതിക:- “മ്മ്… ചോദിക്ക്…”

 

ചേച്ചി:- “അല്ല… എന്ത് കൊണ്ടാണ് ചിലർ മാത്രം ആ ലൂപ്പിൽ അകപ്പെട്ട് പോവുന്നത്….?”

 

ചേച്ചിയുടെ ചോദ്യം പ്രസക്തമായിരുന്നു. കൃതിക കുറച്ചുനേരം മിണ്ടാതെ ഇരുന്നു. അവളുടെ കണ്ണുകൾ ശൂന്യതയിലേക്ക് നോക്കിയിരുന്നു, മനസ്സ് എന്തൊക്കെയോ കാര്യങ്ങൾ ചികയുകയാണെന്ന് തോന്നി.

 

ശേഷം അവൾ സാവധാനം മറുപടി പറഞ്ഞു തുടങ്ങി:

 

“ഒരുപക്ഷേ… ഈ വലയങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് ആരോ… അവർക്ക് നമ്മളെക്കാൾ ഒക്കെ എത്രയോ മുൻപേ ഈ അറിവ് കിട്ടിയിരിക്കണം. നിധിയും ആമിയും ആദ്യമായി ഗുഹയുടെ ഉള്ളിലേക്ക് പോകുന്നതിനു മുമ്പേ അവർ ആ വലയങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചി……..”

 

അവൾ പറഞ്ഞുനിർത്തിയില്ല, പെട്ടെന്ന് പാതിവഴിയിൽ വെച്ച് അവൾ വാക്കുകൾ മുറിച്ചു….

 

എന്തോ വലിയൊരു കാര്യം പെട്ടെന്ന് ഓർമ്മ വന്നതുപോലെ… അല്ലെങ്കിൽ തലയ്ക്കുള്ളിൽ എന്തോ ഒന്ന് കത്തിയത് പോലെ അവളുടെ കണ്ണുകൾ വിടർന്നു.

 

“കൃതികേ… എന്തുപറ്റി?”

 

ഞാൻ ചോദിച്ചു.

 

പക്ഷേ അവൾ എന്നെ ശ്രദ്ധിച്ചില്ല. അവൾ പെട്ടെന്ന് തല വെട്ടിത്തിരിച്ച് ആമിയെയും നിധിയെയും നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു ജിജ്ഞാസ നിറഞ്ഞിരുന്നു.

 

“നിങ്ങളോട്… എനിക്കൊരു കാര്യം ചോദിക്കാനുണ്ട്…”

 

അവളുടെ ശബ്ദത്തിലെ മാറ്റം കണ്ട് ആമിയും നിധിയും ഒന്ന് നടുങ്ങി…..

 

“എന്താ…?” നിധി ചോദിച്ചു.

 

കൃതിക സോഫയുടെ അറ്റത്തേക്ക് നീങ്ങിയിരുന്നു…

 

“നിങ്ങൾ… നിങ്ങൾ രണ്ടുപേരും ആദ്യമായി ആ ഗുഹയിലേക്ക് പോയ ആ ദിവസം… അന്ന്… അന്ന് പൗർണമിയായിരുന്നോ…?”

 

ആ ചോദ്യം കേട്ടതും നിധിയും ആമിയും പരസ്പരം നോക്കി. അവരുടെ മുഖത്ത് ആലോചനയുടെ നിഴൽ പരന്നു. പഴയ ഓർമ്മകളെ അവർ തിരികെ വിളിക്കുകയായിരുന്നു.

പെട്ടെന്ന് നിധിയുടെ മുഖത്ത് ഒരു തിരിച്ചറിവിന്റെ ഞെട്ടൽ ഉണ്ടായി. അവൾ ആമിയെ നോക്കി തലയാട്ടി.

 

“അതെ…അന്ന്… അന്ന് പൂർണ്ണ ചന്ദ്രനായിരുന്നു…. ഗുഹയിൽ നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് നിലാവ് ഉദിച്ചുനിൽക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചത് തന്നെ…”

 

അത് കേട്ടതും കൃതികയുടെ മുഖത്ത് വശ്യമായ ഒരു ചിരി വിരിഞ്ഞു. തന്റെ കണ്ടെത്തൽ കൃത്യമായിരുന്നു എന്ന സംതൃപ്തി ആ ചിരിയിൽ ഉണ്ടായിരുന്നു.

 

“എനിക്ക് തോന്നി… എന്റെ ഊഹം തെറ്റില്ല…”

 

അവൾ ആവേശത്തോടെ തുടർന്നു.

 

“ഇപ്പോൾ കാര്യങ്ങളെല്ലാം കുറച്ചൂടെ വ്യക്തമാണ്. ആമിയും നിധിയും ആദ്യമായി ഗുഹയുടെ ഉള്ളിലേക്ക് പോയപ്പോൾ… അവരും…,ആ കോട്ടിട്ട മനുഷ്യരും ആ ഗുഹക്കുള്ളിൽ തന്നെ ഉണ്ടായിരിക്കണം!”

 

ഞങ്ങൾ ഞെട്ടലോടെ അവളെ നോക്കി.

 

“നിങ്ങൾ ഗുഹയ്ക്കുള്ളിൽ വഴിയറിയാതെ നടന്ന അതേ സമയം… അവർ ആ ഗുഹയ്ക്കുള്ളിലെ മറ്റേതോ രഹസ്യ കേന്ദ്രത്തിൽ വെച്ച് ആ അഗ്നിവലയങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചിരിക്കണം. ആ ദിവസം… അവരുടെ ശ്രമത്തിൽ അവർ വിജയിച്ചിരിക്കണം!”

 

അവൾ എല്ലാവരെയും ഒന്ന് ഉറ്റുനോക്കി.

 

“മിക്കവാറും ആ ദിവസം… ആ പൗർണ്ണമി നാളിൽ ആദ്യത്തെ വലയം നശിച്ചതോടൊപ്പം തന്നെയാവും… ലൂപ്പുകൾ എന്ന പ്രതിഭാസം അവിടെ ജനിച്ചത്… ആ സമയത്ത് ഗുഹയ്ക്കുള്ളിൽ ഉണ്ടായിരുന്നവരെല്ലാം ലൂപ്പിൽ അകപ്പെട്ട് പോയിരിക്കണം…!”

 

ആമി:-“അപ്പോൾ അന്ന് ആ ഗുഹക്കുള്ളിൽ ഉണ്ടായിരുന്നവരെല്ലാം. ആദ്യത്തേ വലയം നശിച്ചപ്പോൾ ലൂപ്പിൽ പെട്ടുപോയി എന്നാണോ നീ പറയുന്നത്…?”

 

കൃതിക:-“ഞാൻ പറഞ്ഞില്ലേ ഇതെല്ലാം എന്റെ കണ്ടെത്തലുകൾ മാത്രമാണ്. കാര്യങ്ങൾ ഇങ്ങനെയും സംഭവിക്കാം. അങ്ങനെയാണെങ്കിൽ ഈ ഗെയിംമിൽ നമ്മളേ കൂടാതെ വേറേ കുറച്ചുപേർകൂടെയുണ്ട്. നമ്മൾ ഇന്നേവരെ കാണാത്ത, നമ്മൾ അറിയാത്ത മറ്റു ചില കളിക്കാർ…”

 

ഒരു പഴുത് പോലും ബാക്കിവെക്കാതെയായിരുന്നു അവളുടെ സംസാരം.

Leave a Reply

Your email address will not be published. Required fields are marked *